‘ജി.ടി.എ-6 ഗെയിം ഒരിക്കലും കളിക്കില്ല’; കാരണം വ്യക്തമാക്കി ഇലോൺ മസ്ക്
text_fieldsഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ജി.ടി.എ ആറാം പതിപ്പിന്റെ (GTA 6) ടീസർ പ്രതീക്ഷിച്ചതിലും നേരത്തെ റിലീസ് ചെയ്തതിന്റെ ആവേശത്തിലാണ് ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ ആരാധകർ. 90 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ, ഓൺലൈനിൽ ചോർന്നതോടെ റോക്ക്‌സ്റ്റാർ ഗെയിംസ് യൂട്യൂബിൽ അപ്ലോഡ് ചെയ്യുകയായിരുന്നു.
12 മണിക്കൂറിനുള്ളിൽ 60 ദശലക്ഷത്തിലധികം ആളുകൾ കണ്ട ജി.ടി.എ-6 ട്രെയിലർ, ഇക്കാര്യത്തിൽ പുതിയ റെക്കോർഡ് കുറിക്കുകയും ചെയ്തിരുന്നു. 10 വർഷത്തെ കാത്തിരിപ്പിന് ശേഷം വന്ന ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ ഇത്തവണ ‘വൈസ് സിറ്റി’ എന്ന ജനപ്രിയ മാപ്പാണ് ഗെയിമിന് നൽകിയത്. നേരത്തെ ജി.ടി.എ വൈസ് സിറ്റി എന്ന ഗെയിം റോക്ക് സ്റ്റാർ റിലീസ് ചെയ്തിരുന്നു. അതിന്റെ പതിന്മടങ്ങ് വലിപ്പത്തിലുള്ള മാപ്പായിരിക്കും ജി.ടി.എ-6 ൽ കാണാൻ സാധിക്കുക. കൂടാതെ ആദ്യമായി ജി.ടി.എ-യിൽ ഒരു സ്ത്രീ കേന്ദ്ര കഥാപാത്രമായി എത്താൻ പോവുകയാണ്.
ജി.ടി.എ ആറാം പതിപ്പുമായി ബന്ധപ്പെട്ട് ‘എക്സ്’ അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ കൊഴുക്കുമ്പോൾ, സാക്ഷാൽ ഇലോൺ മസ്ക് ലോകപ്രശസ്ത വിഡിയോ ഗെയിമിനോടുള്ള നീരസം വെളിപ്പെടുത്തിയിരിക്കുകയാണ്. ജി.ടി.എ-5 എന്ന ഗെയിം കളിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും തനിക്കത് പിടിച്ചില്ലെന്നുമാണ് അദ്ദേഹം എക്സിൽ കുറിച്ചത്.
മുൻ ട്വിറ്റർ ജീവനക്കാരൻ ഡാൻ എക്സിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതുവരെ കളിക്കാത്ത ഗെയിമുകളുടെ ലിസ്റ്റായിരുന്നു അദ്ദേഹം കുറിച്ചത്. ജി.ടി.എ ഒന്നാം പതിപ്പ് മുതൽ ആറാം പതിപ്പ് വരെയായിരുന്നു ലിസ്റ്റിൽ ഉണ്ടായിരുന്നത്. അതിന് മറുപടിയായാണ് ഇലോൺ മസ്ക് ജി.ടി.എ-ക്കെതിരെ രംഗത്തുവന്നത്.
‘ഗെയിം കളിക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ കുറ്റകൃത്യങ്ങൾ ചെയ്യാൻ ഞാൻ ഇഷ്ടപ്പെട്ടില്ല. ജി.ടി.എ 5-ന്റെ പ്രാരംഭ രംഗങ്ങളിൽ തന്നെ പൊലീസ് ഓഫീസർമാരെ വെടിവെക്കേണ്ടതായിട്ടുണ്ട്. എനിക്കത് ചെയ്യാൻ കഴിഞ്ഞില്ല. - ഇലോൺ മസ്ക് കുറിച്ചു.
2025-ലാണ് ജി.ടി.എ-6 റിലീസ് ചെയ്യുന്നത്. 10 വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം വീണ്ടും ഒരു വർഷം കൂടി ഗെയിമിന്റെ റിലീസ് നീണ്ടുപോയതിന്റെ നിരാശയിലാണ് ആരാധകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.