എന്തേ നിൻ ഗന്ധമെന്നോതിടേണ്ടൂ...
text_fieldsഗന്ധങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്. അവ എപ്പോഴും ഗൃഹാതുരത്വത്തിലേക്ക് സഞ്ചരിക്കുന്നവയാണ്. ഓർമകളുടെ ഏതൊക്കയോ അടരുകളിൽ അനുഭവങ്ങൾ സുഗന്ധങ്ങളിൽ പൊതിഞ്ഞ് അവിടെ കാത്തിരിക്കുന്നുണ്ടാകും. ആ നിമിഷത്തിെൻറമാത്രം മണങ്ങൾ. ഒരു പൂവ്, സുഗന്ധപൂരിതമായ ഒരു ചിരി, വാസന തൈലം പൂശിയ എതോ ഉടൽ, വഴിയിലെവിടെയോ പൂത്തുനിന്ന മരം, വള്ളിപ്പടർപ്പുകൾക്കിടയിലെ മുല്ലകൾ, ചില കണ്ടുമുട്ടലുകൾ- ഏതുമാകാം അത്. ഒരു ഗന്ധവും തനിയേ കടന്നുവരില്ല, ഓർമകളുടെ ആവരണം എപ്പോഴും അവക്ക് ചുറ്റുമുണ്ടാകും. ഓർമകളാകട്ടെ മൂടിവെക്കപ്പെട്ട അനുഭവങ്ങളും. അതിെൻറ പുറന്തോട് പൊട്ടിച്ചു കളയുന്നതെന്തും അത്രമേൽ തീവ്രമാകാതെ വയ്യ.
അറിഞ്ഞും അറിയാതെയും നമ്മിലൂടെ നിത്യം കടന്നുപോകുന്ന മണങ്ങളെത്ര, നിറങ്ങളെത്ര! പ്രകൃതിയുടെ തനത് ഗന്ധങ്ങൾ. അത് പുലർകാലെ കണികണ്ടുണരുന്ന പനിനീർപൂവിേൻറതാകാം. മൂവന്തിയിൽ വിരിയുന്ന മുല്ലയാകാം. മാമ്പൂ മദഗന്ധമോ ഇലഞ്ഞിപ്പൂമണമോ ആകാം. ഇവ ഒരു മാലയിലെന്നപോലെ കോർത്തെടുത്താൽ അവക്കെന്ത് സുഗന്ധമാകും! അതിനൊരു ഗസലിെൻറ ഈണമുണ്ടെങ്കിേലാ. സുഗന്ധപൂരിതമായ ഏതോ തീരത്തിലെന്നവണ്ണം വരികൾക്കൊപ്പം നമ്മളും അറിയാതെ ഒഴുകും. ഒ.എൻ.വി എഴുതി ഉമ്പായി സംഗീതം നൽകി പാടിയ 'ഞാനറിയാതെൻ കരൾ കവർന്നോടിയ പ്രാണനും പ്രാണനാം പെൺകിടാവേ' എന്ന ഗസൽ തുടക്കം മുതൽ ഒടുക്കംവരെ മണം നിറഞ്ഞൊരു പാട്ടാണ്. കാറ്റും മണവും പ്രിയപ്പെട്ട ഒരാളും പ്രകൃതിയും ഇഴചേരുന്ന ഇടം. ഒരുപാട് ഓർമകളിലേക്ക് വഴി നടത്തുന്ന പാട്ട്.
