ചൈത്രം ചായം ചാലിച്ചു
text_fieldsമെല്ളെ മെല്ളെ മുഖപടം തെല്ളൊതുക്കി
അല്ലിയാമ്പല്‍പൂവിനെ തൊട്ടുണര്‍ത്തി
ഒരുകുടന്ന നിലാവിന്‍െറ കുളിരുകോരി
നിറുകയില്‍ അരുമയായ് കുടഞ്ഞതാരോ...
കവിതകൊണ്ട് ചിത്രമെഴുതുന്നത് ഇങ്ങനെയാണ്. കവി ഒരു നല്ല ചിത്രകാരന്‍ കൂടിയാണ്. മനസ്സില്‍ ഒരു നല്ല ചിത്രം രചിച്ച് അതിന് അക്ഷരഭാഷ്യം ചമക്കുമ്പോള്‍ അത് ആസ്വാദകന്‍െറ മനസ്സില്‍ അതിനേക്കാള്‍ മിഴിവുള്ള ചിത്രമാകും. ഇതാണ് മലയാളഗാനങ്ങളിലെ സൂര്യതേജസ്സായ ഒ.എന്‍.വിയുടെ അക്ഷരമന്ത്രം. ഇങ്ങനെ മനസ്സില്‍ ചിത്രമെഴുതുന്ന പാട്ടുകള്‍ അത്രയധികമില്ല മലയാളത്തില്‍. അതിലേറെയും ഒ.എന്‍.വിയുടേതാണ് എന്ന് കാണാന്‍ കഴിയും.
അദ്ദേഹം വര്‍ഷങ്ങളുടെ എഴുത്തിന്‍െറ പരിണാമത്തിലാണ് ഇങ്ങനെയൊരു ഭാവതലത്തിലേക്ക് തന്‍്റെ രചനയെ കൊണ്ടുവന്നത് എന്ന് അദ്ദേഹത്തിന്‍്റെ ആദ്യകാലം മുതലുള്ള ഗാനങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. ശരിക്കു പറഞ്ഞാല്‍ എഴുപതുകളുടെ ഒടുക്കത്തോടെയാണ് അദ്ദേഹം ഇത്തരം പാട്ടുകള്‍ എഴുതാന്‍ തുടങ്ങിയത്. അത് ഗാനരചനയിലെ ഒരു വലിയ മാറ്റമായും കാണാന്‍ കഴിയും. വളരെ ലളിതവും എന്നാല്‍ മനസ്സിലേക്ക് നേരിട്ട് പ്രവേശിക്കുന്നതുമായ ഒരു രചനാരീതി. വയലാര്‍ വരച്ച ചിത്രങ്ങളൊക്കെയും അതിഭാവനയുടെ ലോകത്തായിരുന്നെകില്‍ ഒ.എന്‍.വി വരച്ചിട്ടത് നമ്മുടെ തൊട്ടുമുന്നില്‍ എന്ന് തോന്നിപ്പോകും.
‘മാരിവില്ലിന്‍ തേന്‍മലരേ മാഞ്ഞുപോകയോ’ എന്ന ആദ്യകാല ഗാനം മുതല്‍ അദ്ദേഹം തന്നെ അതുല്യമായ പ്രതിഭ പാട്ടുകളില്‍ തെളയിച്ചിട്ടുണ്ട്. എന്നാല്‍ അന്നത്തെ രീതിയില്‍ നിന്ന് കാലാനുസൃതമായ മാറ്റം പിന്നീട് അദ്ദേഹത്തിന്‍െറ പാട്ടുകളില്‍ വന്നു.
‘പൊല്‍ത്തിങ്കള്‍ക്കല പൊട്ടുതൊട്ട ഹിമവല്‍
ശൈലാഗ്രശൃംഗത്തില്‍...
എന്ന ഗാനത്തില്‍ കുറെയൊക്കെ ഈ ചിത്രമെഴുത്ത് രീതി ദര്‍ശിക്കാം. ഒരിക്കലും നേരില്‍ കണ്ടിട്ടില്ലാത്ത കൈലാസം അദ്ദേഹം ഭാവനയില്‍ വരച്ചത് വരികളിലൂടെ നമുക്ക് കാട്ടിത്തന്നു. പിന്നീട് ഗാനം ഗഹനമായ തത്വചിന്തയിലേക്ക് സഞ്ചരിക്കുന്നു. മുഴുനീളം ചിത്രരചനയുടെ രൂപത്തില്‍തന്നെയുള്ള പാട്ടുകളെയാണ് ഇവിടെ പരാമര്‍ശിക്കുന്നത്.
