വൈക്കം വിജയലക്ഷ്മി ലോക റെക്കോര്‍ഡിലേക്ക്
text_fieldsമരട്(കൊച്ചി): ഗായത്രി വീണയില്‍ അഞ്ച് മണിക്കൂര്‍കൊണ്ട് 69 ഗാനങ്ങള്‍ ആലപിച്ച് വൈക്കം വിജയലക്ഷ്മി ലോകറേക്കോഡിലേക്ക്. പിതാവ് വി. മുരളീധരന്‍ പ്രത്യേകം തയാറാക്കി നല്‍കിയതായിരുന്നു ഗായത്രി വീണ. ഈ അപൂര്‍വ സംഗീതോപകരണം വായിക്കുന്ന രാജ്യത്തെ ഏക കലാകാരിയാണ് വിജയലക്ഷ്മി. ഈ പ്രകടനത്തോടെ യൂനിവേഴ്സല്‍ റെക്കോഡ് ഫോറത്തില്‍ ഇടം നേടിയ വിജയലക്ഷ്മി താമസിയാതെ ലിംക ബുക്ക് ഓഫ് റെക്കോഡിലും പ്രവേശിക്കും.
ഞായറാഴ്ച രാവിലെ പത്ത് മുതല്‍ വൈകീട്ട് 3 വരെ മരടിലെ സരോവരം ഹോട്ടലില്‍ ആയിരുന്നു സംഗീത പരിപാടി. സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ആദ്യം ശാസ്ത്രീയ സംഗീതമാണ് അവതരിപ്പിച്ചത്. കരുണിംബാ വര്‍ണത്തില്‍ തുടങ്ങി 12 കീര്‍ത്തനങ്ങള്‍ക്ക് വിരല്‍ മീട്ടി ദേശ് രാഗത്തിലെ തില്ലാനയില്‍ നിര്‍ത്തി. പതിനെട്ട് മലയാള ഗാനങ്ങളും പത്ത് തമിഴ് ഗാനങ്ങളും വായിച്ചു. ‘സത്യം, ശിവം, സുന്ദരം’ ഹിന്ദി സിനിമ ഗാനത്തിലാണ് തുടങ്ങിയത്.
സംഗീത സംവിധായകന്‍ ആചാര്യ ആനന്ദ് കൃഷ്ണ, സെന്തില്‍ കുഴല്‍മന്ദം, വ്യവസായി ബാലു തൃശൂര്‍, ഗാനരചയിതാവ് അഡ്വ. ഹരിദാസ് എറവക്കാട്, വിജയലക്ഷ്മിയുടെ പിതാവ് വി. മുരളീധരന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. യു.ആര്‍.എഫ് ലോകറേക്കോഡ് പ്രതിനിധികളായ സുനില്‍ ജോസഫ്, ഉഷ എന്നിവരും പങ്കെടുത്തു.
സമാപന ചടങ്ങ് സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ഹരിദാസ് എറവക്കാട് രചനയും ആചാര്യ ആനന്ദ് കൃഷ്ണ സംഗീതവും നിര്‍വഹിച്ച് വിജയലക്ഷ്മിയുടെ ആലാപനത്തിലുള്ള ‘പുഴ പറഞ്ഞത്’ കവിതാ സമാഹാരത്തിന്‍െറ സീഡി പ്രകാശനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.