തദ്ദേശസ്ഥാപനങ്ങളോട് സർക്കാറും മന്ത്രിയും എന്താണ് ചെയ്യുന്നത്?
text_fieldsതദ്ദേശ സ്ഥാപനങ്ങൾ നവകേരള സദസ്സിന് ഫണ്ട് അനുവദിക്കാന്‍ നിർദേശിച്ചുള്ള സർക്കാർ ഉത്തരവ് ഉണ്ടാക്കിയ ആഘാതം ചെറുതല്ല. വിഹിതം വാങ്ങാന്‍ സി.പി.എമ്മും എല്‍.ഡി.എഫും ആണ് തീരുമാനിച്ചത്. വിവാദ ഉത്തരവ് നിയമവിരുദ്ധമാണെന്ന ആരോപണം ശക്തമായിട്ടും വകുപ്പ് മന്ത്രി പ്രതികരിക്കാത്തത് ന്യായീകരിക്കാനാകാത്ത രാഷ്ട്രീയ പാതകമാണെന്ന തിരിച്ചറിവുകൊണ്ടായിരിക്കും
ഭരണഘടനയുടെ 73, 74 ഭേദഗതികള്‍ക്ക് ശേഷം പഞ്ചായത്തുകളും നഗരസഭകളും കോർപറേഷനുകളുമൊക്കെ ഭരണഘടന സ്ഥാപനങ്ങളായി മാറി. 1992ല്‍ നരസിംഹറാവു സർക്കാറാണ് ഈ നിയമം കൊണ്ടുവന്നത്. നേരത്തേ പഞ്ചായത്തുകളും നഗരസഭകളുമൊക്കെ സംസ്ഥാന സർക്കാറുകളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ചാണ് പ്രവർത്തിച്ചുകൊണ്ടിരുന്നത്.
കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളില്‍ 1964ലാണ് ആദ്യ തെരഞ്ഞെടുപ്പ് നടക്കുന്നത്. പിന്നീട് നടന്നത് 1980ലാണ്. അതിനുശേഷം 87ല്‍. 73, 74 ഭരണഘടന ഭേദഗതികളോടെ കാതലായ മാറ്റം വന്നു. അഞ്ച് വർഷത്തിലൊരിക്കല്‍ തെരഞ്ഞെടുപ്പ് നടത്തിയിരിക്കണമെന്നത് ഭരണഘടനാ ബാധ്യതയായി മാറി. ഇതിനായി സ്വതന്ത്രമായ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും വന്നു.
സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തിന്റെ എത്ര ശതമാനം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കണമെന്ന് തീരുമാനിക്കാന്‍ അഞ്ചു വർഷത്തിലൊരിക്കല്‍ ധനകാര്യ കമീഷനും നിർബന്ധമാക്കി.
പഞ്ചായത്തുകളെയും നഗരസഭകളെയും കോർപറേഷനുകളെയും അന്നുവരെ നിയന്ത്രിച്ചിരുന്ന എല്ലാ നിയമങ്ങളും സംസ്ഥാനങ്ങള്‍ റദ്ദാക്കി. 1994ലെ പഞ്ചായത്തീരാജ് ആക്ടും നഗരപാലിക നിയമവും പുതിയ വഴികാട്ടികളായി. ഈ നിയമപ്രകാരം തദ്ദേശസ്ഥാപനങ്ങള്‍ സ്വയംഭരണ സ്ഥാപനങ്ങളാണ്. അവക്ക് ശാശ്വത പിന്തുടർച്ച അവകാശമുണ്ട്. സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാം. പഞ്ചായത്തീരാജ്/ നഗരപാലികാ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ സ്വതന്ത്രമായി കരാറുകളില്‍ ഏർപ്പെടാം.
