'റഷീദിന്റെ കൊലപാതകം നമ്മൾ മറന്നുകൂടാ'; മലയാളി അഭിഭാഷകന്റെ വധക്കേസിലൂടെ ഒരു അന്വേഷണം
മൂന്നര പതിറ്റാണ്ടു മുമ്പ് ബാംഗ്ലൂരിൽ മലയാളി അഭിഭാഷകൻ റഷീദിന് എന്താണ് സംഭവിച്ചത്? കർണാടക രാഷ്ട്രീയത്തെ പിടിച്ചുലക്കുകയും പൊലീസ് സേനയുടെ ചരിത്രത്തിൽ ആദ്യമായി കൊലപാതക കേസിൽ ഒരു ഐ.പി.എസ് ഓഫിസർ പിരിച്ചുവിടപ്പെടുകയും ചെയ്ത കേസ് ഇന്ന് പലരും മറന്നിരിക്കുന്നു. എന്നാൽ, റഷീദിന്റെ കൊലപാതകം നമ്മൾ മറന്നുകൂടാ. പലതരം മുന്നറിയിപ്പുകൾ ഇന്നും നൽകുന്ന ആ സംഭവങ്ങളിലൂടെ ഒരു സഞ്ചാരം. ഭാഗം ഒന്ന്.
ഓഫ്വൈറ്റ് ബോർഡറിലുള്ള ഗ്രീറ്റിങ് കാർഡിന്റെ ഒത്ത നടുവിൽ ചെഞ്ചോരച്ചുവപ്പുള്ള ഒരു റോസാപുഷ്പം. അതിന്റെ പച്ചത്തണ്ടിന് ഇരുവശത്തുമായി ഫ്രഞ്ച് ഗായിക ഈഡിത്ത് പിയാഫ് അനശ്വരമാക്കിയ ''La vie en rose'' എന്ന ഗാനത്തിന്റെ ഇംഗ്ലീഷ് പരിഭാഷ മനോഹരമായ അക്ഷരത്തിൽ പ്രിന്റ് ചെയ്തിരിക്കുന്നു. ബാംഗ്ലൂരിലെ കെംപെ ഗൗഡ റോഡിലുള്ള ഗ്രീറ്റിങ്കാർഡ് ഷോപ്പുകളിലൊന്നിൽ പരതുമ്പോഴാണ് ഈ കാർഡ് റഷീദിന്റെ കണ്ണിൽപെടുന്നത്. പത്താം വിവാഹ വാർഷികത്തിന് പ്രിയതമ സൗദക്ക് അയക്കാനായി ഒരു കാർഡ് തേടിയാണ് ഇൗ സന്ധ്യയിൽ റഷീദ് കടയിലെത്തിയത്.
റോസാ പുഷ്പങ്ങൾ വലിയ ഇഷ്ടമായിരുന്നു സൗദക്ക്. കൊല്ലത്തെ വീടിന്റെ പിന്നാമ്പുറത്ത് രണ്ടു റോസ് ചെടികളുണ്ട് സൗദക്ക്. ഒരു മഞ്ഞയും ഒരു ചുവപ്പും. മക്കളെപ്പോലെയാണ് സൗദ ഇൗ ചെടികളെ പരിപാലിക്കുന്നത്. ഇതിൽനിന്ന് പറിക്കുന്ന പൂക്കളെ മധുവിധുകാലത്ത് റഷീദ് സമ്മാനിച്ച സ്ഫടിക പൂപ്പാത്രത്തിൽ സൗദ ഒരുക്കിവെക്കും. കാർഡും വാങ്ങി ബാംഗ്ലൂരിന്റെ രാത്രിത്തിരക്കിലേക്ക് റഷീദ് ഇറങ്ങി. ഈ രാത്രി തന്നെ പോസ്റ്റ് ചെയ്താൽ മൂന്നുദിവസത്തിനുശേഷം വിവാഹ വാർഷിക ദിനത്തിന് കൊല്ലത്തെ വീട്ടിൽ സൗദക്ക് കാർഡ് കിട്ടും. കാർഡിനുള്ളിലെ കടലാസിൽ റഷീദ് ഒരു ക്ഷമാപണ കുറിപ്പെഴുതി. വാർഷികത്തിന് മുമ്പ് തിരിച്ചെത്താമെന്ന് പറഞ്ഞാണല്ലോ അഞ്ചു ദിവസത്തിനുമുമ്പ് ഐലൻഡ് എക്സ്പ്രസിൽ റഷീദ് ബാംഗ്ലൂരിലേക്ക് വന്നത്. ഇനി എന്തായാലും വൈകും. വൈകുന്നതിന്റെ കാരണങ്ങൾ വിശദീകരിച്ച് ഉടൻതന്നെ മടങ്ങിയെത്താമെന്ന വാക്കുമായി തീയതിയും സ്ഥലവും രേഖപ്പെടുത്തി റഷീദ് കുറിപ്പവസാനിപ്പിച്ചു: ''ആഗസ്ത് 13, 1987. ബാംഗ്ലൂർ''. ബാംഗ്ലൂർ അന്ന് ബംഗളൂരു ആയിരുന്നില്ല.
