Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightഅമ്മയുടെ...

അമ്മയുടെ പാട്ടുപെട്ടിയിലെ ഗന്ധർവന്മാർ

text_fields
bookmark_border
അമ്മയുടെ പാട്ടുപെട്ടിയിലെ ഗന്ധർവന്മാർ
cancel
camera_alt?????????, ?????????. ?????????????: ?????? ?????????????... ?????????? ????????????? ????...

അമ്മയുടെ തലമുറയിലെ അംഗനമാരോട് ഒരു കാര്യത്തിൽ വലിയ അസൂയ തോന്നിയിട്ടുണ്ട്. യേശുദാസെന്ന ശുഭ്രവസ്ത്രധാരിയായ, യുവഗായകൻ  മലയാളത്തെ ഗന്ധർവ ശബ്​ദത്തി​​​​​​െൻറ ദേവലോകരഥത്തിലേറ്റി, ആരും തുറക്കാത്ത  മായാജാലകവാതിലുകൾ തുറന്ന്, ഗാനലോലവീചികളിൽ പാമരനാം പാട്ടുകാരനായി വേണുവൂതുമ്പോൾ , ജയചന്ദ്രൻ എന്ന ഭാവഗായകൻ  മഞ്ഞലയിൽ മുങ്ങിത്തോർത്തി അനുരാഗ ഗാനം പോലെ.. അഴകി​​​​​​െൻറ അലപോലെ വന്ന്  ‘പണിഞ്ഞിട്ടും പണിഞ്ഞിട്ടും പണി തീരാത്തൊരു ‘സംഗീത മന്ദിരം’ പടുത്തു വെക്കുമ്പോൾ, ബാഷ്പധാര വടിച്ചെടുത്തു കുണുക്കു തീർത്ത്, മാറിൽ തുഷാരഹാരം ചാർത്തി, പാൽക്കടൽത്തിരകളിൽ അലക്കിയെടുത്ത പൂനിലാപ്പുടവ ചുറ്റി, കണ്ണിൽ താരകയും നീലത്താമരയും കൊണ്ടു നടന്ന, ചിരിക്കുമ്പോൾ മുത്ത് പൊഴിക്കുന്ന പ്രേമഭിക്ഷുകികളും  രൂപവതികളും മഞ്ജൂഭാഷിണികളും ആയി വിരാജിച്ചവരോട്​ എങ്ങനെ അസൂയ തോന്നാതിരിക്കും!

അമ്മയോട് പിന്നേയുമുണ്ടായിരുന്നു ഒരു കുഞ്ഞസൂയ. പണ്ടൊരിക്കൽ ദുബായിൽ നിന്നും നാട്ടിലേക്ക് യാത്രചെയ്യുമ്പോൾ  വിമാനത്തിൽ അമ്മയുടെ കൂടെ യാത്ര ചെയ്യാനെത്തിയത്  മറ്റാരുമല്ല സാക്ഷാൽ യേശുദാസാണ്. അന്ന് അമ്മയുടെ  കൈയിൽ നാട്ടിലേക്ക് കൊണ്ടു പോകുന്ന ഒരു പുതിയ അക്കായ് ടേപ്  റെക്കോർഡർ ഉണ്ട്.  ‘എൻ്റെ കൈയിലെ ടേപ്​ റെക്കോർഡർ കണ്ട് യേശുദാസ് വിചാരിച്ചു  കാണും...എൻ്റെ പാട്ടു കേൾക്കാനല്ലേ ...കൊണ്ടുപോകുന്നത്...’ എന്ന് പറയുമ്പോഴെല്ലാം  അമ്മയുടെ മുഖത്ത് ‘പതിനാലാം രാവുദിച്ചിരുന്നു’.

വാണി ജയറാം, പി. സുശീല, എസ്​. ജാനകി
 

 
വനിതയിൽ വന്നുകൊണ്ടിരുന്ന പ്രഭാ യേശുദാസിന്റെ ഓർമക്കുറിപ്പുകൾ ആവേശത്തോടെ വായിച്ചിരുന്നു അമ്മ.  അതിൽ, ഏതോ സംഗീത സദസ്സിൽ നിന്ന് ദാസേട്ടൻ  ‘എഴുന്നേൽക്കൂ സഖീ.. എഴുന്നേൽക്കൂ…’ എന്ന് പാടിയതും പ്രഭ ചേച്ചി സദസ്സിൽ നിന്ന്​ അറിയാതെ എഴുന്നേറ്റതും വായിച്ച്  അമ്മ മന്ദഹസിക്കുന്നത് എനിക്കിപ്പോഴും ഓർമയുണ്ട്.

അമ്മ നാട്ടിൽ വന്നു താമസമാക്കുമ്പോൾ പാട്ടു കസറ്റുകളുടെ ഒരു വലിയ നിധി പേടകം  തന്നെ കൈയിലുണ്ടായിരുന്നു. അതൂ കൂടാതെ എപ്പോഴും ആകാശവാണിയിലൂടെ പാട്ടിൻ്റെ പാലാഴി കടഞ്ഞിരിക്കലായിരുന്നു അമ്മയുടെ പ്രധാന വിനോദം. അന്നൊന്നും ഞങ്ങൾ ചുമരുകളിലെ ക്ലോക്കുകളിൽ സമയം നോക്കിയിരുന്നില്ല. ആകാശവാണിയിലെ പരിപാടികൾക്കനുസരിച്ചായിരുന്നു വീട്ടിലെ ടൈം ടേബിളുകൾ അമ്മ ക്രമീകരിച്ചിരുന്നത്​. മുടങ്ങാതെ ചലച്ചിത്രഗാനങ്ങൾ കേട്ടിരുന്ന, ഞായറാഴ്ച രാത്രി രഞ്ജിനി കേട്ടു മാത്രം ഉറക്കത്തിലേക്ക് പോയിരുന്ന കാലം. വൈകീട്ട് ഇത്തിരി നേരത്തേക്ക് മാത്രം തിരുവനന്തപുരം ദൂരദർശന്റെ പ്രക്ഷേപണം എത്തിനോക്കി പോയിട്ടും ആകാശവാണിയുടെ പ്രാധാന്യം ഒട്ടും കുറഞ്ഞിരുന്നില്ല.

