പ്രശസ്ത സംഗീതജ്ഞ അന്നപൂർണ ദേവി നിര്യാതയായി
text_fieldsമുംബൈ: പ്രമുഖ ഹിന്ദുസ്ഥാനി സംഗീതജ്ഞയും വിഖ്യാത സിത്താർ വാദകൻ പണ്ഡിറ്റ് രവിശങ്കറിെൻറ ആദ്യ ഭാര്യയുമായ അന്നപൂർണ ദേവി (91) നിര്യാതയായി. ശനിയാഴ്ച പുലർച്ചെ 3.51ന് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. നിരവധി തലമുറകളിലെ സംഗീതജ്ഞരുടെ ഗുരുവായ അവർ, അരനൂറ്റാണ്ടിലേറെയായി ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചത്.
സുർബഹാർ എന്ന ബേസ് സിത്താർ സംഗീതോപകരണം ഉപയോഗിച്ചിരുന്ന ഏക വ്യക്തി എന്ന നിലയിൽ അറിയപ്പെട്ടിരുന്നവരായിരുന്നു രോഷ്നാരാ ഖാൻ എന്ന അന്നപൂർണ ദേവി. വിവിധ വാദ്യോപകരണങ്ങളിൽ പ്രാവീണ്യമുണ്ടായിരുന്നു.
പ്രശസ്ത സംഗീതജ്ഞൻ ഉസ്താദ് അല്ലാവുദ്ദീൻ ഖാെൻറ മകളായി മധ്യപ്രദേശിലെ മൈഹറിൽ 1927ലാണ് അവർ ജനിച്ചത്. 1962ൽ രവിശങ്കറുമായി പിരിഞ്ഞ അന്നപൂർണ മാനേജ്മെൻറ് കൺസൾട്ടൻറായ റൂഷികുമാർ പാണ്ഡെയെ വിവാഹം കഴിച്ചു. 2013ൽ അദ്ദേഹം മരിച്ചതോടെ മുംബൈയിലെ വസതിയിൽ ഏകാന്തവാസത്തിലായിരുന്നു.
ഉസ്താദ് അലി അക്ബർ ഖാൻ സഹോദരനാണ്. അന്തരിച്ച പണ്ഡിറ്റ് ശുഭോ ശങ്കർ (ശുഭേന്ദ്ര ശങ്കർ) ആണ് മകൻ. സംസ്കാരം ശനിയാഴ്ച മുംബൈയിൽ നടന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടെ പ്രമുഖർ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.