Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightപാട്ട് ഒരുക്കത്തിലെ...

പാട്ട് ഒരുക്കത്തിലെ ഗന്ധര്‍വ്വ സാന്നിധ്യം 

text_fields
bookmark_border
പാട്ട് ഒരുക്കത്തിലെ ഗന്ധര്‍വ്വ സാന്നിധ്യം 
cancel

മലയാള സിനിമയിലെയും സാഹിത്യത്തിലെയും മഹാപ്രതിഭകളിലൊരാളായ പി.പത്മരാജന്‍ അകാലത്തില്‍ പൊലിഞ്ഞുപോയതുകൊണ്ടു മത്രമല്ല അദ്ദേഹത്തിന്‍െറ അവസാന ചിത്രമായ ‘ഞാന്‍ ഗന്ധര്‍വ്വന്‍‘ ഓര്‍മ്മിക്കപ്പെടുന്നത്, മറിച്ച് ഒരു കാവ്യശില്‍പം പോലെ മനോഹരമായ ചലച്ചിത്രവും ഗാനങ്ങളും നമുക്ക് സമ്മാനിച്ചതിനാലാണ്. തന്നെയുമല്ല തന്‍െറ ഓരോ സൃഷ്ടിയിലും സ്വന്തം കൈമുദ്ര പതിപ്പിച്ച ഇത്രയും പ്രതിഭാധനനായ സിനിമാസംവിധായകനും തിരക്കഥാകൃത്തും നമുക്ക് വേറെ പറയാന്‍ ഒന്നോ രണ്ടോ പേരല്ലാതെ ഉണ്ടാകില്ല. മലയാളികള്‍ക്ക് ഒന്നടങ്കം പ്രിയപ്പെട്ടവനായ പത്മരാജന്‍ സിനിമയുടെ നിറവസന്തകാലത്ത് അപ്രതീക്ഷിതമായി വിടപറഞ്ഞിട്ട് 25 വര്‍ഷം കഴിഞ്ഞു. തന്‍െറ സിനിമകളില്‍ പാട്ടിന് അദ്ദേഹം അതീവ പ്രാധാന്യം നല്‍കി. എന്നാല്‍ ചില ചിത്രങ്ങളില്‍ പാട്ടുകള്‍ ഒഴിവാക്കി. പാട്ടുകളെ ഇങ്ങനെ തിരിച്ചറിഞ്ഞ സംവിധായകര്‍ അധികമുണ്ടാകില്ല. പാട്ടിന്‍െറ ചിത്രീകരണത്തിലും മലയാളത്തില്‍ മാറ്റം കൊണ്ടുവന്നത് ഭരതനും പത്മരാജനുമാണ്. പാട്ടിന്‍െറ ആത്മാവറിഞ്ഞ ആ സംവിധായകന്‍െറ സിനിമയിലെ ഗാനങ്ങളിലൂടെ...

പത്മരാജന്‍െറ തിരക്കഥ ആദ്യമായി സിനിമയാകുന്നത് ഭരതന്‍െറ സംവിധാനത്തിലൂടെയായിരുന്നു; ‘പ്രയാണം’. അതിലെ ഗാനങ്ങള്‍ വയലാറും എം.ബി ശ്രീനിവാസനും ചേര്‍ന്നൊരുക്കി. എന്നാല്‍ അത്രയധികം ശ്രദ്ധിക്കപ്പെട്ട പാട്ടുകളായിരുന്നില്ല അവ. തുടര്‍ന്ന് ‘ഇതാ ഇവിടെവരെ’, ‘നക്ഷത്രങ്ങളെ കാവല്‍’, ‘രതിനിര്‍വേദം’ , ‘വാടകക്കൊരു ഹൃദയം’ തുടങ്ങിയ സിനിമകള്‍ക്കുശേഷം അദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത് ‘പെരുവഴിയമ്പലം’ ആയിരുന്നു. കാവാലം നാരായണപണിക്കര്‍ രചനയും ദേവരാജന്‍ മാഷ് സംഗീതസംവിധാനവും നിര്‍വഹിച്ച ‘വാടകക്കൊരു ഹൃദയം’ എന്ന ചിത്രത്തില്‍ ‘പൂവാംകുഴലി പെണ്ണിനുണ്ടൊരു കിളുന്തുപോലൊരു മനസ്സ്’ എന്ന മനോഹരമായ ഗാനം പിറന്നു. എന്നാല്‍ അദ്ദേഹം സംവിധാനരംഗത്തത്തെിയ ആദ്യ മൂന്ന് പ്രധാന സിനിമകളിലും പാട്ടുണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. മൂന്നും സീരിയസായി എടുത്ത ചിത്രങ്ങള്‍; പെരുവഴിയമ്പലം, ഒരിടത്തൊരു ഫയല്‍വാന്‍, കള്ളന്‍ പവിത്രന്‍. പത്മരാജന്‍െറ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത ‘തകര’യില്‍ സംഗീതം നിര്‍വഹിച്ചത് എം.ജി രാധാകൃഷ്ണനായിരുന്നു. അതിലെ ‘മൗനമേ..’ എന്ന ഗാനം വന്‍ ഹിറ്റായി. ഈ അടുപ്പത്തില്‍ നിന്നാവണം നവംബറിന്‍െറ നഷ്ടത്തില്‍ എം.ജി രാധാകൃഷ്ണന്‍ സംഗീതസംവിധായകനായത്. ഇതിലെ ‘ഏകാന്തതേ നിന്‍െറ ദ്വീപില്‍’ എന്ന ഗാനവും നോവിന്‍െറ മധുരമുള്ള ഗാനമാണ്.