സ്ക്കൂൾ കാലത്ത്  സ്റ്റേജിൽ ‘തുമ്പീ.. തുമ്പീ.. വാ വാ...’ എന്ന പാട്ടിന്  നൃത്തം വെച്ചതിൻ്റെ ഓർമ അമ്മ പറയുമ്പോൾ പട്ടുറുമാലും ചുറ്റി പച്ചക്കമ്പിളി ചുറ്റി നാടു നീളെ പാറി നടക്കുന്ന തുമ്പിയോട് ‘എന്റച്ഛനെ  അവിടെ കണ്ടോ …?: എന്ന് ചോദിക്കുന്ന കുട്ടിയെ ഓർത്തും, അധികം വൈകാതെ സ്വന്തം അച്ഛനെ   നഷ്ട്ടപ്പെട്ട  അമ്മയെ ഓർത്തും  എനിക്ക് സങ്കടം വരും.

ഇന്നലെ മയങ്ങുമ്പോൾ ഒരു മണിക്കിനാവിൻ്റെ പൊന്നിഞ്ചിലമ്പൊലി കേട്ടുണർന്നതിനെ  പറ്റി അമ്മ പാടുമ്പോൾ മണിക്കിടാവെന്നാണ്  ഞാനന്നൊക്കെ കേട്ടിരുന്നത്. കിങ്ങിണിയിട്ടോടി വരുന്ന ഒരു കുഞ്ഞുകുട്ടി എൻ്റെ സങ്കല്പത്തിൽ നിറയും. ‘കാട്ടാറിനെന്തിനു പാദസരം എൻ കണ്മണിക്കെന്തിനാഭരണം’ എന്നമ്മ  താടിയിൽ നുള്ളി കൊഞ്ചിക്കുമ്പോൾ എനിക്ക് അനൽപമായ സന്തോഷമുണ്ടായിരുന്നു.

ശ്രീകുമാരൻ തമ്പി, പി. ഭാസ്​കരൻ, വയലാർ രാമവർമ
 

 ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകമായി  ഭൂമിയിലെത്തി കന്യകയുടെ മനസ്സിൽ ചന്ദ്രോൽസവമായി കൊടിയേറുന്ന  ഗന്ധർവനെ  ഞങ്ങളൊക്കെ അഭ്രപാളിയിൽ കാണും മുമ്പേ മലയാള സിനിമയിൽ  ഒഴുകുമീ വെണ്ണീലാപാലരുവി  ഒരു നിമിഷം കൊണ്ട് യമുനയാക്കുന്ന , ഉണരുമീ സർപ്പലതാസദനം ഒരു നിമിഷം കൊണ്ടൊരു മഥുരയാക്കുന്ന  ‘ഗന്ധർവക്ഷേത്രത്തി’ ലെ ഗന്ധർവ​​​​​​െൻറയും പെൺക്കിടാവി​​​​​​െൻറയ​ും കഥ അമ്മ പറഞ്ഞാണ് കേട്ടത്. ‘ഇന്ദുമുഖീ ഇന്നു രാവിൽ എന്തു ചെയ്വൂ നീ...’  എന്നു ചോദിക്കുന്ന വിരഹിയായ കാമുക​​​​​​െൻറ ‘മുത്തശ്ശി’ കഥയും അമ്മ പറഞ്ഞാണ് കേട്ടത്.

വളരെ പഴയ പാട്ടുകൾ കൂടുതലും കേട്ടിരിക്കുന്നത് അച്ഛയുടെ ചുണ്ടിൽ നിന്നാണ്. അച്ഛയിലെത്തുമ്പോൾ പാട്ടി​​​​​​െൻറ ഭാവവും മാറും. പൈനാപ്പിൾ പോലെ പാൽപ്പായസം പോലെ ഇരിക്കുന്ന പെണ്ണിനെ  പറ്റിയും  നഞ്ചുവാങ്ങി തിന്നാൻ പോലും കൈയിൽ നയാപൈസയില്ലാത്ത  സങ്കടം കേട്ടതും  പുകവണ്ടിയെ പോലെ കരളിൽ തീയും കൊണ്ടു നടക്കുന്നവ​​​​​​െൻറ ദുരിതം കേട്ടതും കണ്മണിയെ കെട്ടുന്ന കാലത്ത്  നൂറിൻ്റെ നോട്ടുകൊണ്ട് ആറാട്ടു നടത്താൻ കാത്തിരിക്കുന്ന കെട്ടിയില്ലെങ്കിൽ കണ്ണീരിൽ നീരാട്ടാകുമെന്നും പറയുന്ന കാമുകനെ കേട്ടതും,  വീട്ടുകാരിയായി വരുവാൻ പാട്ടുകാരിപ്പെണ്ണിനെ ക്ഷണിക്കുന്നത് കേട്ടതും, കല്ല്യാണമോതിരം കൈമാറും നേരം കള്ളക്കണ്ണ് നീട്ടി കള്ളിയെ പോലെ നോക്കുന്നവളെ കുറിച്ച് കേട്ടതും, കടലിൽ ചെന്ന് കാമുകനെ കണ്ട് കല്ല്യാണമറിയിക്കുന്ന പെരിയാറിനെ കുറിച്ചു കേട്ടതും അച്ഛയിൽ നിന്നാണ്.  