ഈ കത്ത് പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ റഷീദിന്റെ ജീവിതം കീഴ്മേൽ മറിഞ്ഞു. പിന്നീടൊരിക്കലും അയാൾ തന്റെ ഭാര്യയുടെ ചാരത്തേക്ക് എത്തിയില്ല. തന്റെ മൂന്നു മക്കളെ പിന്നീട് കണ്ടില്ല. സേലത്തിന് അടുത്ത് ഓമല്ലൂരിലെ റെയിൽവേ ട്രാക്കിനു താഴെനിന്ന് കണ്ടെത്തുമ്പോൾ റഷീദിന്റെ മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടായിരുന്നു. ആ മരണം പിന്നീട് കർണാടക രാഷ്ട്രീയത്തെ പിടിച്ചുലച്ചു. ആഭ്യന്തരമന്ത്രിക്ക് സ്ഥാനം നഷ്ടമായി. കർണാടക ആദ്യമായി സി.ബി.െഎക്ക് കൈമാറുന്ന കൊലക്കേസായി മാറി റഷീദിന്റേത്. പിൽക്കാലത്ത് രാജീവ് ഗാന്ധി വധക്കേസ് അന്വേഷിച്ച പ്രഗല്ഭ സി.ബി.ഐ ഉദ്യോഗസ്ഥൻ കുപ്പുസ്വാമി രഘോത്തമൻ കേസ് ഏറ്റെടുത്തു. മൂന്നു സംസ്ഥാനങ്ങളിലേക്ക് പരന്ന അന്വേഷണം. പൊലീസുകാരും രാഷ്ട്രീയക്കാരും ഗുണ്ടകളുമൊക്കെ പ്രതികളായി. പൊലീസ് സേനയുെട ചരിത്രത്തിൽ ആദ്യമായി കൊലപാതക കേസിൽ ഒരു െഎ.പി.എസ് ഒാഫിസർ പിരിച്ചുവിടപ്പെട്ടു. പക്ഷേ, സങ്കീർണമായ നിയമവ്യവഹാരത്തിന്റെ രാവണൻകോട്ടക്കുള്ളിൽ നടന്നുലഞ്ഞ് ന്യായത്തിന് വഴിതെറ്റി. കൊന്നവരൊക്കെ ലാഘവത്തോടെ പ്രതിക്കൂട്ടിൽനിന്നിറങ്ങിപ്പോയി. റഷീദ് മരിച്ചുവെന്നത് മാത്രം യാഥാർഥ്യമായി ശേഷിച്ചു. 35 വർഷത്തിനിപ്പുറം ഇരയും വേട്ടക്കാരും അന്വേഷകനും അഭിഭാഷകനുമൊക്കെ മരണത്തിലേക്ക് മറഞ്ഞുകഴിഞ്ഞു. ശിക്ഷിക്കപ്പെടാതെ ആ കുറ്റം മാത്രം നിയമവ്യവസ്ഥക്കു മുന്നിൽ ചോദ്യചിഹ്നമായി നിൽക്കുന്നു. ആ കഥ പറയുകയാണ് മാധ്യമപ്രവർത്തകൻ വി. സുദർശൻ അടുത്തിടെ പുറത്തിറക്കിയ 'Dead End: The Minister, the CBI and the Murder that Wasn't' എന്ന പുസ്തകം. സി.ബി.െഎ ഉദ്യോഗസ്ഥനായ കെ. രഘോത്തമനും റഷീദ് കൊലക്കേസിലെ തന്റെ അന്വേഷണത്തെ കുറിച്ച് പുസ്തകം എഴുതിയിരുന്നു. കഴിഞ്ഞവർഷം 76ാം വയസ്സിൽ കോവിഡ് ബാധിച്ച് മരിക്കുന്നതിന് തൊട്ടുമുമ്പാണ് 'Rarest of Rare Case: Murder of an Advocate' എന്ന പേരിലുള്ള പുസ്തകം പ്രകാശനം ചെയ്തത്.
