പ്രിയ വാര്യർക്കെതിരായ കേസിൽ കോടതി; ‘നിങ്ങൾക്ക് പണിയൊന്നുമില്ലേ?’
text_fieldsന്യൂഡൽഹി: ‘ഒരു അഡാര്‍ ലവ്’ എന്ന ചിത്രത്തിലെ ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ നടി പ്രിയ വാര്യര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ തെലങ്കാന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സുപ്രീംകോടതി റദ്ദാക്കി. കേസ് ഫയൽ ചെയ്തവരെ കോടതി നേരിട്ടത് ഇങ്ങനെ: ‘‘നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ?’’1978 മുതല്‍ പ്രചാരത്തിലുള്ള പാട്ടാണ് ചിത്രത്തില്‍ ഉപയോഗിച്ചതെന്നും അതുമായി ബന്ധപ്പെട്ട് ഇനി കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും ബെഞ്ച് വ്യക്തമാക്കി.
ചിത്രത്തിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ പ്രിയ വാര്യര്‍, സംവിധായകന് ഒമര്‍ ലുലു, നിർമാതാവ് ഔസേപ്പച്ചന് വാളക്കുഴി എന്നിവര്‍ക്കെതിരെ തെലങ്കാനയിലെ ഫലക്നാമ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറാണ് റദ്ദാക്കിയത്. വിവിധ സംസ്ഥാനങ്ങളില്‍ തങ്ങള്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മൂവരും നല്കിയ ഹര്‍ജിയിലാണ് നടപടി. പരാതിക്കാരായ റാസ അക്കാദമി, ജന്‍ ജാഗ്രണ്‍ സമിതി എന്നിവര്‍ മുംബൈയിലും പരാതി നല്‍കിയിരുന്നു.
ഹരജിക്കാര്‍ക്കെതിരെ ക്രിമിനല്‍ നടപടിച്ചട്ടം 200ാം വകുപ്പ് പ്രകാരം നടപടികള്‍ പാടില്ലെന്ന് വ്യക്തമാക്കിയ കോടതി, സമാന കേസുകളിലെ ഭരണഘടന ബെഞ്ചിെൻറ വിധികള്‍ ഉദ്ധരിച്ച് ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 295ാം വകുപ്പ് (മതവികാരം വ്രണപ്പെടുത്തല്‍) പ്രകാരം ഹര്‍ജിക്കാര്‍ക്കെതിരെ കേസെടുക്കാനാവില്ലെന്നും കൂട്ടിച്ചേർത്തു. തെലങ്കാന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണം സുപ്രീംകോടതി നേരത്തേതന്നെ സ്റ്റേ ചെയ്തിരുന്നു. ചിത്രത്തിെൻറ പ്രചാരണ വിഡിയോയുമായി ബന്ധപ്പെട്ട് നടിക്കോ സംവിധായകനോ എതിരെ കേസെടുക്കുന്നതില്‍നിന്ന് എല്ലാ സംസ്ഥാനങ്ങളെയും കോടതി വിലക്കുകയുമുണ്ടായി.
ഗാനത്തിനെതിരെ കേരളത്തില്‍ ആരും പരാതിപ്പെട്ടിട്ടില്ലെന്നും പല സംസ്ഥാനങ്ങളില്‍ കേസുള്ളതുകൊണ്ടാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കിയിരുന്നു. വിവാദമായ ഗാനത്തിെൻറ ഇംഗ്ലീഷ് പരിഭാഷയും കോടതിയില്‍ സമര്‍പ്പിച്ചു. ഗാനത്തിെൻറ തെറ്റായ പരിഭാഷയാണ് പരാതിക്ക് കാരണമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.