മന്ത്രിപ്പാട്ടിൽ മയങ്ങി ഉണർന്ന് അർജുനൻ മാസ്റ്റർ
text_fieldsകൊച്ചി: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സംഗീത സംവിധായകൻ എം.കെ. അർജുനനെക്കുറിച്ച് പറഞ്ഞുനിർത്തിയപ്പോൾ സദസ്സിൽനിന്ന് ആവശ്യമുയർന്നു, മന്ത്രി ഒരു പാട്ട് പാടണം. അർജുനനെേപ്പാലെ ഒരു സംഗീതജ്ഞനെ ആദരിക്കുന്ന ചടങ്ങിനെ താൻ പാടി അനാദരിക്കണോ എന്ന് മന്ത്രിയുടെ ചോദ്യം. സംഘാടകർകൂടി നിർബന്ധിച്ചതോടെ മന്ത്രി മൈക്ക് കൈയിലെടുത്തു. സംഗീത ലോകത്തിന് ഇനിയും ഒരുപാട് സംഭാവനകൾ നൽകാൻ അർജുനൻ മാസ്റ്റർക്ക് ഒരു ജന്മംകൂടി ലഭിക്കെട്ട എന്ന് ആശംസിച്ച് മന്ത്രി പാടി.
‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം, ഇന്ദ്രധനുസിൻ തൂവൽ കൊഴിയും തീരം, ഇൗ മനോഹര തീരത്തുതരുമോ ഇനിയൊരു ജന്മം കൂടി’. പാടിക്കഴിഞ്ഞപ്പോൾ നിലക്കാത്ത കൈയടി. മന്ത്രിയുടെ കാതിൽ രഹസ്യമായി അർജുനൻ മാസ്റ്ററുടെ അഭിനന്ദന വാക്കുകളും. എറണാകുളം പ്രസ്ക്ലബിെൻറ പി.എസ്. ജോൺ എൻഡോവ്മെൻറ് പുരസ്കാരം എം.കെ. അർജുനന് സമർപ്പിക്കുന്ന ചടങ്ങിലാണ് മന്ത്രി ഗായകനായത്.
എം.കെ. അർജുനന് 82ാം വയസ്സിലാണ് സംസ്ഥാന സർക്കാറിെൻറ അവാർഡ് ലഭിച്ചത് എന്നത് അവിശ്വസനീയമാണെന്ന് മന്ത്രി പറഞ്ഞു. ആധുനിക സാേങ്കതികവിദ്യയുടെ കടന്നുകയറ്റത്തിനിടയിലും നൈസർഗികതയും സംശുദ്ധിയും നിറഞ്ഞതാണ് അർജുനെൻറ പാട്ടുകൾ. അദ്ദേഹത്തിൽനിന്ന് സംഗീതത്തിന് ഇനിയും ഒരുപാട് കിട്ടാനുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രസാധകനായി കൊച്ചിയിൽ എത്തി പത്രപ്രവർത്തന മേഖലയിൽ പ്രശസ്തി നേടിയ വ്യക്തിത്വമായിരുന്നു പി.എസ്. ജോണെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ പി.എസ്.സി മുൻ ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ പറഞ്ഞു.
പുരസ്കാരം ലഭിച്ചതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് അർജുനൻ മാസ്റ്റർ മറുപടി പറഞ്ഞു. ഹൈബി ഈഡൻ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. പ്രസ്ക്ലബ് പ്രസിഡൻറ് ഡി. ദിലീപ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുഗതൻ പി. ബാലൻ സ്വാഗതവും ജോ. സെക്രട്ടറി സ്മിത നമ്പൂതിരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.