കലഹിക്കുന്ന പാട്ടുകാരന്‍
text_fieldsകുഞ്ഞബ്ദുല്ലക്ക് ചില തീരുമാനങ്ങളുണ്ട്. അതെല്ലാം ശരികളാെണന്നും അദ്ദേഹത്തിന് ഉറപ്പുണ്ട്. പാരമ്പര്യ മാപ്പിളപ്പാട്ടുകളിലെ ഇതിവൃത്തങ്ങൾ മുഴുവൻ തിരസ്കരിച്ചാണ് അദ്ദേഹത്തിന്റെ എഴുത്ത്. പ്രണയവും ഇസ്ലാമിക ചരിത്രങ്ങളുമാണ് ആദ്യകാലത്തെ മാപ്പിളപ്പാട്ടുകളെങ്കിൽ കുഞ്ഞബ്ദുല്ലക്ക് ആകാശത്തും ഭൂമിയിലുമുള്ള സകല കാര്യങ്ങളും വിഷയമാണ്...
പാരമ്പര്യത്തോട് കലഹിച്ച് പുതുവഴി തേടാനാണ് കുഞ്ഞബ്ദുല്ല ഇഷ്ടപ്പെടുന്നത്. നാടോടുേമ്പാൾ നടുവേ ഒാടിയാൽ അംഗീകരിക്കാനും പുകഴ്ത്തിപ്പാടാനും ആളുണ്ടാവുമെന്ന് അറിയാഞ്ഞിട്ടല്ല. ഇതൊന്നും കുഞ്ഞബ്ദുല്ല എന്ന ജി.പി ആഗ്രഹിക്കുന്നില്ല. മൂന്ന് പതിറ്റാണ്ടായി മാപ്പിളപ്പാട്ടു രംഗത്തെ സാന്നിധ്യമായിട്ടും കവിയെന്ന നിലയിൽ അധികമൊന്നും അറിയപ്പെടാതെ സുഹൃത്തുക്കളുടെയും ഏതാനും സംഗീതപ്രേമികളുടെയും ഇടയിൽ മാത്രം ജി.പിയുടെ പേര് ഒതുങ്ങിയതും ഇതുകൊണ്ടാണ്. കാവ്യഗുണങ്ങളുള്ള 300ലേറെ പാെട്ടഴുതിയിട്ടുണ്ടെങ്കിലും പ്രസിദ്ധികരിച്ചതും കാസറ്റും സീഡിയുമായി ഇറങ്ങിയതും വിരലിലെണ്ണാവുന്നവ മാത്രം. അതിനും ദോഹയിൽ ബിസിനസുകാരനായ കുഞ്ഞബ്ദുല്ലക്ക് കഴിയാഞ്ഞിട്ടല്ല. മനസ്സുകൊടുത്തു കെട്ടിയുണ്ടാക്കുന്ന പാട്ടുകൾ സംഗീതം നിർവഹിപ്പിക്കുന്നതിനും പാടിക്കുന്നതിനും അദ്ദേഹത്തിന് ചില ഇഷ്ടങ്ങളും വാശികളുമുണ്ട്. അതെല്ലാം ഒത്തുചേർന്നാലേ കാസറ്റോ ആൽബമോ ഇറക്കുകയുള്ളൂ.
ഇശലുകളുടെ വേരുകൾ
പാട്ടിനെ സ്നേഹിക്കുന്ന നാട്ടിൽ പിറന്നതാണ് തന്റെ ഭാഗ്യമെന്ന് കുഞ്ഞബ്ദുല്ല പറയും. നാദാപുരം ചാലപ്പുറത്തെ പറമ്പത്ത് മമ്മുഹാജിയുടെയും ജി.പി. കുഞ്ഞാമി ഹജ്ജുമ്മയുടെയും എട്ടുമക്കളിൽ മൂന്നാമനായി ജനനം. സംഗീതപാരമ്പര്യമുള്ള കുടുംബം. നാദാപുരം ഗ്രാമത്തിന്റെ മുക്കിലും മൂലയിലുമെല്ലാം അക്കാലത്ത് പാട്ടുണ്ടായിരുന്നു. ഗാനത്തിന്റെ അകമ്പടിയില്ലാത്ത ആഘോഷങ്ങളെക്കുറിച്ച് ചിന്തിക്കാൻപോലും