പന്ത് കൈകൊണ്ട് തട്ടി മുഷ്ഫിഖ് ഔട്ട്! വിചിത്ര പുറത്താകൽ ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ
text_fieldsമിർപുർ: ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശ് ബാറ്റർ മുഷ്ഫിഖുർറഹീമിന്റെ വിചിത്ര പുറത്താകൽ. കൈൽ ജാമിസൺ എറിഞ്ഞ 41ാം ഓവറിലാണ് സംഭവം. മുഷ്ഫിഖ് ക്രീസിൽ മുട്ടിയിട്ട നാലാം പന്ത് പുറത്തേക്ക് പോകവെ വിക്കറ്റിലേക്കാണെന്ന് കരുതി ബാറ്റർ കൈകൊണ്ട് തട്ടിക്കളയുകയായിരുന്നു.
ബൗളർ അപ്പീൽ ചെയ്തതോടെ ഫീൽഡിലുണ്ടായിരുന്ന അമ്പയർമാർ ചർച്ച ചെയ്ത് തീരുമാനം മൂന്നാം അമ്പയർക്ക് വിട്ടു. വിഡിയോ പരിശോധിച്ചാണ് ഫീല്‍ഡ് തടസ്സപ്പെടുത്തിയതിന് (ഒബ്‌സ്ട്രക്റ്റിങ് ദ ഫീല്‍ഡ്) മുഷ്ഫിഖിനെ പുറത്താക്കിയത്. ഒബ്‌സ്ട്രക്റ്റിങ് ദ ഫീല്‍ഡ് ഔട്ടായി പുറത്താവുന്ന ആദ്യ ബംഗ്ലാദേശ് ബാറ്ററാണ് മുഷ്ഫിഖ്. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ശ്രീലങ്കൻ താരം എയ്ഞ്ചലോ മാത്യൂസ് ടൈംഡ് ഔട്ടായി പുറത്തായിരുന്നു. നിശ്ചിത സമയത്തിനകം ക്രീസിൽ പന്ത് നേരിടാൻ തയാറാകാത്തതിനെതുടർന്നായിരുന്നു ഇത്. ടൈംഡ് ഔട്ടിലെപ്പോലെ ഒബ്‌സ്ട്രക്റ്റിങ് ദ ഫീല്‍ഡിലും വിക്കറ്റ് ബൗളറുടെ പേരിൽ രേഖപ്പെടുത്തില്ല.
അതേസമയം, രണ്ടാം ടെസ്റ്റിന്റെ ഒന്നാം നാൾ ബംഗ്ലാദേശിനെതിരെ ന്യൂസിലൻഡിന് ബാറ്റിങ് തകർച്ച. ആതിഥേയരെ ഒന്നാം ഇന്നിങ്സിൽ 172 റൺസിന് പുറത്താക്കിയ കിവികളും പതറുകയാണ്. ഇന്നലെ സ്റ്റമ്പെടുക്കുമ്പോൾ ന്യൂസിലൻഡ് അഞ്ച് വിക്കറ്റിന് 55 റൺസ് എന്ന നിലയിലാണ്. ഒന്നാം ഇന്നിങ്സിൽ 117 റൺസ് പിറകിലാണിപ്പോഴും സന്ദർശകർ. 35 റൺസെടുത്ത മുഷ്ഫിഖുർറഹീമാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോർ. ഷഹാദത്ത് ഹുസൈൻ (31) ആണ് കൂട്ടത്തിൽ രണ്ടാമൻ. കിവീസിനായി മിച്ചൽ സാന്റ്നറും ഗ്ലെൻ ഫിലിപ്സും മൂന്ന് വീതം വിക്കറ്റെടുത്തു. ഡാരിൽ മിച്ചലും (12) ഗ്ലെൻ ഫിലിപ്സുമാണ് (5) ക്രീസിൽ. ഒന്നാം ടെസ്റ്റിൽ ജയിച്ച ബംഗ്ലാദേശ് പരമ്പരയിൽ മുന്നിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.