നിലാവിന്‍െറ കുളിരുകോരിക്കുടയുക എന്ന കാല്‍പനിക സകല്‍പം ആരുടെ മനസ്സിനെയാണ് കുളിരണിയിക്കാത്തത്. ഒ.എന്‍.വി പ്രയോഗിച്ച ഒരു രചനാ തന്ത്രം വളരെ ലളിതമാണെന്ന് തോന്നാം. കാരണം പാട്ടിന്‍െറ സന്ദര്‍ഭം മനസ്സില്‍ വരച്ചിട്ട് ഒരു ഗാനചിത്രീകരണം പോലെ അത് വാക്കുകളില്‍ മെനയുക. എന്നാല്‍ അത് മറ്റാര്‍ക്കും അത്ര മനോഹരമായി ചെയ്യാന്‍ കഴിയാത്ത കാര്യമാകുമ്പോഴാണ് അതിന്‍െറ മഹത്വം മനസ്സിലാകുക. ഇത് ഗാനസാഹിത്യത്തിലെ ഒരു പ്രത്യേകശാഖയായി വേണമെങ്കില്‍ വിലയിരുത്താം.
‘താഴത്തെച്ചോലയില്‍ ഞാന്‍ നീരാടി നിന്നനേരം
താമരപ്പൂക്കളെന്തേ തലതാഴ്ത്തി..’(ചിത്രം: പുത്രി)
എന്ന ഗാനത്തിലൊക്കെ അതിന്‍െറ പൂര്‍ണമല്ലാത്ത രൂപം കാണാമെങ്കിലും വര്‍ഷങ്ങള്‍ക്കുശേഷമാണ് അത് സുഗ്രഹമായി അദ്ദേഹം രൂപവത്കരിച്ചത്. ഇത് പതിറ്റാണ്ടുകള്‍ക്ക് ശേഷം എഴുതിയ ‘രാജശില്‍പി’യിലെ ഗാനത്തില്‍ പരിണമിക്കുന്നത് ഇങ്ങനെയാണ്;
‘പൊയ്കയില്‍ കുളിര്‍പൊയ്കയില്‍
പൊന്‍വെയില്‍ നീരാടുംനേരം
പൂക്കണ്ണുമായ് നില്‍ക്കുന്നുവോ
തീരത്തെ മന്ദാരം...’
ഈ ഗാനം മുഴുവന്‍ ചിത്രങ്ങളാണ് നാം കാണുന്നത്. ചിത്രകാരനായ ആര്‍.സുകുമാരന്‍ ചെയ്ത പാട്ടുസീനുകളും അതുപോലെതന്നെ, ഗാനം പകര്‍ത്തിയപോലെ.
കാറ്റില്‍ തൈലഗന്ധം.. നീറ്റില്‍ പൊന്നുചന്തം..
എന്ന് അദ്ദേഹം പല്ലവി അവസാനിപ്പിക്കുമ്പോള്‍ നാം ആ ഗന്ധം അനുഭവിക്കുകയല്ളേ!
‘കല്‍പടവേറി നില്‍പ്പതെന്തേ നീ..
നീയേതു ശില്‍പിയെ തേടുന്ന ചാരുത...
എന്ന വരികളൊക്കെ സംവിധായകന്‍െറ ഭാവനയെ എഴുതിവെച്ചതുപോലെയാണ്.
