യു.എസ് റോക്ക് ഇതിഹാസം ടോം പെറ്റി വിടവാങ്ങി
text_fieldsകാലിഫോർണിയ: യു.എസ് റോക്ക് ഇതിഹാസവും ഗാനരചയിതാവുമായ ടോം പെറ്റി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 66 വയസ്സായിരുന്നു. കാലിഫോർണിയയിലെ മാലിബുവിലെ വീട്ടിലായിരിക്കെ ഹൃദയാഘാതം സംഭവിക്കുകയും തുടർന്ന് യു.സി.എൽ.എ മെഡിക്കൽ സെൻററിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇവിടെ വെച്ച് അന്ത്യം സംഭവിച്ചതായി അദ്ദേഹത്തിെൻറ വക്താവ് ക്ലാര സാക്സ് അറിയിച്ചു. മരണസമയത്ത് കുടുംബാംഗങ്ങളും സഹപ്രവർത്തകരും സുഹൃത്തുക്കളും അദ്ദേഹത്തിെൻറ ചുറ്റിലുമുണ്ടായിരുന്നുവെന്ന് മാനേജർ ടോണി ദിമിത്രിയാഡെസ് അറിയിച്ചു.
റെഫ്യൂജി, ഫ്രീ ഫോളിന്, അമേരിക്കന്‍ ഗേള്‍ തുടങ്ങിയ ഹിറ്റ് ആല്‍ബങ്ങളിലൂടെ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ മനം കവർന്ന പെറ്റിയുടെ മരണം അദ്ദേഹത്തിെൻറ ആരാധകവൃന്ദത്തെ ഞെട്ടലിലാഴ്ത്തി. വിയോഗ വാർത്ത അറിഞ്ഞയുടൻ ലോകമെമ്പാടുമുള്ള സംഗീതജ്ഞരുടെയും സംഗീതപ്രേമികളുടെയും അനുശോചനങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രവഹിക്കാൻ തുടങ്ങി. പെറ്റി തെൻറ ബാൻഡായ ‘ഹാർട്ട്ബ്രേക്കേഴ്സു’മൊത്തുള്ള സംഗീത പര്യടനത്തിെൻറ 40ാം വാർഷികം അടുത്തിടെ ആഘോഷിച്ചിരുന്നു. രാജ്യം ചുറ്റിക്കൊണ്ടുള്ള തെൻറ അവസാനത്തെ സംഗീത പരിപാടിയായിരിക്കും ഇതെന്ന് ആ വേളയിൽ പറയുകയും ചെയ്തു.
‘ഞങ്ങൾ എല്ലാവരും ഇപ്പോൾ ’60കളുടെ അവസാനത്തിൽ ആണ്. ഞാനിപ്പോൾ ഒരു മുത്തച്ഛനാണ്. എനിക്ക് ആവുന്നതെല്ലാം ചെയ്യാൻ കഴിഞ്ഞുവെന്നും’ അദ്ദേഹം പറഞ്ഞിരുന്നു. നവംബറിൽ ന്യൂേയാർക്കിൽ മൂന്നു പരിപാടികൾ നടത്താനിരിക്കെയാണ് അന്ത്യം. എഴുപതുകളുടെ മധ്യത്തിൽ ആണ് പെറ്റി ഹാർട്ട്ബ്രേക്കേഴ്സിന് തുടക്കമിടുന്നത്. റെഫ്യൂജി, ഡോണ്ട് ഡു മി ലൈക്ക് ദാറ്റ് തുടങ്ങിയ ആൽബങ്ങൾ പുറത്തിറങ്ങിയതോടെ റോക്ക് സംഗീതപ്രിയരുടെ ഇടയിൽ ഹാർട്ട്ബ്രേക്കേഴ്സ് വൻ ഹിറ്റായി മാറി. ഡാമൻ ദ ടോർപിഡോസ്, ഹാർഡ് പ്രോമിസസ്, ഫുൾ മൂൺ ഫീവർ തുടങ്ങിയവക്ക് വൻ വരവേൽപാണ് ആരാധകർ നൽകിയത്. ബാൻഡിനൊപ്പം സോളോയായും റോക്ക് രംഗത്ത് സ്വന്തമായി അടയാളപ്പെടുത്താൻ പെറ്റിക്ക് കഴിഞ്ഞു.
1950ൽ ഗെയ്ൻസ്വില്ലെയിൽ ജനിച്ച പെറ്റി കുട്ടിക്കാലത്ത് കടുത്ത ദാരിദ്ര്യവും മദ്യപനായ അച്ഛെൻറ കൊടിയ പീഡനങ്ങളും അനുഭവിച്ചാണ് വളർന്നുവന്നത്. എൽവിസ് പ്രസ്ലിയുടെ സംഗീതമാണ് റോക്ക് രംഗത്തേക്ക് വഴിതുറന്നത്. പതിനേഴാം വയസ്സിൽ സ്കൂൾ പഠനം ഉപേക്ഷിച്ച് മഡ്ക്രച്ച് എന്ന സ്വന്തം റോക്ക് ബാൻഡുമായി ഇറങ്ങി. ഇതിനുശേഷമാണ് ഹാർട്ട്ബ്രേക്കേഴ്സിന് തുടക്കമിടുന്നത്.
സംഗീതസപര്യക്കിടയിൽ മയക്കുമരുന്നിനും വിഷാദ രോഗത്തിനും പെറ്റി അടിപ്പെട്ടിരുന്നു. ചികിത്സയിലൂടെ ഇതിൽ നിന്നെല്ലാം മുക്തമായി. ഡാന യോര്‍ക്കിനെ വിവാഹം കഴിച്ചെങ്കിലും 2002ല്‍ ഇരുവരും പിരിഞ്ഞു. വിഖ്യാത ഗായകൻ ബോബ് ഡിലൻ പെറ്റിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ഞെട്ടലുളവാക്കുന്നതും ഹൃദയം നുറുക്കുന്നതുമാണ് ഇൗ വാർത്തയെന്നായിരുന്നു ബോബിെൻറ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.