സൂര്യന്‍റെ നിഗൂഢ രഹസ്യം തേടി ആദിത്യ എൽ1; ദൗത്യം വിജയിച്ചാൽ അത് ചരിത്രം
text_fieldsചൊവ്വാദൗത്യമായ മംഗൾയാനും ചാന്ദ്രദൗത്യമായ ചന്ദ്രയാനും കടന്ന് ആദിത്യയിൽ എത്തുമ്പോൾ സൗരയുഥത്തിലെ രഹസ്യങ്ങൾ തേടിയുള്ള ഐ.എസ്.ആർ.ഒയുടെ പര്യവേക്ഷണ യാത്ര തുടരുകയാണ്. സൂര്യനിലെ രഹസ്യ പ്രതിഭാസങ്ങൾ നിരീക്ഷിക്കാനും പഠിക്കാനുമുള്ള ഇന്ത്യയുടെ ആദ്യ സൗരദൗത്യമാണ് ആദിത്യ എൽ1. നാലു മാസം (125 ദിവസം) കൊണ്ട് 15 ലക്ഷം കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് ആദിത്യ എൽ1 പേടകം ലഗ്രാഞ്ച് 1 പോയിന്‍റിൽ (എൽ1 പോയിന്‍റ്) എത്തുക. ഈ പോയിന്‍റിൽ വലംവെച്ചാണ് പേടകം സൂര്യനെ നിരീക്ഷിക്കുന്നത്.
ആദിത്യ എൽ1ന്‍റെ ദൗത്യം:
തീഗോളമായി ജ്വലിക്കുന്ന സൂര്യനെ ചന്ദ്രയാൻ 3 പേടകം സഞ്ചരിച്ചതിന്‍റെ നാലിരട്ടി ദൂരത്ത് നിന്നാണ് ആദിത്യ പേടകം നിരീക്ഷിക്കുന്നത്. സൂര്യന്‍റെ പുറംഭാഗത്തെ താപ വ്യതിയാനങ്ങളും സൗര കൊടുങ്കാറ്റിന്‍റെ ഫലങ്ങളും കണ്ടെത്തുകയാണ് ദൗത്യത്തിന്‍റെ പ്രധാന ലക്ഷ്യം. സൗര വികിരണങ്ങൾ കാരണം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റങ്ങൾ, സൂര്യന്‍റെ ഉപരിതലം, കൊറോണ ഗ്രാഫ് എന്നറിയപ്പെടുന്ന സൂര്യന്‍റെ ബാഹ്യ വലയങ്ങൾ, 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ബഹിരാകാശം എന്നിവയും പഠനവിധേയമാവും.
പരീക്ഷണത്തിനായി ഏഴ് പേലോഡുകൾ:
ഇന്ത്യ തദ്ദേശീയമായി നിർമിച്ച ഏഴ് പേലോഡുകളാണ് ആദിത്യയിലുള്ളത്. ഇതിൽ നാലെണ്ണം സൂര്യനെ നേരിട്ടും മൂന്നെണ്ണം ലഗ്രാഞ്ച് പോയിന്‍റിലെ ഹാലോ ഓർബിറ്റിനെ കുറിച്ചും പഠനം നടത്തും.
