പതിവു തെറ്റിക്കാതെ ഗായകൻ നേർച്ചസദ്യ വിളമ്പി; സംഗീതാർച്ചന നടത്തി മടങ്ങി
text_fieldsമട്ടാഞ്ചേരി: പിതാവിന് നല്‍കിയ വാഗ്ദാനം നിറവേറ്റി പതിവു തെറ്റിക്കാതെ ഗായകൻ കെ.ജെ. യേശുദാസ് ഒരിക്കല്‍കൂടി ജന്മനാട്ടിലെ അധികാരി വളപ്പ് കപ്പേളയിലെത്തി. ലോകത്തെവിടെയാണെങ്കിലും ഫോർട്ട്കൊച്ചി അധികാരി വളപ്പിലെ വി. യൗസേപ്പിതാവിെൻറ കപ്പേളയിലെ വണക്കമാസ തിരുനാളിെൻറ നേര്‍ച്ചസദ്യ വിളമ്പാന്‍ യേശുദാസ് എത്തും. പിതാവ് അഗസ്റ്റിൻ ഭാഗവതരും കൂട്ടാളികളുമൊരുക്കിയ സംഗീതവിരുന്നിൽ പങ്കെടുത്ത യേശുദാസിനോട് പിതാവിെൻറ നിർദേശമായിരുന്നു വണക്കമാസ സംഗീതാർച്ചന അധികാരി വളപ്പിലെ കപ്പേളയില്‍ നടത്തണമെന്നത്. 66 വര്‍ഷമായി യേശുദാസ് ഈ വാക്ക് പാലിച്ചുവരുകയാണ്. സാധാരണ മാര്‍ച്ച് 31നാണ് ദാസ് കപ്പേളയില്‍ എത്തുന്നത്. ഇക്കുറി ഇത് ഈസ്റ്ററിെൻറ തലേ ദിവസമായതിനാല്‍ 21ലേക്ക് മാറ്റുകയായിരുന്നു.
ഇത്തവണ ഭാര്യ പ്രഭ, ഇളയ മകന്‍ വിജയ് എന്നിവർക്ക് പുറെമ മൂത്ത മകന്‍ വിനോദും സഹോദരന്‍ ആൻറപ്പന്‍, സഹോദരി ജയമ്മ എന്നിവരും ദാസിനോടൊപ്പമുണ്ടായിരുന്നു. ഉച്ചക്ക് 12ഒാടെ കപ്പേളയില്‍ എത്തിയ ദാസ് സാധാരണപോലെ പിതാവിെൻറ അടുത്ത സുഹൃത്ത് ബാരിഡിെൻറ വസതിയിലേക്കാണ് എത്തിയത്. ഇവിടെ ഇപ്പോള്‍ ബാരിഡിെൻറ മകന്‍ വിനുവും കുടുംബവുമാണ് താമസിക്കുന്നത്. ഇവിടെ തയാറാക്കിയിരുന്ന നേര്‍ച്ചസദ്യ ഫാ. ക്രിസ്റ്റി കുര്യാപ്പിള്ളി വെെഞ്ചരിച്ചു. തുടര്‍ന്ന് വിനുവിനോടും കുടുംബത്തോടും കുശലാന്വേഷണത്തിനുശേഷം കുടുംബസമേതം പ്രാർഥിച്ചു.
തുടർന്ന്, തിരുക്കുടുംബത്തെ അനുസ്മരിച്ച് തോപ്പില്‍ ആൻറണി, ട്രീസാ ആൻറണി, സാന്‍സിയ, ആൻറണി അലോഷ്യസ് എന്നിവര്‍ക്ക് നേര്‍ച്ചസദ്യ വിളമ്പി. പിന്നീട് ബാരിഡിെൻറ വസതിയിലെത്തി നേര്‍ച്ചസദ്യയും കഴിച്ചാണ് മടങ്ങിയത്. ഇതിനിടെ പഴയ സുഹൃത്തുക്കളുടെയും പിതാവിെൻറ കൂട്ടുകാരുടെയും അനുഗ്രഹം വാങ്ങാന്‍ എത്തിയവരുെടയും തിരക്ക്. എല്ലാവരോടും കുശലാന്വേഷണം നടത്തിയാണ് മടങ്ങിയത്. 20 വർഷത്തിനുശേഷമാണ് ദാസിെൻറ മൂത്ത മകന്‍ വിനോദ് നേർച്ചസദ്യക്ക് എത്തുന്നത്.
പിതാവിനോടുള്ള കടമ നിർവഹിക്കാന്‍ അധികാരി വളപ്പ് കപ്പേളയിലെ വണക്കമാസ തിരുനാളിനോടനുബന്ധിച്ച സംഗീതാര്‍ച്ചന തപസ്യയാക്കി മാറ്റിയ അദ്ദേഹം ഇത്തവണയും ആലാപനം കഴിഞ്ഞാണ് മടങ്ങിയത്. മകൻ വിജയ് യേശുദാസും പാത പിന്തുടർന്ന് സംഗീതാർച്ചനക്കെത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.