സംഗീത കുലപതിക്ക് മലയാളത്തിെൻറ പിറന്നാൾ നിറവ്
text_fieldsപള്ളുരുത്തി: സംഗീത കുലപതി എം.കെ. അർജുനന് മലയാളത്തിെൻറ പിറന്നാൾ നിറവ്. പിറന്നാൾ ദിനത്തിൽ ആശംസകളുമായി രാവിലെ മുതൽ സംഗീത പ്രേമികളുടെ തിരക്കായിരുന്നു വീട്ടിൽ. എം.കെ. അർജുനനും ഭാര്യ ഭാരതിയമ്മയും ചേർന്ന് കേക്ക് മുറിച്ചു.
ആശംസ അർപ്പിക്കാനെത്തിയവർ മുഖ്യമായും ഉയർത്തിയ ചോദ്യം അർജുനൻ മാസ്റ്റർക്ക് എന്തുകൊണ്ട് പത്മശ്രീ നൽകുന്നില്ലയെന്നതായിരുന്നു. ഇത്തവണയും സംസ്ഥാന സർക്കാർ മാസ്റ്ററെ ശിപാർശ ചെയ്തിരുന്നുവെങ്കിലും കേന്ദ്രസർക്കാർ തള്ളിയത് സംഗീതപ്രേമികൾക്ക് ഏറെ നിരാശയാണ് സമ്മാനിച്ചത്. ഇത് സംബന്ധിച്ച് സംഗീതപ്രേമികൾ ചോദിച്ച ചോദ്യത്തിന് മാസ്റ്റർ നൽകിയ മറുപടിയും ആ മനസ്സിെൻറ എളിമ വെളിപ്പെടുത്തുന്നതായിരുന്നു.
ഇന്ത്യൻ സംഗീതലോകം മാനിക്കുന്ന ദക്ഷിണാമൂർത്തിക്കുപോലും സമ്മാനിക്കാത്ത ആ പുരസ്കാരം ഞാൻ അർഹിക്കുന്നില്ലായെന്നായിരുന്നു മാസ്റ്ററുടെ മറുപടി. ജന്മദിനത്തിൽ ശിഷ്യനായ ദീപം വത്സൻ എഴുതിയ ‘അർജുന സംഗീതം’ പുസ്തകത്തിെൻറ പ്രകാശനവും നടന്നു. പള്ളുരുത്തി എസ്.എൻ ക്ലബിെൻറ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കെ.എ. വേണുഗോപാൽ, കൊച്ചിൻ ഷിപ്യാർഡ് ഡയറക്ടർ എൻ.വി. സുരേഷ് ബാബുവിന് പുസ്തകം നൽകി പ്രകാശനം ചെയ്തു. ക്ലബ് ജനറൽ സെക്രട്ടറി പി.എസ്. വിപിൻ പള്ളുരുത്തി അധ്യക്ഷതവഹിച്ചു. കെ. തുളസീധരൻ, വി.എൻ. ജയകുമാർ എന്നിവർ സമ്മാനങ്ങൾ നൽകി. ഗാനരചയിതാവ് ആർ.കെ. ദാമോദരൻ, പിന്നണി ഗായകൻ പ്രദീപ് പള്ളുരുത്തി, ഇ.കെ. മുരളീധരൻ, എം.എ. മാനുവൽ, എം.എം. സലീം, കൊച്ചിൻ ബാബു, ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേംകുമാർ എന്നിവർ സംസാരിച്ചു.
അരനൂറ്റാണ്ടിലേറെയായി ചലച്ചിത്ര സംഗീതലോകത്ത് വിസ്മയം തീർത്ത അർജുനൻ മാഷ് 1936ൽ മാർച്ച് ഒന്നിന് ഫോർട്ട്കൊച്ചിയിലാണ് ജനിച്ചത്. പള്ളിക്കുറ്റം എന്ന നാടകത്തിന് സംഗീതം നൽകിയാണ് മാസ്റ്റർ സംഗീത സംവിധാനം ആരംഭിക്കുന്നത്. അതിനുശേഷം ചങ്ങനാശ്ശേരി ഗീത, പീപിൾസ് തിയറ്റർ, ദേശാഭിമാനി തിയറ്റേഴ്സ്, ആലപ്പി തിയറ്റേഴ്സ്, കാളിദാസ കലാകേന്ദ്രം, കെ.പി.എ.സി തുടങ്ങിയ നാടക സമിതികളിൽ പ്രവർത്തിച്ച മാഷ് മുന്നൂറോളം നാടകങ്ങളിലായി ഏകദേശം എണ്ണൂറോളം ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചു.
1968ൽ കറുത്ത പൗർണമി എന്ന ചിത്രത്തിലൂടെയാണ് അർജുനൻ മാസ്റ്റർ സിനിമ സംഗീത സംവിധാനരംഗത്ത് എത്തുന്നത്. വയലാർ, പി. ഭാസ്കരൻ, ഒ.എൻ.വി കുറുപ്പ് എന്നിവർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ശ്രീകുമാരൻതമ്പി- എം.കെ. അർജുനൻ കൂട്ടുകെട്ടിൽ ഹൃദയസ്പർശിയായ നിരവധി ഗാനങ്ങൾ സംഗീതലോകത്തിന് ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.