 പിന്നീട് തീര്‍ത്തും കൊമേഴ്സ്യലും അതേസമയം കലാമേന്‍മ നിലനിര്‍ത്തിയതുമായ ചിത്രമാണ് ‘കൂടെവിടെ’. അന്നുമുതലാണ് ജോണ്‍സണ്‍ എന്ന സംഗീത സംവിധായകന്‍ അദ്ദേഹത്തിന്‍െറ മനസ്സില്‍ ഇടം നേടുന്നത്. പത്മരാജന്‍ ചിത്രങ്ങളെ അഭ്രകാവ്യങ്ങള്‍ എന്നു വിശേഷിപ്പിക്കാവുന്നതുപോലെ ഭാവമധുരമായ ഗാനങ്ങളാണ് ജോണ്‍സണ്‍ ഒരുക്കിയത്. കൂടെവിടെയിലെ ‘ആടിവാ കാറ്റേ’, ‘പൊന്നുരുകും പൂക്കാലം’ എന്നീ ഗാനങ്ങള്‍ മനസ്സില്‍ നേര്‍ത്ത കാറ്റലയുടെ സുഖം തീര്‍ക്കുന്നവയാണ്. പിന്നീടദ്ദേഹം സംവിധാനം ചെയ്ത ‘പറന്നു പറന്ന് പറന്ന്’ എന്ന ചിത്രത്തിന്‍െറ സംഗീതവും ജോണ്‍സണായിരുന്നു. ഇതിലുമുണ്ട് മനോഹരമായൊരു ഗാനം; ‘കരിമിഴി കുരുവികള്‍ കവിതമൂളിയോ’. തിങ്കളാഴ്ച നല്ലദിവസം എന്ന ചിത്രത്തില്‍ ഒരു പാട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശ്യാം അയിരുന്നു സംഗീതം. പിന്നീട് ഭരതന്‍ സംവിധാനം ചെയ്ത ഒഴിവുകാലം, ഐ.വി ശശിയുടെ കരിമ്പിന്‍പൂവിനക്കരെ എന്നീ തിരക്കഥകള്‍ക്കുശേഷം പത്മരാജന്‍ സംവിധാനം ചെയ്ത ‘നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍’ മലയാളിക്ക് മറ്റൊരു ഗാനവസന്തം തന്നെയാണ് സമ്മാനിച്ചത്. ഒ.എന്‍.വി എഴുതി ജോണ്‍സണ്‍ ഈണമിട്ട ‘ആകാശമാകെ..’, ‘പവിഴം പോല്‍’ എന്നീ ഗാനങ്ങള്‍ മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട പാട്ടുകളാണ്. എന്നാല്‍ തുടര്‍ന്ന് അദ്ദേഹം സംവിധാനം ചെയ്ത ‘അരപ്പട്ടകെട്ടിയ ഗ്രാമത്തില്‍’, ‘കരിയിലക്കാറ്റുപോലെ’ എന്നീ ചിത്രങ്ങള്‍ പാട്ടുകള്‍ക്ക് പ്രാധാന്യമുള്ളവയായിരുന്നില്ല. എന്നാല്‍ തുടര്‍ന്നുവന്ന ‘ദേശാടനക്കിളി കരയാറില്ല’ ഗൗരവമാര്‍ന്ന സിനിമയായിരുന്നെങ്കിലും മനോഹരഗാനങ്ങള്‍കൊണ്ടും ശ്രദ്ധേയമായിരുന്നു. രവീന്ദ്രന്‍ ആദ്യമായി പത്മരാജന്‍ ചിത്രത്തില്‍ സംഗീതം നിര്‍വഹിച്ചു എന്നതും പ്രത്യേകതയായിരുന്നു. സംവിധായകനര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുന്ന രീതിയില്‍ വളരെ വ്യത്യസ്തമായ ഗാനങ്ങളായിരുന്നു ഈ ചിത്രത്തില്‍. ‘വാനമ്പാടീ ഏതോ തീരങ്ങള്‍ തേടും..’ എന്ന ഗാനം രവീന്ദ്രന്‍െറ സ്ഥിരം ശൈലിയില്‍തന്നെയായിരുന്നെങ്കിലും ‘പൂവേണോ പൂവേണോ..’ എന്ന ഗാനം വളരെ വ്യത്യസ്തമായ കംപോസിഷനായിരുന്നു. തുടര്‍ന്ന് ‘മൂന്നാംപക്ക’ത്തില്‍ ഇളയരാജയെയാണ് പത്മരാജന്‍ തെരഞ്ഞെടുത്തത്. അതുകൊണ്ടുതന്നെ ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ഗാനങ്ങളാണ് ഈ ചിത്രത്തിലൂടെ പിറന്നത്. ‘ഉണരുമീ ഗാനം’ ജി. വേണുഗോപാലിന്‍െറ സംഗീതജീവിതത്തിലെ അപൂര്‍വ സൗഭാഗ്യമായി. അതിന് ഇളയരാജയോട് ശുപാര്‍ശ ചെയ്തതും പത്മരാജനായിരുന്നു.

