ആർട്ടിക്കിൾ 99: ഗുട്ടെറസ് കാലം ലോകസമാധാനത്തിന് ഭീഷണിയെന്ന് ഇസ്രായേൽ; സമാധാനത്തിനുള്ള അലാറമെന്ന് ആംനസ്റ്റി
text_fieldsതെൽഅവീവ്: ഗസ്സയിൽ വെടിനിർത്തൽ നടപ്പാക്കാൻ അത്യപൂർവ നീക്കവുമായി രംഗത്തുവന്ന ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനെതിരെ ഇസ്രായേൽ വിദേശകാര്യ മന്ത്രി എലി കോഹൻ. ഗസ്സയിൽ അടിയന്തര ഇടപെടൽ വേണമെന്ന് രക്ഷാസമിതി അംഗങ്ങളോട് ആവശ്യപ്പെട്ട ഗുട്ടെറസ്, ഇതിനായി യു.എൻ ചാർട്ടറിലെ ആർട്ടിക്കിൾ 99 പ്രയോഗിച്ചതാണ് ഇസ്രായേലിനെ പ്രകോപിപ്പിച്ചത്.
വെടിനിർത്തൽ പ്രമേയം ഇതുവരെ യു.എൻ രക്ഷാസമിതി അംഗീകരിക്കാത്ത സാഹചര്യത്തിലായിരുന്നു സെക്രട്ടറി ജനറലിന്റെ അപൂർവ നീക്കം. ഗുട്ടെറസ് ഹമാസിനെ പിന്തുണക്കുന്നയാളാണെന്നായിരുന്നു ഇസ്രായേലിന്റെ ഇതിനുള്ള മറുപടി.
“ഗുട്ടെറസിന്റെ ഭരണകാലം ലോകസമാധാനത്തിന് അപകടമാണ്. ആർട്ടിക്കിൾ 99 പ്രയോഗിക്കാനുള്ള അദ്ദേഹത്തിന്റെ അഭ്യർഥനയും ഗാസയിൽ വെടിനിർത്തലിനുള്ള ആഹ്വാനവും ഹമാസ് ഭീകരസംഘടനക്കുള്ള പിന്തുണയാണ്. പ്രായമായവരെ കൊലപ്പെടുത്തുന്നതിനും ശിശുക്കളെ തട്ടിക്കൊണ്ടുപോകുന്നതിനും സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതിനുമുള്ള അംഗീകാരമാണത്’ -എലി കോഹൻ പറഞ്ഞു.
അതേസമയം, അന്റോണിയോ ഗുട്ടെറസിനെ പിന്തുണച്ച് നിരവധി രാജ്യങ്ങളും ലോകാരോഗ്യ സംഘടനയടക്കമുള്ള വിവിധ സ്ഥാപനങ്ങളും രംഗത്തെത്തി. ഗസ്സയിൽ വെടിനിർത്തൽ അനിവാര്യമാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. “വെടിനിർത്തലിന് അഭ്യർഥിച്ച് ആർട്ടിക്കിൾ 99 പ്രകാരം അന്റോണിയോ ഗുട്ടെറസ് സുരക്ഷാ സമിതിക്ക് എഴുതിയ കത്തിനെ ഞാൻ പിന്തുണക്കുന്നു. ഗസ്സയുടെ ആരോഗ്യസംവിധാനം പാടെ തകർന്നിരിക്കുകയാണ്. ആരോഗ്യസംവിധാനം കാര്യക്ഷമമാകാൻ നമുക്ക് സമാധാനം ആവശ്യമാണ്” -ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
ഗസ്സയിലെ മാനുഷിക ദുരന്തം അസഹനീയമാണെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ആവശ്യപ്പെട്ടു. “ഐക്യരാഷ്ട്രസഭ ചാർട്ടറിലെ ആർട്ടിക്കിൾ 99 പ്രയോഗിച്ച യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന് ഞാൻ എന്റെ എല്ലാ പിന്തുണയും അറിയിക്കുന്നു. സെക്യൂരിറ്റി കൗൺസിലിനോടുള്ള ആഹ്വാനത്തിന് താങ്കൾ ഉന്നയിച്ച കാരണങ്ങളോട് പൂർണ്ണമായും യോജിക്കുന്നു’ -പെഡ്രോ സാഞ്ചസ് വ്യക്തമാക്കി.
അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി വളരെ അപൂർവമായി മാത്രം ഉപയോഗിക്കുന്ന അലാറമാണ് ആർട്ടിക്കിൾ 99 എന്ന് ആംനസ്റ്റി ഇന്റർനാഷണൽ സെക്രട്ടറി ജനറൽ ആഗ്നസ് കാലമാർഡ് അഭിപ്രായപ്പെട്ടു.
യുദ്ധം പോലുള്ള അടിയന്തര സന്ദർഭങ്ങളിൽ സുരക്ഷാ കൗൺസിലിനോട് ഇടപെടൽ ആവശ്യപ്പെടാനുള്ള വകുപ്പാണ് ആർട്ടിക്കിൾ 99. വൻപ്രതിസന്ധി നിലനിൽക്കുന്നുവെന്ന് ലോകത്തിനുള്ള മുന്നറിയിപ്പ് കൂടിയാണിത്. 15 അംഗ രക്ഷാ സമിതിയിൽ ചൈന, റഷ്യ, യുഎസ്, യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ സ്ഥിരാംഗങ്ങളാണ്. ഇതുവരെ കൊണ്ടുവന്ന വെടിനിർത്തൽ പ്രമേയം അമേരിക്ക വീറ്റോ അധികാരം ഉപയോഗിച്ച് തള്ളിക്കളയുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഗസ്സയിൽ ഇസ്രായേൽ ആക്രമണം രണ്ട് മാസം പിന്നിടുമ്പോൾ ഗുട്ടെറസിന്റെ ഇടപെടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.