ബാംഗ്ലൂർ, ആഗസ്റ്റ് 1987
വലിയ പെരുന്നാളിന് രണ്ടുദിവസം കഴിഞ്ഞ് '87 ആഗസ്റ്റ് എട്ട് ശനിയാഴ്ചയാണ് പത്തനംതിട്ട സ്വദേശിയായ അഭിഭാഷകൻ എം.എ. റഷീദും സഹോദരൻ റഹ്മത്തുല്ലയും ട്രെയിനിൽ കൊല്ലത്തുനിന്ന് ബാംഗ്ലൂരിലേക്ക് പുറപ്പെടുന്നത്. പത്തനംതിട്ടയിലും എറണാകുളത്തുമാണ് റഷീദിന് പ്രാക്ടിസ്. സഹോദരൻ റഹ്മത്തുല്ലയുടെ എൻജിനീയറിങ് കോളജ് അഡ്മിഷനുവേണ്ടിയാണ് യാത്ര. ഒപ്പം ഒരു ബന്ധുവിന്റെ സുഹൃത്തിന്റെ മകളായ അമ്പിളിയുടെ ബി.എഡ് ഫലം റീ വാല്വേഷന് കൊടുക്കാൻ കഴിയുമോ എന്നും പരിശോധിക്കണം. ബാംഗ്ലൂരിലെ കോളജിൽ പഠിക്കുന്ന അമ്പിളി പരീക്ഷയിൽ തോറ്റുനിൽക്കുകയാണ്. ഈ രണ്ടു കാര്യങ്ങളും നിർവഹിച്ച് 12ന് മടങ്ങിയെത്തണം. റഷീദിന്റെയും സൗദയുടെയും പത്താം വിവാഹവാർഷികം 16ാം തീയതി ആയതിനാൽ അതിന്റെ ആഘോഷങ്ങൾ ആലോചിച്ചിട്ടുമുണ്ട്. അടുത്ത ദിവസം, ഞായറാഴ്ച രാവിലെ ബാംഗ്ലൂരിലെത്തിയ റഷീദും റഹ്മത്തുല്ലയും സുബേദാർ ഛത്രം റോഡിൽ ആനന്ദ് റാവു സർക്കിളിന് സമീപത്തെ സന്ധ്യ ലോഡ്ജിൽ മുറിയെടുത്തു. മുമ്പ് ബാംഗ്ലൂരിൽ വന്നപ്പോഴും ഇവിടെയാണ് താമസിച്ചിരുന്നത്. മജസ്റ്റിക് മേഖലക്കും ബസ്സ്റ്റാൻഡിനും മാർക്കറ്റിനും അടുത്താണെന്നതാണ് സന്ധ്യ ലോഡ്ജിന്റെ ഗുണം.
റഹ്മത്തുല്ലയുടെ അഡ്മിഷനായി പത്തനംതിട്ടക്കാരനായ വി.സി. ജോസഫിനെയാണ് റഷീദിന് കാണേണ്ടത്. മാസങ്ങൾക്കുമുമ്പ്, ഏപ്രിലിൽ ബാംഗ്ലൂരിൽ വന്നപ്പോൾ അഡ്മിഷന്റെ കാര്യം ശരിയാക്കാമെന്ന് റഷീദിന് വി.സി. േജാസഫ് വാക്കു നൽകിയിരുന്നു. കർണാടകയിലെ വിദ്യാഭ്യാസ മേഖലയുടെ അകവും പുറവും അറിയാവുന്നയാളാണ് ജോസഫ്. അദ്ദേഹം ജോലിചെയ്യുന്ന സഞ്ജയ് ഗാന്ധി കോളജ് ഒാഫ് എജുക്കേഷനിലാണ് ബി.എഡ് തോറ്റ അമ്പിളി പഠിച്ചിരുന്നത്. റഹ്മത്തുല്ലയുടെയും അമ്പിളിയുടെയും കാര്യങ്ങൾ ശരിയാക്കാൻ ജോസഫ് മാത്രം മതിയാകുമെന്ന് റഷീദ് കണക്കുകൂട്ടി.
അടുത്തദിവസം (തിങ്കളാഴ്ച, ആഗസ്റ്റ് 10) രാവിലെ റഷീദും റഹ്മത്തുല്ലയും ജോസഫിനെ കാണാനായി സഞ്ജയ് ഗാന്ധി കോളജിലെത്തി. അഡ്മിൻ വിഭാഗത്തിൽ അന്വേഷിച്ചപ്പോഴാണ് നിഗൂഢമായ ആ യാഥാർഥ്യം റഷീദ് മനസ്സിലാക്കുന്നത്. ജോസഫ് ഇപ്പോൾ അവിടെ ജോലി ചെയ്യുന്നില്ല. വേണമെങ്കിൽ പ്രിൻസിപ്പൽ ബി.എം. രത്നയെ കാണാം. സൗഹാർദപൂർവം റഷീദിനെ സ്വീകരിച്ച പ്രിൻസിപ്പൽ, അമ്പിളിയുടെ പരീക്ഷ പേപ്പർ റീ വാല്വേഷന് നൽകുന്നതിനുള്ള നടപടി എളുപ്പമാക്കി നൽകി. തിരികെ ലോഡ്ജിലെത്തിയ റഷീദ്, ജോസഫിന്റെ വീട്ടിലെ നമ്പറിലേക്ക് ഫോൺ ചെയ്തു. പക്ഷേ, ആരും ഫോൺ എടുത്തില്ല. മണിക്കൂറുകൾക്കു ശേഷം വീണ്ടും ശ്രമിച്ചു. വൈകുന്നേരം മൂന്നാമതും വിളിച്ചപ്പോൾ ആരോ ഫോൺ എടുത്തു. എന്താണ് ജോസഫിനുള്ള സന്ദേശമെന്ന് അന്വേഷിച്ചയാൾ നമ്പർ തന്നാൽ മടക്കിവിളിക്കാൻ പറയാമെന്ന് അറിയിച്ചു. വിവരം സൂചിപ്പിച്ച റഷീദ് സന്ധ്യ ലോഡ്ജിലെ നമ്പർ കൈമാറി.
