Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightപാട്ടിന്‍െറ...

പാട്ടിന്‍െറ വര്‍ഷാമംഗലഘോഷം കടന്ന്

text_fields
bookmark_border
പാട്ടിന്‍െറ വര്‍ഷാമംഗലഘോഷം കടന്ന്
cancel

ചലച്ചിത്ര പിന്നണി ഗായകനായി അരങ്ങേറ്റം കുറിക്കണമെങ്കില്‍ കടക്കാന്‍ കടമ്പകള്‍ ഏറെയാണ്‌. ശക്തമായ പിടിപാടോ ശുപാര്‍ശയോ ഇല്ലെങ്കില്‍ എത്ര കഴിവുണ്ടായിട്ടും കാര്യമില്ല. നിര്‍മ്മാതാവ്‌, സംവിധായകന്‍, സംഗീത സംവിധായകന്‍ തുടങ്ങിയവരുടെയൊക്കെ കാലുകള്‍ മാറിമാറി പിടിക്കേണ്ടിവരും. ഇതില്‍ ഒരാള്‍ വിസമ്മതിച്ചാല്‍ മതി കാര്യം മുടങ്ങാന്‍. ഒന്നും രണ്ടും പാട്ടുകള്‍ പാടിയ ശേഷം തുടര്‍ന്ന്‌ അവസരങ്ങള്‍ ലഭിക്കാതെ കടുത്ത നിരാശയോടെ രംഗംവിട്ട എത്രയോ ഗായകരെ കോടമ്പാക്കത്ത്‌ ഞാന്‍ കണ്ടിരിക്കുന്നു! എല്ലാ കടമ്പകളും കടന്ന്‌ മേലെ വന്നാല്‍ 'ഭാഗ്യം' തുണച്ചതുകൊണ്ടാണെന്നാവും വിശദീകരണം. എന്നാല്‍ പിടിപാടും അവസരവും ഭാഗ്യവും ഒക്കെ തുണച്ചാലും പിന്നണിഗാനം വേണ്ടേ വേണ്ട എന്നു വാശിപിടിക്കുന്ന ഒരു പിന്നണി ഗായകനെ കുറിച്ച്‌ ചിന്തിക്കാനാവുമോ? എന്റെ നാല്‍പതു വര്‍ഷത്തെ കോടമ്പാക്കം ജീവിതത്തില്‍ അങ്ങനെ ഒരാളെ മാത്രമേ കണ്ടിട്ടുള്ളു - ദിനേശ്‌.

ഭരതന്‍ സംവിധാനം ചെയ്‌ത 'വൈശാലി' എന്ന ചിത്രത്തിലെ 'ദും ദും ദും ദുന്ദുഭിനാദം' എന്ന യുഗ്മഗാനം ലതികയോടൊപ്പം പാടിയ ദിനേശ്‌. ആ ഒറ്റഗാനം മതി ദിനേശിനെ മലയാളിക്കു തിരിച്ചറിയാന്‍. മനോഹരമായ മറ്റൊരു ഗാനം കൂടി ഉദാഹരണമായി ചൂണ്ടിക്കാട്ടാം. ടികെ രാജീവ്‌കുമാര്‍ സംവിധാനം ചെയ്‌ത 'സീതാകല്യാണം' എന്ന ചിത്രത്തില്‍ സുജാതയോടൊപ്പമുള്ള ദിനേശിന്റെ പാട്ട്‌ - 'ദൂരെ ദൂരെ വാനില്‍ നീ.' 'വൈശാലി'യില്‍ ബോംബെ രവിയുടെ സഹായിയായി ജോലി ചെയ്‌തപ്പോള്‍ യേശുദാസിനു വേണ്ടി ട്രാക്ക്‌ പാടിയ ഗാനമാണ്‌ പിന്നീട്‌ സിനിമയ്‌ക്കുള്ളിലെ മറ്റുചില കാരണങ്ങളാല്‍ ദിനേശിന്റെ ശബ്ദത്തില്‍ തന്നെ പുറത്തു വന്നത്‌. ദിനേശിന്റെ ഉറ്റചങ്ങാതിയായ ഗായകന്‍ ശ്രീനിവാസിന്റെ സ്‌നേഹപൂര്‍ണമായ നിര്‍ബന്ധത്തിനു വഴങ്ങിയാണത്രെ അദ്ദേഹം സംഗീതസംവിധാനം നിര്‍വഹിച്ച ആദ്യചിത്രമായ 