പഞ്ചായത്തുകളില്‍ അധികാരം പഞ്ചായത്ത് ബോർഡ് അഥവാ ഭരണസമിതിക്കാണ്. നഗരസഭകളിലും കോർപറേഷനുകളിലും കൗണ്‍സിലിനുമാണ്. കെട്ടിട വാടക, കെട്ടിട നികുതി, ലൈസന്‍സ് ഫീ, തൊഴില്‍ നികുതി തുടങ്ങിയ ഇനത്തില്‍ ലഭിക്കുന്ന വരുമാനമാണ് തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ട്. ഈ ഫണ്ട് എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കാനുള്ള പരമമായ അധികാരം തദ്ദേശസ്ഥാപനങ്ങള്‍ക്ക് തന്നെയാണ്. ആ അധികാരം ഭരണഘടന വകവെച്ചു നല്‍കിയതാണ്.
മന്ത്രിസഭയുടെ നവകേരള സദസ്സിന് ഫണ്ട് അനുവദിക്കാന്‍ നിർദേശിച്ച് അഡീഷനല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന് ഇറക്കിയ ഉത്തരവില്‍ പറയുന്നത് തദ്ദേശസ്ഥാപനങ്ങള്‍ക്ക് യഥേഷ്ടം പണമനുവദിക്കാമെന്നാണ്. ഭരണസമിതിക്കോ സെക്രട്ടറിക്കോ പണമനുവദിക്കാമെന്നാണ് ഉത്തരവ്. ഭരണസമിതിയുടെ അതേ അധികാരം സെക്രട്ടറിക്ക് നല്‍കിയുള്ള അതിവിചിത്ര ഉത്തരവ്.
ഉത്തരവൊന്നുമില്ലാതെതന്നെ ഒരു തദ്ദേശസ്ഥാപന ഭരണസമിതി ആഗ്രഹിച്ചാല്‍ ഇഷ്ടംപോലെ പണമനുവദിക്കാമെന്നത് മറ്റൊരു കാര്യം. ഉത്തരവിന്റെ ഭാഷയാണെങ്കില്‍ സർക്കാർ എന്ന ജന്മിയുടെ പത്തായത്തിലുള്ള നെല്ല് എടുത്ത് കൊടുക്കാന്‍ പറയുന്ന രീതിയിലുമായി. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അത്തരമൊരു നിർദേശം നല്‍കാനുള്ള ഒരു അധികാരവും സർക്കാറിനില്ല എന്ന് പകല്‍പോലെ വ്യക്തമാണ്.
ഉത്തരവിന്റെ നിയമവിരുദ്ധത തിരിച്ചറിയാന്‍ പല തദ്ദേശസ്ഥാപനങ്ങള്‍ക്കും ആദ്യം സാധിച്ചില്ല. തിരിച്ചറിഞ്ഞപ്പോള്‍ വീണ്ടും കൗണ്‍സില്‍ വിളിച്ച് തീരുമാനം തിരുത്താന്‍ ചില യു.ഡി.എഫ് ഭരണസമിതികള്‍ ശ്രമിച്ചപ്പോഴേക്കും സെക്രട്ടറിമാർ ഫണ്ട് കൈമാറി. വടക്കന്‍ പറവൂർ നഗരസഭ ഉത്തരവിനെ ഹൈകോടതിയില്‍ ചോദ്യം ചെയ്തപ്പോള്‍ കോടതി അപ്പോള്‍തന്നെ സ്റ്റേ ചെയ്തു.
ഭരണഘടനയും പഞ്ചായത്തീരാജ്/ മുനിസിപ്പല്‍ ആക്ടുകള്‍ ഒരാവർത്തി പൂർത്തിയാക്കും മുമ്പ് ഈ ഉത്തരവ് റദ്ദാക്കപ്പെടും എന്ന് ഉറപ്പായിരുന്നു. എന്നിട്ടും ഇത്തരമൊരു ഉത്തരവിറക്കിയ തദ്ദേശവകുപ്പ് മന്ത്രി എം.ബി. രാജേഷും സി.പി.എമ്മും എന്ത് സന്ദേശമാണ് കേരളത്തിന് നല്‍കുന്നത്.
