ബംഗീ ജംപ് ചെയ്യുന്നതിനിടെ 56കാരന് ദാരുണാന്ത്യം
text_fieldsലോകത്തിലെ ഏറ്റവു ഉയരം കൂടിയ ബംഗീ ജംപിങ് പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ചൈനയിലെ മക്കാവു ടവർ. ഇവിടെ നിന്നും ബംഗീ ജംപ് നടത്തിയ 56 കാരനായ ജാപ്പനീസുകാരൻ മരിച്ചു. ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് ദാരുണസംഭവം.
764 അടി ഉയരമുള്ള ടവറിൽ നിന്നാണ് ഇദ്ദേഹം ചാടിയത്. ബംഗീ ജംപിങ്ങിനിടെ ശ്വാസതടസ്സമുണ്ടായതാണ് മരണകാരണം. ബംഗീ ജംപിങ് പൂർത്തിയാക്കിയ ഉടൻ തന്നെ ഇദ്ദേഹത്തിന് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കോണ്ടെ എസ് ജനുവാരിയോ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
30 വർഷത്തിലേറെ പ്രവർത്തന പരിചയമുള്ള അന്താരാഷ്ട്ര സാഹസിക കായിക കമ്പനിയായ എ.ജെ ഹാക്കറ്റിന്റെ സ്കൈപാർക്കാണ് മക്കാവു ടവറിലെ ബംഗീ ജംപിങ് നിയന്ത്രിക്കുന്നത്. 2006ലാണ് അവർ മക്കാവു ഔട്ട്‌ലെറ്റ് തുറന്നത്. ലോകത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ബംഗീ ജംപിങ് പ്ലാറ്റ്‍ഫോമാണിത്. ചൈനയിലെ തന്നെ 853 അടി ഉയരമുള്ള ഷാങ്ജിയാജി ഗ്ലാസ് ബ്രിഡ്ജ് ആണ് ആദ്യത്തേത്.
ബംഗീ ജംപിങ് നടത്തുന്നതിന് മുമ്പ് അതിന് തയ്യാറാകുന്നവരുടെ ആരോഗ്യസ്ഥിതി പരിശോധിക്കും. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, അപസ്മാരം, അല്ലെങ്കിൽ മുൻകാല ശസ്ത്രക്രിയകൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവരെ ബംഗീ ജംപിങ് നടത്താൻ അനുവദിക്കാറില്ല. കൂടാതെ, അതിന്റെ എല്ലാ വശങ്ങളെക്കുറിച്ചും അവരെ ബോധവൽക്കരിക്കുകയും ചെയ്യാറുണ്ട്. മക്കാവു ടവറിൽ ബംഗീ ജംപിങ് നടത്തുന്നതിന് ഒരാൾക്ക് ഏകദേശം 30,000 രൂപയാണ് ചിലവ് വരുന്നത്.
മക്കാവു ടവറിൽ ഇത്തരം സംഭവങ്ങൾ ഇതാദ്യമല്ല. 2018ൽ ഒരു റഷ്യൻ വിനോദസഞ്ചാരി വായുവിൽ തൂങ്ങിക്കിടന്നിരുന്നു. പിന്നീട് അഗ്നിശമന സേനാംഗങ്ങൾ ഗോവണി ഉപയോഗിച്ചാണ് ഇദ്ദേഹത്തെ രക്ഷിച്ചത്. ഒരു മണിക്കൂറോളം തണുത്ത താപനിലയിൽ തൂങ്ങിക്കിടന്നതിനാൽ അദ്ദേഹത്തിന് ഹൈപ്പോതെർമിയ ബാധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.