മലയാളത്തിലെ പല ക്ലാസിക്കുകൾ  അച്ഛ ഇഷ്ടത്തോടെ ചേർത്തു വെച്ചിരുന്നു. . മാണിക്യവീണയുമായ് മനസ്സിൻ്റെ താമരപൂവിൽ വിടർന്നവളും കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും പാട്ടിൻ്റെ പാലാഴി തീർത്തവളും നാദബ്രഹ്മത്തിൻ സാഗരം നീന്തി വരുന്ന നാദസുന്ദരിമാരും പരിചിതരായതും അച്ഛയിൽ നിന്നു തന്നെ.  രാവിലെ ഉണരാൻ മടിച്ചു സുഖിച്ചുറങ്ങുമ്പോൾ  അച്ഛ മുറിയിലെ ഫാൻ ഓഫാക്കി ‘ഉണരുണരൂ ഉണ്ണിക്കണ്ണാ..’ എന്നുറക്കെ പാടി ഞങ്ങളെ പരിഭവിപ്പിച്ചിരുന്നു.. പിണങ്ങുമ്പോഴൊക്കെ ‘മുൻ കോപക്കാരീ…” എന്നോ ‘ചട്ടമ്പിക്കല്ല്യാണി’ എന്നോ  പാടി  എ​​​​​​െൻറ ശുണ്ഠി മൂപ്പിച്ചിരുന്നു. അമ്മയെ ഒരിക്കൽ പോലും പേരു ചൊല്ലി വിളിക്കാത്ത അച്ഛ കളിയായി ‘പന്യ്ക്കലെ തത്തേ…’ (അമ്മയുടെ വീട്ടുപേരാണ്​ പനയ്​ക്കൽ) പാടിയിരുന്നു.

അങ്ങനെ മലയാള സിനിമാ ഗാനശാഖയുടെ ഏഴിലം പാലകൾ പൂത്തുനിൽക്കുന്ന പൂമരങ്ങൾ കുടപ്പിടിച്ച പാലരുവിക്കരയിലൂടെ,  നടന്നു നടന്നാണ് അക്കലത്ത്​ ഏതാണ്ടെല്ലാവരെയും പോലെ ഞങ്ങളും വളർന്നത്. അച്ഛയുടെയും അമ്മയുടെയും പാട്ടുസ്നേഹം തന്നെയായിരുന്നു ആ നടത്തത്തിന് തുണയായത്.

വളരെ പഴയ ചില സിനിമകളുടെ   വീഡിയോ കസറ്റുകളുണ്ടായിരുന്നു വീട്ടിൽ.  അതിൽ എനിക്കന്യമായിരുന്ന ഏതോ ഒരു  കാലത്ത്  കുയിലിനെ തേടി കുതിച്ചു പായുന്ന പട്ടുക്കുപ്പയക്കാരനായ സത്യനെ കുറിച്ച്   നഖം കടിച്ചു പാടുന്ന മിസ് കുമാരിയും വേലിക്കൽ നിന്ന് കിളിച്ചുണ്ടൻ മാമ്പഴം കടിച്ചു കൊണ്ടു കിന്നാരം പറഞ്ഞവനെ കുറിച്ച് പാട്ടും പാടി വെളുക്കുമ്പോൾ കുളിക്കുവാൻ പോകുന്ന  ഷീലയും പുള്ളിമാനല്ല മയിലല്ല..മധുരക്കരിമ്പല്ലാത്ത  മാരിവില്ലൊത്തപെണ്ണായി അംബികയും  കുട്ടികളെ ചേർത്തു നിർത്ത് പച്ചമലയിലെ  പവിഴമലയിലെ പട്ടുടുത്ത താഴ്വരയിലെ കൃഷ്ണമൃഗങ്ങളെ കുറിച്ച് പാടുന്ന രാഗിണിയും  ഉണ്ടായിരുന്നു.. ദൂരദർശനിൽ വ്യാഴാഴ്​ച​േതാറും  എത്തുന്ന ചിത്രഗീതത്തിലെ ആദ്യത്തെ രണ്ടോ മൂന്നോ പുതിയ പാട്ടുകൾക്കൊടുവിൽ തെളിയുന്ന ചില ബ്ലാക്ക്​ ആൻറ്​ വൈറ്റ്​ ദൃശ്യങ്ങൾ കൂടെ കഴിഞ്ഞാൽ അന്ന് പഴയ പാട്ടുകൾ കേൾക്കാൻ മാത്രമുള്ളതായിരുന്നു.
കേട്ടു കേട്ടു ആയിരം ഭാവനകൾ വിടർത്തിയ ഗാനങ്ങളുടെ ദൃശ്യങ്ങൾ ശരിക്കും കാണാൻ കഴിഞ്ഞത്  വർഷങ്ങൾക്ക് ശേഷം ഏഷ്യാനെറ്റ് അവതരിപ്പിച്ച ‘പാട്ടുപെട്ടി’ എന്ന പരിപാടിയിലും അതിനു ശേഷം പുതിയ കാലം തുറന്നു തന്ന യൂ ട്യൂബിന്റെ വിസ്മയലോകത്തുമാണ്​. സ്കൂളിൽ കൂടെ പഠിച്ച കൂട്ടുകാരൊക്കെ കൂടുതൽ ഹിന്ദി പാട്ടുകളും പിന്നെ അതതു കാലത്തിറങ്ങുന്ന മലയാളം പാട്ടുകളും പാടിനടക്കുന്നവർ. കൂട്ടുകാരോടൊപ്പം അക്കാലത്തെ ഹിന്ദി സിനിമാഗാനങ്ങളിലൂടെ ഒന്നൊഴുകിയെങ്കിലും വളരെ പെട്ടെന്ന് തന്നെ  പ്രിയമലയാളത്തി​​​​​​െൻറ മനോഹര തീരം മാടി വിളിച്ചു. നീ ഏതു കാലത്താണ്  ജീവിക്കുന്നതെന്ന് കളിയാക്കുന്ന  സ്നേഹിതർക്ക്   മുന്നിൽ ‘അറിയില്ല നിങ്ങൾക്കെ​​​​​​െൻറ അടങ്ങാത്ത മലയാള സ്നേഹം’ എന്നുള്ളം ചിരിക്കും. പിന്നെയും കാലം ചെന്നപ്പോളാണ് പാട്ട് സ്നേഹം സൗഹൃദങ്ങൾക്ക്  മാനദണ്ഡമായതും ഈ പാട്ടുകളെ സ്നേഹിക്കാത്തൊരാൾക്ക് ഒരിക്കലും എന്നെ  പ്രണയപരാധീനയാക്കുവാൻ കഴിയില്ലെന്നും ഉൾവിളിയുണ്ടായതും.