നിറുകയില്‍ നീതൊട്ടു നിര്‍വൃതിയുണര്‍ന്നു
ഒരു കുളിര്‍ ജ്വാല പടര്‍ന്നു (ചിത്രം: പ്രതീക്ഷ)
എന്ന പഴയ ഗാനത്തിലൊക്കെ ഈ രീതി ദര്‍ശിക്കാം. എന്നാല്‍ അത് പൂര്‍ണമാകുന്നത് ചില്ല്, ഉള്‍ക്കടല്‍, യവനിക എന്നീ ചിത്രത്തിലെ ഗാനങ്ങളോടെയാണ്. ഒ.എന്‍.വി എന്ന പേരിനോട് ചേര്‍ത്തുവച്ച് മലയാളി പറയാനാഗ്രഹിക്കുന്ന ‘ഒരുവട്ടംകൂടിയെന്നോര്‍മ്മകള്‍ മേയുന്ന.. (ഇത് ഗാനമല്ല കവിതയാണ്) എന്ന ഗാനം ഒരു മലയാളിയുടെ ഗ്രാമീണ ജീവിതത്തിന്‍െറ അടയാളപ്പെടുത്തലാണ്. അതില്‍ മുഴുവന്‍ നമ്മള്‍ അനുഭവിച്ച അനുഭൂതികളുടെ ചിത്രീകരണമാണ്. ‘ചൈത്രം ചായം ചാലിച്ചു നിന്‍െറ ചിത്രം വരക്കുന്നു..’ എന്ന വരികളില്‍ നിന്നുതന്നെ ഒ.എന്‍.വി ഒരു ചിത്രം വരക്കുകയാണെന്ന് ബോധ്യമാവുന്നു. പിന്നീട് ആ ചിത്രത്തിന് പ്രകൃതിയുടെ ഓരോ ഭാവത്തില്‍ നിന്ന് നിറങ്ങള്‍ തേടുകയാണ് കവി. ‘നിറങ്ങള്‍തന്‍ നൃത്തം ഒഴിഞ്ഞൊരീ മണ്ണില്‍ മറഞ്ഞ പക്ഷികള്‍ പുനര്‍ജനിക്കുമോ...’ എന്ന ഗാനത്തിലും ‘എത്രമനോഹരമീഭൂമി ചിത്രത്തിലെഴുതിയപോലെ..’ എന്ന ഗാനത്തിലുമൊക്കെ അദ്ദേഹം ചിത്രരചനതന്നെ ഉദ്ധരിക്കുന്നുണ്ട്.
ചില്ലിലെ മറ്റൊരു ഗാനം;
‘പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍വീണു
പൂക്കളായ് അലകളില്‍ ഒഴുകിപ്പോയി..’ മറ്റൊരു മനോഹരമായ പ്രകൃതിവര്‍ണ്ണനയാണ്. ‘കണ്‍നിറയെ അതുകണ്ട് നിന്നുപോയി’ എന്നെഴുതുമ്പോഴും നാമൊരു ചിത്രം കാണുകയാണ്.
‘പ്രാവിണകള്‍ കുറുകുന്ന കോവിലില്‍ വച്ചോ
പാവലിന് നീര്‍പകര്‍ന്ന തൊടിയില്‍വച്ചോ
ആദ്യം അന്നാദ്യം ഞാന്‍ കണ്ടുനിന്നെ..’
എഴുതിവെച്ച തിരക്കഥപോലെയാണ് പാട്ടിലെ വരികള്‍.
‘എന്‍െറ മണ്‍വീണയില്‍ കൂടണയാനൊരു
മൗനം പറന്നു പറന്നു വന്നു...’
എന്ന വരികള്‍ ഒരു കാല്‍പനിക സങ്കല്‍പമാണെങ്കിലും ഒരു മൗനം പറന്നുവരുന്നതായി നാം കാണുന്നതുപോലെ.
‘വാതില്‍പഴുതിലൂടെന്‍മുന്നില്‍ കുങ്കുമം
വാരിവിതറും ത്രിസന്ധ്യപോകെ’..
എന്നദ്ദേഹമെഴുതുമ്പോഴും നാം നിറംവാരിവിതറിയ സന്ധ്യയെ മുന്നില്‍ കാണും ഒരു ചിത്രമായി.
‘ആലില മഞ്ചലില്‍ നീയാടുമ്പോള്‍
ആടുന്നു കണ്ണായിരം’
എന്ന വരികളിലും അമ്മയുടെ ഭാഗത്തു നിന്നുള്ള കണ്‍നോട്ടമോ കവിയുടെഭാഗത്തു നിന്നുള്ള നോട്ടമോ ആയി വ്യാഖ്യാനിക്കാം. ഏതായാലും അതൊരു ഛായാചിത്രമാണ് (ചിത്രം: സൂര്യഗായത്രി).
