വിയ്യൂർ ജയിലിൽനിന്ന് ഇനി സംഗീത കലാകാരന്മാർ
text_fieldsതൃശൂർ: വിയ്യൂർ ജയിലിൽ വീണ്ടും വിപ്ലവം. തടവുകാരുടെ സർഗസിദ്ധികൾ പ്രകടിപ്പിക്കാനാകും വിധം വിയ്യൂർ ജയിലിലെ തടവുകാരുടെ നേതൃത്വത്തിൽ ‘ഫ്രീഡം മ്യൂസിക് ബാൻഡ്’ സജ്ജമായി. പാട്ടും, അതിെൻറ ദൃശ്യാവിഷ്കാരങ്ങൾ, സംഘനൃത്തം, അക്രോബാറ്റിക് ഡാൻസ് തുടങ്ങിയ കലാരൂപങ്ങളുടെ അവതരണങ്ങളാണ് വിയ്യൂർ ജയിലിലെ ഫ്രീഡം മ്യൂസിക് ബാൻഡിലുള്ളത്. സംഗീതത്തിലും നൃത്തത്തിലും അനുകരണ കലയിലും മെയ്യഭ്യാസത്തിലും മികവ് പ്രകടമാക്കിയ 40 അംഗങ്ങളാണ് ബാൻഡിലുള്ളത്. അണിയറയിൽ സഹായികളായി മറ്റുള്ളവരുമുണ്ട്. ഫ്രീഡം മ്യൂസിക് ബാൻഡിെൻറ ആദ്യ അവതരണം സെൻട്രൽ ജയിലിൽ ക്ഷണിതാക്കളുടെ സാന്നിധ്യത്തിൽ നടന്നു.
പുറം വേദികൾക്കുള്ള അനുമതി തേടി ഡി.ജി.പിക്ക് കത്ത് എഴുതിയതിൽ കഴിഞ്ഞ ദിവസം അനുമതിയും ആശംസയും അറിയിച്ചുള്ള ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ മറുപടിയും എത്തി. തൃശൂരിലെ നാല് ജയിലുകളിലാണ് ആദ്യഘട്ടത്തിലെ അവതരണത്തിന് അനുമതി നൽകിയിട്ടുള്ളത്. വ്യാഴാഴ്ച വനിത ജയിലിൽ ആദ്യ അവതരണം പൂർത്തിയാക്കി.
ഒമ്പതിന് ജില്ല ജയിലിലും 12ന് സബ് ജയിലിലും ഫ്രീഡം ബാൻഡിെൻറ പരിപാടി നടക്കും. തടവുകാരുടെ വോളിബാൾ ടീം ജയിലിൽ സജ്ജമായിരുന്നു. ഇതിന് പുറത്തെ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അനുമതിക്കായി സർക്കാറിന് അപേക്ഷ നൽകിയിരുന്നുവെങ്കിലും സുരക്ഷ പ്രശ്നവും മറ്റുമുള്ള സാങ്കേതികത്വങ്ങളിൽ പ്രദർശനമത്സരമൊഴികെ മറ്റ് മത്സരങ്ങളിൽ പങ്കെടുക്കാനായിട്ടില്ല. ജയിലിലെ പ്രിസൺ ഓഫിസർ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്ന ‘ഭയം’ എന്ന സിനിമ ചിത്രീകരണത്തിന് ഒരുങ്ങുകയാണ്. ഇതിന് പിന്നാലെയാണ് തടവുകാരുടെ മ്യൂസിക് ബാൻഡ് സജ്ജമാകുന്നത്. തൃശൂരിലെ ജയിലിലെ അവതരണങ്ങൾക്കൊപ്പം പുറത്തെ വേദികളിലെ അവതരണത്തിെൻറ സാധ്യതകളും പരിശോധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.