1. വിസിബിൾ ലൈൻ എമിഷൻ കൊറോണഗ്രാഫ് (VELC) -സോളാർ കൊറോണയെ കുറിച്ചുള്ള പഠനത്തിനുള്ള ഉപകരണം. സൂര്യന്‍റെ ബാഹ്യ വലയത്തിൽ ഒരു മില്യൺ ഡിഗ്രിയാണ് താപനില. എന്തു കൊണ്ടാണ് ഇത്രയും ചൂടാകുന്നതെന്ന് കണ്ടെത്താനാണ് ശ്രമം. (നിർമാണം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സ്, ബംഗളൂരു)
2. സോളാർ അൾട്രാവയലറ്റ് ഇമേജിങ് ടെലിസ്കോപ്പ് (SUIT) - സൂര്യന്‍റെ ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ എന്നിവയുടെ ചിത്രീകരണത്തിനുള്ള ഉപകരണം/ (നിർമാണം: ഇന്‍റർ യൂനിവേഴ്സിറ്റി സെന്‍റർ ഫോർ ആസ്ട്രോണമി ആൻഡ് ആസ്ട്രോ ഫിസിക്സ്, പൂനെ)
3. സോളാർ ലോ എനർജി എക്സ്റേ സ്പെക്ട്രോ മീറ്റർ (SoLEXS) -സൂര്യനെ നിരീക്ഷിക്കാനുള്ള ഉപകരണം. (നിർമാണം: യു.ആർ റാവു സാറ്റലൈറ്റ് സെന്‍റർ, ബംഗളൂരു)
4. ഹൈ എനർജി എൽ1 ഓർബിറ്റിങ് എക്സ്റേ സ്പെക്ട്രോ മീറ്റർ (HEL1OS) -കൊറോണയിലെ ഊർജ വിനിയോഗത്തെ കുറിച്ച് പഠിക്കാനുള്ള ഉപകരണം. (നിർമാണം: യു.ആർ റാവു സാറ്റലൈറ്റ് സെന്‍റർ, ബംഗളൂരു)
5. ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്പെരിമെന്‍റ് (ASPEX) -സൗരക്കാറ്റിന്‍റെ പഠനത്തിനുള്ള ഉപകരണം. (നിർമാണം: ഫിസിക്കൽ റിസർച്ച് ലബോറട്ടറി, അഹമ്മദാബാദ്)
6. പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ (PAPA) -സോളാർ കൊറോണയുടെ താപനിലയെ കുറിച്ചുള്ള വിവരം ശേഖരിക്കാനുള്ള ഉപകരണം. (നിർമാണം: സ്പേസ് ഫിസിക്സ് ലബോറട്ടറി, വി.എസ്.സ്.സി, തിരുവനന്തപുരം)
7. അഡ്വാൻസ്ഡ് ട്രൈ-ആക്സിയൽ ഹൈ റെസലൂഷൻ ഡിജിറ്റൽ മാഗ്നെറ്റോ മീറ്റർ (MAG) - സൂര്യന്‍റെ കാന്തിക മണ്ഡലത്തെ കുറിച്ച് പഠിക്കാനുള്ള ഉപകരണം. (നിർമാണം: ലബോറട്ടറി ഫോർ ഇലക്ട്രോ ഒപ്റ്റിക്സ് സിസ്റ്റംസ്, ബംഗളൂരു)
ആദിത്യയുടെ യാത്ര ഇങ്ങനെ:
സെപ്റ്റംബർ രണ്ടിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് പി.എസ്.എൽ.വി സി57 റോക്കറ്റിലാണ് ആദിത്യ എൽ1 പേടകം വിക്ഷേപിച്ചത്. ഭൂമിയുടെ 800 കിലോമീറ്റർ അടുത്തുള്ള ഭ്രമണപഥത്തിൽ (ലോ എർത്ത് ഓർബിറ്റ്) പേടകത്തെ റോക്കറ്റ് എത്തിക്കും. ഭൂമിയെ വലംവെക്കുന്ന പേടകത്തിന്‍റെ ഭ്രമണപഥം ഘട്ടം ഘട്ടമായി പ്രൊപ്പൽഷൻ എൻജിൻ ജ്വലിപ്പിച്ച് വികസിപ്പിക്കും. തുടർന്ന് ലോ എനർജി പ്രൊപ്പൽഷൻ ട്രാൻസ്ഫർ വഴിയാണ് സൂര്യന്‍റെ സമീപത്തേക്കുള്ള പേടകത്തിന്‍റെ യാത്ര. ദൗത്യത്തിലെ ഏറ്റവും സങ്കീർണ ഘട്ടമാണിത്. തുടർന്ന് പ്രൊപ്പൽഷൻ എൻജിന്‍റെ സഹായത്തിൽ ലഗ്രാഞ്ച് 1 പോയിന്‍റിലെ (എൽ1 പോയിന്‍റ്) ഹോളോ ഓർബിറ്റിൽ പേടകത്തെ സ്ഥാപിക്കും. പേടകം ലഗ്രാഞ്ച് പോയിന്‍റിലെത്താൻ നാല് മാസം വേണ്ടി വരും.