​ശ്രീകുമാരൻ തമ്പി, യേശുദാസ്​, സലിൽ ചൗധരി
 

യേശുദാസ്, ജയചന്ദ്രൻ, എസ് ജാനകി, എ. എം രാജ, ബ്രഹ്മാനന്ദൻ, പി. സുശീല എന്നിങ്ങനെയുള്ള ശബ്ദങ്ങളാണ്  പഴയ മലയാള സിനിമാപാട്ടുകളുടെ സുവർണ്ണകാലത്തേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയതെങ്കിലും,  ദക്ഷിണാമൂർത്തി സ്വാമിയും ബാബുരാജും ദേവരാജനും രാഘവൻ മാസ്റ്ററും എം.കെ അർജ്ജുനനും എം.എസ് വിശ്വനാഥനും എ.ടി ഉമ്മറും ഉഷാ ഖന്നയും സലിൽ ചൗധരിയും തീർത്ത സംഗീത നിർഝരി കേട്ട് ഞാൻ തരിച്ചു നിന്നുവെങ്കിലും. പി. ഭാസ്കരനും വയലാറും ശ്രീകുമാരൻ തമ്പിയും ഒ.എൻ.വി യും യുസഫലി കേച്ചേരിയും മുല്ലനേഴിയും പൂവച്ചൽ ഖാദറും അങ്ങനെ കവികൾ അനേകം വിരിയിച്ച വാക്കുകളുടെ ഇന്ദ്രജാലം കണ്ട് നിത്യവിസ്മയത്തിലാകുകയായിരുന്നു. അവരെ​​​​​​െൻറ കളിത്തോണി  എന്നെന്നേക്കുമായി അവിടെ കെട്ടിയിടുകയായിരുന്നു. അന്നു വായിച്ചിരുന്ന നോവലുകളും കഥകളും അതു പറഞ്ഞ കഥാകാരന്മാരോ കഥാകാരികളോ അല്ല….ഈ പാട്ടുകളുടെ സൗന്ദര്യം തന്നെയാണ് മലയാളഭാഷതൻ മാദകഭംഗി എനിക്ക് കാണിച്ചു തന്നതും എന്നെ അതികാൽപനികയും നിത്യപ്രണയിനിയുമാക്കിയതും.
 
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണു പങ്കു വെച്ചുവെന്ന് പറഞ്ഞ് എന്നെ ചിന്തകയാക്കി. മറക്കാൻ പറയാൻ എന്തെളുപ്പം മണ്ണിൽ പിറക്കാതിരിക്കലാണതിലെളുപ്പം എന്ന് ജീവിതതത്വം പഠിപ്പിച്ചു. ഓർമകൾ മരിക്കുമോ ഓളങ്ങൾ നിലക്കുമോ എന്ന് ഓർമകളുടെ തീവ്രത അനുഭവിപ്പിച്ചു. കളിക്കൂട്ടുകാരനെ മറന്നു പോയോ എന്നൊരറ്റ ചോദ്യത്തിൽ വിരഹം തുടിച്ചു. ഇലഞ്ഞിപ്പൂമണമൊഴുകി വന്ന് ഇന്ദ്രിയങ്ങളെ തൊട്ടു. കലമാൻ്റെ മിഴിയുള്ള കളിത്തത്തമ്മ മോഹിപ്പിച്ചു. രാഗവേദന വിങ്ങുമെൻ കൊച്ചു പ്രാണ തന്ദു പിടഞ്ഞു. ഇന്ദ്രനീലാഭ ചൂടും സുന്ദരിയുടെ മലർമിഴിയുമായങ്ങനെ ഇണങ്ങി. എൻ സ്വപ്നരേണുക്കൾ പുഷ്പങ്ങളാക്കി എന്നും മാധവമുണർത്തി. വിപ്രലംഭശൃംഗാര നൃത്തമാടാൻ വരും വെൺചന്ദ്രലേഖയും പൂങ്കുലയ്ക്കുള്ളിൽ വാടകക്ക് മുറിയെടുക്കുന്ന തരളഹൃദയവികാരലോലൻ തെന്നലും  സൗരയൂഥത്തിൽ വിടർന്നൊരു കല്യാണസൗഗന്ധികമായ ഭൂമിയും പ്രേമദൂതുമായ പോകുന്ന ശ്യാമമേഘവും അനഘസങ്കൽപഗായികയും വിസ്മയഭരിതയാക്കി.  പാടത്തെ നെല്ലിനും തീരത്തെ തൈകൾക്കും  പാലും കൊണ്ടോടുന്ന പാവം ഭ്രാന്തത്തി  പെണ്ണിനെ ഓർത്ത് നെഞ്ചു പൊട്ടി. ചില സന്ധ്യകളിൽ എൻ്റെ സൂര്യൻ എരിഞ്ഞടങ്ങി. മറ്റു ചിലപ്പോൾ സന്ധ്യയാം ഗോപസ്ത്രീതൻ മുഖം തുടുത്തതും കാളിന്ദിയിൽ പൂനിലാവ് മയക്കമായതും ഞാൻ കണ്ടു.  എടുക്കുമ്പോളോന്ന് തൊടുക്കുമ്പോൾ പത്ത് കൊളളുമ്പോൾ ഒരു കോടിയാകുന്ന  മാന്ത്രികവാക്കുകൾ കൊണ്ടവരെൻ്റെ മനസ്സിനെ തടവിലാക്കി.

