വടക്കുങ്ങര മുഹമ്മദ് കുട്ടിയെ വി.എം. കുട്ടിയാക്കിയ പാട്ടുകൾ
text_fieldsകൊണ്ടോട്ടി പുളിക്കൽ പെരിയമ്പലത്തെ ദാറുസ്സലാം വീടിെൻറ ഗേറ്റിൽ എഴുതിയ വി.എം കുട്ടിയെന്ന പേര് മലയാളികളുടെ മനസ്സിൽ കൊത്തിവെച്ചിട്ട് ആറരപ്പതിറ്റാണ്ട് പിന്നിട്ടശേഷമാണ് വിഖ്യാത ഗായകൻ പടിയിറങ്ങിയിരിക്കുന്നത്. ഗ്രാമഫോണിലും കാസറ്റുകളിലും റെക്കോഡ് ചെയ്ത് ഇനിയും കേട്ടുമതിയാകാത്ത 'സംകൃതപമഗിരി'യും 'കാളപൂട്ടിൻറതിശയ'വും 'കൈതപ്പൂമണ'വുമെല്ലാം വടക്കുങ്ങര മുഹമ്മദ് കുട്ടിയെന്ന വി.എം കുട്ടിയുടെ ശബ്ദത്തിലൂടെ സ്മാർട്ട് ഫോണുകളിൽ ഇപ്പോഴും മുഴങ്ങുന്നുണ്ട്. തിങ്ങിനിറഞ്ഞ സദസ്സിന് മുന്നിൽ യവനിക ഉയരുമ്പോൾ കൈയിൽ മൈക്കുമേന്തി പുഞ്ചിരിച്ച് നിന്ന ഇശലിെൻറ സുൽത്താൻ പാടാത്ത നാട് കേരളത്തിലും അറബിക്കരയിലും അപൂർവമായിരിക്കും.
പക്ഷിപ്പാട്ട് കേട്ട് വളർന്ന ബാല്യം
പഴയകാലത്ത് മലബാറിൽ ഏറ്റവുമധികം പ്രചാരത്തിലുണ്ടായിരുന്ന നടുത്തോപ്പിൽ അബ്ദുല്ല രചിച്ച 'അക്ബർ സദഖ' പക്ഷിപ്പാട്ടും മോയിൻകുട്ടി വൈദ്യരുടെ പടപ്പാട്ടും കേട്ടുവളർന്ന കുട്ടിക്കാലം. പുളിക്കൽ ആലുങ്ങൽ മുട്ടയൂരിലെ വടക്കുങ്ങര ഉണ്ണീൻ മുസ്ല്യാരുടെയും ഇത്താച്ചുക്കുട്ടിയുടെയും മകനായി ജനിച്ച മുഹമ്മദ് കുട്ടിയുടെത് അല്ലലില്ലാത്ത ബാല്യമായിരുന്നു. കർഷക കുടംബം, വലിയ മുറ്റവും പറമ്പുമുള്ള തറവാട് വീട്. വറുതിയുടെ കാലമായിരുന്നതിനാൽ ദൂരെ ദിക്കിൽനിന്നും ധാരാളം വിരുന്നുകാർ വരും എല്ലാ ദിവസവും. പാട്ടുകാരികളുമുണ്ടാവും കൂട്ടത്തിൽ.
മഗ് രിബ് നമസ്കാരത്തിന് പായ നിരത്തി സ്ത്രീകളും കുട്ടികളും ഇരിക്കും. വൈദ്യുതിയില്ല. ചിമ്മിനി വിളക്കിെൻറ വെട്ടത്തിരുന്നാണ് അറബി മലയാളത്തിലുള്ള സബീനപ്പാട്ടുകൾ പെണ്ണുങ്ങൾ പാടുക. പടപ്പാട്ട്, പക്ഷിപ്പാട്ട്, കുപ്പിപ്പാട്ട് എല്ലാമുണ്ടാവും. ഫാത്തിമക്കുട്ടി അമ്മായി നല്ലൊരു കൈമുട്ട് പാട്ട്കാരിയായിരുന്നു. കല്ല്യാണ വീടുകളിലൊക്കെ പാടും. കാളപൂട്ട് പാട്ടും ബദർ കിസ്സയുമുണ്ടാവും കൂട്ടത്തിൽ. അവർ വീട്ടിൽ നിൽക്കുന്ന നാളുകൾ പാട്ടുകളും ബൈത്തുകളുമായി കൊണ്ടാടും. കാളപൂട്ടായിരുന്നു അക്കാലത്ത് നാട്ടിലെ പ്രധാന ആഘോഷം.
