പാട്ടിലെ കഥക്കൂട്ട്
text_fieldsസിനിമകളിൽ സംഗീതം നിശ്ചയിക്കുന്നതിൽ നിർബന്ധബുദ്ധിയുള്ള സംവിധായകനായിരുന്നു െഎ.വി. ശശി. സംഗീത സംവിധായകർ നൽകുന്ന മൂന്നോ നാലോ ട്യൂണുകളിൽനിന്ന് ഏറ്റവും മികച്ചത് തിരഞ്ഞെടുക്കാനും അതീവ നൈപുണ്യം പ്രകടിപ്പിച്ചിരുന്നു അദ്ദേഹം. കേട്ട് ഇഷ്ടപ്പെട്ട ഇൗണങ്ങൾ ഒരു പിടിവാശിയോടെ തന്നെ ശശി സ്വന്തം സിനിമകളിൽ ഉപയോഗിച്ചിരുന്നു.
െഎ.വി. ശശി ആദ്യം സംവിധാനം ചെയ്തത് ‘കാറ്റ് വിതച്ചവൻ’ എന്ന ചിത്രമാണ്. എന്നാൽ, ഇത് പൂർത്തിയായെങ്കിലും പുറത്തുവന്നില്ല. അതിനുശേഷം ‘കവിത’ എന്ന സിനിമയും അദ്ദേഹം സംവിധാനം ചെയ്തെങ്കിലും വിജയ നിർമല എന്ന നടിയുടെ പേരിലാണ് റിലീസായത്. തുടക്കക്കാരനായതിനാൽ ശശിക്ക് സംവിധായകെൻറ ക്രെഡിറ്റ് ലഭിച്ചില്ല. അക്കാലത്ത് മുരളി മൂവീസ് തുടങ്ങിവെച്ച ‘കായൽ’ എന്ന സിനിമയിൽ പീറ്റർ-റൂബൻ എന്നിവർ സംഗീത സംവിധാനം നിർവഹിച്ച പാട്ടുകൾ ശശി അദ്ദേഹത്തിെൻറ പേരിൽ ആദ്യം റിലീസായ ഉത്സവം എന്ന ചിത്രത്തിൽ ഉപയോഗിച്ചു. ചിത്രത്തിെൻറ തിരക്കഥയും പാട്ടുമടക്കം ശശി വാങ്ങുകയായിരുന്നു. ‘ഉത്സവ’ത്തിെൻറ സംഗീത സംവിധായകൻ എ.ടി. ഉമ്മറായിരുന്നു. എന്നാൽ പാട്ടുകൾ പീറ്റർ-റൂബൻ എന്നിവർ ചെയ്തതും.
കായലിലെ പാട്ടുകൾ ശശി ഏറെ ഇഷ്ടപ്പെട്ടിരുന്നു. ട്യൂൺ ഇഷ്ടമാകുേമ്പാൾതന്നെ അതിെൻറ ദൃശ്യവത്കരണവും അദ്ദേഹം വിഭാവനം ചെയ്യുമായിരുന്നു. അതിനാലാണ് മറ്റൊരു ചിത്രത്തിനുവേണ്ടി മറ്റുള്ളവർ ചെയ്ത പാട്ടുകൾപോലും ഒരു മടിയുമില്ലാതെ അദ്ദേഹം കടംകൊണ്ടത്. ശശിയുടെ പ്രശസ്ത ചിത്രമായ ‘അവളുടെ രാവു’കളിലെ ഹിറ്റ്ഗാനമായ ‘രാഗേന്ദു കിരണങ്ങൾ ഒളിവീശിയില്ല...’ എന്നതിെൻറ ട്യൂൺ ലത മേങ്കഷ്കർ പാടിയ ഹിന്ദി ചിത്രമായ ‘സ്വാമി’യിൽ നിന്നുള്ളതായിരുന്നു. അതേ ചിത്രത്തിലെ മറ്റൊരു ഗാനത്തിെൻറ ട്യൂണാണ് ‘ഉണ്ണി ആരാരിരോ...’ എന്ന ഗാനത്തിനും ഉപയോഗിച്ചത്.