എന്താണ് ലഗ്രാഞ്ച് പോയിന്‍റ് ?
ഭൂമിയുടെയും സൂര്യന്‍റെയും ഗുരുത്വാകർഷണ ബലം തുല്യമായിരിക്കുന്ന പോയിന്‍റ് ആണ് ലഗ്രാഞ്ച് 1 പോയിന്‍റ് (എൽ1 പോയിന്‍റ്). ഭൂമിയും സൂര്യനും തമ്മിൽ ഒരു നേർരേഖ വരച്ചാൽ ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയാണ് എൽ1 പോയിന്‍റ്. എൽ1 പോയിന്‍റിൽ നിന്ന് പേടകം സൂര്യനെ വീക്ഷിക്കുമ്പോൾ ഭൂമിയോ മറ്റ് ഗ്രഹങ്ങളോ നിഴൽ വീഴ്ത്തില്ല. അതിനാലാണ് സൂര്യനും ഭൂമിക്കും നേരെയുള്ള എൽ1 പോയിന്‍റിൽ ആദിത്യ എൽ1 പേടകം സ്ഥാപിക്കുന്നത്. തുടർച്ചയായി നിരീക്ഷിക്കുന്നതിനാൽ 24 മണിക്കൂറും സൂര്യന്‍റെ ചിത്രം പേടകത്തിന് പകർത്താനാകും.
ഇറ്റാലിയൻ-ഫ്രഞ്ച് ഗണിത ശാസ്ത്രജ്ഞൻ ജോസഫ് ലൂയിസ് ലഗ്രാഞ്ച് പോയിന്‍റുകൾ കണ്ടെത്തിയത് കൊണ്ടാണ് ലഗ്രാഞ്ച് എന്ന പേരിൽ അറിയപ്പെടുന്നത്. സൂര്യന് ചുറ്റും എൽ1, എൽ2, എൽ3, എൽ4, എൽ5 എന്നിങ്ങനെ അഞ്ച് ലഗ്രാഞ്ച് പോയിന്‍റുകളാണ് ഉള്ളത്. ഇതിൽ മാറ്റമില്ലാത്ത രണ്ടെണ്ണത്തിൽ ഒന്നാണ് ലഗ്രാഞ്ച് 1 പോയിന്‍റ് അഥവാ എൽ1 പോയിന്‍റ്. എൽ1 പോയിന്‍റിൽ വലം വെക്കുന്നതിനാലാണ് ഇന്ത്യയുടെ സൗരദൗത്യത്തിന് ആദിത്യ എൽ1 എന്ന് പേര് നൽകിയത്.
ഭൂമിയിൽ നിന്നുള്ള എൽ1 പോയിന്‍റിന്‍റെ ദൂരം ഭൂമിയുടെയും സൂര്യന്‍റെയും ഇടയിലുള്ള ദൂരത്തിന്‍റെ ഒരു ശതമാനം വരും. ഭൂമിയുടെയും സൂര്യന്‍റെയും ആകർഷണത്തിൽ പെടാത്ത ഹോളോ ഓർബിറ്റിലാണ് ആദിത്യ പേടകം ഭ്രമണം ചെയ്യുക. ലഗ്രാഞ്ച് പോയിന്‍റിൽ ഗുരുത്വബലം സന്തുലിതമായതിനാൽ പേടകത്തിന് നിലനിൽക്കാൻ കുറഞ്ഞ ഇന്ധനം മതി എന്നതാണ് മറ്റൊരു പ്രത്യേകത.
പേടകം സ്ഥാപിക്കുന്ന അകലം:
ഭൂമിയിൽ നിന്ന് ഏകദേശം 15 കോടി കിലോമീറ്റർ അകലെയാണ് സൂര്യൻ. ഈ ദൂരത്തിൽ 15 ലക്ഷം കിലോമീറ്റർ മാത്രമാകും ആദിത്യ എൽ1 സഞ്ചരിക്കുക. സൂര്യനിലെ താപനില 1.5 കോടി ഡിഗ്രി സെൽഷ്യസ് ആണ്. സൂര്യന്‍റെ ഉപരിതലത്തിന് പുറത്തുള്ള മേഖലയിൽ താപനില 5500 ഡിഗ്രി സെൽഷ്യസ് വരും. തീഗോളമായി ജ്വലിക്കുന്ന സൂര്യന്‍റെ താപനിലയെ പ്രതിരോധിക്കാൻ സാധിക്കാത്തത് കൊണ്ടാണ് പേടകത്തെ സുരക്ഷിത അകലത്തിൽ നിലനിർത്തുന്നത്.