അധികാര വികേന്ദ്രീകരണത്തോട് അശേഷം മമതയില്ലാത്ത നിലപാട് തദ്ദേശവകുപ്പ് സ്വീകരിക്കുന്നത് എന്തുകൊണ്ടാണ്? പരിണിതപ്രജ്ഞയായ അഡീഷനല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന് ഇത്തരമൊരു ഉത്തരവിറക്കുമ്പോള്‍ ഒരു സംശയവും തോന്നാതിരുന്നത് അവരുടെ യോഗ്യതയില്തന്നെ സംശയം ജനിപ്പിക്കുന്നതാണ്.
ഇതാദ്യമായല്ല തദ്ദേശവകുപ്പ് സമാന രീതിയില്‍ ഇടപെടുന്നത്. തൃക്കാക്കര നഗരസഭയിലെ യു.ഡി.എഫ് ഭരണസമിതി എടുക്കുന്ന തീരുമാനങ്ങള്‍ തദ്ദേശവകുപ്പ് നിരന്തരം മരവിപ്പിക്കുന്ന സ്ഥിതിയുണ്ടായിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്കു ശേഷമാണ് ഈ സ്ഥിതി രൂക്ഷമായത്. കൗണ്‍സില്‍ ഭൂരിപക്ഷത്തോടെ എടുക്കുന്ന തീരുമാനത്തിന് സെക്രട്ടറി വിയോജനക്കുറിപ്പ് എഴുതുകയും പിന്നീട് സർക്കാറിലേക്ക് അയച്ച് അത് മരവിപ്പിക്കുകയുമാണ് ചെയ്തുകൊണ്ടിരുന്നത്.
ഭരണഘടനവിരുദ്ധമായ ഇടപെടലാണ് തദ്ദേശവകുപ്പ് നടത്തുന്നത് എന്നരീതിയില്‍ വലിയ വിമർശനം ഉയർന്ന ശേഷമാണ് അതിന് മാറ്റമുണ്ടായത്. തദ്ദേശസ്ഥാപനങ്ങളുടെ സ്വയംഭരണ അധികാരം മന്ത്രി എം.ബി. രാജേഷ് എറണാകുളത്ത് വന്നുതന്നെ പ്രഖ്യാപിക്കേണ്ട സ്ഥിതിയും അന്നുണ്ടായി.
നവകേരള സദസ്സിന് ഫണ്ട് അനുവദിക്കാന്‍ നിർദേശിച്ചുള്ള സർക്കാർ ഉത്തരവ് ഉണ്ടാക്കിയ ആഘാതം ചെറുതല്ല. ഉത്തരവ് നിയമവിരുദ്ധമാണെങ്കിലും എല്‍.ഡി.എഫ് ഭരണസമിതികള്‍ നിയമവിധേയമായിത്തന്നെ കൗണ്‍സില്‍ തീരുമാനമെടുത്ത് പണം നല്കി. യു.ഡി.എഫ് ഭരണസമിതികള്‍ രണ്ട് പ്രതിസന്ധികളാണ് നേരിട്ടത്.
സർക്കാർ ഉത്തരവ് അനുസരിച്ചേ പറ്റൂ എന്ന സെക്രട്ടറിമാരുടെ നിലപാട് മൂലം പലയിടത്തും ചർച്ച പോലുമില്ലാതെ കൗണ്‍സില്‍ അനുകൂല തീരുമാനമെടുത്തു. യു.ഡി.എഫ് ഭരണസമിതികള്‍ എതിർപ്പുന്നയിച്ച ചിലയിടങ്ങളില്‍ സെക്രട്ടറിമാർ ഉത്തരവ് ചൂണ്ടിക്കാട്ടി സ്വന്തംനിലക്ക് പണമനുവദിച്ചു.