ഏതാനും മണിക്കൂറുകൾക്കു ശേഷം ജോസഫിന്റെ സന്ദേശം റഷീദിന് ലഭിച്ചു. ''സന്ധ്യ ലോഡ്ജിൽ റഷീദിന്റെ തന്നെ പേരിൽ മറ്റൊരു സിംഗിൾ റൂം ബുക് ചെയ്യുക. ആ മുറിയിൽ രാത്രി കാത്തിരിക്കുക.'' ഒരുനിമിഷം റഷീദ് സംശയിച്ചു. എങ്കിലും നിർദേശംപോെല പ്രവർത്തിച്ചു. സഹോദരനുെമാത്ത് ആ മുറിയിൽ കാത്തിരിക്കവെ രാത്രി വൈകി േജാസഫ് കടന്നുവന്നു. ''എന്താണ് ഇത്ര വലിയ രഹസ്യം?'' - റഷീദ് ചോദിച്ചു. എന്തിനാണ് റഷീദ് ബാംഗ്ലൂരിലേക്ക് വന്നതെന്ന മറുചോദ്യമായിരുന്നു മറുപടി. സഹോദരന്റെ അഡ്മിഷന്റെ കാര്യം റഷീദ് ഒാർമിപ്പിച്ചു. റഹ്മത്തുല്ലയുടെ മാർക്ക് തിരക്കിയ ജോസഫ് ഇൗ മാർക്കുകൊണ്ട് ഒരു കോളജിലും അഡ്മിഷൻ കിട്ടില്ലെന്ന് കട്ടായം പറഞ്ഞു.
മുഖംവാടി നിൽക്കുന്ന സഹോദരൻമാരോട് ''ഇതിനുവേണ്ടി മാത്രമാണോ ബാംഗ്ലൂരിൽ വന്നത്'' എന്ന ജോസഫിന്റെ ചോദ്യം പിന്നാലെ... ''താങ്കളെയും കഴിഞ്ഞതവണ താങ്കൾ പരിചയെപ്പടുത്തിയ കോളജ് ഉടമ സദാശിവനെയും അവിടെ കണ്ടില്ലല്ലോ? എന്താ, മാനേജ്മെന്റ് മാറിയോ. എന്താണ് പ്രശ്നം'' -റഷീദ് ചോദിച്ചു. ''ചേട്ടാ, അതൊരു വലിയ കഥയാണ്. കുഴഞ്ഞുമറിഞ്ഞ കേസാണ്. ഞാനിപ്പോൾ ഒളിവിലാണ്. നിങ്ങളുടെ പേരിൽ റൂമെടുക്കാൻ പറഞ്ഞത് തന്നെ എന്റെ പേര് ഒരിടത്തും വരാതിരിക്കാനാണ്. ഞാനിന്ന് രാത്രി ഇവിടെ ഉറങ്ങും. നാളെ മറ്റെവിടെയെങ്കിലും'' -ഇപ്പോൾ കേൾവിക്കാരൻ മാത്രമായ റഷീദിന്റെ ജീവിതം മാറിമറിയുന്ന കഥയുടെ ആമുഖം ജോസഫ് ഇങ്ങനെ തുടങ്ങി.
കോളാറിലെ മെഡിക്കൽ കോളജ്
ഒരു മെഡിക്കൽ കോളജ് തുടങ്ങാനുള്ള ജോസഫിന്റെ ബോസ് പി. സദാശിവന്റെ നീക്കത്തിൽനിന്നാണ് സകലതും ആരംഭിക്കുന്നത്. ഏഴുവർഷം മുമ്പ് '80ൽ കൊല്ലത്ത് ട്യൂട്ടോറിയൽ കോളജ് നടത്തിയിരുന്ന സദാശിവൻ വിദ്യാർഥികൾക്ക് ബാംഗ്ലൂരിൽ ഉപരിപഠനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിനൽകുമായിരുന്നു. സ്വാശ്രയ വിദ്യാഭ്യാസ മേഖലയിൽ കർണാടകയിലെ സാധ്യത തിരിച്ചറിഞ്ഞ അദ്ദേഹം അക്കാലത്തെ യുവ മുഖ്യമന്ത്രി ആർ. ഗുണ്ടുറാവുവിന്റെ ആശീർവാദത്തിൽ ബാംഗ്ലൂരിൽ ജവഹർ ഭാരതി എജുക്കേഷനൽ ട്രസ്റ്റ് ആരംഭിച്ചു. സദാശിവൻ ചെയർമാനായ ട്രസ്റ്റിൽ കർണാടകക്കാരായ എസ്.വൈ. മാരിയപ്പ, കെ.ആർ. ശ്രീനിവാസൻ, ശാരദാംബാൾ റാവു എന്നിവരും മലയാളിയായ ചെറിയാനുമായിരുന്നു ട്രസ്റ്റികൾ. ഇൗ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് വസന്ത് നഗറിൽ സഞ്ജയ് ഗാന്ധി കോളജ് ഒാഫ് എജുക്കേഷൻ ആരംഭിക്കുന്നത്. കോളജ് തുടങ്ങി അധികം കഴിയും മുേമ്പ ട്രസ്റ്റികൾ തമ്മിൽ ഭിന്നതയായി. ആദ്യം കെ.