എം.കെ. അർജുനൻ, ദേവരാജൻ മാസ്​റ്റർ
 


 എനിക്ക് മുൻപേ നടന്നവരുടെ പാട്ടു ലോകത്തെ  ചേർത്തു വെക്കുമ്പോഴും എൻ്റെ തലമുറക്ക്  വളരുവാനും പൂവായ് വിരിയുവാനും   സംഗീതവും കവിതയും വേണ്ടുമ്പോലെ ഇണക്കിച്ചേർത്ത പാട്ടുകളുടെ ഒരു നിധിപേടകം കരുതി വെച്ചിരുന്നു കാലം. അവിടേക്ക് ശ്യാമും ജോൺസൺ മാഷും ഓസേപ്പച്ചനും രവീന്ദ്രനും എം ജി. രാധാകൃഷ്ണനും ബോംബേ രവിയും  കൈതപ്രവും ഗിരീഷ് പുത്തഞ്ചേരിയും ചിത്രയും സുജാതയും  ഉണ്ണി മേനോനും ശ്രീകുമാറും വേണുഗോപാലും ബിജു നാരായണനും   പുതിയ നൂറ്റാണ്ട് പിറക്കുമ്പോൾ  വിജയും  മധുവും വിധുവും സുദീപും ജ്യോത്സ്നയും അങ്ങനെയങ്ങനെ എത്ര പേർ ചേർന്ന് ഞങ്ങൾക്കിരുന്നുണ്ണാൻ സംഗീത വിരുന്നൊരുക്കി. ശൈശവത്തിലെ ഏറ്റവും പഴകിയ ഓർമയിൽ  അച്ഛ​​​​​​െൻറ മോളായി അമ്മയ്ക്ക് തേനായി മാനിനോടും മയിലിനോടും കന്നിവയൽ കിളിയോടുമൊപ്പം ഞാനുറങ്ങുന്നു. തെങ്ങിള നീരും തേന്മൊഴിയും മണ്ണിൽ വിരിഞ്ഞ നിലാവുമായി അമ്മയുടെ മടിയിലിരിക്കുന്നു.. കണ്ണോട് കണ്ണോരം കണിമലരായിവീട്ടിലുലാവുന്നു.

 ഒരു പെൺക്കുട്ടിക്കാലത്തി​​​​​​െൻറ എല്ലാ ചാരുതയുമായി  ചേച്ചിയോടൊപ്പം കണ്ണാംതുമ്പിക്കു പിന്നാലെ ഓടുന്നു, വെള്ളാരംകല്ലു കൊണ്ട് ചില്ലുകളുണ്ടാക്കുന്നു. അപ്പൂപ്പൻ താടിയിൽ ഉപ്പിട്ട് വെക്കുന്ന ചെപ്പടി വിദ്യകണ്ടും കരിമാറാലയിൽ കളിയൂഞ്ഞാലിട്ടും തലകീഴായ് നീന്തിയുമെൻ്റെ കുട്ടിക്കാലം തിമിർക്കുന്നു. നിലാവിൻ്റെ പൂങ്കാവിൽ നിശാപുഷ്പഗന്ധമായി വന്ന് മോതിരക്കൈവിരലുകളാൽ മുദ്രകൾ കാണിക്കുന്ന യക്ഷിയെ കണ്ടു പേടിക്കുന്നു. തൊട്ടാവാടിയോടിഷ്ടം പറഞ്ഞും വള്ളികുടിലിൽ ഒളിച്ചിരുന്നും എൻ്റെ ഏകാന്തസുന്ദര നിമിഷങ്ങൾ കടന്നു പോകുന്നു. ആരേയും ഭാവഗായകനാക്കുന്ന  നക്ഷത്ര കന്യകളെ പോലും നമ്രശീർഷരാക്കുന്ന  കേവലമർത്യഭാഷ കേൾക്കാത്ത പെൺകുട്ടി സ്ലോമോഷനിൽ ഊഞ്ഞാലാടുമ്പോൾ അവളോടൊപ്പം ഞാനും ആകാശത്തേക്കുയരുന്നു. എതൊരുഗ്ര തപസ്വിതൻ പ്രാണനിലാകെ കുളിരേകുന്ന അഗ്നിയായി പടരാൻ കഴിയുന്ന വൈശാലിയും ഉന്മത്ത കോകിലത്തിൻ ആലാപശ്രുതി കേൾക്കേ പെൺകുയിൽ ചിറകടിച്ചതിൻ പൊരുളറിയാതെ നിന്ന മുനികുമാരനും  ആയിരം തിരകളുണർന്ന് വിലാസഭാവമായി വിരഹിണീ വിധുവായി ഒഴുകുന്നവൾക്ക് മുന്നിൽ പ്രത്യക്ഷനാകുന്ന ഗന്ധർവനും  ഇന്ദുലേഖ കൺ തുറന്ന സാന്ദ്ര രാവിലൂടെ കുതിറപ്പുറത്തേറിയും പുഴ നീന്തിക്കടന്നും ചന്ദനലേപസുഗന്ധമുള്ള ഉണ്ണിയാർച്ചയെ കാണാൻ പോകുന്ന ചന്തുവും നീലമേഘം നെഞ്ചിലേറ്റിയ പൊന്തരാകമായ രാധയും ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും കേളികളാടുന്ന വനമാലിയും അഞ്ചുശരങ്ങളും പോരാതെ നായികയുടെ ചിരി സായകമാക്കുന്ന മന്മഥനും ഞാനെന്ന പെൺകുട്ടിയെ സങ്കൽപ്പവിഹായസിലേക്കുയർത്തിയിരുന്നു.

