അന്തരിച്ച ഷാനിനെക്കുറിച്ച് ജി. വേണുഗോപാലിന്‍റെ ഫേസ്ബുക് കുറിപ്പ്
text_fieldsഒന്നും എഴുതാന്‍ തോന്നുന്നില്ല, കൈകള്‍വഴങ്ങുന്നുമില്ല. നിസ്സംഗതയാണ് മനസ്സിലാകെ. ഷാന്‍ ഇനി ഒരിക്കലും എന്‍റടുത്തേക്ക് അങ്കിള്‍ എന്നു വിളിച്ചു കൊണ്ട് വരില്ല എന്നോര്‍ക്കുമ്പോഴുള്ള ഒരുതരം വേദനിപ്പിക്കുന്ന ശൂന്യത. ഒരാഴ്ച മുമ്പാണ് ഷാന്‍ എന്നെ വിളിക്കുന്നത്. ‘അങ്കിള്‍ എന്‍റെ ഒരു പാട്ട് പാടണം, എത്രയാ റേറ്റെന്ന് പറയാമോ...’ എന്ന് ചോദിച്ചപ്പോള്‍ ‘ജോണ്‍സേട്ടന്‍റെ മോളോട് ഞാന്‍ റേറ്റ് പറയാനോ, ഒന്നും തന്നില്ലെങ്കിലും ഞാന്‍ സഹിച്ചു...’ എന്ന് സ്നേഹപൂര്‍വം ശകാരിക്കുകയും ചെയ്തു. പറഞ്ഞുറപ്പിച്ചപോലെ നാളത്തേക്ക് സ്റ്റുഡിയോ ബുക് ചെയ്ത് ഷാനിനെ കാത്തിരിക്കുകയായിരുന്നു ഞങ്ങള്‍.
ദാസേട്ടന്‍ കഴിഞ്ഞാല്‍ ജോണ്‍സേട്ടന്‍റെ അനേകം മനോഹര ഗാനങ്ങള്‍ പാടാന്‍ ഭാഗ്യം ലഭിച്ച ഒരാളെന്ന നിലയില്‍, ജോണ്‍സേട്ടന്‍റെ അഭാവത്തില്‍ അദ്ദേഹത്തിന്‍റെ മകളുടെ സംഗീത സംവിധാനത്തില്‍ ആദ്യമായി പാടാന്‍ പോകുന്നതിന്‍റെ ത്രില്‍ എന്‍െറ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നു. അസുഖ ബാധിതയാണെങ്കിലും മകള്‍ സംഗീതം നല്‍കി ഞാന്‍ പാടുന്ന ആദ്യ ഗാനത്തിന്‍റെ റെക്കോഡിങ് കേള്‍ക്കാന്‍ അമ്മയായ റാണിച്ചേച്ചിയും ഷാനിന്‍റെ പ്രതിശ്രുത വരനും എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അകാലത്തില്‍ ഭര്‍ത്താവ് നഷ്ടപ്പെട്ട ഒരു ഭാര്യയുടെയും, മകന്‍റെ നിര്‍ജീവ ശരീരം കാണേണ്ടിവന്ന ഒരമ്മയുടെയും തളര്‍ന്ന മനസ്സില്‍ മകളുടെ ഈ പുതിയ സംരംഭം ഉണര്‍വുണ്ടാക്കുമെന്നോര്‍ത്ത് ഞാനും സന്തോഷിച്ചു. നാളത്തേക്ക് ഇവര്‍ക്കായി ഭക്ഷണമൊരുക്കാനുള്ള സാധനങ്ങള്‍ വാങ്ങാന്‍ പോയിവന്ന രശ്മിയോട്, ‘ഇനി ഇതാര്‍ക്കൊരുക്കാനാണ്, അവള്‍പോയി’ എന്ന് പറയാനേ എനിക്കു കഴിഞ്ഞുള്ളൂ.
ഷാനിന്‍റെ സംഗീതത്തിന് പ്രതിഭാധനനായ അച്ഛന്‍റെ നൈസര്‍ഗികമായ തനതു ഭാവവും ശൈലിയും മനോഹാരിതയുമുണ്ടായിരുന്നു. വളരെ ബോള്‍ഡ് ആയ, തന്‍റെ ലക്ഷ്യത്തെക്കുറിച്ച് ഉറച്ച ബോധ്യമുള്ള തനതായ വ്യക്തിത്വമുള്ളവള്‍. ഇന്ന് ഷാന്‍ നമ്മെ വിട്ടുപിരിഞ്ഞതോടെ ജോണ്‍സണ്‍ എന്ന മഹാനായ സംഗീത സംവിധായകന്‍റെ കുടുംബത്തിലെ അവസാന കണ്ണിയും ഇല്ലാതായി. അതോര്‍ക്കുമ്പോള്‍ നിറയുന്ന കണ്ണുകള്‍ക്കു മുന്നില്‍ എല്ലാം അവ്യക്തമാകുന്നു.
എനിക്കു പാടാന്‍ ഷാന്‍ സംഗീതം നല്‍കി വെച്ച ‘ഇളവെയില്‍ കൊണ്ടു നാം നടന്ന നാളുകള്‍..., ഇടവഴിയില്‍ ഹൃദയങ്ങള്‍തുറന്ന വേളകള്‍’ എന്ന ഗാനം അപൂര്‍ണമായി അവസാനിക്കുന്നു. ഇനിയൊരിക്കലും ഒച്ചയിടറാതെ എനിക്കതു പാടാന്‍ കഴിയുമെന്ന് തോന്നുന്നില്ല. റാണിച്ചേച്ചിയുടെ അവസ്ഥയോര്‍ക്കുമ്പോള്‍ ഉള്ളില്‍ നിന്ന് വാക്കുകളും വരുന്നില്ല. പ്രകൃതിയുടെ വികൃതികള്‍ ചിലപ്പോള്‍ അങ്ങനെയാണ്. ചിലരോട് ക്രൂരത മാത്രമേ കാണിക്കൂ. ആര്‍ക്കും സഹിക്കാന്‍ കഴിയാത്ത ക്രൂരത.
ഷാന്‍... നിന്‍റെ ആത്മാവിന്‍റെ അവശേഷിച്ച ആഗ്രഹമെന്ന നിലക്ക് ഈ ഗാനം ഞാന്‍ പാടും, എന്നെങ്കിലുമൊരിക്കല്‍... നിനക്കു വേണ്ടി എനിക്കതു പാടണം...!!!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.