പ്രശസ്ത സംഗീതജ്ഞൻ ഉസ്താദ് ഇംറത് ഖാൻ അന്തരിച്ചു
text_fieldsന്യൂയോർക്: ഇന്ത്യൻ ശാസ്ത്രീയ സംഗീത രംഗത്തെ കുലപതികളിൽ ഒരാളായ ഉസ്താദ് ഇംറത് ഖാന് (83) വിട. അമേരിക്കയിലായിരുന്നു അന്ത്യം. ഏതാനും നാളുകളായി ശാരീരിക അവശതകൾ നേരിടുന്ന അദ്ദേഹം ന്യുമോണിയ ബാധിച്ച് ഒരാഴ്ചയായി മിസൂറിയിൽ സെൻറ് ലൂയിസിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മസ്തിഷ്കാഘാതമാണ് മരണകാരണം. രണ്ടു പതിറ്റാണ്ടായി സെൻറ് ലൂയിസിലാണ് താമസം. സിത്താറും സിത്താറിനു സമാനമായ സുർബഹാറും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്നതിൽ ഉസ്താദ് ഇംറത് ഖാൻ നിസ്തുല സംഭാവന നൽകിയിട്ടുണ്ട്.
സിത്താർ വാദനത്തിലെ അതികായനായ ഉസ്താദ് വിലായത് ഖാെൻറ ഇളയ സഹോദരനാണ്. പ്രശസ്തമായ ‘ഇട്ടാവ ഘരാന’യിൽ പെടുന്ന വ്യക്തിയാണ് ഇംറത് ഖാൻ. ‘ഇംദത്ഖാനി ഖരാന’ എന്നും ഇത് അറിയപ്പെടുന്നു. ഇംറത് ഖാെൻറ മുത്തച്ഛൻ ഉസ്താത് ഇംദത് ഖാെൻറ പേരിനോട് ചേർത്താണ് ഇൗ പദം പ്രചാരത്തിൽ വന്നത്. 400 വർഷം പഴക്കമുള്ള ഘരാനയാണിത്. സുർബഹാറിെൻറ വികാസം ഇംറത് ഖാെൻറ കുടുംബം വഴിയാണ് പൂർത്തിയായത് എന്നാണ് കരുതുന്നത്.
കഴിഞ്ഞ വർഷം അദ്ദേഹത്തിന് പദ്മശ്രീ പുരസ്കാരം നൽകിയെങ്കിലും സ്വീകരിക്കാൻ തയാറായില്ല. ഏറെ വൈകി വന്ന അംഗീകാരമെന്നാണ് അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്. തെൻറ ശിഷ്യന്മാർക്കുപോലും പദ്മ പുരസ്കാരം ലഭിച്ചപ്പോൾ സർക്കാർ മുൻ വർഷങ്ങളിൽ തഴഞ്ഞതിൽ അദ്ദേഹത്തിന് കടുത്ത നിരാശയുണ്ടായിരുന്നു.1988ൽ സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.
ലോകമെമ്പാടും സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. 1970 കാൻസ് ചലച്ചിത്രോത്സവത്തിൽ നടത്തിയ പരിപാടി ഏറെ ശ്രദ്ധേയമായി. 1935ൽ കൊൽക്കത്തയിലാണ് ജനനം. പൂർവ പിതാക്കന്മാർ മുഗൾ കൊട്ടാരത്തിലെ സംഗീതജ്ഞരായിരുന്നു. പിതാവ് ഇനായത് ഖാൻ അക്കാലത്തെ പ്രശസ്ത സിത്താർ, സുർബഹാർ വാദകനായിരുന്നു. ചെറുപ്പത്തിലേ പിതാവ് മരിച്ചു. മാതാവ് ബശീറൻ ബീഗത്തിെൻറയും അവരുടെ പിതാവും ഗായകനുമായ ബന്ദേ ഹസൻ ഖാെൻറയും സംരക്ഷണയിലാണ് വളർന്നത്.
1944ൽ സഹോദരൻ വിലായത് ഖാനൊപ്പം മുംബൈയിലേക്ക് പോയി. ഇവിടെെവച്ച് അമ്മാവൻ വാഹിദ് ഖാെൻറ കീഴിൽ തുടർ പഠനം. 52ൽ ഇവർ വീണ്ടും കൊൽക്കത്തയിലേക്ക് മാറി. തുടർന്ന് സ്വതഃസിദ്ധമായ ശൈലിയുമായി കച്ചേരികളിൽ തിളങ്ങി. നിഷാദ്, ഇർഷാദ്, വജാഹത്, ശഫാഅത്തുല്ല, അസ്മത് ഖാൻ എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.