തമിഴ് കാവ്യലോകത്തെ അതുല്യ പ്രതിഭ
text_fields2017 ജൂൺ രണ്ടിന് അന്തരിച്ച പ്രശസ്ത തമിഴ് കവി എസ്. അബ്ദുൽ റഹ്മാൻ പ്രതീകാത്മക കാവ്യത്തിെൻറ അധിപനായിരുന്നു. കവിക്കോ (കവികളിലെ രാജാവ്) എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. ആലാപനൈ എന്ന കവിതാസമാഹാരത്തിന് 1999ൽ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. അനുഭവങ്ങളേക്കാൾ ഭാവനാത്മകതയിൽനിന്നുള്ള കവിതയിൽ വിശ്വസിച്ചിരുന്ന പ്രതിഭയായിരുന്നു അദ്ദേഹം.
കവിതക്കായി തെരഞ്ഞെടുത്തിരുന്നത് സാധാരണ വിഷയങ്ങളായിരുന്നുവെങ്കിലും അതിജീവനത്തിെൻറ ഉൾപ്രവാഹം വഹിച്ച തത്ത്വചിന്തകളായിരുന്നു ഓരോ വരിയിലും അദ്ദേഹം ഒളിപ്പിച്ചുവെച്ചത്. സാധാരണ മനുഷ്യജീവിതത്തിൽ കാണുന്ന ചില അടയാളങ്ങളെ, വസ്തുക്കളെ പരാമർശിച്ചുകൊണ്ട് തുടങ്ങുന്ന കവിക്കോ കവിതകൾ പ്രതീകാത്മകമായ ഇടങ്ങളിലൂടെ സഞ്ചരിച്ച് തത്ത്വചിന്തയുടെ ആഴങ്ങളിൽ അവസാനിക്കുന്നു.
ആധുനിക തമിഴ് കവിത്രയത്തിലെ വാനമ്പാടി പ്രസ്ഥാനത്തിെൻറ ഭാഗമായിരുന്നു എസ്. അബ്ദുൽ റഹ്മാൻ എന്ന മഹാകവി. സമകാലിക കവികളിൽനിന്ന് വ്യത്യസ്തമായി അതിശക്തമായ രാഷ്ട്രീയവിമർശനം നിറഞ്ഞുനിന്നു അദ്ദേഹത്തിെൻറ കവിതകളിൽ. മനുഷ്യബന്ധങ്ങളിലെ സന്ദേഹവും വൈരുധ്യാത്മകതയും കവിതകളിലൂടെ തുറന്നുകാട്ടിയ പരശ്ശതം കവിതകൾ തമിഴ് സാഹിത്യത്തിെൻറ ഒരു കലാപകാലം കൂടിയാണ് അടയാളപ്പെടുത്തുന്നത്.
പ്രഥമകവിതാസമാഹാരമായ പാൽ വീഥി 1974ലാണ് പുറത്തിറങ്ങിയത്. നെയാർ വിരുപ്പം, പിതാൻ, സുറ്റു വീരൻ, മുട്ടൈ വാസികൾ, കരൈഗാലി നാടിയവതില്ലൈ, ഇന്ത്രിരാവു പകലിൽ, വിലങ്ങുകൾ ഇല്ല കവിതൈകൾ എന്നിവയാണ് പ്രധാന കൃതികൾ. മധുരയിൽ ജനിച്ച എസ്. അബ്ദുൽ റഹ്മാൻ മൂന്ന് പതിറ്റാണ്ട് കാലം അധ്യാപകനായി സേവനമനുഷ്ഠിച്ചു. അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്റെ ഉർദു കവിതകൾ തമിഴിലേക്ക് മൊഴിമാറ്റം ചെയ്തു. ഹൈക്കു കവിതയിലും ഉർദു ഗസലിലും അഗ്രഗണ്യനായിരുന്നു. സിനിമാ ഗാനങ്ങൾ കവിതയാണെന്ന് പ്രഖ്യാപിച്ച കവി കൂടിയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.