ഞാനറിയാതെൻ കരൾ കവർന്നോടിയ
പ്രാണനും പ്രാണനാം പെൺകിടാവേ
എെൻറ പ്രാണനും പ്രാണനാം
പെൺകിടാവേ - നിന്നെ
തിരയുമെൻ ദൂതനാം കാറ്റിനോടെന്തേ
നിൻ ഗന്ധമെന്നോതിടേണ്ടൂ
പ്രാണൻ കട്ടുകൊണ്ടോടിയ പെൺകുട്ടിക്കരികിേലക്ക് ദൂതുമായി പോകുന്ന കാറ്റിനോട് ഏതുമണമാണ് അവൾക്ക് എന്നു പറയേണ്ടതെന്ന് ഒരു നിമിഷം സംശയത്തിലാകുന്ന ആഖ്യാനത്തിലൂടെയാണ് പാട്ട് പുരോഗമിക്കുന്നത്. പാട്ടിലേക്ക് പ്രേവശിക്കുന്നതോടെ ചുറ്റുമുള്ള പൂക്കളും കായ്കളും അവയുടെ നറുമണവും, ആദ്യ മഴയിൽ നനഞ്ഞ പൊടിമണ്ണിെൻറ പുതുമണവും നമുക്കുചുറ്റുമുള്ള മറ്റു മണങ്ങൾ കൂട്ടായെത്തും.
കസ്തൂരിമണക്കുന്നല്ലോ കാറ്റേ
നീ വരുേമ്പാൾ
കൺമണിയെ കണ്ടുവോ നീ
കവിളിണ തഴുകിയോ നീ
(ശ്രീകുമാരൻ തമ്പി/ പിക്നിക്)
എന്ന പാട്ട് ഇവിടെ ഓർമിപ്പിച്ചേക്കാം. സിനിമയിൽ പ്രിയമുള്ളൊരാളുടെ സാന്നിധ്യം കസ്തൂരി മണമായി അനുഭവിപ്പിക്കുകയാണ് കാറ്റെങ്കിൽ, കാറ്റിനോട് ആ സൗരഭത്തെ കുറിച്ച് വർണിക്കുകയാണ് ഗസലിൽ.
പാട്ടിൽ സുഗന്ധം കടന്നുവരുന്നത് മലയാളത്തിന് അന്യമല്ല. എത്രയോ വരികളിൽ നറുമണമേറ്റ് തളിർത്തവരാണ് നമ്മൾ. ഇത്തിരി പൂക്കളുടെയെങ്കിലും സൗരഭം വിതറാതെ ഒരെഴുത്തുകാരനും കടന്നുപോയിട്ടില്ല. രാത്രിയുടെ ഏതോ യാമങ്ങളിൽ, പുലരിയിൽ, സായം സന്ധ്യകളിൽ എവിടെയോ ചെമ്പനീർ പൂക്കുന്നത് ദൂരെദൂരെ ഒരിടത്തിരുന്ന് എത്രയോ അനുഭവിച്ചവരല്ലേ നാം.
'ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നു
ഇന്ദ്രിയങ്ങളിലതു പടരുന്നു
പകൽകിനാവിൻ പനിനീർമഴയിൽ
പണ്ടുനിൻ മുഖം പകർന്ന ഗന്ധം'
എന്ന് ശ്രീകുമാരൻ തമ്പി 'അയൽക്കാരി'യിൽ മനോഹരമായി പകർത്തിവെക്കുന്നുണ്ട്. വയലാറിലേക്കെത്തുേമ്പാൾ ഇലഞ്ഞിക്ക് പകരം താഴമ്പൂ വരുന്നു (അടിമകൾ). തണുപ്പുള്ള രാത്രിയിൽ തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരിയെത്തുന്നു. ആ രാത്രി അവളുടെ ഓമനച്ചുണ്ടിലെ പുഞ്ചിരിപൂക്കളിൽ പ്രേമത്തിൻ സൗരഭം നുകരാൻ കൊതിക്കുന്ന കാമുകെൻറ പാട്ടാകുന്നു. കാറ്റിൽ എത്തുന്ന നറുമണം ആരുടേതാണ്! അവളുടേതോ, അതോ കാറ്റിെൻറ സ്വന്തമോ? അറിയാതെ ചുറ്റും നിറയുന്ന ആ സൗരഭമാണ് കെ. ജയകുമാറിെൻറ ചന്ദനലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ (ഒരു വടക്കൻ വീരഗാഥ) എന്ന വരികൾ. ഇവിടെ കാറ്റിന് സുഗന്ധം, ഇതിെല പോയതു വസന്തം എന്ന വയലാറിെൻറ വരികൾ ഒരു വസന്തകാലത്തിെൻറ സുഗന്ധം പേറുന്നു. പാലപ്പൂവേ നിൻ തിരു മംഗല്യ താലി തരൂ, മകര നിലാവേ നീയെൻ നീഹാര കോടി തരൂ (കൈതപ്രം/ ഞാൻ ഗന്ധർവൻ) എന്ന പാലപ്പൂവിനോടുള്ള അഭ്യർഥന ആ നിറവും മണവും കൂടി നൽകൂ എന്നുതെന്നയല്ലേ. നറുനിലാവിൽ ഗന്ധർവൻ വന്നിറങ്ങുന്ന രാത്രിയാണത്. തീർന്നില്ല, പാർവണ പാൽമഴ പെയ്തൊഴിയും പാലപ്പൂമണപ്പുഴയൊഴുകും ആയിരം നിലാവുള്ളൊരാവണി കൊട്ടാരം ആകാശപ്പനയിൽ ഞാൻ പണിതുതരും എന്നുകൂടി പറയുന്നുണ്ട് കൈതപ്രം (എന്ന് സ്വന്തം ജാനകികുട്ടി). അരളിയും കദളിയും പൂവിടും കാടിെൻറ കരളിലിരുന്ന് പൊൻമുരളിയൂതും അറിയാത്ത പാട്ടുകാര (ഒ.എൻ.വി/ജാതകം) നരികിലേക്ക് ഓടിയെത്താൻ കൊതിക്കാത്തവരായി ആരുണ്ടാകും?
ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദര ശിൽപം (ശ്രീകുമാരൻ തമ്പി) എന്നതിൽ രൂപസൗന്ദര്യം മാത്രമല്ല, അതിൽ നിറയുന്ന സൗരഭം കൂടിയാണ്. ഒരു പൂ മാത്രം ചോദിക്കുേമ്പാൾ ലഭിക്കുന്ന പൂക്കാലം പോലെ. ഒരു ചെമ്പനീർ പൂവിറുത്ത് നീട്ടിയില്ലെങ്കിലും ആ ചെമ്പനീർ പൂക്കുന്നത് അത്രയും നമുക്കുവേണ്ടി മാത്രമാണെന്ന് അറിയുന്ന നിമിഷങ്ങൾ. പാടലമാം വെയിൽ താണിറങ്ങുന്ന താഴ്വരപോലെ അപ്പോൾ പൂത്തുനിൽക്കുന്നത് ആരൊക്കെയാകും! പാട്ടിലേക്ക് തിരികെവരാം.
വേനൽ മഴ ചാറി വേർപ്പു പൊടിയുന്നൊരീ
നല്ല മണ്ണിൻ സുഗന്ധമെന്നോ
രാവിൻ നിലാമുല്ല പോലെൻ തൊടിയിലെ
മാവു പൂക്കും മദഗന്ധമെന്നോ
മുടിയിലെ എള്ളെണ്ണ കുളിർമണമോ
ചൊടിയിലെ ഏലത്തരി മണമോ
തുടക്കം ആദ്യ മഴയുടെ മൺമണത്തിൽനിന്നാണ്. വെയിലിെൻറ ചെറുവെളിച്ചത്തിനൊപ്പം പാറിവീഴുന്ന വേനൽ മഴ. ചെറുതുള്ളികൾ വീണുതുടങ്ങുന്നതോടെ രോമാഞ്ചമേറ്റപോലെ ഉണരുന്ന മണ്ണ്. അതിൽനിന്നുയരുന്ന മണം. ഏതാനും നിമിഷത്തേക്കുമാത്രം, മഴ കനത്ത് മണ്ണു നനഞ്ഞാൽ പിന്നെ ആ മണമില്ല. മണ്ണിെൻറ മണം. മറ്റൊരർഥത്തിൽ ആദ്യാനുഭവത്തിെൻറകൂടി ഓർമയാണത്. കണ്ടുമുട്ടലുകളിൽ ആദ്യതവണ ഉള്ളിലുണരുന്ന അനുഭൂതി പിന്നീട് ഉണ്ടാകണമെന്നില്ല എന്നപോലെ. ആദ്യാനുരാഗം പോലെ, ആദ്യ സമാഗമം പോലെ. ആദ്യമഴയെത്തിക്കുന്ന മണം.
