‘ഉമ്പായി’ കിരീടം വെക്കാത്ത ഷഹൻഷ -ഷഹബാസ് അമൻ
text_fieldsകോഴിക്കോട്: അന്തരിച്ച മലയാളം ഗസൽ ഗായകൻ ഉമ്പായിയെ അനുസ്മരിച്ച് ഷഹബാസ് അമൻ. ഫേസ്ബുക്കിലൂടെയാണ് അനശ്വര ഗായകനെ ഷഹബാസ് അനുസ്മരിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
1988ൽ ഉംബായി തന്‍റെ ആദ്യ ആൽബം 'ആദാബ്' പുറത്തിറക്കി. പേരു സൂചിപ്പിക്കുന്നത് പോലെത്തന്നെ മലയാളത്തിൽ ആയിരുന്നില്ല തുടക്കം. പ്രശസ്തനായ ഹസ്രത്ത് ജയ്പുരി ആയിരുന്നു അതിന്റെ രചന നിർവ്വഹിച്ചത്. ഇൻഡ്യയിൽ നിന്നും പാകിസ്താനിൽ നിന്നുമായി ഹൃദയത്തെ കവർന്നെടുക്കുന്ന അനേകം ആൽബങ്ങൾ ഇടക്കിടെ വന്നുകൊണ്ടിരുന്ന ഗസലിന്റെ വസന്ത കാലങ്ങളിലൊന്നായിരുന്നു അത്. 1980 ലാണു നിക്കാഹ് എന്ന സിനിമയിലൂടെ 'ചുപ്കേ ചുപ്കേ' എന്ന അതിപ്രശസ്തമായ ഹസ്രത്ത് മൊഹാനി -ഗുലാം അലി ഗസൽ ഇൻഡ്യ മുച്ചൂടുമുള്ള സാധാരണ മെലഡി ശ്രോതാക്കൾക്കിടയിൽ ഒരു തരംഗമായത്! അതു വരെയുള്ളതിൽ നിന്നുമുള്ള മെലഡിയുടെ ഒരു വേറിടൽ എന്ന് പറയാം! സിനിമയുടെ സ്വാഭാവിക സ്വാധീനത്താൽ മലയാളത്തിലും അത് പേരറിയാത്ത എന്തോ മാറ്റമുണ്ടാക്കി! ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഗസൽ എന്ന കവിത വേറൊരു പ്ലെയിനിലാണു സംവദിച്ചതെങ്കിലും ഗുലാമലി സ്വാധീനം തന്നെയായിരുന്നു അതിന്റെ മുഖ്യ ഉള്ളടക്കത്തിനാധാരം!
യേശുദാസിന്റെ വസന്തകാലം തന്നെ ആയിരുന്നു ഇവിടെ അപ്പോഴും! ജയൻ ഒരു ആവേശമായി പടർന്ന "കണ്ണും കണ്ണും" കാലത്ത് ചുപ്‌കേ ചുപ്കേക്ക് മലയാളത്തിൽ എന്തു കാര്യം എന്ന് ചോദിക്കാം! പക്ഷേ അധികം വൈകാതെ സ്ഥിതി മാറി എന്നതാണു സത്യം! കൃത്യമായി പറഞ്ഞാൽ അമ്മ അറിയാൻ എന്ന ജോൺ അബ്രഹാം സിനിമ സംഭവിച്ചതിന്റെ രണ്ടാം വർഷത്തിൽ ഉംബായി എന്ന പുതിയ നാമം മലയാളി ആദ്യമായി കേട്ടു! ജോൺ തന്നെയായിരുന്നു അത് ഔപചാരികമായി പ്രഖ്യാപിച്ചത്! മനോഹരവും വ്യത്യസ്തവുമായ ഒരു സൗണ്ടിങ് എന്നതിനപ്പുറം കേരളക്കര ആ പേരിന്റെ ലക്ഷ്യത്തിനു പിന്നാലെ അധികം പോയി നോക്കിയില്ല! നിരുപദ്രവകാരികളായ സിനിമ ഗാനങ്ങളെ വീട്ടിൽ വളർത്തിയിരുന്ന സാധാരണ മലയാളി ക്ക് അത് വിട്ടൊരു പുറം കേൾവിയോ അതിനുള്ള ധൈര്യമോ സാധ്യതകളോ അധികം ഉണ്ടായിരുന്നില്ല എന്നും പറയാം. അത്‌കൊണ്ട് ആദാബിലൂടെ തങ്ങൾക്ക് ലഭിച്ചത് യേശുദാസിനെ തങ്ങൾക്ക് തന്ന അതേ കൊച്ചിയിൽ നിന്നു തന്നെയുള്ള മറ്റൊരു മുത്തിനെയാണെന്നും കിട്ടിയതിന്റെ കാണാത്ത മറ്റേവശമാണതെന്നും മനസ്സിലാക്കാൻ മലയാളിക്ക് അന്ന് കഴിഞ്ഞില്ല! എന്നാൽ അധികം വൈകാതെ കേരളം അത് തിരിച്ചറിയാൻ നിർബന്ധിതമായി.
