പ്രിയേ നിൻ ഹാസ കൗമുദിയിൽ
text_fields‘അനുരാഗ ഗാനം പോലെ, അഴകിന്റെ അല പോലെ...’ മലയാളിയുടെ ജീവിതജ്വാലയിൽ തെളിഞ്ഞ കാവ്യവെളിച്ചമായിരുന്നു യൂസഫലി കേച്ചേരി. അത്രക്കും ദീപ്തമധുരമായ ഒരനുരാഗലോകം പാട്ടിൽ അധികമാരും ചമച്ചിട്ടില്ല. അനുരാഗ സുരഭില നിമിഷങ്ങളെ രാഗാർദ്രമാക്കുവാൻ പാട്ടിൽ അദ്ദേഹം വിശ്വസിച്ച സൗന്ദര്യബോധത്തിന്റെ മുദ്രകൾ അനന്യമായിരുന്നു. പ്രശോഭിതങ്ങളായ ബിംബങ്ങളിൽ കവി ഈ അനുരാഗത്തിന്റെ നിർവൃതിഭാവങ്ങളെ പാട്ടിൽ ലയഭരിതമാക്കി. കണ്ണഞ്ചിപ്പിക്കുന്ന മന്ദഹാസത്തിന്റെ ഭാവുകതകൾ നിറയെയുണ്ടായിരുന്നു യൂസഫലി കേച്ചേരിയുടെ ഗാനങ്ങളിൽ. പാട്ടിൽ മറ്റെങ്ങുമില്ലാത്ത പ്രണയത്തിന്റെ വെളിച്ച വിസ്തൃതിയുള്ള ഇടങ്ങൾ തീർക്കുന്നത് ഹാസം അഥവാ ചിരി എന്ന മഹാപ്രതിഭാസത്തിന്റെ അഴകുകളിലാണ്. പാട്ടിനുള്ളിൽ പ്രണയത്തിന്റെ പ്രബുദ്ധതകൾ സംഭവിക്കുന്നത് ഈ മനോഹര മന്ദഹാസങ്ങളിലായിരുന്നു. ഉന്നതമായ ഒരു ഉണർവിന്റെ ഓർമകൾ നൽകുന്നുണ്ട് പാട്ടിൽ ഈ സുഹാസങ്ങൾ. പാട്ടിന് നിത്യയൗവനം നൽകുന്നത് നിരവധ്യമായ ഈ ഹാസപൗർണമിയാണ്. കേച്ചേരി ഗാനങ്ങളിൽ പ്രവർത്തിക്കുന്നത് അതിശയകരമായ മന്ദഹാസത്തിന്റെ ഇന്ദ്രജാലം. പ്രണയമെന്ന ഉൺമയുടെ പ്രതിനിധാനമായിത്തീരുകയാണ് പാട്ടിലെ മന്ദഹാസത്തിന്റെ ഈ ഭാഷ. പ്രിയയുടെ ഹാസകൗമുദിയിൽ പ്രശോഭിതമാകുകയാണ് അനുരാഗിയുടെ സ്മൃതിനാളങ്ങൾ. പ്രണയിനിയുടെ ഹാസരശ്മിയിൽ മാണിക്യമായ് മാറുന്ന നീഹാര ബിന്ദുവിനെപ്പോലെയാണ് കവിയിലെ നിത്യകാമുകൻ. പ്രണയിനിയുടെ ഹാസത്തിനോടുള്ള സാരവത്തായ പ്രണയമായിത്തീരുകയാണ് യൂസഫലി കേച്ചേരിയുടെ ഓരോ പാട്ടും. ഹാസമെന്നത് കേച്ചേരി ഗാനങ്ങളിൽ പ്രണയത്തിന്റെ മറുഭാഷയായിമാറുന്നു. മന്ദഹാസത്തിന്റെ അപൂർവതകൾ കൊണ്ടലങ്കരിച്ചതാണ് കേച്ചേരിയുടെ ഗാനകല. ഹാസമെന്നത് ഒരേസമയം വാക്കിന്റെയും നോക്കിന്റെയും