മാവ് പൂക്കുന്നതെപ്പോഴാണ്? രാത്രിയോ, പകലോ! എപ്പോഴുമാകാം. മുല്ലപൂക്കുന്നത് എല്ലാവർക്കുമറിയാം- മൂവന്തിക്കാണത് മുട്ടൊരുക്കുന്നത്. രാത്രിയിലേക്ക് സുഗന്ധമപ്പാടെ കരുതിവെച്ച് വിരിയുന്നവയാണവ. ജാലകത്തിനു പുറത്ത് മുറ്റത്തെ ചെറുമരത്തിൽ പടർന്നുകയറിയ മുല്ല ചിരിച്ചുനിൽക്കുന്നത് എത്ര തവണ നോക്കിനിന്നിട്ടുണ്ടാകും. പിന്നെ കാറ്റിൽ മണമായി വന്ന് മുറിയാകെ നിറഞ്ഞത്. തലയിണക്കുകീഴിൽ സുഗന്ധം വിതറിയത്. പുലർച്ച അവയോരോന്ന് പെറുക്കിമാലയാക്കിയത്. ആരുടെയോ മുടി ചാർത്തിലെ സൗന്ദര്യമായി സങ്കൽപിച്ചത്. ഒരു കൈക്കുടന്നയിൽ ഒതുങ്ങാത്തതാണ് മുല്ലപ്പൂ രാത്രികളും പുലരിയും. അതിെൻറ തീവ്രലഹരിയിൽ വീണുപോകാത്തവരായി ആരുണ്ടാകും?
എള്ളിെൻറ നിറവും എണ്ണമണവുമുള്ള കാർകൂന്തൽ, അതിൽ മുല്ലമാലകൂടി വന്നാലോ.
'കാർകൂന്തൽ കെട്ടിലെന്തിനു
വാസനത്തൈലം, നിെൻറ
വാർനെറ്റിത്തടത്തിനെന്തിനു
സിന്ദൂരത്തിലകം'
(തിക്കുറിശ്ശി/ ഉർവശി ഭാരതി)
എന്ന ഗാനം തോറ്റുപോകും. കൃത്രിമത്വമില്ലാത്ത ഗ്രാമീണ സൗന്ദര്യസങ്കൽപങ്ങളിലേക്ക് കൂടി കടന്നുപോകുന്നുണ്ട് വരികൾ. ഒരു കാലത്ത് ഇങ്ങനെയൊക്കെ ആയിരുന്നുവല്ലോ നമ്മൾ!
വാടിയ താഴമ്പൂ വാസന പൂശിയ
കോടിപ്പുടവ തൻ പുതുമണമോ
നിൻ മടിക്കുത്തിലായ് വാരി നിറച്ചൊരു
പൊന്നിലഞ്ഞിപ്പൂവിൻ നറുമണമോ
മുടിയിലെ കുടമുല്ല പൂമണമോ
ചൊടിയിലെ കദളി തേൻ മണമോ
നഷ്ടസുഗന്ധങ്ങളുടെ ഓർമകളിലേക്ക് തന്നെയാണ് സഞ്ചാരം. താഴമ്പൂ മണം മലയാളിക്കെന്നും ഹൃദയഹാരിയായ ഗൃഹാതുരത്വം ഉണർത്തുന്നവയാകും. മുടിയിൽ താഴമ്പൂചൂടി സുഗന്ധവാഹിനിയായി നടന്ന സ്ത്രീകൾ, ഉടുപ്പുകൾ നിറച്ചപെട്ടിയിൽ വിതറിയ പൂക്കൾ. അതിൽനിന്ന് ദീർഘകാലം ഉയർന്ന നറുമണങ്ങൾ. പുടവകൾക്കൊപ്പം അതണിഞ്ഞവരെയും പൂത്തുനിർത്തിയത്. ആ മണമാണോ അവൾക്ക്! അതോ കോടിപുടവയുടെതോ? അല്ലല്ല, ചിലപ്പോൾ മടിക്കുത്തിൽ വാരിനിറച്ച പൊന്നിലഞ്ഞി പൂവിേൻറതാകാം. അല്ലെങ്കിൽ മുടിയിലെ കുടമുല്ല പൂമണം, ചെടിയിലെ കദളിതേൻമണം.
