റഫിയീണങ്ങളിലലിഞ്ഞ് നഗരം
text_fieldsകോഴിക്കോട്: ‘മെയിൻ കഹി കഭി ന ബൻതാ...’ പ്യാർ ഹി പ്യാർ എന്ന ചിത്രത്തിൽ മുഹമ്മദ് റഫി പാടിയ ഹിറ്റ് ഗാനം സൗരവ് കിഷൻ ഒരിക്കൽകൂടി ആലപിച്ചപ്പോൾ ടാഗോർ ഹാളിൽ ഒത്തുകൂടിയ സംഗീതപ്രേമികൾ മനം നിറഞ്ഞ് കൈയടിച്ചു. ശ്രുതിമധുരമായ ഗാനങ്ങളാൽ സംഗീതപ്രേമികളുടെ ഹൃദയങ്ങളിൽ കാലാതീതനായി തുടരുന്ന ഇതിഹാസ ഗായകൻ മുഹമ്മദ് റഫിയുടെ ഓർമകൾ തൊട്ടുണർത്തി നഗരത്തിൽ ഒരു സംഗീതരാവു കൂടി അരങ്ങേറി.
മുഹമ്മദ് റഫി ഫൗണ്ടേഷെൻറ നേതൃത്വത്തിലാണ് അദ്ദേഹത്തിെൻറ 37ാം ചരമവാർഷികത്തിൽ സ്നേഹാഞ്ജലിയുമായി പാട്ടിെൻറ നഗരം ഒത്തുചേർന്നത്.
ജോ വാദാ കിയാ, ഇഹ്സാൻ തെരാ ഹോഗാ മുജ്പർ, ഓ ദുനിയാ കേ രഖ്വാേല, ദഫ്ലീ വാലേ എന്നീ പാട്ടുകളും പർദാ ഹേ പർദ എന്ന ഖവാലിയുമുൾെപ്പടെ 27 പാട്ടുകളാണ് റഫിനൈറ്റിൽ ഒഴുകിയിറങ്ങിയത്. സൗരവിനൊപ്പം എം.എ. ഗഫൂർ, ഗോപിക മേനോൻ, കീർത്തന എന്നിവരും പാട്ടുകളുമായെത്തി. ജൂലൈ 31നായിരുന്നു റഫിയുടെ ചരമവാർഷികം.
ജില്ല കലക്ടർ യു.വി. ജോസ് റഫിനൈറ്റ് ഉദ്ഘാടനം ചെയ്തു. ഡോ. ഫസൽ ഗഫൂർ അനുസ്മരണ പ്രഭാഷണം നടത്തി. ഫൗണ്ടേഷൻ പ്രസിഡൻറ് എം.വി. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ടി.പി.എം ഹാഷിർഅലി, കെ. അബൂബക്കർ, കെ. സലാം, ബി.കെ. മൊയ്തീൻകോയ എന്നിവർ സംസാരിച്ചു. ഫൗണ്ടേഷൻ ജന. സെക്രട്ടറി കെ. സുബൈർ സ്വാഗതവും സെക്രട്ടറി എം.കെ. ഉമ്മർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.