ലേഖികയുടെ അമ്മ
 

സ്ക്കൂളിലേക്കും കോളജിലേക്കുമുള്ള ദീർഘയാത്രകളിൽ അഴകിനൊരാമുഖമായ ഭാവമായി അതിലാരുമലിയുന്ന ഇന്ദ്രജാലമായി പാട്ടിൻ്റെ ഈരടികൾ എപ്പോഴുമൂണ്ടായിരുന്നു ബാക്ഡ്രോപ്പിൽ. പഠിക്കാൻ പോകുന്നത് തന്നെ മടക്കയാത്രകളിലെ പാട്ടിൻ്റെ കൂട്ടിനു വേണ്ടി കൂടിയായിരുന്നു. അങ്ങനെ പുലർകാല സുന്ദര സ്വപ്നത്തിലെൻ്റെ കൗമാരം പൂമ്പാറ്റയായി പാറി നടന്നു. ഹിമബിന്ദു മുഖപടം ചാർത്തിയ പൂവിനെ മധുകരം മുകരാതെ ഉഴറുന്നതെന്നതെന്ന് അത്ഭുതപ്പെട്ടു. കാതരായായൊരു പക്ഷിയെൻ ജാലക വാതിലിൽ മെല്ലെ ചിലച്ച നേരം അരികിൽ നീയുണ്ടായിരുന്നെങ്കിലെന്ന് മോഹിച്ചു. കിനാവിൻ്റെ പടികടന്നു  ആരും കൊതിക്കുന്നൊരാൾ വന്നു ചേരുന്നത് സ്വപ്നം കണ്ട് ഒരു അലസസുന്ദരീമണി എന്നുള്ളിൽ സരസമായുറങ്ങി.  
നീയില്ലയെങ്കിലെൻ ജന്മമില്ലെന്ന് ആലോലമായി മൊഴിഞ്ഞിടാൻ   വൃശ്ചിക രാവിൻറെ പിച്ചകപ്പന്തലിൽ ഞാൻ കാത്തിരുന്നു. ആത്മാവിൽ ചിറകുകുടഞ്ഞൊരഴകായി നീ അണയുമ്പോൾ   നിറമിഴിയിൽ ഹിമകണമായി അലിയുകായായെൻ വിരഹം.

പാട്ടില്ലാതെ  ഒരു നിമിഷവും കടന്നു പോയില്ല. ജീവിതത്ത്തിലെ  ഓരോ ചിരിയിലും കണ്ണീരിലും  ഓരോ പുലരിയിലും സന്ധ്യയിലും വെയിലിലും നിലാവിലും ഒരു പാട്ടിൻ്റെ ഈരടി ഉള്ളിൽ സ്പന്ദിച്ചുക്കൊണ്ടിരുന്നിരുന്നു. ഹൃദയം പാടിക്കൊണ്ടേയിരുന്നു. കെ.ജി ക്ലാസ്സിൽ അക്ഷരവും അക്കവും മടുപ്പിച്ചപ്പോൾ  ടീച്ചറോട് പറഞ്ഞു എനിക്ക് പാടണമെന്ന്. അന്ന് ഞാനൊരു പാട്ടുകാരിയല്ലെന്ന് ഒരു തിരിച്ചറിവുമില്ലാത്തതുകൊണ്ട് ഉള്ളിലിരുന്ന് തിങ്ങിയ വരികൾ ധൈര്യമായി പാടി ‘തേനും വയമ്പും….നാവിൽ തൂകും വാനമ്പാടി..’ പിന്നീട് അത്തരം സാഹസങ്ങൾക്കൊന്നും പുറപ്പെട്ടിട്ടില്ലെങ്കിലും കറന്റ് കട്ടിന്റെ സമയത്ത് വീട്ടിൽ അന്താക്ഷരിക്കളിയായി പാട്ടു നിറയുമായിരുന്നു.. നിലാവ് വീണ മട്ടുപ്പാവിലിരുന്ന് അവൻ നീട്ടിയ പ്രണയോപഹാരവും ഒരു പാട്ടായിരുന്നു. ‘മണി വിളക്ക് വേണ്ട മുകിൽ കാണേണ്ട ഈ പ്രേമസല്ലാപം..
നീ മായല്ലേ മറയല്ലേ നീലനിലാവൊളിയെ..’