ഈ പൂക്കളും മണങ്ങളുമൊന്നും പാട്ടിനായിമാത്രം വരച്ചിടുകയായിരുന്നു കവി എന്നു പറയാനാകില്ല. മണങ്ങളിലൂടെ ഏതേതോ കാലങ്ങളിലേക്ക്, നാട്ടിടവഴിയിലേക്ക് ഒ.എൻ.വി കേൾവിക്കാരെയും കൈപിടിച്ചു നടത്തുന്നുണ്ട്. കൈതയുടെ ഇലയും വേരും വരെ ഉപയോഗപ്പെടുത്തിയവനാണ് മലയാളി. അപ്പോൾ കൈതനിറഞ്ഞ തോട്ടുവക്കുകളും വേലിപടർപ്പുകളും ഓർക്കാതിരിക്കുവതെങ്ങനെ! പായും കുട്ടയും മറ്റുവസ്തുക്കളും പൂപോലെയല്ലേ അതിൽനിന്നു വിരിഞ്ഞുവന്നത്. താഴമ്പൂപോലെ ഇലഞ്ഞിയും തീവ്രഗന്ധവുമായി പുടവത്തുമ്പിലും വസ്ത്രപ്പെട്ടിയിലും മണിയറയിലും കിടക്കപ്പായയിലുമൊക്കെ മരത്തിൽനിന്നിറങ്ങി സഞ്ചരിച്ചവരാണ്. നറുമണങ്ങളായി അവ പ്രണയഭരിതമായ മനസ്സുകൾക്ക് പിറകെ കൂടി.
ഒരു പാട്ടിൽ ഇവയെ ആകമാനം അനുഭവിപ്പിച്ച് കടന്നുപോകുന്ന കവി ഒരു കാലത്തെക്കൂടി പ്രകൃതിയുടെ സഹജഭാവത്തോടെ പകർത്തിവെച്ചു. അത് മനോഹരമായി ഹൃദയങ്ങളിലേക്ക് പാടി പടർത്താൻ ഉമ്പായിക്ക് കഴിഞ്ഞു. അരളിയും ഇലഞ്ഞിയും കൈതപ്പൂവും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കാലത്ത്, വീടിനകത്തേക്കും റോഡിലേക്കും നീളുന്ന കോൺക്രീറ്റ് മുറ്റങ്ങളുടെ ലോകത്ത് പണ്ടെങ്ങോ ഒരു പൂക്കാലവും ഈ മണ്ണിനൊരു മണവുമുണ്ടായിരുന്നെന്ന് ഓർമിപ്പിക്കുകതന്നെയാണ് പാട്ട്.
ഓർമയിലെ മണങ്ങൾ പിന്നെയുമുണ്ടാകാം. ആദ്യമായി കൈയിൽ കിട്ടിയ പുസ്തകത്തിെൻറ, മഴക്കൊപ്പം അകമുറിയിൽ പൊടിഞ്ഞ ഈയാംപാറ്റയുടെ, വിശപ്പിെൻറ വിളിക്കിടെ സ്കൂളിലെ അടുക്കളിയിൽ നിന്നുയർന്ന കഞ്ഞിയുടെ, പാത്രത്തിലും വാഴയിലയിലും ഒളിപ്പിച്ചുവെച്ച ഉച്ചയൂണിെൻറ, എന്നും കൊതിപ്പിക്കുന്ന ഒരുപാടൊരുപാട് മണങ്ങൾ. ഇവ പാട്ടിൽ കാണുന്നില്ലെന്നേയുള്ളൂ. ആകാലങ്ങൾ ഓർമിപ്പിക്കുന്നു ഇവിെടയെല്ലാം. പ്രകൃതിയുടെ സ്പന്ദനങ്ങൾക്കൊപ്പം മനുഷ്യമനസ്സുകൾ കൂടി അറിയുന്നവനാണല്ലോ കവി!
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.