'സീതാകല്യാണ'ത്തില്‍ ദിനേശ്‌ പാടിയത്‌. ഒരു റെക്കോഡിംഗ്‌ കഴിഞ്ഞാല്‍ ചിത്രം പുറത്തുവന്ന്‌ നേരിട്ടു ബോധ്യമാകാതെ ആ ചിത്രത്തില്‍ താന്‍ പാടിയിട്ടുണ്ടെന്ന്‌ ഒരു ഗായകനും ഉറപ്പിക്കാനാകാത്ത കാലമാണിത്‌. ചലച്ചിത്ര രംഗത്തെ ഇത്തരം അടിയൊഴുക്കുകളും അട്ടിമറികളുമൊക്കെ വര്‍ഷങ്ങളായി അടുത്തറിയുന്ന ദിനേശ്‌ റെക്കോഡിംഗ്‌ കഴിഞ്ഞപ്പോള്‍ തുറന്ന മനസ്സോടെ ശ്രീനിവാസിനൊടു പറഞ്ഞു: ശ്രീനീ, ഈ പാട്ട്‌ ആരെങ്കിലും മാറ്റി പാടിയാലും എനിക്കു യാതൊരു വിഷമവുമില്ല. സിനിമയില്‍ അതു പുത്തരിയല്ലല്ലോ. എന്നാല്‍ ദിനേശിന്റെ ആലാപനത്തില്‍ ശ്രീനിവാസ്‌ അങ്ങേയറ്റം സംതൃപ്‌തനായിരുന്നു. 
കുട്ടിക്കാലത്ത്‌ കേട്ട ചലച്ചിത്ര ഗാനങ്ങളും തരംഗിണി കാസറ്റിലെ ഗാനങ്ങളുമാണ്‌ ദിനേശിനെ ആലാപനത്തിന്റെ മാസ്‌മരിക ലോകത്തേക്ക്‌ ആകര്‍ഷിച്ചത്‌. തുടര്‍ന്ന്‌ ഗിറ്റാറും കോംഗോ ഡ്രംസും തബലയുമൊക്കെ വേദികളില്‍ പ്രയോഗിച്ചു. 1982-83 കാലഘട്ടത്തില്‍ കാലിക്കറ്റ്‌ സര്‍വകലാശാല സംഘടിപ്പിച്ച യുവജനോത്സവത്തില്‍ ലളിതഗാനത്തിന്‌ രണ്ടാം സമ്മാനം നേടിയതോടെയാണ്‌ തന്റെ ആലാപനത്തില്‍ ദിനേശിന്‌ ആത്മവിശ്വാസം ഉണ്ടായത്‌. സ്‌കൂളിലും കോളെജിലും ഗാനമത്സരങ്ങളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടുമ്പോഴും ആലാപനത്തിന്റെ ശാസ്‌ത്രീയ പാഠങ്ങള്‍ മനസ്സിലാക്കാനുള്ള സൗകര്യം ലഭിച്ചില്ല. അപ്പോഴും പൊതുവേദികളില്‍ ഗാനമേളകള്‍ അവതരിപ്പിക്കാനുള്ള അവസരങ്ങള്‍ അദ്ദേഹം പ്രയോജനപ്പെടുത്തിക്കൊണ്ടിരുന്നു. മാത്രമല്ല, ഓരോ ഗാനം കേള്‍ക്കുമ്പോഴും അത്‌ ആസ്വദിക്കുന്നതിനു പുറമേ അതിനപ്പുറം ആലാപനത്തിന്റെയും വാദ്യസംഗീത വിന്യാസത്തിന്റെയും ശബ്ദവ്യാപ്‌തിയുടെ ഏറ്റക്കുറച്ചിലും മിശ്രണവും നിയന്ത്രണവുമെല്ലാം ദിനേശിന്റെ സൂക്ഷ്‌മനിരീക്ഷണങ്ങള്‍ക്കു വിധേയമായി. അങ്ങനെ ഓരോ ഗാനത്തിന്റെയും ഔചിത്യങ്ങളും അനൗചിത്യങ്ങളും മനസ്സിലാക്കാനും വിലയിരുത്താനും തുടങ്ങിയതോടെ തന്റെ ഇലക്‌ട്രിക്‌ എഞ്ചനീയറിംഗ്‌ ഡിപ്ലോമ പഠനം മതിയാക്കി ദിനേശ്‌ സൗണ്ട്‌ എഞ്ചനീയറിംഗ്‌ പഠിക്കാനായി മദിരാശിയിലേക്കു വണ്ടികയറി. 