നാട്ടുകാർക്ക് ആകുമായിരുന്നില്ല. കല്യാണവീടുകളിലെല്ലാം ഗ്രാമഫോൺ റെക്കോഡുകൾ ഉണ്ടായിരിക്കും. ഒരിക്കൽ റംലാബീഗത്തിന്റെ കഥാപ്രസംഗം കേൾക്കാനിടയായത് കുഞ്ഞബ്ദുല്ലയുടെ ജീവിതത്തിലെ വഴിത്തിരിവായി. അന്ന് കുഞ്ഞബ്ദുല്ലക്ക് വയസ്സ് എട്ട്. മാപ്പിളപ്പാട്ടിന്റെ ഹൃദയം തൊട്ടറിഞ്ഞ ആലാപനം കുട്ടിയായിരുന്ന കുഞ്ഞബ്ദുല്ലയെ ആകർഷിച്ചു. എന്നിട്ടും പാട്ട് മനസ്സിലേക്ക് കുടിയേറിയത് കുഞ്ഞബ്ദുല്ല തിരിച്ചറിഞ്ഞത് പിന്നീടെപ്പോഴോ ആണ്. ചാലപ്പുറം സി.സി യു.പി സ്കൂളിലും നാദാപുരം ഗവ. യു.പി സ്കൂളിലുമായിരുന്നു പഠനം. അഞ്ചാം തരത്തിൽവെച്ചു തന്നെ പഠിപ്പു നിർത്തി. അക്ഷരങ്ങളോടുള്ള കൂട്ട് പക്ഷേ, ഉപേക്ഷിച്ചില്ല. നാട്ടിലെ വായനശാലകളിൽ നിത്യസന്ദർശകനായി. സ്കൂളിൽനിന്ന് കിട്ടുന്നതും അവിടന്ന് കിട്ടാത്തതുമായ അറിവുകൾ നാട്ടുവായനശാലകൾ അദ്ദേഹത്തിന് പകർന്നുനൽകി.
പ്രവാസിയായ കവി
ഗ്രാമം മുഴുവൻ അറബിപ്പൊന്ന് തേടിപ്പോയപ്പോൾ കുഞ്ഞബ്ദുല്ലയും വിമാനം കയറി. ഖത്തറിൽ ബിസിനസുകാരനായത് അങ്ങനെയാണ്. അവിടെ ജോലിത്തിരക്കിലും പാട്ടുകേൾക്കാൻ സമയം കണ്ടെത്തി. ഖത്തറിലെ സംഗീതാസ്വാദകർ നടത്താറുള്ള മെഹ്ഫിലുകളിൽ സന്ദർശകനായി. സുഹൃത്ത് ഖാലിദ് വടകരയുമൊത്തുള്ള ഒരു ഒഴിവുസമയമാണ് മനസ്സിൽ കവിതയുണ്ടെന്ന് കുഞ്ഞബ്ദുല്ല തിരിച്ചറിയുന്നത്. മെഹ്ഫിലുകൾ ആലപിക്കുന്ന ഖാലിദിനോട് പുതിയതെന്തെങ്കിലും പാടിക്കൂടെയെന്ന് കുഞ്ഞബ്ദുല്ല ചോദിച്ചു. എങ്കിൽ നിങ്ങൾ തന്നെ എഴുതിത്തരണമെന്നായി ഖാലിദ്. അന്ന് വൈകുന്നേരത്തെ നടത്തത്തിനിടയിൽ ആദ്യ വരികൾ മനസ്സിലൊഴുകിയെത്തി.
പൊട്ടിവിരിയുന്ന ആശതൻ മലർമൊട്ട്
ആത്മാവിൻ ചില്ലയിൽ എന്നു പൂക്കും.
പൊട്ടിത്തകർന്ന കിനാക്കളെ മയ്യത്ത്
ഏതൊരു മണ്ണിൽ ഞാൻ ഖബറടക്കും...
ആദ്യ ഗാനത്തിന് സുഹൃത്തുക്കളിൽ നിന്നു കിട്ടിയ സ്വീകരണം കുഞ്ഞബ്ദുല്ലയിലെ കവിക്ക് കൂടുതൽ പ്രചോദനമായി. വീണ്ടും മനോഹരങ്ങളായ കവിത തുളുമ്പുന്ന നിരവധി ഗാനങ്ങൾ.