സമാഹാരമായിത്തീരുന്നു. ഹാസം, പാട്ടിൽ പ്രണയത്തിന്റെ പുതിയൊരു ലോകം തീർക്കുന്നു. ‘ചാരുഹാസിനി’ എന്ന് കേച്ചേരിപ്പാട്ടിലെ കാമുകൻ തന്റെ പ്രണയിനിയെ അഭിസംബോധന ചെയ്തു. അവളുടെ ഹാസം ഭീതരാത്രിയിൽ അവന് ചിരിക്കാനുള്ള പ്രഭാകിരണമായിത്തീരുന്നു. രൂപവതിയായ അവളുടെ മഞ്ജുളഹാസം അവന് വാരൊളി വീശുന്ന മാധവമാസമാകുന്നു. അഞ്ചുശരങ്ങളും പോരാതെ കാമദേവൻ അവളുടെ ചിരിയെ പ്രണയസായകമാക്കിമാറ്റി. പ്രണയിനിയുടെ സുഹാസങ്ങളിൽ പൊഴിയുകയാണൊരുപിടി പൂവുകൾ. ചൈത്രമാസ നീലരാവിലും ചിത്രവർണപ്പൂനിലാവിലും അവളുടെ ചിരിയാകുന്ന പൂക്കൾ കണ്ടു കാമുകനായ അയാൾ. മന്ദഹാസ ലോലയായ് അവൾ വന്നണയുമ്പോൾ കാമുകമനസ്സിൽ മൊട്ടിടുകയാണ് മോഹങ്ങൾ. അവളുടെ മന്ദഹാസത്തിൻ ചാരുത കണ്ടപ്പോൾ പൗർണമി പോലും പാൽ ചുരന്നു. അവളുടെ ചിരിയിലേതോ മഞ്ജരി വിടർന്നു. ആ മഞ്ജുഹാസത്തിന്റെ പൂവമ്പിനാൽ കാമുകഹൃദയം ശകലിതമായി. ഇവിടെയെല്ലാം ജീവിതത്തിൽനിന്നൊരു പുത്തൻവാഴ്വുണ്ടാകുന്നു. ഹാസമെന്നത് പാട്ടിലെ സാന്ദ്രമായ ഒരു ഭാഷയാകുന്നു. പതിവിന് വിപരീതമായ മട്ടിൽ മിണ്ടാനുള്ള മറ്റൊരു ഭാഷ അതിലൊരു പ്രണയത്തിന്റെ സ്വാതന്ത്ര്യവും ആഘോഷവുമൊക്കെയുണ്ടായിരുന്നു. അതിൽ പ്രതീക്ഷിതമല്ലാത്ത അർഥനിർമിതികളുമുണ്ടായിരുന്നു. പ്രണയിയെ സംബന്ധിച്ചിടത്തോളം ഹാസമെന്നത് പുതിയ ഒരറിവും അനുഭൂതിയുമാകുന്നു. ഒരുപക്ഷേ, ശോകത്തെ നേരിടാനുള്ള സന്നദ്ധത കൂടിയാകുന്നുണ്ട് ഇവിടെ ഹാസം. വിഷാദങ്ങൾ നീക്കി പുഷ്പഹാസങ്ങളേകാൻ പ്രണയിനിയോടഭ്യർഥന ചെയ്യുന്നുണ്ട് ഒരു പാട്ടിലെ നായകൻ. അതേസമയം, അവൾ പുഞ്ചിരിച്ചാൽ പൂനിലാവുദിക്കുമെന്നാണ് മറ്റൊരു പാട്ടിൽ കവിയുടെ നിനവ്. അവളുടെ അധരശോഭയിൽ ഈ ഭൂമിയിലെ എത്രയോ കോടിപ്പൂവുകൾ തീർക്കുകയാണ് കലാകാരനായ ദൈവം. അവളുടെ കൗമുദീഹാസമെത്രയോ കനവുകളുണർത്തുകയാണ് അയാളുടെ ഉള്ളിൽ.