ഉംബായിയുടെ മലയാള ഭാഷയിലുള്ള ആദ്യത്തെ ഗസൽ ആൽബത്തിലൂടെയായിരുന്നു അത്! വേണു വിദേശം ആണു രചന നിർവ്വഹിച്ചത്. 'പ്രണാമം' ആയിരുന്നു ആൽബം! റോഷൻ ഹാരിസ് എന്ന ചെറുപ്പക്കാരന്റെ ഉത്തരേന്ത്യൻ രീതിയിലുള്ള മൃദുമനോഹര തബല വാദനം കൂടി ഉബായിക്ക് അകമ്പടി ചേർന്നതോടെ അന്ന് അത് മൂളി നടക്കാത്തവരായി ചെറുപ്പക്കാർക്കിടയിൽ ആരും ഉണ്ടായിരുന്നില്ല. വിദ്യാസാഗർ മെലഡികൾ ആയിരുന്നു മലയാള സിനിമയിലെ അപ്പോഴത്തെ ഒരു പ്രധാന അട്രാക്ഷൻ എന്ന് കൂടി ഇതിനോട് ചേർത്ത് വായിക്കണം. പങ്കജ് ഉദാസിന്റെ മികച്ച ഉപകരണ സംഗീതജ്ഞർ ഉള്ള ജനപ്രിയ ലൈവ് കൺസർട്ടുകൾ കേരളത്തിന്റെ വടക്ക് പല തവണ പ്രത്യക്ഷപ്പെട്ട കാലം കൂടിയാണു! അടുത്ത ആൽബത്തോടെ ഉംബായി കേരളം മുഴുവനായും പിടിച്ചെടുത്തു! "സുനയനേ സുമുഖീ" എന്ന യൂസുഫ് വാക്യം അദ്ദേഹത്തിന്റെ ചിത്രത്തോടൊപ്പം ഇപ്പോഴും ആളുകൾ ടൈപ് ചെയ്യാനിട വരുന്നത് അവിടെ വെച്ചാണു! തുടർന്ന് എണ്ണം പറഞ്ഞ കുറേ വർക്കുകൾ! ഒ.എൻ.വി യും സച്ചിദാനന്ദനുമടക്കം രചയിതാക്കളായി പ്രത്യക്ഷപ്പെടുന്ന മികച്ച വർക്കുകൾ! എണ്ണം നോക്കിയിട്ടേ ഇല്ലാത്തത്രക്ക് ലൈവ് കൺസർട്ടുകളും !
