മറിയക്കുട്ടിയുടെ കത്തുപാട്ട് ഇനി ബിരുദവിദ്യാർഥികളുടെ പാഠ്യവിഷയം
text_fieldsമലപ്പുറം: ‘‘ബല്ലാരിക്കുടനെ ഞാൻ വരാം, ഒട്ട് വഴിയുണ്ടോ, വല്ലികൾക്കവിടേക്ക് വരാൻ പാടു ണ്ടോ -ഉമതൈ വരുകിൽ കണ്ടിടാൻ വല്ല നിവൃത്തിയുണ്ടോ... ഉണ്ടതെങ്കിലുവന്ന് കാണാൻ ഉണ്ട് മോഹം പൊന്നേ, ഒറ്റ നോക്ക് കണ്ട് മരിച്ചോട്ടെ -അന്ന് തന്നേ’’ പാണ്ടിക്കാട്ടുകാരിയായ 20 വയസ്സുകാരി മറിയക്കുട്ടി ഭർത്താവ് ഹസ്സൻകുട്ടിക്ക് െബല്ലാരി ജയിലിേലക്കയച്ച വിരഹാർദ്രവരികൾ ഇനി കാലിക്കറ്റ് സർവകലാശാല ബിരുദവിദ്യാർഥികളുടെ പാഠ്യവിഷയം. ആ വരികളെ അടിസ്ഥാനമാക്കി പുലിക്കോട്ടിൽ ഹൈദർ രചിച്ച ‘മറിയക്കുട്ടി കത്തുപാട്ട്’ എന്ന കവിത ഈ വർഷത്തെ ബി.എ, ബി.എസ്സി ക്ലാസുകളിലെ മലയാളം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയതോടെയാണ് ഒരു സ്ത്രീയുടെ നോവും നൊമ്പരങ്ങളും വിദ്യാർഥികൾക്ക് കൂടി അറിയാൻ അവസരം ലഭിച്ചത്. ഫസ്റ്റ് സെമസ്റ്ററിലെ മലയാളം പാഠപുസ്തകത്തിലാണ് കവിതയുടെ ആദ്യഭാഗമുണ്ടാകുക.
നിലമ്പൂർ-ഷൊർണൂർ റെയിൽവേ ലൈൻ നിർമാണം നടക്കുന്ന കാലം. ജോലിക്ക് നേതൃത്വം നൽകിയിരുന്ന മേസ്തിരിമാർ രാത്രി മറിയക്കുട്ടിയുടെ വീടിെൻറ വാതിലിൽ മുട്ടി. സഹികെട്ട ഇവർ അവരെ ചൂലെടുത്ത് ഓടിച്ചു. ഇതിൽ കുപിതരായവർ മറിയക്കുട്ടി അഴിഞ്ഞാടി ജീവിക്കുകയാണെന്ന് പ്രചാരണം നടത്തി, െബല്ലാരി ജയിലിലുള്ള ഭർത്താവ് ഹസൻകുട്ടിക്ക് കത്തയച്ചു. ഇതുകേട്ട് തളർന്ന ഹസൻകുട്ടി ഭാര്യയെ വിവാഹമോചനം ചെയ്യാൻ പോകുന്നതായി മറിയക്കുട്ടിയുടെ ഉമ്മാക്ക് കത്തയച്ചു. ഇതറിഞ്ഞ് മറിയക്കുട്ടി ഹൃദയവേദനയോടെ എഴുതിയ പാട്ടാണ് ‘മറിയക്കുട്ടി കത്തുപാട്ട്’.
ഇസ്ലാമിക ചരിത്രകഥകളും പേർഷ്യൻ കഥകളും ഇതിവൃത്തമാക്കി അറബി-മലയാളം സാഹിത്യത്തിൽ രചിച്ച കവിത ആദ്യമായാണ് മലയാളം ബോർഡ് ഓഫ് സ്റ്റഡീസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുന്നത്. ഡോ. എം.എൻ. കാരശ്ശേരി ഈ കവിത ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. അദ്ദേഹം തന്നെയാണ് ഈ കവിതക്ക് പഠനവും പദാർഥവും വ്യാഖ്യാനവും തയാറാക്കിയത്. ഫാറൂഖ് കോളജ് പ്രിൻസിപ്പൽ പ്രഫ. കെ.എം. നസീർ ചെയർമാനായ മലയാളം ബോർഡ് ഓഫ് സ്റ്റഡീസാണ് കവിത ഉൾപ്പെടുത്താൻ തീരുമാനിച്ചത്. പുലിക്കോട്ടിൽ ഹൈദറിനെക്കുറിച്ച് ഡോ. എം.എൻ. കാരശ്ശേരി തയാറാക്കിയ ‘മാപ്പിളപ്പാട്ടുകളിലെ കേരളീയത’ എന്ന പാഠം പ്ലസ് ടു മലയാളം പുസ്തകത്തിൽ നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.