ഇളയരാജ തമിഴ്‌ ചലച്ചിത്രലോകം അടക്കിവാഴുന്ന കാലം. പ്രസാദ്‌ സ്റ്റുഡിയോയിലെ പ്രധാനപ്പെട്ട ഡീലക്‌സ്‌ തിയേറ്റര്‍ ഇളയരാജക്കു വേണ്ടി മാത്രമുള്ളതാണ്‌. മറ്റു സംഗീത സംവിധായകര്‍ക്ക്‌ അവിടെ പ്രവേശനമില്ല. ദിനേശിന്റെ അമ്മാവന്‍ രാജയുടെ സുഹൃത്തായിരുന്നതു കൊണ്ട്‌ പ്രസാദ്‌ സ്റ്റുഡിയോയില്‍ സൗണ്ട്‌ എഞ്ചനീയറുടെ അപ്രന്റീസ്‌ ആയി കടന്നുകൂടാന്‍ ദിനേശിന്‌ ബുദ്ധിമുട്ടുണ്ടായില്ല. സംഗീതത്തിന്റെ സൂക്ഷ്‌മാംശങ്ങളിലൂടെ ആഴത്തില്‍ സഞ്ചരിക്കാനും സൗണ്ട്‌ റെക്കോഡിംഗ്‌ എന്നത്‌ സൗണ്ട്‌ ഡിസൈനിംഗ്‌ എന്ന തലത്തിലേക്ക്‌ പരിവര്‍ത്തിപ്പിക്കാനും ഈ കാലഘട്ടം ദിനേശിനെ കുറച്ചൊന്നുമല്ല സഹായിച്ചത്‌. ദിനേശ്‌ നല്ലൊരു ഗായകന്‍ കൂടിയാണെന്ന്‌ പ്രധാന സൗണ്ട്‌ എഞ്ചനീയര്‍ ഇളയരാജയെ ബോധ്യപ്പെടുത്തിയതോടെ യേശുദാസ്‌, എസ്‌ പി ബാലസുബ്രഹ്മണ്യം തുടങ്ങിയവര്‍ക്ക്‌ ട്രാക്ക്‌ പാടാനുള്ള അവസരവും ദിനേശിനു കൈവന്നു. 'ഇദയക്കോവില്‍' എന്ന ചിത്രത്തിനു വേണ്ടി എസ്‌പിയും ജാനകിയമ്മയും പാടാനുള്ള ഒരു യുഗ്മഗാനം ലതികയോടൊപ്പം ട്രാക്ക്‌ പാടിക്കൊണ്ടാണ്‌ ദിനേശിന്റെ തുടക്കം. 1985-ല്‍ 'ശ്രീരാഘവേന്ദ്ര' എന്ന രജനീകാന്ത്‌ ചിത്രത്തില്‍ ഇളയരാജയുടെ സംഗീതത്തില്‍ യേശുദാസിനും മലേഷ്യാ വാസുദേവനോടുമൊപ്പം ദിനേശും പാടി. എത്ര നന്നായി പാടിയാലും ഇളയരാജ ദിനേശിനെ പലപ്പോഴും കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. കാരണമാകട്ടെ വ്യക്തമായതുമില്ല. റെക്കോഡിംഗിനിടയില്‍ വീണുകിട്ടിയ ഇടവേളയില്‍ ഒരിക്കല്‍ യേശുദാസ്‌ ദിനേശിനോടു ചോദിച്ചു: 
നീ ആരുടെ പാട്ടുകളാണ്‌ ഏറ്റവുമധികം കേള്‍ക്കുന്നത്‌? 
ദിനേശിന്റെ മറുപടി പെട്ടെന്നായിരുന്നു: 
അതെന്തു ചോദ്യം ദാസേട്ടാ, ജനിച്ചപ്പോള്‍ മുതല്‍ താങ്കളുടെ പാട്ടുകളല്ലേ കേള്‍ക്കുന്നത്‌!
അതു പാടില്ല. നീ എന്റെയും ബാലുവിന്റെയും പാട്ടുകള്‍ മാത്രം ശ്രദ്ധിച്ചാല്‍ പോരാ. ഓരോ പാട്ടും എങ്ങനെ പാടണമെന്നും അതിന്‌ എന്തു ഭാവം നല്‍കണമെന്നും അതിനായി എങ്ങനെയൊക്കെ നമ്മുടെ ശബ്ദം നിയന്ത്രിക്കണമെന്നും സൂക്ഷ്‌മമായി പഠിക്കാന്‍ മുഹമ്മദ്‌ റാഫിയുടെ പാട്ടുകള്‍ നീ ധാരാളം കേള്‍ക്കണം. ആലാപനത്തിന്റെ സര്‍വകലാശാലയാണ്‌ അദ്ദേഹം, യേശുദാസ്‌ പറഞ്ഞുനിര്‍ത്തി.