പ്രണയിനിയുടെ ചിരിയിൽ തെളിയുന്ന ഏഴഴകുള്ള മഴവില്ലുകളെയും യൂസഫലി കേച്ചേരിയുടെ പാട്ടുകളിൽ കാണാം. പ്രണയത്തിന്റെ അതിർവചനീയമായ ആത്മസൗരഭങ്ങളെ ചാലിച്ചെഴുതുകയാണ് കവി ഇവിടെ. ‘ചിരിച്ചെപ്പ് കുലുക്കി വിളിച്ചെന്നെയുണർത്തിയ താമരകണ്ണാളെ’ എന്ന് ഒരു പാട്ടിലെഴുതിയ കവി ‘ആയിരം പൂവിരിഞ്ഞാൽ അരവസന്തം ആത്മസഖി നീ ചിരിച്ചാൽ ആയിരം വസന്തം’ എന്നെഴുതിയപ്പോളും മന്ദഹാസത്തിൽ തിടംവെച്ചൊരു അനുരാഗപൂർണിമയെ നാമനുഭവിച്ചു. അല്ലിത്തേൻ വാർന്നൊഴുകുന്ന മന്ദഹാസമായിരുന്നു യൂസഫലി കേച്ചേരിയുടെ പാട്ടിലെ പ്രണയിനികൾക്ക്്. നെയ്വിളക്കിൻ നാളമായി നിന്ന് മന്ദഹാസങ്ങൾ എന്ന് ഒരു പാട്ടിന്റെ അന്തരംഗത്തിലെഴുതിയിട്ടുണ്ട് അദ്ദേഹം. പാട്ടിലെ പ്രണയം എന്നതിലേക്ക് പ്രകൃതിയെ കൂടി ചേർക്കുന്നുണ്ട് കവി. പാട്ടെന്നത് അർഥങ്ങളുടെ നദി (sematic river) ആയി മാറുമ്പോൾ അതിലൊരു അഴകിന്റെ അലയാകുകയാണ് ഹാസം. പാട്ടിൽ പ്രണയിനിയുടെ ഹാസം സദാ വെളിച്ചം വിതറിക്കൊണ്ടിരിക്കുന്നു. ഹാസമെന്ന അനുഭൂതി സവിശേഷമായിത്തീർന്ന് അത് പാട്ടിനെ കൂടുതൽ ദീപ്തമാക്കുന്നു. പ്രണയത്തിന്റെ ഒരു പരമപദത്തിലേക്ക് പാട്ടിനെ ഉണർത്തുവാൻ ഈ ചിരിതന്നെ തികയും. ഹാസത്തിന്റെ വെളിച്ചത്തിൽ പാട്ടിന് അനശ്വരത കൈവരുന്നു. അതുവരെ ആവിഷ്കരിക്കാതിരുന്ന ഒരു ഭാഷ തീർക്കുന്നുണ്ട് പാട്ടിൽ മന്ദഹാസത്തിന്റെ ചന്തം. എത്ര യഗാധതകളിൽ നിന്നുവരുന്നു നമ്മുടെ പുഞ്ചിരി പോലുമെന്നതെത്ര ശരിയാണ് കേച്ചേരിയുടെ പാട്ടുകൾ കേൾക്കുമ്പോൾ. യൂസഫലി കേച്ചേരിയുടെ പാട്ടെഴുത്തിന്റെ സൗന്ദര്യതലം ഇത്തരത്തിലുള്ള ഭാവസാന്ദ്ര സൂചകങ്ങളിലായിരുന്നു നിലകൊണ്ടത്. പ്രണയത്തിന്റെ ഋതുഭേദങ്ങളെ സവിശേഷമായ ചലച്ചിത്ര സന്ദർഭങ്ങളിലേക്ക് കൈപിടിച്ച് കൊണ്ടുവരാൻ അദ്ദേഹത്തെ സഹായിച്ചത് ഹാസോന്മുഖമായ ഒരു സൗന്ദര്യലോകമായിരുന്നു. പ്രണയരഹസ്യങ്ങളെ വിശദീകരിക്കുന്ന ഭാവാത്മകതയുടെ ആന്തരസംഗീതം കേച്ചേരിഗാനങ്ങളിൽ ആർദ്രമാകുന്നത് അനുരാഗത്തിന്റെ അനിർവചനീയമായ ദിവ്യസൗഭാഗ്യങ്ങളിലാണ്. അനുരാഗമെന്നത് കവിയുടെ ഗാനങ്ങളിലെ നിത്യപ്രാർഥനയെന്നോണം തെളിഞ്ഞുനിൽക്കുന്നു. ആ തെളിച്ചത്തിന്റെ ഹർഷമുണരുന്നത് മന്ദഹാസത്തിന്റെ മധുരലയങ്ങളിലാണ്. ‘കണ്ണീർക്കടലിൽ തിരകളിലലിയും പുഞ്ചരിയാണനുരാഗ’മെന്ന് യൂസഫലി കേച്ചേരി ഒരു പാട്ടിലെഴുതിയതിലെ സത്യദർശനം ജീവിതത്തിലെ ഹാസലഹരികൾക്കുള്ള സൗന്ദര്യഭദ്രമായ അടിക്കുറിപ്പ് കൂടിയാണ് എന്ന് ഉറപ്പിച്ചുപറയാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.