വൈദ്യരുടെ നാട്ടുകാരൻമോയിൻകുട്ടി വൈദ്യരുടെ ബദറുൽ മുനീർ ഹുസ്നുൽ ജമാൽ കൃതിയിലെ വരികൾ പാടുമ്പോൾ കൊണ്ടോട്ടിയുടെ സമീപപ്രദേശത്തുകാരനെന്ന നിലയിൽ അഭിമാനം തോന്നും. കൊണ്ടോട്ടി നേർച്ചയുമായി ബന്ധപ്പെട്ടും ഓർമകളെമ്പാടമുമുണ്ട്. 1945വരെ പുളിക്കലിലാണ് പഠിച്ചത്. ആറാം ക്ലാസ് മുതൽ കൊണ്ടോട്ടിയിലേ ഉള്ളൂ. ആകെ ഒരു ബസ്സും. ബന്ധു കോയാമുട്ടി മാഷ്, വീരാൻ കുട്ടി മാഷ്, കുഞ്ഞുട്ടി മാഷ്, ഖാദർ മാഷ് എന്നിവർ കൊണ്ടോട്ടി സ്കൂളിൽ അധ്യാപകരായിരുന്നു. അവരവിടെ വാടക വീടെടുത്ത് ഒരുമിച്ച് താമസിക്കുകയായിരുന്നു. പാട്ടുകാരനാവണമെന്ന മോഹത്തിലേക്കുള്ള ആദ്യ ചുവട് അക്കാലത്തായിരുന്നു.
കൊണ്ടോട്ടി കൊടിമരത്തിനരികെ ബീഡി തെറുപ്പ് കേന്ദ്രമാണ്. അവിടെ ബീഡി തെറുപ്പുകാർ പണിയെടുത്തുകൊണ്ട് പാടുന്നുണ്ടാവും. ഒഴിവ് സമയത്ത് ഞാൻ ചെന്നിരുന്ന് കേൾക്കും. കൊണ്ടോട്ടി യു.പി സ്കൂളിലും ഫറോക്ക് സേവാ മന്ദിരം ഹൈസ്ക്കൂളിലും പഠിച്ച ശേഷം രാമനാട്ടുകര സേവാ മന്ദിരത്തിൽ ടി.ടി.സിക്ക് ചേർന്നു. ഈ സമയത്താണ് ആകാശവാണിയിൽ പാടാൻ അവസരം ലഭിക്കുന്നത്. 20ാം വയസ്സിൽ കരിപ്പൂരിലെ കുളത്തൂർ എൽ.പി സ്കൂളിൽ ഹെഡ്മാസ്റ്റാറായി ജോലിയിൽ പ്രവേശിച്ചു. വിരമിക്കുന്നത് വരെ ഇവിടെത്തന്നെയായിരുന്നു. പാട്ടിനെയും കൂടെക്കൂട്ടി. 1957ലാണ് മാപ്പിളഗാന ട്രൂപ്പ് തുടങ്ങുന്നത്.
പുളിക്കലിലെ പാട്ടുപുര
പുളിക്കലിലെ വീട് അക്ഷരാർഥത്തിൽ പാട്ടുപുരയായിരുന്നു. പാട്ടും സംഗീതോപകരണങ്ങളുടെ ശബ്ദവും ഒഴിഞ്ഞനേരമുണ്ടായിരുന്നില്ല. വിഖ്യാതരായ എത്രയോ ഗായകരുടെയും സംഗീതജ്ഞരുടെയും ഓർമകൾ ഇവിടത്തെ ചുമരുകൾക്കിടയിൽ അലയൊലി കൊള്ളുന്നുണ്ട്. ബാബുരാജ്, കോഴിക്കോട് അബൂബക്കർ, വടകര കൃഷ്ണദാസ്, ചാന്ദ് പാഷ അങ്ങനെ പോവുന്നു.
