ഗാനഗന്ധര്‍വന് ഇന്ന് പിറന്നാൾ
text_fieldsതിരുവനന്തപുരം: അരനൂറ്റാണ്ടിലേറെയായി മലയാളിയുടെ ചുണ്ടിലെയും മനസിലെയും ഈണമാണ് യേശുദാസ്. കേട്ട് തുടങ്ങിയിട്ട് അഞ്ചര പതിറ്റാണ്ട് പിന്നിട്ടിട്ടും കാതിന് കുളിർമയേകുക തന്നെയാണ് ഇന്നും ഗന്ധര്‍വ ശബ്ദം. ആ അനശ്വര ഗായകന് ഇന്ന് എഴുപത്തിയേഴ് വയസ് തികയുന്നു.
ഇരുപത്തി രണ്ടാം വയസിലാണ് 'കാല്‍പ്പാടുകള്‍' എന്ന ചിത്രത്തിലടെ 'ജാതിഭേദം മതദ്വേഷം...' എന്ന ഗാനത്തിലൂടെ പിന്നണി ഗാനരംഗത്തെത്തിയത്. ഇന്നും ഏതു പൊതുപരിപാടിയിലും യേശുദാസ് ആദ്യം പാടുന്ന ഗാനം ഇതുതന്നെ. അന്ന് തുടങ്ങിയ സംഗീത സപര്യയിൽ പിന്നീടിന്നുവരെ അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മലയാളം കടന്ന് തമിഴിലേക്ക്. കന്നടയും, തെലുങ്കും, ഹിന്ദിയും കടന്ന് ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലേക്കും ഗന്ധര്‍വ ശബ്ദം ഒഴുകി. ഇംഗ്ലീഷ്, അറബി, റഷ്യ തുടങ്ങിയ വിദേശ ഭാഷകളിലും ഗാനങ്ങള്‍ ആലപിച്ചു. സംഗീത സംവിധായകനായും നടനായും തിളങ്ങി.
കട്ടാശേരി ജോസഫ് യേശുദാസ് എന്ന കെ.ജെ യേശുദാസിന്‍റെ ആദ്യ ഗുരു അച്ഛന്‍ തന്നെയായിരുന്നു. പിന്നീട് ആർ.എൽ.വി സംഗീത സ്കൂളിൽ പഠിച്ചു. നിരവധി തവണ മികച്ച പിന്നണിഗായകനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങള്‍ ലഭിച്ചു. യുനസ്‌കോ പുരസ്‌കാരം, വിവിധ സര്‍വ്വകലാശാലകളുടെ ഓണററി ഡോക്ടറേറ്റ് എന്നിങ്ങനെ അദ്ദേഹത്തെ തേടിയെത്തിയ അംഗീകാരങ്ങൾ നിരവധിയാണ്.
പതിവുപോലെ ലളിതമായി തന്നെയാണ് യേശുദാസ് ഇത്തവണയും പിറന്നാള്‍ ആഘോഷിക്കുന്നത്. സ്വരംകൊണ്ടു കാലത്തെ തോല്‍പിച്ച ഗായകനെ എന്തുകൊണ്ട് മലയാളി നെഞ്ചോടു ചേർത്തു പിടിക്കുന്നു എന്ന് മനസിലാക്കാൻ അദ്ദേഹത്തിന്‍റെ ഗാനങ്ങൾ കേട്ടാൽ മാത്രം മതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.