കൈതപ്രം
 

കോളേജ്  യൂണിയൻ ഉദ്​ഘാടനത്തിന്​ കൈതപ്രം വരുന്ന ദിവസം അമ്മയെ ഒരു സർജറിക്കായി ആശുപത്രയിൽ അഡ്മിറ്റ് ചെയ്യുകയാണ്. രണ്ടു ദിവസം കഴിഞ്ഞാണ് സർജറി. പ്രിയ കവിയെ ഞാൻ പോയി കാണണമെന്ന് അമ്മ നിർബന്ധിച്ചു. അന്ന് ക്ലാസ്സുമുറിയിലിരുന്ന് അമ്മ ഒരുക്കി തന്ന ചോറ്റുപാത്രം തുറക്കുമ്പോൾ എനിക്ക് വിങ്ങി. അമ്മയില്ലാത്ത വീട്ടിലേക്ക് വൈകുന്നേരം കയറി വരുമ്പോൾ ഓഡിറ്റോറിയത്തിൽ കൈതപ്രം ആലപിച്ച വരികൾ എനിക്കൊപ്പമുണ്ടായിരുന്നു…
‘ഇനിയെന്നു കാണുമെന്ന് പിടഞ്ഞു പോയി
എൻ്റെ ഇടനെഞ്ചിലോർമകൾ തുളുമ്പിപ്പോയീ....’

രണ്ടു വർഷം കഴിഞ്ഞ് പിറന്നാൾ സമ്മാനമായി പുതിയൊരു പാട്ടുപെട്ടി വാങ്ങി തന്ന് പാട്ടുകളുടെ കൂട്ടിലെന്നെ തനിച്ചാക്കി മാനസസരസ്സുകളുടെ അക്കരയിലേക്ക്​ അമ്മ പറന്നു പോകുന്ന  ദിവസം എന്തിനെന്നില്ലാതെയപ്പോൾ വടക്കേ തിണ്ണയിലിരുന്ന് മുറ്റത്തേക്ക് നോക്കുമ്പോൾ, ഒരിക്കലും പാടാറില്ലാത്ത ഏറേ കാലമായി ഓർക്കുക പോലും ചെയ്യാത്തൊരു പാട്ട് മനസ്സിൽ വന്നു പെയ്തുക്കൊണ്ടിരുന്നിരുന്നു.
‘എല്ലാം ഓർമകൾ... എല്ലാം ഓർമകൾ ഇന്നീക്കുഴിയിൽ മൂടി ഞാൻ..
എന്നാലും എല്ലാം ചിരഞ്ജീവികൾ...’

രവീന്ദ്രൻ മാസ്​റ്റർ
 

പിന്നെ ടെലിവിഷൻ ചാനലുകൾ എപ്പോഴൊക്കെ ‘അമ്മയെ വേർപ്പിരിഞ്ഞ പൈക്കിടാവിൻ ദുഖമോർക്കാതെ എങ്ങു നീ പോയി…’ എന്നു ചോദിച്ചുവോ അപ്പോഴൊക്കെ നെഞ്ചു വിങ്ങി ഞാൻ അവിടെ നിന്നെഴുന്നേറ്റു. അമ്മ സമ്മാനിച്ച പാട്ടുപെട്ടിയിൽ അമ്മക്ക് പ്രിയപ്പെട്ട ഗാനം കേട്ടുകേട്ട്  പൊള്ളുന്ന ഓർമ്മകളുടെ വേനലിൽ ഏകാകിനിയായ വേഴാമ്പലായി ഞാൻ.
“ഈ വഴി ഹേമന്തമെത്ര വന്നു...
ഈറനുടുത്തു കൈക്കൂപ്പി നിന്നു.
എത്ര വസന്തങ്ങൾ നിൻ്റെ മുന്നിൽ
പുഷ്പപാത്രങ്ങളിൽ തേൻ പകർന്നു.
മായികാ മോഹമായി മാരിവിൽ മാലയായി..
മായുന്നുവോ മായുന്നുവോ ഓർമ്മകൾ കേഴുന്നുവോ…”
കാലം പിന്നേയും ഇന്ദ്രജാലങ്ങൾ കാണിച്ചു. ഗുരുവായൂർ അംബലത്തിലേക്ക് പുറപ്പെടും മുമ്പ്​ കണ്ണാടിക്ക് മുൻപിലിരുന്ന് വധുവായി അണിഞ്ഞൊരുങ്ങുമ്പോൾ പാട്ടുപെട്ടി പാടിക്കൊണ്ടിരുന്നു….
‘നിൻ നീലക്കണ്ണിൽ നാണം മഷിയെഴുതും യാമം...
ഈ മായക്കണ്ണൻ നീയാം മധുനുകരും നേരം ……………
ഗോപീഹൃദയം തരളിതമായി...രാധാമാധവസംഗമമായി...’

നാളികേരത്തിൻ്റെ നാട്ടിൽ നിന്നും എൻ്റെ നാഴിയിടങ്ങഴി മണ്ണിൽ നിന്നും ഏറേ അകലെ പതിനാലാം രാവിലെ പാലാഴിത്തിരയിലെ മൽസ്യ കന്യകമാരണിയും  ഇല്ലാത്ത മാണിക്ക്യക്കല്ലും തേടി കടലിനക്കരെ പോയി ജീവിക്കുമ്പോഴും ഹൃദയം പാടിക്കൊണ്ടേയിരിക്കുന്നു. പ്രസവത്തിനായി പാതിരാവിൽ ആശുപത്രിയിലേക്ക് യാത്രചെയ്യുമ്പോഴും ഉള്ളിൽ മലർ കൊടി  പോലുറങ്ങുന്നവളോട് പാട്ടുപെട്ടി പാടുന്നു
‘ഉറങ്ങു ..കനവുകണ്ടുണരാനായി ഉഷസണയുമ്പോൾ..’

