അങ്ങനെ അർജുനൻ മാഷിനും അവാർഡ് കിട്ടി
text_fieldsഅങ്ങനെ എൺപത്തിരണ്ടാം വയസ്സിൽ അർജുനൻ മാഷിനും സംസ്ഥാന സർക്കാറിന്‍റെ അവാർഡ് ലഭിച്ചു. ഏകദേശം 50 വർഷങ്ങളായി സംഗീത സംവിധാന രംഗത്ത് തുടരുകയും മലയാള ഗാനാസ്വാദകർക്ക് ഒരിക്കലും മറക്കാനാവാത്ത അഞ്ഞൂറോളം ഗാനങ്ങൾ സമ്മാനിക്കുകയും ചെയ്ത സംഗീതലോകത്തെ അതികായനെ തേടി ഇതുവരെ സർക്കാരിന്‍റെ ഒരു പുരസ്ക്കാരങ്ങളും എത്തിയില്ല എന്നത് അദ്ഭുതമായി തോന്നാമെങ്കിലും ഇതിൽ ഒരു പരിഭവവും തോന്നാത്ത ഒരു വ്യക്തിയുണ്ടെങ്കിൽ അത് അർജുനൻ മാഷ് മാത്രമായിരുന്നു. നിൻ മണിയറയിലെ, നീലനിശീഥിനി, ചെമ്പക തൈകൾ പൂത്ത വാനത്തെ, തേടി തേടിയലഞ്ഞു.. തുടങ്ങിയ നിത്യഹരിത ഗാനങ്ങൾ മാത്രം മതി മലയാളികളുടെ മനസ്സിൽ മാഷ് നിറഞ്ഞുനിൽക്കാൻ.
"അന്ന് നല്ല പാട്ടുണ്ടാക്കണം എന്നല്ലാതെ അവാർഡുകളെക്കുറിച്ചൊന്നും ചിന്തിച്ചിട്ട് തന്നെയില്ല. ഇന്ന് നിങ്ങളെപ്പോലുള്ളവർ ചോദിക്കുമ്പോഴല്ലാതെ ഞാൻ അതേക്കുറിച്ച് ആലോചിക്കാറില്ല. അവാർഡിനുവേണ്ടി ഒന്നും ചെയ്തിട്ടില്ല. ചിലപ്പോൾ പ്രൊഡ്യൂസേഴ്സ് ആരും ഗാനങ്ങൾ അവാർഡിന് അയച്ചുകാണില്ല. അയച്ചിരുന്നെങ്കിൽ എന്തെങ്കിലുമൊക്കെ കിട്ടിപ്പോയേനെ എന്ന് തോന്നുന്നു." അവാർഡ് ലഭിക്കാത്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം മറുപടി പറഞ്ഞത് ഇങ്ങനെയാണ്.
ചങ്ങനാശ്ശേരി ഗീഥ, കാളിദാസ കലാകേന്ദ്രം, കെപിഎസി തുടങ്ങിയ അനേകം തിയറ്ററുകൾക്കുവേണ്ടി സംഗീത സംവിധാനം നടത്തിയ അർജുനൻ മാഷ് കറുത്ത രാത്രിയിലൂടെയാണ് സിനിമയിലെത്തിയത്. ഗുരുവായ ദേവരാജൻ മാഷാണ് എം.കെ അർജുനന് വേണ്ടി സംഗീത സംവിധാനം നടത്തുന്നത് എന്ന് ആരോ പറഞ്ഞു കേട്ട നിർമാതാവ് തന്നെ മുറിയിലിരുത്തി ഒറ്റയിരിപ്പിൽ സംഗീത സംവിധാനം നടത്തിയ കഥ അർജുനൻ മാഷ് തന്നെ പറഞ്ഞിട്ടുണ്ട്. ഇതേക്കുറിച്ചൊന്നും അറിയാതെ അദ്ദേഹം നിർമാതാവും സംവിധായകനും പറഞ്ഞ സിറ്റ്വേഷനനുസരിച്ച് നാലോ അഞ്ചോ പാട്ടുകൾ ചെയ്തു. കേട്ട കഥകളെല്ലാം തെറ്റാണെന്ന് നിർമാതാവും സംവിധായകനും അപ്പോഴാണ് മനസ്സിലായത്.
വൈകീട്ട് മദ്രാസിൽ നിന്നും തിരിച്ച് നാട്ടിലേക്ക് വരാനായി റെയിൽവെ സ്റ്റേഷനിലെത്തിയപ്പോഴാണ് തന്നെ പ്രൊഡ്യൂസറിന്‍റെ ഓഫിസിലിരുത്തി ഇൻസ്റ്റന്‍റ് ആയി ട്യൂൺ ചെയ്യിച്ചതെന്തിനാണെന്ന് അർജുൻ മാഷിന് മനസ്സിലായത്. തരിച്ചിരുന്നു പോയി ഞാൻ എന്നാണ് ആ അനുഭവത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. ഇങ്ങനെ എന്തെല്ലാം പരീക്ഷണങ്ങൾ താൻ അതിജീവിച്ചിരിക്കുന്നു. അതേക്കുറിച്ചെല്ലാം ഓർക്കുമ്പോൾ അവാർഡ് കിട്ടാത്തതൊന്നും ഒരു പ്രശ്നമായി തോന്നിയിട്ടേയില്ല.
എങ്കിലും ഭയാനകത്തിലെ ഗാനങ്ങളിലൂടെ ഈ വൈകിയ വേളയിലെങ്കിലും അർജുനൻ മാഷിനെ ആദരിക്കാൻ കഴിഞ്ഞതിൽ നമുക്ക് അഭിമാനിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.