‘അന്നലൂഞ്ഞാല്‍ പൊന്‍പടിയില്‍
ആട് ആട് ആടാട്..’
എന്നൊരു ഗാനവും അതിന് മുമ്പ് ‘പുറപ്പാട’് എന്ന ചിത്രത്തിനുവേണ്ടി അദ്ദേഹം എഴുതിയിട്ടുണ്ട്.
കാമുകിയുടെ ചിത്രം ഭിത്തിയില്‍ വരച്ച് അതില്‍ നിര്‍വൃതിയോടെ നോക്കിയിരിക്കുന്ന കാമുകനുവേണ്ടിയാണ് അദ്ദേഹം ‘ഒരുദളം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ മുകുളമായ് നീയെന്‍െറ മുന്നില്‍ നിന്നു..’ എന്ന ഗാനമെഴുതിയത്. ഓരോ ദളവും വിടരും മാത്രകള്‍ ഓരോ വരയായി, വര്‍ണമായി..’ എന്ന വരികള്‍ എത്ര അര്‍ഥപൂര്‍ണം.
‘തംബുരു കുളിര്‍ ചൂടിയോ
തളിരംഗുലി തൊടുമ്പോള്‍‘ (ചിത്രം: സൂര്യഗായത്രി) എന്ന ഗാനത്തിലും നാം കാണുന്നത് അങ്ങനെ ചില ചിത്രങ്ങളാണ്.
‘മഞ്ഞള്‍ ്രപസാദവും നെറ്റിയില്‍ചാര്‍ത്തി
മഞ്ഞക്കുറി മുണ്ടും ചുറ്റി
ഇന്നെന്‍െറ മുറ്റത്ത് പൊന്നോണപ്പൂവേ നീ
വന്നു ചിരിതൂകിനിന്നു...’
ഇതിന്‍െറ മനോഹാരിത ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മലയാളികള്‍ ഉണ്ടാകില്ല. പ്രകൃതിയില്‍ നിന്ന് കവികള്‍ എന്തെല്ലാം കടംകൊള്ളാറുണ്ട്. എന്നാല്‍ ഇത്ര തരളമായ വാക്കുകളില്‍ പൂവെയില്‍ പോലുള്ള ചിത്രങ്ങള്‍ വരക്കാന്‍ ഒ.എന്‍.വിക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ളെന്ന് പറഞ്ഞാല്‍ അത് അതിശയോക്തയാകില്ല നമ്മുടെ ഗാനശാഖയില്‍.
‘ഇന്ദുപുഷ്പം ചൂടി നില്‍ക്കുന്ന രാത്രി’യെ ഒ.എന്‍.വി വരച്ചത് കഞ്ചബാണന്‍െറ ദൂതിയായി അരികിലത്തെുന്നതായാണ്. അതിലുമുണ്ട് പാട്ടിന്‍െറ തിരക്കഥ എഴുതിവെച്ചതുപോലൊരു മുഹൂര്‍ത്തം;
‘ഏലസ്സില്‍ അനംഗ തിരുമന്ത്രങ്ങള്‍ കുറിച്ചു
പൊന്‍നൂലില്‍കോര്‍ത്തീയരയിലണിയിക്കട്ടെ...’
ഈ ഗാനരംഗം ചിത്രീകരിക്കാന്‍ ഭരതന് ഒട്ടും ആലോചിക്കേണ്ടി വന്നില്ല. ഒ.എന്‍.വി എഴുതിയതുതന്നെയാണ് അദ്ദേഹം പകര്‍ത്തിവെച്ചിരിക്കുന്നത് ‘വൈശാലി’യില്‍.
‘നീള്‍മിഴിപീലിയില്‍ നീര്‍മണിതുളുമ്പി
നീയെന്നരികില്‍ നിന്നു..’
എന്ന ‘വചന’ത്തിലെ ഗാനം ഒരു തലമുറയെ മുഴുവന്‍ സ്വാധീനിച്ചതാണ്. 90ന്‍െറ തുടക്കത്തില്‍ കൗമാരവും യൗവ്വനവും കടന്നുപോയ എല്ലാവരെയും സ്വാധീനിച്ച വരികള്‍.