താന്‍ പാടുമ്പോഴൊക്കെ ഇളയരാജ കുറ്റപ്പെടുത്തിയത്‌ എന്തിനാണെന്ന്‌ ദിനേശിനു ബോദ്ധ്യമായത്‌ അപ്പോഴാണ്‌. എത്ര നന്നായി പാടിയാലും ആലാപനത്തില്‍ സ്വന്തമായ ഒരു ശൈലി വാര്‍ത്തെടുത്തല്ലാതെ ഒരു ഗായകനും നിലനില്‍പില്ല. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞതോടെ തന്റെ നിലവാരം എന്താണെന്നു തിരിച്ചറിയാന്‍ ദിനേശിനു കഴിഞ്ഞു. ഒരു ഉടച്ചുവാര്‍ക്കല്‍ ഇനി പ്രായോഗികമല്ല. മറിച്ച്‌ ഒരു പിന്നണി ഗായകനു വേണ്ട എല്ലാ നന്മയും മേന്മയും നേടിയെടുത്ത്‌ രംഗത്തു പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ സംഗീതത്തിന്റെ സൂക്ഷ്‌മാംശങ്ങള്‍ കണ്ടെത്തി അതു കൂടുതല്‍ ശ്രവണസുന്ദരമാക്കാനുള്ള തന്റെ സംഭാവന നല്‍കുക എന്ന മഹത്തായ ലക്ഷ്യവുമായി മുന്നോട്ടു പോകാന്‍ ദിനേശ്‌ തീരുമാനിച്ചതിന്റെ കാരണം അതാണ്‌. അതുകൊണ്ടാണ്‌ തന്റെ ഉറ്റതോഴന്‍ ലാല്‍ജോസ്‌ 'ഒരു മറവത്തൂര്‍ കനവ്‌' എന്ന തന്റെ ആദ്യചിത്രത്തില്‍ ഒരു പാട്ടിനായി ദിനേശിനെ ക്ഷണിച്ചപ്പോള്‍ സ്‌നേഹപൂര്‍വം നിരസിച്ചതും അതിനായി ശ്രീനിവാസിനെ ശുപാര്‍ശ ചെയ്‌തതും.

ഇന്നും നാം കേള്‍ക്കുന്ന മിക്ക ഗാനങ്ങളുടെയും ഫൈനല്‍ മിക്‌സിംഗും മാസ്റ്ററിംഗും നിര്‍വഹിക്കുന്ന മദിരാശിയിലെ ഏറ്റവും തിരക്കേറിയ സൗണ്ട്‌ ഡിസൈനറാണ്‌ ഇപ്പോള്‍ ദിനേശ്‌. ഓരോ ഗാനവും ഇഴനാരുകളായി കീറിമുറിച്ച്‌ സൂചിമുനകളാല്‍ വേര്‍തിരിച്ച്‌ ശ്രവണസൗന്ദര്യത്തിന്റെ പരമകോടിയില്‍ എത്തിക്കുന്ന വിദഗ്‌ധന്‍. ദിനേശിന്‌ അതൊരു തപസ്സാണ്‌. സിനിമയില്‍ ഒരു പാട്ടു പാടുക എന്നതൊന്നും ആ തപസ്സിനു മുന്നില്‍ ദിനേശിനു ഗൗരവമുള്ള കാര്യമല്ല. അഞ്ചു ഭാഷകളിലായി അറുപതോളം ചലച്ചിത്ര ഗാനങ്ങളും നാലായിരത്തോളം ഭക്തിഗാനങ്ങളും പാടിയിട്ടുള്ള ദിനേശിനു കിട്ടുന്ന ഇടവേളകളില്‍  ഗാനമേളകളില്‍ പങ്കെടുക്കുന്നത്‌ സന്തോഷമാണ്‌. താന്‍ ഇഷ്ടപ്പെടുന്ന പാട്ടുകളുടെ ട്രാക്കില്‍ ശ്രുതിശുദ്ധമായും ഭാവസാന്ദ്രമായും പാടി സുഹൃത്തുക്കള്‍ക്കു സമ്മാനിക്കുന്നതാണ്‌ മറ്റൊരു വിനോദം. അത്‌ ആസ്വദിക്കുന്നവര്‍ക്കാകട്ടെ പ്രതിഭാശാലിയായ ഒരു ഗായകനെ മലയാളത്തിനു ലഭിക്കാതെ പോകുന്നതിലുള്ള നിരാശയും നഷ്ടബോധവും. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dinesh
Next Story