വയലാറും പെരിയാറും
text_fieldsകേരളത്തിലെ നദികളെ ഏറെ സ്നേഹിച്ചിരുന്ന കവിയാണ് വയലാര്‍ രാമവര്‍മ്മ. മലയാളനാട്ടിലെ ഏതാണ്ട് എല്ലാ നദികളെക്കുറിച്ചും ഒരിക്കലല്ളെങ്കില്‍ മറ്റൊരിക്കല്‍ അദ്ദേഹം ഗാനങ്ങളില്‍ സമീചീനമായി പരാമര്‍ശിച്ചിട്ടുണ്ട്. ഈ ഭൂപ്രകൃതിയില്‍ ആകൃഷ്ടനായ കവി കൊതിതീരും വരെ ഇവിടെ ജീവിച്ചു മരിക്കാന്‍ ആഗ്രഹിച്ചത് വളരെ പ്രശസ്തമാണല്ളോ.
വയലാറിന്‍െറ സ്നേഹാദരങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പാത്രമായ നദി ഏതാണ്? ഈ ലേഖകന്‍െറ എളിയ പരിശോധനയില്‍ അത് പെരിയാര്‍ ആണെന്ന് തോന്നുന്നു. ‘ഭാര്യ’ എന്ന ചിത്രത്തിനു വേണ്ടി അദ്ദഹേം എഴുതിയ,
‘പെരിയാറേ പെരിയാറേ
പര്‍വതനിരയുടെ പനിനീരേ
കുളിരുംകൊണ്ട് കുണുങ്ങി നടക്കും
മലയാളിപ്പെണ്ണാണ് നീ-ഒരു
മലയാളിപ്പെണ്ണാണ് നീ’
എന്ന ഗാനമാണ് ഇതിന് ഏറ്റവും നല്ല ഉദാഹരണം. മലയാളിപ്പെണ്ണാണ് എന്നു മാത്രമല്ല നഗരം കാണാത്ത നാണം മാറാത്ത നാടന്‍പെണ്ണാണ് പെരിയാര്‍ എന്നാണ് കവിയുടെ വിശദീകരണം. പെരിയാര്‍ എന്ന നദിയുടെ ഉത്ഭവവും ഒഴുക്കും എന്നുവേണ്ട അതിന്‍െറ സകല ചരിത്രവും ഭൂമിശാസ്ത്രവും ഗ്രഹിച്ചിട്ടാണ് അദ്ദഹേം തൂലിക ഉന്തിയത് എന്നു വ്യക്തം.
‘മലയാറ്റൂര്‍ പള്ളിയില്‍ പെരുനാളു കൂടണം
ശിവരാത്രി കാണേണം നീ -ആലുവ
ശിവരാത്രി കാണേണം നീ’
എന്നെഴുതുമ്പോള്‍ കവി പെരിയാറുമായി ബന്ധപ്പെട്ട മതപരമായ സംസ്കാരങ്ങളെക്കൂടി കണക്കിലെടുത്തിരിക്കുന്നു. പെരുനാളു കൂടണം എന്ന തരത്തില്‍ ക്രൈസ്തവരുടെ തനിമയാര്‍ന്ന ഭാഷ പ്രയോഗിച്ച് വയലാര്‍ ആരെയും വിസ്മയിപ്പിച്ചു എന്ന് പറയാതെ വയ്യ. ‘പെരുനാളു കൂടണം’ എന്ന് പറഞ്ഞ കവി ‘ശിവരാത്രി കാണേണം’ എന്നാണ് എഴുതിയതെന്നും ഓര്‍ക്കുക.
‘നദി’ എന്ന ചിത്രത്തിനു വേണ്ടി എഴുതിയ,
‘ആയിരം പാദസരങ്ങള്‍ കിലുങ്ങി
ആലുവാപ്പുഴ പിന്നെയുമൊഴുകി
ആരും കാണാതെയോളവും തീരവും
ആലിംഗനങ്ങളില്‍ മുഴുകീ...മുഴുകീ’
എന്ന ഉദാത്തമായ ഗാനമാണ് മറ്റൊന്ന്. ആലുവ അതിഥി മന്ദിരത്തില്‍ ഇരുന്നാണ് വയലാര്‍ ഈ ഗാനം എഴുതിയത്. അവിടെ ഇരുന്നാല്‍ ജാലകത്തിലൂടെ ആലുവാപ്പുഴ (പെരിയാര്‍) കാണാം. ആയിരം പാദസരങ്ങള്‍ കിലുക്കിക്കൊണ്ട് ആലുവാപ്പുഴ അങ്ങനെ ഒഴുകിക്കൊണ്ടിരിക്കുന്നു. കവി പറയുന്നു പിന്നെയുമൊഴുകി എന്ന്. എന്നുവച്ചാല്‍ കവിക്കുവേണ്ടിയാണ് ആലുവാപ്പുഴ പിന്നെയും ഒഴുകിയത് എന്നു വരുന്നു. ആരും കാണാതെയാണ് ഓളവും തീരവും ആലിംഗനങ്ങളില്‍ മുഴുകിയത്. പക്ഷേ, എല്ലാം കാണുന്ന (കാണാന്‍ കണ്ണുള്ള) കവി മാത്രം അത് കണ്ടു.
‘ഈറനായ നദിയുടെ മാറില്‍
ഈ വിടര്‍ന്ന നീര്‍ക്കുമിളകളില്‍
വേര്‍പെടുന്ന വേദനയോ
വേരിടുന്ന നിര്‍വൃതിയോ
ഓമലേ...ആരോമലേ ...ഒന്നു ചിരിക്കൂ
ഒരിക്കല്‍ക്കൂടി’
എന്നദ്ദേഹം പാടുമ്പോള്‍ ആലുവാപ്പുഴയുടെ (പെരിയാറിന്‍െറ) ഹൃദയസ്പന്ദനങ്ങള്‍ ഇത്രത്തോളം ഉള്‍ക്കൊണ്ട മറ്റൊരു കവിയുണ്ടോ എന്നു നാം സംശയിച്ചുപോകും.
‘ആദ്യത്തെ കഥ’യിലെ ‘ആലുവാപ്പുഴയ്ക്കക്കരെയുണ്ടൊരു പൊന്നമ്പലം’, ‘കസവുതട്ട’ത്തിലെ ‘ആലുവാപ്പുഴയില്‍ മീന്‍ പിടിക്കാന്‍ പോകും’ എന്നീ വയലാര്‍ ഗീതികളെക്കൂടി നാം ഇതിനോട് ചേര്‍ത്തു വായിക്കണം. പെരിയാറിന്‍െറ ശാന്തസുന്ദരമായ പ്രകൃതമാണോ കവിയെ ആകര്‍ഷിച്ചത്? അതോ അദ്ദഹത്തേന്‍െറ കാവ്യചിത്തത്തില്‍ പെരിയാര്‍ വല്ലാതെ കുളിര്‍കോരിയിട്ടോ? രണ്ടായാലും ഈ ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ കുളിരുകോരുന്നു എന്നത് പച്ചയായ പരമാര്‍ത്ഥം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.