ഇരുളടഞ്ഞ വഴികളിൽ അൻഷിക്ക് വെളിച്ചമേകി സംഗീതം
text_fieldsമങ്കട: തന്നെ വലയം ചെയ്ത ഇരുൾപടർപ്പുകൾക്കിടയിൽ ജീവിതത്തിലെ പ്രത്യാശയും പ്രതീക്ഷയുമായി ഫാത്തിമ അൻഷി കാണുന്നത് സംഗീതത്തെ. അന്ധത ബാധിച്ച കണ്ണുകൾക്ക് എപ്പോഴെങ്കിലും കാഴ്ച ലഭിച്ചാൽ തെൻറ ഉമ്മയുടെ ചിരിക്കുന്ന മുഖമൊന്ന് കാണണമെന്ന ആഗ്രഹവുമായി കഴിയുന്ന ഈ കൊച്ചുഗായിക ഇതിനകം നിരവധി വേദികളിലൂടെ ജനമനസ്സുകൾ കീഴടക്കി കഴിഞ്ഞു. യൂടൂബിൽ ലക്ഷത്തിൽ പരം ആളുകളാണ് അൻഷിയുടെ േപ്രാഗ്രാം കാണുന്നത്. മേലാറ്റൂർ എടപ്പറ്റ നിവാസികളായ അബ്ദുൽ ബാരി-ഷംല ദമ്പതികളുടെ ഏക മകളാണ് ഫാത്തിമ അൻഷി. ജന്മന അന്ധത ബാധിച്ച് വളർന്ന ഇൗ കൊച്ചുഗായിക മലപ്പുറം വള്ളിക്കാപറ്റ അന്ധവിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. നാലാം ക്ലാസിൽ പഠിക്കുമ്പോൾതന്നെ സ്കൂൾ കലോത്സവങ്ങളിൽ മികവ് തെളിയിച്ച് തുടങ്ങി. ശാസ്ത്രീയ സംഗീതം, ലളിതഗാനം, ദേശഭക്തിഗാനം, കഥാപ്രസംഗം എന്നീ ഇനങ്ങളിൽ അൻഷി മത്സരിക്കാറുണ്ട്.
ഉന്നത വിദ്യാഭ്യാസം നേടി ഐ.എ.എസ് എടുക്കണമെന്നും വിദേശ രാജ്യങ്ങളിൽ ജോലിചെയ്യണമെന്നുമാണ് ഈ കൊച്ചുമിടുക്കിയുടെ വലിയ ആഗ്രഹം. ഈ ആവശ്യാർഥം വിദേശ ഭാഷകൾ പഠിക്കുന്ന തിരക്കിലാണ് അൻഷി. പാശ്ചാത്യ ശൈലിയിൽ ഇംഗ്ലീഷ് സംസാരിക്കാൻ പഠിച്ചുകഴിഞ്ഞു. ഒഴിവ് സമയങ്ങൾ യൂടൂബിലും മറ്റു സൈറ്റുകളിലുമായി റഷ്യൻ, ചൈനീസ്, മലേഷ്യൻ, സ്പാനിഷ്, മലായ് തുടങ്ങിയ ഭാഷകൾ പഠിക്കുന്നുണ്ട്. പാട്ടിൽ മാത്രമല്ല, കീ ബോർഡ് വായനയിലും കഴിവ് തെളിയിച്ചു. സ്വന്തമായി വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കി മലയാളത്തിൽ മെസേജുകൾ ടൈപ്പ് ചെയ്യുന്നതിലും അൻഷി വിജയിച്ചതായി പിതാവ് അബ്ദുൽ ബാരി പറയുന്നു.
‘നിലാവാകുന്നിൻ നെറുകയിൽ വീണ്ടും തെളിയുമ്പോൾ കിനാവിൻ മലരിൻ ഗന്ധം മധുരം നുണയുന്നു’ എന്ന ഗാനം ‘അറ്റ് വൺസ്’ സിനിമക്കുവേണ്ടി അരുൺ ഗോപെൻറ കൂടെ ആലപിച്ചു. വൈക്കം വിജയലക്ഷ്മി, നജീം അർഷാദ്, റിമി ടോമി എന്നിവരുടെ കൂടെയും ഗാനമാലപിച്ചിട്ടുണ്ട്. ഉപകരണ സംഗീതത്തിലും ഗാനാലാപനത്തിലും ഒരുപോലെ മികവ് പുലർത്തുന്ന ഈ കൊച്ചുകലാകാരി ആകാശവാണിയിലും നിരവധി ടെലിവിഷൻ പരിപാടികളിലും പങ്കെടുത്തു. ജോൺസ് കണ്ണന്താനത്തിെൻറ നേതൃത്വത്തിൽ ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന നേത്രദാനത്തെ േപ്രാത്സാഹിപ്പിക്കാനുള്ള േപ്രാജക്ട് വിഷെൻറ കേരളത്തിലെ ആദ്യത്തെ അംബാസഡറാണ് അൻഷി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.