യു.പിയിൽ മദ്റസകളുടെ വിദേശ ഫണ്ട് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം
text_fieldsലഖ്‌നൗ: സംസ്ഥാനത്തെ മദ്റസകളുടെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് അന്വേഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിച്ചു. എ.ടി.എസ് അഡീഷണൽ ഡി.ജി.പി മോഹിത് അഗർവാളാണ് എസ്.ഐ.ടി തലവൻ.
സംസ്ഥാനത്ത് ഏകദേശം 24,000 മദ്റസകളുണ്ട്. അതിൽ 16,500ലധികം മദ്റസകൾ ഉത്തർപ്രദേശ് ബോർഡ് ഓഫ് മദ്റസ എജ്യുക്കേഷന്റെ അംഗീകാരമുള്ളവയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 80 മദ്റസകൾ വിവിധ രാജ്യങ്ങളിൽ നിന്ന് 100 കോടി രൂപ സംഭാവനയായി സ്വീകരിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതായി മോഹിത് അഗർവാൾ പറഞ്ഞു. ഈ തുക എന്ത് ആവശ്യത്തിനാണ് ചെലവഴിച്ചതെന്നും ക്രമക്കേട് നടന്നിട്ടുണ്ടോ എന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് എസ്ഐടിയെന്ന് അദ്ദേഹം പറഞ്ഞു.
“വിദേശ ധനസഹായം വഴി ലഭിച്ച പണം എങ്ങനെ ചെലവഴിച്ചുവെന്ന് അന്വേഷിക്കും. മദ്റസകൾ നടത്തുന്നതിനല്ലാതെ മറ്റെന്തെങ്കിലും പ്രവർത്തനങ്ങൾക്ക് പണം ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കും’ -മോഹിത് അഗർവാൾ പറഞ്ഞു. അന്വേഷണം പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ സമയപരിധി വെച്ചിട്ടില്ലെന്നും അഗർവാൾ പറഞ്ഞു.
സംസ്ഥാന മദ്റസ വിദ്യാഭ്യാസ ബോർഡിൽ രജിസ്റ്റർ ചെയ്ത മദ്റസകളുടെ വിശദാംശങ്ങൾ എസ്‌ഐടി ആവശ്യപ്പെട്ടിട്ടുണ്ട്. ബോർഡിന്റെ അംഗീകാരമില്ലാത്ത മദ്റസകളുടെ സർവേ നടത്താൻ കഴിഞ്ഞ വർഷം യോഗി ആദിത്യനാഥ് സർക്കാർ ജില്ലാ മജിസ്‌ട്രേറ്റുകൾക്ക് നിർദേശം നൽകിയിരുന്നു. ഇതുപ്രകാരം 8,449 മദ്‌റസകൾ പ്രവർത്തിക്കുന്നതായാണ് കണ്ടെത്തൽ.
ലഖിംപൂർ ഖേരി, പിലിഭിത്, ശ്രാവസ്തി, സിദ്ധാർഥ് നഗർ, ബഹ്‌റൈച്ച് എന്നിവിടങ്ങളിൽ 1000ലധികം മദ്റസകൾ പ്രവർത്തിക്കുന്നുണ്ടെന്നും കുറച്ച് വർഷങ്ങളായി ഈ പ്രദേശങ്ങളിൽ മദ്റസകളുടെ എണ്ണം അതിവേഗം വർധിക്കുന്നതായും ന്യൂനപക്ഷ വകുപ്പ് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.