 ‘ഇന്നലെ’ എന്ന ചിത്രത്തിലൂടെ ആകാശവാണിയില്‍ വച്ച് പത്മരാജന് പരിചയമുണ്ടായിരുന്ന പെരുമ്പാവൂര്‍ ജി.രവീന്ദ്രനാഥിന് അദ്ദേഹം അവസരം നല്‍കി. കൈതപ്രത്തിനും ആദ്യമായി തന്‍െറ സിനിമയില്‍ അവസരം നല്‍കി. അതിലെ ഗാനങ്ങളും ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു. തൊട്ടടുത്ത വര്‍ഷം അവസാന നാളുകളില്‍ പുറത്തിറങ്ങിയ പത്മരാജന്‍െറ എക്കാലത്തെയും മഹത്തായ സൃഷ്ടിയായ ‘ഞാന്‍ ഗന്ധര്‍വന്‍’ ഒരു മ്യൂസിക്കല്‍ ചലച്ചിത്രം തന്നെയായിരുന്നു എന്നും പറയാം. വളരെ വ്യത്യസ്തമായ ഗാനങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അദ്ദേഹം തന്‍്റെ പ്രിയപെട്ട സംഗീതസംവിധായകന്‍ ജോണ്‍സണെ സമീപിച്ചത്. ഹിന്ദുസ്ഥാനി രാഗങ്ങളില്‍ തനിക്ക് പാട്ടുകള്‍ ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് ഒഴിയാന്‍ ശ്രമിച്ച ജോണ്‍സണെ നിര്‍ബന്ധിച്ച് ധൈര്യം പകര്‍ന്നതും പത്മരാജനായിരുന്നു. അങ്ങനെ പിറന്ന ആ ഗാനങ്ങളെ മലയാളത്തിലെ അനശ്വര ഗാനങ്ങളുടെ പട്ടികയിലേ ഉള്‍പ്പെടുത്താന്‍ കഴിയൂ. ഒരു ഗന്ധര്‍വസംഗീത സൃഷ്ടി നമുക്ക് സമ്മാനിച്ച ഇരുവരും വിടചൊല്ലിയെങ്കിലും ഇവരുടെ അനശ്വരസൃഷടികളില്‍ ‘ഞാന്‍ ഗന്ധര്‍വന്‍’ തീര്‍ച്ചയായും ഇടംപിടിച്ചിട്ടുണ്ട്. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:padmarajan
Next Story