1970ൽ കോഴിക്കോട് ആകാശവാണിയുടെ ബാലലോകം പരിപാടിയിൽ പാടാൻ കുട്ടികളെ വേണമെന്ന ആവശ്യവുമായി അധികൃതരെത്തി. സുഹൃത്ത് കാരിക്കുഴിയൻ മുഹമ്മദ് കുട്ടി മാസ്റ്ററാണ് വിളയിൽ പറപ്പൂരിലെ തിരുവച്ചോലയിൽ പാട്ടുപാടുന്ന കുറച്ചുപേരുണ്ടെന്ന് അറിയിച്ചത്. അവിടുത്തെ സൗദാമിനി ടീച്ചർ സംഗീതതൽപ്പരയായിരുന്നു. ചെറുപെണ്ണിെൻറ കേളെൻറയും നാല് മക്കളിൽ ഇളയവൾക്ക് വത്സലയെന്ന് പേരിട്ടതുപോലും സൗദാമിനി ടീച്ചറാണ്.
പാട്ടുകാരെ തേടുന്നതറിഞ്ഞപ്പോൾ ഇവർ കുറേപ്പേരെ സംഘടിപ്പിച്ചു. കൂട്ടത്തിൽ നല്ല ശബ്ദം പത്ത് വയസ്സുകാരി വത്സലയുടെതായിരുന്നു. അവധി ദിവസങ്ങളിൽ അവൾ വീട്ടിൽ വന്നു പാട്ടുപഠിച്ചു. ആയിഷാ സഹോദരിമാരെന്നറിയപ്പെട്ട ആയിഷയും ആയിഷാ ബീവിയും അന്ന് ഇവിടെയുണ്ട്. വത്സല പിൽക്കാലത്ത് വിളയിൽ ഫസീലയായി.
കല്യാണത്തലേന്ന് ഗാനമേളകൾമലബാറിലെ എല്ലാ ജില്ലകളിലും കല്യാണത്തലേന്ന് ഗാനമേളകൾ പതിവായിരുന്ന കാലത്ത് മൈലാഞ്ചിപ്പാട്ടുകൾക്കായിരുന്നു പ്രിയം കൂടുതൽ. കല്യാണപ്പാർട്ടികളിൽ മാത്രമല്ല സ്വദേശത്തും വിദേശത്തും നടന്ന പരിപാടികളിലും ഏറ്റവുമധികം പാടിച്ചത് ''സംകൃത പമഗിരി തങ്കത്തുംഗത്തധിംഗിണ തിംകൃത ധിമികിട മേളം'' എന്ന് തുടങ്ങി സ്വർഗീയ സുന്ദരിമാരെ വർണിക്കുന്ന വാഴപ്പാടി മുഹമ്മദ് എഴുതിയ പാട്ടാണ്.
ഇയ്യടുത്തുവരെ ഏതെങ്കിലും വേദിയിൽപ്പോയാൽ രണ്ട് വരി പാടാൻ പറയുക പതിവ്. സുഖദു:ഖങ്ങൾ സമം ചേർന്നതായിരുന്നു ജീവിതം. ഏറ്റവും അടുത്തറിഞ്ഞ് ആഗ്രഹങ്ങൾക്ക് കൂട്ടുനിന്ന, പ്രോത്സാഹിപ്പിച്ച, എട്ട് മക്കൾക്ക് ജന്മം നൽകിയ പ്രിയ സഖി ആമിന അകാലത്തിൽ വേർപ്പിരിഞ്ഞുപോയി. പിന്നെയും കുറേ വർഷങ്ങൾ കഴിഞ്ഞാണ് സുൽഫത്തിനെ ജീവിതത്തിലേക്ക് കൂട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.