പണമനുവദിച്ചതിലുള്ള അബദ്ധം തിരിച്ചറിഞ്ഞ് കൗണ്‍സില്‍ തീരുമാനം തിരുത്താന്‍ ശ്രമിച്ച യു.ഡി.എഫ് ഭരണസമിതികള്‍ക്ക് സെക്രട്ടറിമാരുടെ വാശിമൂലം സാധിക്കാത്ത സ്ഥിതി വന്നു. വടക്കന്‍ പറവൂർ നഗരസഭ സെക്രട്ടറി പിടിവാശി തുടർന്നതോടെയാണ് ചെയർമാന് ഹൈകോടതിയില്‍ പോയത്. തദ്ദേശസ്ഥാപന ഭരണസമിതികളുടെ അധികാരം സർക്കാർ കവർന്നു എന്ന് മാത്രമല്ല, ഒരു മാസത്തോളം നീണ്ട ആശയക്കുഴപ്പവും സർക്കാർ സൃഷ്ടിച്ചു.
അധികാര വികേന്ദ്രീകരണത്തില്‍ കേരളമുണ്ടാക്കിയ നേട്ടങ്ങളുടെ കടയ്ക്കല്‍ കത്തിവെക്കുന്ന ഒരു ഉത്തരവായിരുന്നു അത്. ഭരണഘടനയും അതിന്റെ മൂല്യങ്ങളും നാടുനീളെ പ്രസംഗിച്ചു നടക്കുന്ന ഒരു മന്ത്രിയുടെ കീഴില്‍ നടക്കാന്‍ പാടില്ലാത്ത കാര്യമായിരുന്നു അത്.
നവകേരള സദസ്സിന് തദ്ദേശസ്ഥാപനങ്ങളുടെ വിഹിതം വാങ്ങാന്‍ സി.പി.എമ്മും എല്‍.ഡി.എഫും ആണ് തീരുമാനിച്ചത്. അതിന് നിയമവിധേയമായ ഉത്തരവിറക്കാനുള്ള സംഘടന ബാധ്യത എം.ബി. രാജേഷിനുണ്ട് എന്നകാര്യം അംഗീകരിക്കുന്നു. പാർട്ടി നിർദേശം പാലിക്കാന്‍ നിയമവിധേയമായ മാർഗങ്ങള്‍തന്നെ ധാരാളമുണ്ട്.
വേണ്ടത്ര ഗൃഹപാഠം ചെയ്യാതെ രാഷ്ട്രീയ ഹുങ്ക് കാണിക്കുകയാണ് തന്റെ വകുപ്പ് ചെയ്തത് എന്ന ബോധം ജസ്റ്റിസ് ബെച്ചു കുര്യന്റെ ഉത്തരവ് വിശദമായി വായിക്കുന്നതോടെ മന്ത്രിക്കുണ്ടാകും. കേരളത്തില്‍ അധികാര വികേന്ദ്രീകരണത്തിന്റെ വക്താക്കളായി നടന്നവർ അതിനെ അട്ടിമറിക്കുന്ന പണിയെടുത്തത് ചരിത്രപരമായ തെറ്റാണ്.
മുന്‍കാലത്ത് ഇറങ്ങിയ ഏതെങ്കിലും ഉത്തരവുകള്‍ ചൂണ്ടിക്കാട്ടിയും ഈ ചെയ്തികളെ പിണറായി സർക്കാറിനും വകുപ്പ് മന്ത്രിക്കും ന്യായീകരിക്കാനാവില്ല. വിവാദ ഉത്തരവ് നിയമവിരുദ്ധമാണെന്ന ആരോപണം ശക്തമായിട്ടും വകുപ്പ് മന്ത്രി പ്രതികരിക്കാത്തത് ന്യായീകരിക്കാനാകാത്ത രാഷ്ട്രീയ പാതകമാണെന്ന തിരിച്ചറിവുകൊണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.