ഹിന്ദി സിനിമാ സംഗീതത്തില്‍ വൈവിധ്യം നഷ്ടമായെന്ന് കുമാര്‍ സാനു
text_fields1990കളിലെ ഹിന്ദി സിനിമാ സംഗീതത്തിന്‍െറ ശബ്ദമാണ് കുമാര്‍ സാനു. 90കളെ ഇളക്കി മറിച്ച നദീം ശ്രാവണ്‍, അനു മലിക് തുടങ്ങിയവര്‍ക്കുവേണ്ടി കുമാര്‍ സാനു പാടിയ അസംഖ്യം ഗാനങ്ങളിലൂടെ ആ കാലത്തെ തന്നെ അടയാളപ്പെടുത്താം. സംഗീത സംവിധായകരുടേയും ഗായകരുടേയും ശൈലി തിരിച്ചറിയാനാകാത്ത കാലത്തിലൂടെയാണ് ഇപ്പോള്‍ ഹിന്ദി സിനിമാസംഗീതം കടന്നുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് വൈകീട്ട് ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന സംഗീത പരിപാടിക്കായി ബഹ്റൈനില്‍ എത്തിയതിനിടെ, ‘ഗള്‍ഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നുസ്രത്ത് ഫത്തേഹ് അലി ഖാനെ പോലെ പാടുന്ന അഞ്ചുപേരെങ്കിലും ഇപ്പോള്‍ ഇന്ത്യയിലുണ്ട്. പാട്ടുകാരുടെ സ്വത്വം തിരിച്ചറിയാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. എല്ലാവരും ഒരേ പോലെ പാടുന്നു. സംവിധായകരും ശൈലിയില്‍ വ്യത്യസ്തരാകുന്നില്ല. ഇത് വലിയ പ്രതിസന്ധി തന്നെയാണ്. നല്ല സംഗീതവും നല്ല വരികളും ഉണ്ടാകണം. അതുമാത്രമേ നിലനില്‍ക്കൂ. മോശം കാര്യങ്ങളെല്ലാം സമൂഹത്തിനെ ബാധിക്കും. ഇതില്‍ മോശം സംഗീതം മുതല്‍ കുറ്റകൃത്യങ്ങളെ മഹത്വവത്കരിക്കുന്ന സിനിമകള്‍ വരെ വരും.
ഓരോ കാലത്തെയും അനശ്വര സംഗീത പ്രതിഭകളുടെ സ്വാധീനത്തില്‍ പലരും പെട്ടിട്ടുണ്ട്. എനിക്കിഷ്ടം കിഷോര്‍ കുമാറിനെയായിരുന്നു. ഏറ്റവും ചടുലമായ ശൈലിയും ശബ്ദവുമായിരുന്നു അദ്ദേഹത്തിന്‍േറത്. പിന്നീട് ആ സ്വാധീനത്തിനെ മറികടന്നാണ് സ്വന്തം ശൈലിയുണ്ടാക്കിയത്. സംഗീതം നിറഞ്ഞുനില്‍ക്കുന്ന കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. അതിന്‍െറ ഒരു പിന്‍ബലം എപ്പോഴും ഉണ്ടായിരുന്നു. അന്നത്തെ കൊല്‍കൊത്ത സംഗീതം നിറഞ്ഞുനില്‍ക്കുന്ന നഗരമാണ്. കുട്ടികളെ സംഗീതം പഠിപ്പിക്കുക എന്നത് മുറതെറ്റിക്കാത്ത ആചാരം പോലെ ഇപ്പോഴും അവിടെ നിലനില്‍ക്കുന്നുണ്ട്. പാടാനറിയില്ലെങ്കില്‍ കല്ല്യാണം ശരിയാകില്ല എന്ന അവസ്ഥ മുമ്പുണ്ടായിരുന്നു. ബംഗാളികളും മലയാളികളും പല വിധ സാമ്യങ്ങളുമുണ്ട്. ഭക്ഷണം, വസ്ത്രം എന്നിവയിലെല്ലാം ഇത് പ്രകടമാണ്.
മലയാളം വഴങ്ങാന്‍ ഭയങ്കര ബുദ്ധിമുട്ടുള്ള ഭാഷയാണ്. കന്നടയൊക്കെ ഒരു പ്രയാസവുമില്ലാതെ പാടാം. പക്ഷേ, മലയാളം അങ്ങനെയല്ല. അധികാരം കൊതിച്ചിട്ടല്ല രാഷ്ട്രീയക്കാരന്‍ ആയതും ബി.ജെ.പിയില്‍ ചേര്‍ന്നതും. ഞാന്‍ രാഷ്ട്രീയക്കാരന്‍ അല്ല. സംഗീതം തന്നെയാണ് താല്‍പര്യം. പക്ഷേ, രാഷ്ട്രീയ അധികാരം ഉപയോഗിച്ച് പാവങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാം എന്ന് കരുതി. തെരുവുകുട്ടികള്‍ക്കായി ഡല്‍ഹിയിലും കൊല്‍ക്കത്തയിലും സ്കൂളുകള്‍ നടത്തുന്നുണ്ട്. അവര്‍ക്കൊക്കെ കൂടുതല്‍ സഹായം എത്തിക്കാന്‍ സാധിക്കും എന്ന് കരുതിയാണ് രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരാന്‍ തീരുമാനിച്ചത്. ശബ്ദം നിലനിര്‍ത്താന്‍ പ്രത്യേകിച്ച് ഒരു കാര്യവും ചെയ്യുന്നില്ല. ശബ്ദം ഒരു അനുഗ്രഹമായി ലഭിച്ചതാണ്. അതിനുവേണ്ടി മറ്റ് അഭ്യാസങ്ങളൊന്നും ചെയ്യാന്‍ താല്‍പര്യമില്ല. -കുമാര്‍ സാനു പറഞ്ഞു നിര്‍ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.