‘കണ്ണുനീര്‍ തുടയ്ക്കാതെ ഒന്നും പറയാതെ നിന്നു’ എന്നു തുടങ്ങി ഇതിലെ എല്ലാ വരികളും ഒരു കഥാതന്തുവിന്‍െറ ക്രമാനുഗതമായ വളര്‍ച്ചപോലെ അദ്ദേഹം വരച്ചിടുകയാണ്.
‘...കന്നിത്തെളിമഴ പെയ്തനേരം എന്‍െറ
മുന്നില്‍ നീയാകെകുതിര്‍ന്നുനിന്നു
നേര്‍ത്തൊരു ലജ്ജയാല്‍ മൂടിയൊരാമുഖം
ഓര്‍ത്തുഞാനും കുളിരാര്‍ന്നുനിന്നു..’
എന്ന വരികളും ഈ ഗാനത്തോട് ചേര്‍ത്തുവെക്കാവുന്നതാണ്.
’അല്ലിമലര്‍കാവില്‍ പൂരം കാണാന്‍
അന്നുനമ്മള്‍ പോയി’ എന്ന ഗാനവും ഇതുപോലെതന്നെ.
‘പേരാറ്റിന്നക്കരെയക്കരെയക്കരെയേതോ
പേരറിയാ കരയില്‍ നിന്നൊരു പൂത്തുമ്പി’
(ചിത്രം: വേനല്‍കിനാവുകള്‍)
എന്ന ഗാനം കേരളത്തിന്‍െറ അങ്ങേയറ്റംമുതല്‍ ഇങ്ങേയറ്റം വരെയുള്ള യാത്രികന്‍െറ കാഴ്ചകളുടെ പ്രതിഫലനമാണ്.
‘പവിഴം പോല്‍ പവിഴാധരം പോല്‍’ എന്ന പത്മരാജന്‍ ചിത്രത്തിലെ ഗാനവും ഇതേ ഗണത്തില്‍പ്പെടുന്നതാണ്.
‘മാതളങ്ങള്‍ തളിര്‍ചൂടിയില്ളേ കതിര്‍
പാല്‍മണികള്‍ കനമാര്‍ന്നതില്ളേ..’
എന്നിങ്ങനെ മുന്തിരിവയലിന്‍െറ ചിത്രമെഴുതുന്നത് സോളമന്‍െറ പ്രണയാന്തരീക്ഷം മനസ്സിലിട്ടാണ് കവി. പ്രണയഗാനങ്ങളില്‍ മാത്രമല്ല കവി ഇങ്ങനെ ചിത്രമെഴുതുന്നത്. ‘ലാല്‍സലാം’ എന്ന ചിത്രത്തിലെ മരണം ചിത്രീകരിക്കുന്ന സന്ദര്‍ഭത്തില്‍ എഴുതിയ ഗാനവും അതിന്‍െറ തീവ്രമായ ചിത്രം രചിക്കുന്നതാണ്. ‘സാന്ദ്രമാം മൗനത്തിന്‍ കച്ചപുതച്ചുനീ
ശാന്തമായന്ത്യമാം ശയ്യപുല്‍കി
മറ്റൊരാത്മാവിന്‍െറ ആരുമറിയാത്ത
ദുഖമീ മഞ്ചത്തില്‍ പൂക്കളായി..’
ക്രിസ്തീയ ജീവിതരീതികള്‍ തന്മയത്വത്തോടെ എഴുതാറുള്ള ഒ.എന്‍.വിയുടെ തൂലികയില്‍ നിന്ന് ധാരാളം ക്രിസ്തീയ പശ്ചാത്തലത്തിലുള്ള ഗാനങ്ങളും പിറന്നിട്ടുണ്ട.് അതിലൊന്നില്‍ അദ്ദേഹം വരച്ചിടുന്ന കുടുംബചിത്രം നോക്കൂ;
‘ഇരവില്‍ തിരുക്കുടുംബസ്തുതികള്‍
മധുരം പാടി പാടി നമ്മളുറങ്ങും
പ്രിയമോലുമീ മാറില്‍ നീചാഞ്ഞുറങ്ങുമ്പോള്‍
വരും മലാഖമാര്‍ വാല്‍സല്യലോലം..
(ശുഭയാത്രാ ഗീതങ്ങള്‍.. എന്ന ഗാനം, ചിത്രം: ആകാശദൂത്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.