ആർ. ശ്രീനിവാസൻ മാരിയപ്പയെ ട്രസ്റ്റിൽനിന്ന് പുറത്താക്കി. പിന്നാലെ ശ്രീനിവാസൻ തന്നെയും പുറത്തുപോയി. ശാരദാംബാളും പിന്നീട് ഒഴിവായതോടെ സദാശിവനും ചെറിയാനും മാത്രമായി ട്രസ്റ്റിൽ. ഒഴിവായവരും ട്രസ്റ്റിൽ തുടർന്നവരും തമ്മിൽ കടുത്ത ശത്രുതയായി. ട്രസ്റ്റിന്റെ നിയന്ത്രണത്തിനായി നിയമപോരാട്ടവും തുടങ്ങി. വർഷങ്ങളോളം ഇൗ സംഘർഷാന്തരീക്ഷം തുടർന്നു. ഇൗ കാലങ്ങളിലെല്ലാം സദാശിവൻ കോളജ് തടസ്സങ്ങളില്ലാതെ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അതിനിടക്കാണ് കർണാടകയിൽ ഭരണമാറ്റം ഉണ്ടാകുന്നത്. സദാശിവന്റെ സുഹൃത്തായ ഗുണ്ടുറാവുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ തെരഞ്ഞെടുപ്പിൽ തോറ്റു. വലിയ ഭൂരിപക്ഷത്തിൽ ജനതാ പാർട്ടി അധികാരത്തിലേറി. രാമകൃഷ്ണ ഹെഗ്ഡെ മുഖ്യമന്ത്രിയായി.
ആരോഗ്യരംഗം ദുർബലമായ സംസ്ഥാനത്തിന്റെ ഗ്രാമീണ മേഖലകളിൽ രണ്ടു സ്വകാര്യ മെഡിക്കൽ കോളജുകൾ തുടങ്ങുകയെന്നതായിരുന്നു ഹെഗ്ഡെയുടെ ആദ്യത്തെ പ്രധാന തീരുമാനങ്ങളിലൊന്ന്. കോളാറും മാണ്ഡ്യയുമാണ് ഇതിനായി തിരഞ്ഞെടുത്തത്. കോളാറിലെ മെഡിക്കൽ കോളജിനായി പരിശ്രമിക്കാൻ സദാശിവൻ ആലോചിക്കുന്നത് അങ്ങനെയാണ്. ഇതിനായി മൈസൂർ ദിവാനും എൻജിനീയറുമായ മോക്ഷഗുണ്ടം വിശ്വേശരയ്യയുടെ നാമധേയത്തിൽ ഒരു എജുക്കേഷനൽ ട്രസ്റ്റ് രൂപവത്കരിച്ചു. കോളാറിൽ 22.7 ഏക്കർ വാങ്ങുകയും കോളജ് അനുമതിക്കുള്ള പ്രധാന നിബന്ധനയായ 20 ലക്ഷം രൂപ ബാംഗ്ലൂർ യൂനിവേഴ്സിറ്റിയിൽ കെട്ടിവെക്കുകയും ചെയ്തു. സർവകലാശാലയുടെ നിരീക്ഷണ സമിതി സ്ഥലപരിശോധനയിൽ പൂർണ തൃപ്തി പ്രകടിപ്പിക്കാത്തതിനെ തുടർന്ന് 30 ലക്ഷം രൂപ കൂടി കെട്ടിവെക്കുകയും 25,000 ചതുരശ്ര അടി കെട്ടിടം കൂടി പുതുതായി ഏറ്റെടുക്കുകയും ചെയ്തു. മറ്റാരും താൽപര്യം പ്രകടിപ്പിക്കാത്തതുകൊണ്ടുതന്നെ മെഡിക്കൽ കോളജിനുള്ള അനുമതി തനിക്ക് ലഭിക്കുമെന്ന് സദാശിവൻ പ്രതീക്ഷിച്ചു. '85 ജൂലൈ 11 ന് ചേർന്ന മന്ത്രിസഭ യോഗം സർ വിശ്വേശ്വരയ്യ ട്രസ്റ്റിന് മെഡിക്കൽ കോളജ് തുടങ്ങാനുള്ള അനുമതി നൽകി. രണ്ടുമാസത്തിന് ശേഷം സെപ്റ്റംബർ 23ന് മുഖ്യമന്ത്രി ഹെഗ്ഡെ മന്ത്രിസഭ തീരുമാനത്തിൽ ഒപ്പുവെക്കുകയും ചെയ്തു. വിജ്ഞാപനം വരുകയും