പേടകത്തിന്‍റെ കാലാവധി
റോക്കറ്റ് അടക്കം വിക്ഷേപണ സമയത്ത് പേടകത്തിന്‍റെ മൊത്തം ഭാരം 1500 കിലോഗ്രാം ആണ്. 244 കിലോഗ്രാം ഭാരമുള്ള ആദിത്യ എൽ1ന്‍റെ കാലാവധി അഞ്ച് വർഷവും രണ്ട് മാസവുമാണ്. ദൗത്യത്തിന്‍റെ ചെലവ് ഏകദേശം 368 കോടി രൂപയാണ്. ബംഗളൂരുവിലെ യു.ആർ റാവു സാറ്റലൈറ്റ് സെന്‍റിറിലാണ് (യു.ആർ.എസ്.സി) പേടകം നിർമിച്ചത്.
ഇന്ത്യൻ സൗരദൗത്യത്തിന്‍റെ നാൾവഴി:
2008 ജനുവരിയിലാണ് സൂര്യ പഠനത്തിനുള്ള പേടകം തയാറാക്കുന്നതിനെ കുറിച്ചുള്ള ചർച്ചക്ക് തുടക്കമായത്. സോളാർ കൊറോണയെ കുറിച്ച് പഠിക്കാൻ കൊറോണഗ്രാഫുള്ള 400 കിലോഗ്രാം ഭാരമുള്ള ചെറിയ ഉപഗ്രഹത്തിനാണ് ബഹിരാകാശ ഗവേഷണ ഉപദേശക സമിതി വിഭാവനം ചെയ്തത്. പരീക്ഷണങ്ങൾക്കായി 2016-17 സാമ്പത്തിക വർഷം 3 കോടി രൂപ നീക്കിവെച്ചു. പരീക്ഷണ ഘട്ടത്തിലാണ് ദൗത്യം വിപുലീകരിച്ച് ലഗ്രാഞ്ച് 1 പോയിന്‍റിൽ പേടകം വിക്ഷേപിക്കാൻ തീരുമാനിച്ചത്. തുടർന്ന് പ്രഥമ ദൗത്യത്തിന് ആദിത്യ എൽ1 എന്ന് പേരിട്ടു. 2023 സെപ്റ്റംബർ രണ്ടിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് പി.എസ്.എൽ.വി സി57 റോക്കറ്റിൽ ആദിത്യ എൽ1 വിക്ഷേപിച്ചു.
ഇന്ത്യയുടേത് ചരിത്ര ദൗത്യം:
അമേരിക്കയുടെ നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസിയുമാണ് ലോകത്ത് ഇതുവരെ സൗരദൗത്യങ്ങൾ നടത്തിയിട്ടുള്ളത്. ഇന്ത്യയുടെ ആദിത്യ എൽ1 ലക്ഷ്യം കണ്ടാൽ അത് ബഹിരാകാശ ചരിത്രം മാറ്റിമറിക്കും. സൗരദൗത്യത്തിൽ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.
2018ൽ യു.എസിന്‍റെ ബഹിരാകാശ ഏജൻസിയായ നാസയുടെ പാർക്കർ സോളാർ പ്രോബ് ആണ് സൗരദൗത്യത്തിനായി അവസാനം വിക്ഷേപിച്ച പേടകം. ഇന്ത്യയുടെ ആദിത്യ എൽ1 പേടകത്തെക്കാൾ അഞ്ച് മടങ്ങ് ദൂരം യു.എസ് പേടകം സഞ്ചരിക്കുന്നുണ്ട്. യു.എസിന്‍റെ സോഹോ പേടകവും എൽ1 പോയിന്‍റിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.