കാലമറിയാതെ ഞാനൊരമ്മയായി.എൻ മനസ്സിൻ ആലിലയിൽ കണ്ണനുണ്ണിയായി അവളെ കിടത്തി എങ്ങനെ ഞാനുറക്കേണ്ടുവെന്ന് അമ്മ മനസ്സ് ആവലാതികൊള്ളുന്നു. സ്നേഹം കൊണ്ടൊരു തോണിയുണ്ടാക്കി കാലത്തിൻ അറ്റത്തേക്ക് പോകാൻ ഞാനവളെ പഠിപ്പിക്കുന്നു.  മാമലകൾക്കപുറത്തുള്ള മരതകപ്പട്ടുടുത്ത മലയാളമെന്ന നാടിനെ കുറിച്ച് അവളോട് പറയുന്നു. ഓരോ അവധികാലത്തിലേക്കും പെട്ടിയൊരുക്കുമ്പോൾ ‘തിരികെ മടങ്ങുവാൻ തീരത്തടുക്കുവാൻ ഞാനും കൊതിക്കുന്നു.” രോഗശയ്യയിൽ പുലരാൻ തുടങ്ങുമൊരു രാത്രിയിൽ തനിയെ കിടന്നു മിഴിവാർക്കവേ   ഒരു നേർത്ത തെന്നലലിവോടെ വന്നു നെറുകിൽ തലോടി മായുന്നു . ചിലപ്പോൾ മൗനം പറന്നു പറന്നു വന്നെൻ്റെ മൺവീണയിൽ ചേക്കേറുന്നു. ചിലപ്പോൾ  ഹൃദയം തിരയിളക്കുന്ന മഞ്​ജു വേഷങ്ങളോടൊപ്പം ആനന്ദനടനമാടുന്നു.

കെ.എസ്​. ചിത്ര
 

പുതിയ പാട്ടുകളും പാട്ടുകാരും കടന്നു വരുന്നു.  അവയിൽ അപൂർവം ചിലത് ഹൃദയത്തിൻ മധുപാത്രം നിറച്ച് വെക്കും. ഭൂരിഭാഗവും ഒരു തേന്തുള്ളി പോലുമാവാതെ തെറിച്ചു പോകുന്നു.  വരികളെ ‘ഓവർലാപ്പ്’ ചെയ്യുന്ന ബഹളങ്ങളിൽ  നിന്നൊരു വാക്കു പോലും  തിരിഞ്ഞു കിട്ടാതെയായി. കാലം ചെന്നപ്പോൾ സിനിമാപാട്ടുകൾ അത്ഭ്ത സുന്ദരകാഴ്ചകളുടേത്   മാത്രമായി. പുരികമിളക്കി ഒരു പെൺക്കുട്ടി ലോകപ്രശസ്തിയിലെക്കുയരുമ്പോൾ  പുരികത്തിൻ ചുരിക തടുക്കാൻ പരിചയില്ലാതെ അനുരാഗക്കളരിയിൽ അങ്കത്തിനു വന്നവൾക്കു മുന്നിൽ നിസ്സഹായനാകുന്ന കാമുകനെ വളരെ പണ്ടേ വരച്ചു വെച്ച കവിയെ ഓർത്തു പോയി. പക്ഷേ, സങ്കടമില്ല, ഇനി അത്രമേൽ സുന്ദരമായൊരു വാക്കു പോലും ആരും എഴുതിയില്ലെങ്കിലും.

ലോകസിനിമയിൽ എവിടെയുമില്ല സന്തോഷവും സങ്കടവും പ്രണയവും വരുമ്പോൾ പാട്ടുപാടുന്നവർ. ഇനി ഇന്ത്യൻ സിനിമക്കും അതാവശ്യമില്ല എന്ന് പുതുതലമുറക്കാർ പറയുന്നുണ്ട്. ഹൃദയത്തി​​​​​​െൻറ ഓരോ മിടിപ്പിലും ഒരു പാട്ട് തുളുമ്പുന്ന എന്നെ പോലുള്ള കിറുക്കികളും കിറുക്കന്മാരും അതു കേട്ട് എവിടെയൊക്കെയോ വിഡ്ഢിച്ചിരി ചിരിച്ചിരിക്കുന്നു.

മായ ഇന്ദിര ബാനർജിയു​ം അമ്മയും ഒരു പഴയകാല ച​ിത്രം
 

മലയാളസിനിമയിൽ നിന്നു ഇനി പാട്ട് തന്നെ ഇല്ലാതായേക്കും വരും കാലത്ത്. മരണസാഗരം പുൽകുന്ന നാൾ വരെ എനിക്ക് ശ്വസിക്കാനുള്ളത്  ഭൂതകാലത്തു നിന്നും വീശിയെത്തുന്ന ഈ കാറ്റിലുണ്ട്. മലയാളത്തെയും സംഗീതത്തെയും ഒരുപോലെ സ്നേഹിക്കുന്നവർക്കായി അതിവിടെ തന്നെയുണ്ടാകും കൽപാന്തകാലത്തോളം.  നഷ്​ടവസന്തങ്ങളെ തിരിച്ചു പിടിക്കാൻ ഒരു ടൈം മെഷീൻ കിട്ടിയെങ്കിൽ എന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. പാട്ടിനെക്കാൾ  വലിയൊരു ടൈം മെഷീനേതാണ്?  അതിൻ്റെ ചിറകിലേറി എത്തിപ്പെടാനാവാത്ത നഷ്​ടചസ്വർഗ്ഗങ്ങളുമില്ല.  

എ​​​​​​െൻറ പ്രിയഗാനങ്ങളെ നിങ്ങളീ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ നിശ്ചലം ശൂന്യമാകുമായിരുന്നല്ലോ എ​​​​​​െൻറ ലോകം. ഇതു വരെ കാണാത്ത കരയിലേക്കോ ഇനിയൊരു ജന്മത്തിൻ കടവിലേക്കോ  നിങ്ങളെന്നെ  വീണ്ടും മധുരമായി പാടി വിളിക്കുന്നു.!

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jayachandranKJ Yesudass janakipattormap suseela
News Summary - remembering old melodious days in pattorma
Next Story