അടുത്ത അധ്യയന വർഷം മുതൽ കോളജ് പ്രവർത്തനം തുടങ്ങുകയും മാത്രമാണ് ഇനി നടക്കാനുള്ളത്. ഒക്ടോബർ രണ്ടിന് ഭൂമിപൂജയോടെ കോളജ് ഉദ്ഘാടനം ചെയ്യാമെന്ന് ഹെഗ്ഡെ സമ്മതിച്ചു. ക്ഷണക്കത്തുകൾ അച്ചടിച്ചു. കോളാറിൽ മഹാത്മാ ഗാന്ധി മെഡിക്കൽ കോളജിന് അഫിലിയേഷൻ ലഭിച്ച കാര്യം മലയാള പത്രത്തിൽ പരസ്യമായി നൽകി? പക്ഷേ, കാര്യങ്ങൾ പെെട്ടന്ന് തകിടം മറിഞ്ഞു. സർ വിശ്വേശ്വരയ്യ ട്രസ്റ്റിന് നൽകിയ അനുമതി ഒക്ടോബർ ഏഴിന് സർക്കാർ റദ്ദാക്കി. പകരം, പിന്നാക്ക വിഭാഗക്കാരുടെ ദേവരാജ് അർസ് ട്രസ്റ്റിന് അനുമതി നൽകി. മന്ത്രിസഭ തീരുമാനത്തിൽ വിശ്വേശ്വരയ്യ ട്രസ്റ്റിന്റെ പേരുവന്നത് 'ടൈപ്പിങ് എറർ' ആണെന്ന് ഒൗദ്യോഗികമായി വിശദീകരിക്കപ്പെട്ടു. വിവരമറിഞ്ഞ് സദാശിവൻ സ്തബ്ധനായി. സഹകരണ മന്ത്രി ആർ. ലക്ഷ്മിനാരായണപ്പ ജാലപ്പയാണ് ദേവരാജ് അർസ് ട്രസ്റ്റിന് പിന്നിലെന്ന് അറിഞ്ഞത് പിന്നീടാണ്. രാമകൃഷ്ണ ഹെഗ്ഡെയുടെ വലംകൈ ആയിരുന്നു അക്കാലത്ത് ആർ.എൽ. ജാലപ്പ. സർക്കാറിലും ഭരണതലത്തിലുമുള്ള സ്വാധീനം ഉപയോഗിച്ച് പിൻവാതിൽ നീക്കത്തിലൂടെയാണ് സദാശിവന്റെ പദ്ധതിയെ ജാലപ്പ അട്ടിമറിച്ചത്. ഇതിനെതിരെ സദാശിവൻ ഹൈകോടതിയെ സമീപിച്ചു. ജാലപ്പയുടെ ട്രസ്റ്റിന് മെഡിക്കൽ കോളജ് അനുമതി നൽകിയ നടപടി റദ്ദാക്കിയ ഹൈകോടതി പക്ഷേ, സദാശിവന് നൽകിയ ആദ്യ തീരുമാനം പിൻവലിക്കാനും സർക്കാറിന് അധികാരമുണ്ടെന്ന് വിധിച്ചു. ഇതോടെ, ആരോഗ്യവകുപ്പ് സെക്രട്ടറി എ. ഭരത് അധ്യക്ഷനായി പ്രത്യേക പരിശോധന സമിതിയെ സർക്കാർ നിേയാഗിച്ചു. ട്രസ്റ്റുകളുടെ അപേക്ഷകൾ പരിശോധിച്ച് ശിപാർശ സമർപ്പിക്കുകയാണ് സമിതിയുടെ ദൗത്യം. ഒരു വർഷത്തിനുശേഷം '86 ആഗസ്റ്റിൽ സമിതിയുടെ റിപ്പോർട്ട് വന്നു. ജാലപ്പയുടെ ദേവരാജ് അർസ് ട്രസ്റ്റിന് അനുമതി നൽകാം. പിന്നാലെ സദാശിവൻ മെഡിക്കൽ കോളജിനായി വാങ്ങിയ 22.7 ഏക്കർ സ്ഥലത്തിന്റെ ഇടപാട് ഭൂപരിഷ്കരണ വകുപ്പ് അസി. കമീഷണർ റദ്ദാക്കി. ഇതേസമയം തന്നെ ജാലപ്പയുടെ ട്രസ്റ്റിന് മെഡിക്കൽ കോളജ് തുടങ്ങാൻ തമക ഗ്രാമത്തിലെ എേട്ടക്കർ സർക്കാർ ഭൂമി വിട്ടുനൽകി. ഇൗ രണ്ടു നടപടിക്കുമെതിരെ രണ്ട് റിട്ട് ഹരജികളുമായി സദാശിവൻ കോടതിയിലെത്തി. സ്ഥലത്തിന്റെ കാര്യത്തിൽ സദാശിവന് അനുകൂലമായി വിധിച്ച ഹൈേകാടതി മെഡിക്കൽ കോളജിന്റെ കാര്യത്തിൽ ജാലപ്പക്കെതിരായ ഹരജി തള്ളി. ഇതോടെ സദാശിവനും ജാലപ്പയും ബദ്ധവൈരികളായി.
