നക്സലുകളെ ‘പാട്ടിലാക്കാൻ’ സംഗീത ആൽബവുമായി ഛത്തീസ്ഗഢ് പൊലീസ്
text_fieldsറായ്പൂർ: ആയുധമേന്തി പൊലീസിനെ വിറപ്പിക്കുന്ന നക്സലുകളെ മയക്കാൻ സംഗീതശിൽപവുമായി ഛത്തിസ്ഗഢ് പൊലീസ്. നക്സൽ ശക്തികേന്ദ്രമായ ബക്സറിലാണ് സമാധാനം പുലരാൻ നിയമപാലകരുടെ സംഗീതാവിഷ്കാരം.
വർഷങ്ങളായി തുടരുന്ന സംഘർഷം നരകതുല്യമാക്കിയ ആദിവാസികളുടെയും ഗ്രാമീണരുടെയും വേദന പങ്കുവെക്കുന്ന അഞ്ചു ഗാനങ്ങളടങ്ങിയ ആൽബം ‘നവ ബിഹാൻ’ അഥവാ പുതിയ പ്രഭാതം എന്ന പേരിൽ ബസ്തറിലെ കൊണ്ടഗാവ് ജില്ല പൊലീസാണ് പുറത്തിറക്കിയിരിക്കുന്നത്. നിയമത്തെ വെല്ലുവിളിച്ച് കഴിയുന്നവർ ആയുധം താഴെവെച്ച് മുഖ്യധാരക്കൊപ്പം ചേരണമെന്ന് പാട്ടുകൾ ആഹ്വാനം ചെയ്യുന്നു.
കലയും സംഗീതവും സമൂഹത്തെ സമാധാനത്തിെൻറ വഴിയിൽ നടത്താൻ സഹായിക്കുമെന്ന് ബസ്തർ റേഞ്ച് െഎ.ജി വിവേകാനന്ദ് സിൻഹ പറഞ്ഞു. നക്സലുകളുടെ സാംസ്കാരിക വിഭാഗമായ ‘ചേതന നത്യ മഞ്ച്’ എന്ന സംഘടന സമാനമാർഗങ്ങളിലൂടെ ആദിവാസികൾക്കിടയിൽ വേരുറപ്പിക്കുന്നുവെന്ന് കണ്ടാണ് വൈകിയെങ്കിലും സംഗീതത്തെ കൂട്ടുപിടിക്കാൻ പൊലീസ് തീരുമാനിച്ചത്.
പാട്ടുകൾ മൂന്നെണ്ണം ഛത്തിസ്ഗഢി ഭാഷയിലും രണ്ടെണ്ണം ബസ്തറിലെ നാട്ടുഭാഷയായ ഹൽബിയിലുമാണ്. പൊലീസ് അഡീഷനൽ സൂപ്രണ്ട് മഹേശ്വർ നാഗാണ് മൂന്നു പാട്ടുകൾ ആലപിച്ചത്. അവശേഷിച്ചവ ഗായകനായ അശു മധുരാജും പാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.