"ഓത്തുപള്ളി'യിലെ നോമ്പുകാലം
text_fieldsപഴയകാലത്ത്, ഇന്നത്തെപ്പോലെ വൈദ്യുതിവെളിച്ചത്തിെൻറ തെളിച്ചമില്ല. എന്നാല്‍, സ്നേഹവും സാഹോദര്യവും ശക്തമായിരുന്നു. അതുകൊണ്ടുതന്നെ, ഇരുട്ടിന് ഇന്നത്തെപ്പോലെ കട്ടിയില്ല. അന്ന്, നോമ്പുകാലം വീടുകളിലേക്ക് സ്നേഹത്തിെൻറ പൊതികള്‍ കൈമാറിയിരുന്നു. നിശ്ശബ്ദമായി സകാത് നല്കി. ഉള്ളവനും ഇല്ലാത്തവനും സഹനത്തിെൻറയും സമൃദ്ധിയുടെയും വഴികള്‍ അറിഞ്ഞു. ഒരിടത്തും ബഹളമുണ്ടായിരുന്നില്ല. സാഹോദര്യത്തെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും ആരും പ്രസംഗിച്ചിരുന്നില്ല. എല്ലാം അനുഭവിക്കുകയായിരുന്നു. പെരുന്നാള്തിളക്കം നാടാകെ കണ്ടു. ഓണനാളില്‍ സുഹൃത്തുക്കള്‍ വീട്ടിലെത്തി. സഹോദര്യത്തിെൻറ സ്നേഹം ഉണ്ട് വയറ് നിറച്ചു.
അച്ഛന് (വി.ടി. കുമാരന് മാസ്റ്റര്‍) അറബി സാഹിത്യത്തിലും ഖുര്‍ആനിലും വലിയ അറിവ് സ്വന്തമാക്കിയിരുന്നു. അന്ന്, വടകര താഴെഅങ്ങാടിയില് ഖുര്‍ആന്‍ ക്ലാസെടുക്കാന്‍ അച്ഛന് പോകുമായിരുന്നു. താഴെഅങ്ങാടിയിലെ എ. മമ്മു മാസ്റ്റര്‍ എപ്പോഴും പറയുമായിരുന്നു, കുമാരന് മാസ്റ്ററെപ്പോലെ ഖുര്‍ആന്‍ മനസ്സിലാക്കിയവര്‍ ചുരുക്കമാണെന്ന്. ഇത്തരം വാക്കുകള്‍, കുട്ടിക്കാലേത്ത മനസ്സില്‍ ഇസ്ലാമിനോടുള്ള സ്നേഹവും കരുതലും നിറച്ചിരുന്നു. പിന്നെ, പി.ടി. അബ്ദുറഹ്മാന്, എസ്.വി. അബ്ദുറഹ്മാന് മാസ്റ്റര്‍, എസ്.വി. ഉസ്മാന് എന്നിങ്ങനെയുള്ളവരെല്ലാം അച്ഛെൻറ ഉറ്റമിത്രങ്ങളായി. പെരുന്നാളിെൻറ സൗന്ദര്യം അറിഞ്ഞു. ഓണനാളിലെല്ലാവരും വീട്ടിലെത്തി.
കാലം മാറി, ഇപ്പോഴിതാ, നോമ്പുതുറകളും ഓണാഘോഷവും വീടകങ്ങളില്‍നിന്നും പൊതു ഇടത്തിലേക്ക് മാറി. അതോടെ, സാഹോദര്യം കൈമോശം വരുന്നു. ചിരപരിചിതര്‍ ഇത്തരം വേദികളില്‍ ചുരുങ്ങി. അതിഥികള്‍ വന്നു. അവര്‍ സംസാരിച്ചു. തിരിച്ചുപോകുന്നു. അതായിരുന്നില്ല. അറിയുന്നവര്‍, വീടുകളില്‍നിന്ന് വീടുകളിലേക്കെത്തിച്ച സ്നേഹത്തിെൻറ വിഭവങ്ങള്‍ പറഞ്ഞ സൗഹാർദത്തിെൻറ വഴികള്‍.
ഇന്നും ഓർമകളിലുണ്ട് അത്തരം വിഭവങ്ങളുടെ മധുരവും മണവും. എല്ലാം വാണിജ്യവത്കരിച്ചുകഴിഞ്ഞു. നന്മയുടെ കൂട്ടിരിപ്പുവേളകള് എല്ലാം കച്ചവടക്കാരുടെ നല്ലകാലമായി. വെറും കച്ചവടവത്കരണം മാത്രമല്ല, രാഷ്ട്രീയവത്കരണവും കൂടിയുണ്ട്. ത്യാഗ, സഹനത്തിെൻറ മഹത്തായ പാഠങ്ങള്‍ നല്കിയവയാണ് എല്ലാ ആഘോഷങ്ങളും.
വാട്ടര്‍ അതോറിറ്റിയില്‍ ജോലിചെയ്യുമ്പോള്‍ എസ്.വി. അബ്ദുല്ല നോമ്പിെൻറ നന്മകള് കൈമാറി. നോമ്പുതുറയൊരുക്കി. നോമ്പെടുക്കാത്ത സഹപ്രവര്‍ത്തകര്‍ക്ക് നേരേത്ത വിഭവങ്ങള്‍ നല്കി. അവിടെയെല്ലാം ഓത്തുപള്ളിയുമായി ഞാനുണ്ടായിരുന്നു. മുെമ്പാരിക്കല്‍ നോമ്പുകാലത്ത് ഖത്തറിലുണ്ടായിരുന്നു. അന്ന്, അറബികളുടെ വീട്ടില്‍നിന്നാണ് നോമ്പുതുറ വിഭവങ്ങള്‍ താമസസ്ഥലത്ത് എത്തിച്ചത്.
സാധാരണ തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിക്കുന്നതില്‍ അറബികള്‍ കാണിക്കുന്ന ആത്മാർഥത ഏറെ ശ്രദ്ധേയമാണ്. തിരിച്ചുപിടിക്കേണ്ടതുണ്ട്, നന്മയുടെ ആ പഴയ ഓത്തുപള്ളിക്കാലം, ഇല്ലായ്മകള്‍ക്കിടയിലും സഹനത്തിെൻറയും സ്നേഹത്തിെൻറയും വലിയ പാഠങ്ങള്‍ പകര്‍ന്ന പെരുന്നാള്‍ദിനങ്ങള്‍. മനുഷ്യപ്പറ്റിെൻറ പാട്ടുകാലത്തിനായുള്ള പ്രാർഥനയാണിപ്പോഴും മനസ്സില്‍ നിറകൊള്ളുന്നത്.
തയാറാക്കിയത്: അനൂപ് അനന്തൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.