തന്റെ മുൻഗാമിയും കൊച്ചിയുടെ അവധൂത ഗായകനുമായിരുന്ന ഉസ്താദ് മെഹബൂബ് ഭായ് പോലും ഒരു നിലയിൽ മലയാളിയുടെ സിനിമ ഗാനാസ്വാദന മതിൽക്കെട്ടിനുള്ളിൽ വെച്ച് അവർക്ക് കണ്ടെത്താൻ പാകത്തിൽ പൊതുത്വം കൂടി ഉണ്ടായിരുന്ന ഒരു ആളായിരുന്നപ്പോഴും ഉബായി എല്ലാ അർത്ഥത്തിലും അതിൽ നിന്ന് ആജീവനാന്തം വിട്ടുനിന്നു എന്നത് ചെറിയ ഒരു കാര്യമേ അല്ല എന്നറിയുന്നവർ ഇന്നും വളരെ ചുരുക്കം! മറിച്ച് സിനിമയെ അദ്ദേഹത്തിന്റെ നഷ്ടലോകമായി വിലയിരുത്തുവാനാണു ഒരുപാട് പേർക്ക് താൽപ്പര്യം! വ്യക്തിപരമായ നോട്ടത്തിൽ കേരളത്തിൽ ഉബായി മാത്രമേയുണ്ടാവുകയുള്ളു അത്രക്കും വലിയ ഒരു മാസ് മീഡിയത്തിന്റെ യാതൊരു ഒരൗദാര്യവും പറ്റാതെ സ്വപ്രയത്നത്തിലൂടെ അതിപ്രശസ്തർക്കു സമം സ്വനാമം കേൾപ്പിച്ച, ഒരു പക്ഷേ ഒരേയൊരു അനക്കാദമിക ഗായകൻ ! അതെ പാമരനായ പാട്ടുകാരൻ തന്നെ ! സാക്ഷാൽ ബാബുരാജിന്‍റേത് ഉൾപ്പെടെ കേരളത്തിൽ ഒരാളിന്റെയും ഓട്ടോ ബയോഗ്രഫി അങ്ങനെയല്ല എന്ന് തന്നെ പറയണം. സിനിമയുടെ പിൻബലത്തിലല്ലാതെ തലയെടുപ്പോടെ നിന്നവർ ആരൊക്കെ ഉണ്ടായിട്ടുണ്ടെന്ന് ആരെല്ലാം എങ്ങനെയെല്ലാം സമർത്ഥിച്ചാലും എന്തുകൊണ്ടും അവരിൽ പ്രഥമസ്ഥാനം ഉബായിക്കു തന്നെയാകുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവും ഇത് കുറിക്കുന്നയാൾക്ക് ഇല്ല!
സംഗതികളുടെയും ഉച്ചാരണ ശുദ്ധിയുടെയും പഠിപ്പധികാരത്തിന്റെയും പശ്ചാത്തലത്തിൽ മാത്രം പാട്ടിനെ വിലയിരുത്തുന്നവർക്ക് ഉബായിയുടെ വലിപ്പം എന്താണെന്നും ഏതർത്ഥത്തിലുള്ളതാണെന്നും മനസ്സിലാവുകയില്ല എന്നാണു തോന്നിയിട്ടുള്ളത് ! അദ്ദേഹത്തിന്റെ യുനീക്നെസ്സും ജെന്യൂവിൻനെസ്സും തിരിച്ചറിഞ്ഞത് വളരെ സാധാരണ മനുഷ്യരായിപ്പോയി എന്നത് കൊണ്ട് മാത്രമാണു അദ്ദേഹം ഇൻഡ്യയിലെ പൊതു അക്കാദമിക സംഗീത ലോകത്തിന്റെ അത്ര വലിയ പരിഗണനക്ക് പാത്രമാകാതിരുന്നത് എന്ന് പറയേണ്ടി വരും! അതേ സമയം സാധാരണക്കാരന്റെ ലോകത്താകട്ടെ അദ്ദേഹം കിരീടം വെക്കാത്ത പ്രജാവൽസലനായ ഷഹൻഷ തന്നെ ആയിരുന്നു ! അതെ. ഗസലിന്റെ മാത്രമല്ല കേരളത്തിലെ സിനിമാ ഇതര സംഗീതലോകത്തിന്റെ തന്നെ എക്കാലത്തെയും സമ്രാട്ട് ഉംബായി തന്നെയാകുന്നു! ഉംബായി എന്ന വ്യക്തി ഭൗതികമായി മാറി നിൽക്കുന്നുവെങ്കിലും ആ ഗാനങ്ങൾ ഇവിടെത്തന്നെയുണ്ട്! അതിന്റെ അത്യപാരമായ മൗലികത വരും കാലങ്ങളിൽ കൂടുതൽ കൂടുതൽ തെളിഞ്ഞു വരികയേ ഉള്ളു എന്ന പ്രത്യാശ നേരത്തേ ഉണ്ടായിരുന്നതിനേക്കാൾ ഉറച്ചിരിക്കുന്നു! പ്രിയ ഉബായിക്ക! അങ്ങേക്ക് പകരക്കാരില്ല! അങ്ങയുടെ അത്രയും സീരിയസല്ല എന്തായിരുന്നാലും ഞങ്ങളാരും! എങ്കിലും അങ്ങ് തെളിയിച്ച ജ്വാല ഞങ്ങളായിട്ട് കെടുത്തുകയില്ല! ഇത് വാക്ക്!
നന്ദി.
എല്ലാവരോടും സ്നേഹം...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.