'87 ഫെബ്രുവരിയിൽ കോളാറിൽനിന്നുള്ള ഏഴ് എം.എൽ.എമാർ സദാശിവനെതിരെ ആഭ്യന്തര സെക്രട്ടറിക്കും മുഖ്യമന്ത്രി ഹെഗ്ഡെക്കും കത്തെഴുതി. മെഡിക്കൽ കോളജിന്റെ കാര്യത്തിൽ അനാവശ്യമായി ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ച അവർ സഞ്ജയ് ഗാന്ധി കോളജിലെ സദാശിവന്റെ പ്രവർത്തനങ്ങളിലും പരാതി ഉന്നയിച്ചു. ഈ പരാതി അന്വേഷണത്തിനായി പൊലീസിന്റെ കോർപ്സ് ഓഫ് ഡിറ്റക്ടിവ് (സി.ഒ.ഡി) വിഭാഗത്തിന് കൈമാറപ്പെട്ടു. സദാശിവന്റെ കഷ്ടകാലം അവിടം കൊണ്ടവസാനിച്ചില്ല. '87 ഏപ്രിലിൽ ജാലപ്പ കർണാടകയുടെ ആഭ്യന്തരമന്ത്രിയായി. സമയം ഒട്ടും പാഴാക്കാതെ തന്റെ പുതിയ അധികാരത്തിന്റെ സാധ്യത വിനിയോഗിക്കാൻ തന്നെ ജാലപ്പ ഉറച്ചു. സദാശിവനെതിരായ കേസ് കൈകാര്യം ചെയ്യുന്ന സി.ഒ.ഡിയിലെ സൂപ്രണ്ട് മഹാദേവപ്പയെയും ഇൻസ്പെക്ടർ ഹൊന്നെ ഗൗഡയെയും വീട്ടിൽ വിളിച്ചുവരുത്തി നിർദേശങ്ങൾ നൽകി. ഹൈഗ്രൗണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സഞ്ജയ് ഗാന്ധി കോളജ് സ്ഥിതിചെയ്യുന്നത്. വെസ്റ്റ് ഡെപ്യൂട്ടി കമീഷണർ ഒാഫ് പൊലീസിന്റെ (ഡി.സി.പി) സൂപ്പർൈവസറി കൺട്രോളിലാണ് ഇൗ മേഖല. തന്റെ പിണിയാളായ െഎ.പി.എസ് ഉദ്യോഗസ്ഥൻ കെ. നാരായണൻ െഎ.പി.എസിനെ വെസ്റ്റ് ഡി.സി.പിയായി ജാലപ്പ നിയമിച്ചു. എല്ലാം സദാശിവനെ ഉന്നംവെച്ചായിരുന്നു.
ഭരണകൂടവും പൊലീസും സദാശിവനെതിരെ തിരിഞ്ഞതിനൊപ്പം പഴയ ചില ശത്രുക്കൾകൂടി തലപൊക്കി. സഞ്ജയ് ഗാന്ധി കോളജിന്റെ നടത്തിപ്പുകാരായ ജവഹർ ഭാരതി ട്രസ്റ്റിൽനിന്ന് വിട്ടുപോയ കെ.ആർ. ശ്രീനിവാസനും എസ്.വൈ. മാരിയപ്പയും പൊടുന്നനെ രംഗത്തെത്തി. കോളജിന്റെ നടത്തിപ്പിൽ അവർ ഇടെപട്ടു തുടങ്ങി. '87 ജൂലൈ 14ന് കോളജിലെത്തിയ സദാശിവൻ ആക്ടിങ് പ്രിൻസിപ്പലായ രത്നയോട് ബാംഗ്ലൂർ യൂനിവേഴ്സിറ്റിയിൽ ഫീസ് അടക്കാനുള്ള അവസാന ദിവസം 15ന് ആയതിനാൽ ഇന്ന് തന്നെ അടക്കണമെന്ന് നിർദേശിച്ചു (പ്രിൻസിപ്പൽ സീതാറാം അയ്യങ്കാർ അവധിയിലായതിനാലാണ് രത്ന പകരം ചുമതലയിൽ വന്നത്). പിന്നാലെ തിരുവനന്തപുരേത്തക്കുള്ള വിമാനത്തിൽ സ്വദേശമായ കൊല്ലത്തേക്ക് മടങ്ങി. സദാശിവൻ പോയതിന് പിന്നാലെ മാരിയപ്പയും ശ്രീനിവാസനും ഗുണ്ടകളും കോളജിൽ അതിക്രമിച്ചുകയറി ഒാഫിസിൽ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷത്തിലേറെ രൂപയും ഫയലുകളും കൊള്ളയടിച്ചു. കൊല്ലത്ത് വീട്ടിലെത്തിയ ഉടൻ സദാശിവൻ വിവരം അറിഞ്ഞു. ഹൈ ഗ്രൗണ്ട് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഉത്തപ്പക്ക് ഉടനടി പരാതി നൽകാൻ രത്നയോട് സദാശിവൻ ഫോണിൽ നിർദേശിച്ചു. പക്ഷേ, ആ നിർദേശം പാലിക്കപ്പെട്ടില്ല.