‘ആലിംഗനം’ എന്ന ചിത്രത്തിൽ എസ്. ജാനകി പാടിയ ‘തുഷാര ബിന്ദുക്കളേ...’ എന്ന ഗാനത്തിന് സംസ്ഥാന അവാർഡ് ലഭിച്ചു. ഒരു നാടകത്തിനുവേണ്ടി കണ്ണൂർ രാജൻ ചെയ്ത പാട്ടാണിത്. അത് കാസറ്റിൽ കേട്ട് ഇഷ്ടപ്പെട്ട ശശി തെൻറ ചിത്രത്തിൽ അദ്ദേഹത്തെക്കൊണ്ട് സംഗീത സംവിധാനം നിർവഹിപ്പിക്കാൻ ആഗ്രഹിച്ചു. എന്നാൽ, നിർമാതാവ് സമ്മതം മൂളിയില്ല. തൊട്ടുമുമ്പ് ചെയ്ത സിനിമയിലെ സംഗീതസംവിധായകനായ എ.ടി. ഉമ്മറിന് പൂർണമായും പ്രതിഫലം കൊടുത്തുതീർത്തിട്ടില്ലെന്നും അതിനാൽ ഇൗ ചിത്രത്തിലും ഉമ്മറിനെ തന്നെ നിശ്ചയിക്കണമെന്നും നിർമാതാവ് നിർബന്ധിച്ചു. ഇതേതുടർന്ന് ശശി അതിന് വഴങ്ങിയെങ്കിലും കണ്ണൂർ രാജെൻറ തന്നെ ഗാനം ‘ആലിംഗന’ത്തിൽ ഉപയോഗിച്ചു. സംഗീത സംവിധായകെൻറ പേര് വന്നപ്പോൾ എ.ടി. ഉമ്മറായി. എസ്. ജാനകിക്ക് ഇൗ ഗാനത്തിന് അവാർഡ് കിട്ടിയതിനൊപ്പം എ.ടി. ഉമ്മറിനും സംഗീത സംവിധായകനുള്ള പുരസ്കാരം കിട്ടിയെന്നത് മറ്റൊരു വൈരുദ്ധ്യമായി.
ശശിയുടെ അടുത്ത ചിത്രത്തിൽ നേരത്തേ നൽകിയ വാഗ്ദാനമനുസരിച്ച് കണ്ണൂർ രാജൻ സംഗീത സംവിധായകനായി. ‘അഭിനന്ദനം’ ആയിരുന്നു ചിത്രം. നേരത്തേ ‘തുഷാര ബിന്ദുക്കളേ...’ എന്ന ഗാനം കാസറ്റിൽ പാടുകയും ആലിംഗനം എന്ന ചിത്രത്തിൽ പാടാൻ അവസരം കിട്ടാതിരിക്കുകയും ചെയ്ത ലതിക, ഇൗ ചിത്രത്തിൽ യേശുദാസിനൊപ്പം പാടി. ശ്രീകുമാരൻ തമ്പി രചിച്ച ‘പുഷ്പതൽപത്തിൽ നീ വീണുറങ്ങി’ എന്നതായിരുന്നു ആ ഗാനം. ‘ഏഴാം കടലിനക്കരെ’ എന്ന ചിത്രത്തിന് ദേവരാജൻ മാഷായിരുന്നു ആദ്യം സംഗീത സംവിധാനം നിർവഹിച്ചത്. എന്നാൽ, ഒന്നിലേറെ വിദേശ രാജ്യങ്ങളിൽ ചിത്രീകരിച്ച ചിത്രത്തിന് ഇണങ്ങുന്നത്ര ആഴമുള്ള ഒാർക്കസ്ട്ര സംഗീതത്തിന് ഉപയോഗിച്ചിട്ടില്ലെന്ന പരാതി വന്നു. വരികൾക്ക് ഏറ്റവും ചേരുന്ന കുറഞ്ഞ ഉപകരണങ്ങൾകൊണ്ടുള്ള സംഗീതമാണ് ദേവരാജൻ മാഷിെൻറ സവിശേഷത.
ഏഴാം കടലിനക്കരെയിലെ ഗാനങ്ങൾ മാറ്റി ചെയ്ത് തരണമെന്നാവശ്യപ്പെട്ട് െഎ.വി. ശശി ദേവരാജൻ മാഷിനെ സമീപിച്ചപ്പോൾ അദ്ദേഹം വഴങ്ങിയില്ല. ഇതിനപ്പുറം ചെയ്യാനാകില്ലെന്ന് പറഞ്ഞ് മടക്കിയയച്ചു. തുടർന്ന് എം.എസ്. വിശ്വനാഥെൻറ സംഗീതസംവിധാനത്തിൽ പാട്ടുകൾ പൂർണമായും രണ്ടാമത് റെക്കോഡ്ചെയ്താണ് സിനിമയിൽ ഉപയോഗിച്ചത്. ദേവരാജൻ മാഷും െഎ.വി. ശശിയും പിന്നീട് സിനിമകളിൽ സഹകരിച്ചുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.