വേറിട്ട വഴികൾ
കുഞ്ഞബ്ദുല്ലക്ക് ചില തീരുമാനങ്ങളുണ്ട്. അതെല്ലാം ശരികളാെണന്നും അദ്ദേഹത്തിന് ഉറപ്പുണ്ട്. പാരമ്പര്യ മാപ്പിളപ്പാട്ടുകളിലെ ഇതിവൃത്തങ്ങൾ മുഴുവൻ തിരസ്കരിച്ചാണ് അദ്ദേഹത്തിന്റെ എഴുത്ത്. പ്രണയവും ഇസ്ലാമിക ചരിത്രങ്ങളുമാണ് ആദ്യകാലത്തെ മാപ്പിളപ്പാട്ടുകളെങ്കിൽ കുഞ്ഞബ്ദുല്ലക്ക് ആകാശത്തും ഭൂമിയിലുമുള്ള സകല കാര്യങ്ങളും വിഷയമാണ്. പാട്ടിലെ ജനപക്ഷത്തുനിന്നുള്ള സംസാരമാണ് അദ്ദേഹത്തിേൻറത്. തന്റെ രചനകളിലൂടെ സാമൂഹികമായും രാഷ്ട്രീയമായുമുള്ള കാഴ്ചപ്പാടുകൾമുന്നോട്ടു വെക്കണമെന്നും അന്ധവിശ്വാസങ്ങളെ എതിർക്കുന്നവയാകണമെന്നും നിർബന്ധമുണ്ട്. സാമ്രാജ്യത്വം, അധിനിവേശം, ആയുധനിർമാണം, യുദ്ധം, സ്ത്രീധനം, സ്ത്രീ പീഡനം എന്നിങ്ങനെ പോകുന്നു വിഷയങ്ങൾ. പ്രണയവും വിരഹവും ഭക്തിയും ദേശഭക്തിയും പാട്ടിന് വിഷയമായിട്ടുണ്ട്.
സംഗീതസംവിധായകരെയും ഗായകരെയും തിരഞ്ഞെടുക്കുന്നതിലും കുഞ്ഞബ്ദുല്ലക്ക് ചില ഇഷ്ടങ്ങളുണ്ട്. എഴുതിയ 200ഒാളം ഗാനങ്ങൾ ചിട്ടപ്പെടുത്തിയ ഖാലിദ് വടകര സംഗീതകുടുംബത്തിലെ അംഗമല്ല. തോണിക്കാരനായിരുന്ന ഖാലിദ് സംഗീതം സ്വയം നേടിയെടുത്തതാണ്. ഇങ്ങനെയൊരാളെ അവതരിപ്പിക്കുക വഴി നടപ്പുശീലങ്ങളോട് ചില കലഹങ്ങൾ കുഞ്ഞബ്ദുല്ല നടത്തുന്നു. ആദ്യ കാസറ്റായ ‘ഹാഫിസി’ലെ ഗാനങ്ങൾ ആലപിച്ചവരുടെ കൂട്ടത്തിൽ മത്സ്യക്കച്ചവടക്കാരനും കൊല്ലത്തുകാരനുമായ ഖാദറുണ്ട്. രചനകളിലെന്നപോലെ ഇശലുകളിലും മാറ്റം വേണമെന്നതിനാൽ ഹിന്ദുസ്ഥാനി രാഗങ്ങളിലും പാട്ടുകൾ എഴുതിയിട്ടുണ്ട് കുഞ്ഞബ്ദുല്ല.
‘‘എങ്ങനെയെങ്കിലും പാട്ട് തട്ടിക്കൂട്ടിയുണ്ടാക്കി കാസറ്റോ ആൽബമോ ഇറക്കലല്ല, നല്ലത് പരിചയപ്പെടുത്തലാണ് എന്റെ ലക്ഷ്യം. മറ്റു സമുദായക്കാർ പാടിയത് കൊണ്ടുമാത്രം മാപ്പിളപ്പാട്ട് ജനകീയമാകില്ല. ജനകീയ വിഷയങ്ങൾ കൈകാര്യംചെയ്യുക കൂടിവേണം’’ ^കുഞ്ഞബ്ദുല്ല പറയുന്നു. പുതുതലമുറയിലെ ഗായകരുടെ കടുത്ത വിമർശകൻ കൂടിയാണ് കുഞ്ഞബ്ദുല്ല. ‘‘അവരെ മാപ്പിളപ്പാട്ടു ഗായകർ എന്നു വിളിക്കാൻ പോലും പാടില്ല. മാപ്പിളഭാഷയോ സംസ്കാരമോ അവരുടെ പാട്ടുകളിലില്ല. മാപ്പിളപ്പാെട്ടന്ന ലേബലിൽ അെതാക്കെ പുറത്തിറക്കുന്നതാണ് അവർ സമൂഹത്തോടു ചെയ്യുന്ന ഏറ്റവുംവലിയ പാതകം. വളരെ കഷ്ടപ്പെട്ടാണ് പഴയ ഗായകരും സംഗീതജ്ഞരും പാട്ടുകൾ ചിട്ടപ്പെടുത്തിയതും പാടിയതും. ഇവരൊക്കെ ആ പാട്ടുകൾ പാടുന്നതോടെ ഒരു തലമുറയുടെ െഎഡൻറിറ്റി ഇല്ലാതാക്കുകയാണ്’’.