അക്രമത്തിനുശേഷം മാരിയപ്പയും ശ്രീനിവാസനും ഹൈഗ്രൗണ്ട് സ്റ്റേഷനിലെത്തി സദാശിവനെതിരെ പരാതി നൽകി. കോളജിന്റെ ഫണ്ട് ദുരുപയോഗിക്കുന്നുവെന്നും മറ്റുമായിരുന്നു പരാതി. വെസ്റ്റ് ഡി.സി.പി നാരായണന്റെ ഒാഫിസിലാണ് പരാതി രജിസ്റ്റർ ചെയ്തത്. ഡി.സി.പി ചട്ടങ്ങൾ മറികടന്ന് സബ് ഇൻസ്പെക്ടർ ഉത്തപ്പക്ക് പരാതി കൈമാറി. നിയമപ്രകാരം ഡി.സി.പി അസി. കമീഷണർക്കും അവിടെനിന്ന് ഇൻസ്പെക്ടർക്കും അതുവഴി സബ് ഇൻസ്െപക്ടർക്കുമാണ് പരാതി കൈമാറേണ്ടത്. ഉത്തപ്പ സടകുടഞ്ഞെഴുന്നേറ്റു. സദാശിവനെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്തു. അറസ്റ്റിനുള്ള നീക്കവും തുടങ്ങി.
ഹൈഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷൻ
അപകടം മണത്ത സദാശിവൻ മുൻകൂർ ജാമ്യം നേടി. ഒപ്പം ശ്രീനിവാസനും മാരിയപ്പയും കോളജിൽ പ്രവേശിക്കുന്നതിൽനിന്ന് ഇടക്കാല നിരോധന ഉത്തരവും സമ്പാദിച്ചു. പക്ഷേ, ഉത്തരവ് അവഗണിച്ച് ഇരുവരും കോളജിൽ വിഹരിച്ചു. ഇരുവർക്കുമെതിരായ കോടതി ഉത്തരവ് അഭിഭാഷകൻ മുഖേന സദാശിവൻ ഹൈഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും അവഗണിക്കപ്പെട്ടു. പിന്നാലെ സദാശിവനും കോളജ് സ്റ്റാഫ് വി.സി. ജോസഫ്, രാജൻ എന്നിവർക്കുമെതിരെ കോളജിൽ അതിക്രമിച്ചുകയറിയെന്ന പുതിയ പരാതി നൽകപ്പെട്ടു. ആവേശപൂർവം ഉത്തപ്പ വീണ്ടും കേസെടുത്തു. മൂവരും വീണ്ടും ഒളിവിൽ പോയി. ഇൗ പശ്ചാത്തലത്തിലാണ് റഷീദ് സഹോദരന്റെ അഡ്മിഷനുവേണ്ടി ബാംഗ്ലൂരിലെത്തുകയും ജോസഫിനെ അന്വേഷിച്ച് സഞ്ജയ് ഗാന്ധി കോളജിൽ ചെന്നുകയറുകയും ചെയ്തത്.
സന്ധ്യ ലോഡ്ജിലെ സിംഗിൾ റൂമിലെ രാത്രി കൂടിക്കാഴ്ചക്ക് പിന്നാലെ അടുത്ത പ്രഭാതത്തിൽ (ചൊവ്വ, ആഗസ്റ്റ് 11) ജോസഫും റഷീദും കബ്ബൺ പാർക്കിന് സമീപത്തെ എയർലൈൻസ് ഹോട്ടലിലേക്ക് പുറപ്പെട്ടു. അവിടെയാണ് സദാശിവൻ ഒളിച്ചുതാമസിക്കുന്നത്. മുറിയിലേക്ക് നേരെ കയറിവരരുതെന്ന് സദാശിവൻ നിർദേശിച്ചിട്ടുണ്ട്. ജോസഫ് റഷീദിനെയുംകൊണ്ട് ഒാപൺ എയർ റസ്റ്റാറന്റിലേക്ക് പോയി. പ്രഭാതഭക്ഷണം വിളമ്പുന്നതിന്റെ തിരക്കാണവിടെ. ബട്ടൽ മസാലദോശയും മാംഗ്ലൂർ ബണ്ണും ഒാർഡർ ചെയ്തു. റഷീദ് നേരത്തേ മാംഗ്ലൂർ ബൺ കഴിച്ചിട്ടില്ല. ഭക്ഷണം കഴിച്ച്, തങ്ങളെ ആരും പിന്തുടരുന്നില്ലെന്ന് ഉറപ്പാക്കിയശേഷം ജോസഫ് റൂം നമ്പർ 49ലേക്ക് നടന്നു.
മൂന്നുതവണ വാതിലിൽ വേഗത്തിൽ മുട്ടി. ശേഷം, രണ്ടുതവണ ഇടവിട്ടും. അതൊരു രഹസ്യകോഡാണ്. മെല്ലെ വാതിൽ തുറക്കപ്പെട്ടു....
തുടരും