പാട്ടിന്റെ വൈവിധ്യങ്ങൾ
രചനയുടെ 20ാം വർഷത്തിൽ ആരും കൈവെച്ചിട്ടില്ലാത്ത ഗാനസമാഹാരവുമായാണ് കുഞ്ഞബ്ദുല്ല എത്തിയത്. ‘രാഷ്ട്രീയമാല’ എന്നു പേരിട്ടിരിക്കുന്ന സമാഹാരത്തിലൂടെ ഇന്ത്യയുടെ 50 വർഷത്തെ ചരിത്രം അവതരിപ്പിച്ചു അദ്ദേഹം. ഒരു രാജ്യത്തിന്റെ കുതിപ്പും കിതപ്പും കിനാവും കണ്ണീരുമെല്ലാം ഇൗ രചനകളിലുണ്ട്. മാലപ്പാട്ടു രീതിയിൽ വേറെയും രചനകളുണ്ട് ജി.പിയുടേതായി. കേരളമാല, മീൻമാല, ഭക്ഷണമാല, പച്ചക്കറി മാല തുടങ്ങി തന്റെ ചുറ്റിലുമുള്ള സകലകാര്യങ്ങളെ കുറിച്ചും ഇൗ കവി ചിന്തിക്കുന്നു. മുസ്ലിം ലീഗിനെക്കുറിച്ചുവന്ന പാട്ടുകളിൽ ഏറ്റവും മനോഹരവും പ്രൗഢവുമാണ് ജി.പി എഴുതിയ വരികൾ. പ്രസ്ഥാനം രൂപവത്കരിച്ചതിന്റെ കാരണവും ലക്ഷ്യങ്ങളും നേതാക്കളുടെ മഹിമയുമെല്ലാം ഇൗ പാട്ടിലൂടെ ഇതൾവിരിയുന്നു. കോൺഗ്രസ് സംഗീതിക എന്ന പേരിൽ കോൺഗ്രസിനെക്കുറിച്ചും ജി.പി പാടിയിട്ടുണ്ട്. ദേശീയ കാഴ്ചപ്പാടാണ് ഇൗ പാട്ടിന്റെ മർമം. ഒരു പ്രവാസിയായതുകൊണ്ടു കൂടിയാകാം ഗൾഫു നാടുകളെ കുറിച്ചും ജി.പി മനോഹരമായി കവിത കോർത്തിട്ടുണ്ട്. സൗദി അറേബ്യ, ഖത്തർ, യു.എ.ഇ എന്നീ രാജ്യങ്ങളുടെ മഹിമയും പോരിശയും തെളിഞ്ഞ വരികളിൽ ജി.പി കുറിച്ചിടുന്നു. യു.എ.ഇയെക്കുറിച്ചെഴുതിയ ഗാനം അവിടെവെച്ച് ചിത്രീകരിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ജി.പി. യു.എ.ഇയിൽ ഹ്രസ്വസന്ദർശനങ്ങൾ മാത്രം നടത്തിയിട്ടുള്ള കവി, ഭാവന കൂടെ പകർന്നാണ് പാട്ടു കുറിച്ചത്. മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒന്നാണ് പാട്ടും അതിന്റെ ചിത്രീകരണവും.
ചിലപ്പോൾ സ്വയം വിമർശനത്തിനും മുതിരുന്നു കവി. ഞാനെന്റെ മതത്തിനോട് പൊരുതുകയാണ്. അതിന്റെ കഴുത്തിൽ കെട്ടിയ ഉറുക്കിനെയോർത്ത്...........
ജീർണിച്ച പൗരോഹിത്യത്തെ കവി കണക്കിനു പരിഹസിക്കുന്നു. ഒപ്പം സമുദായത്തിന് വന്നുപെട്ട ദുരവസ്ഥയിൽ ദുഃഖിക്കുകയും ചെയ്യുന്നു. ജി.പി എഴുതുന്ന അനുസ്മരണ ഗാനങ്ങൾക്കുേപാലും പ്രത്യേകത കാണാം. സദ്ദാം ഹുസൈൻ, ശിഹാബ് തങ്ങൾ, സി.എച്ച്. മുഹമ്മദ് േകായ, ശൈഖ് സഇൗദ് ആൽ നഹ്യാൻ, കെ. കരുണാകരൻ, ടി.പി. ചന്ദ്രശേഖരൻ എന്നിവരെക്കുറിച്ചുള്ള രചനകൾ ഇത് സാക്ഷ്യപ്പെടുത്തും. പി.ടി. അബ്ദുറഹ്മാനും എസ്.എ. ജമീലും കെ.ജി. സത്താറുമെല്ലാം സഞ്ചരിച്ച പാട്ടുവഴിയിലൂടെ ജി.പിയും സഞ്ചരിക്കുകയാണ്. മാപ്പിളപ്പാട്ടിന്റെ ചരിത്രത്തിൽ ജി.പിക്കും ഒരു സ്ഥാനം സ്വന്തമായുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.