ഹമാസിന്റെ ടണലിൽ വെള്ളം കയറ്റിയാൽ ബന്ദികളുണ്ടെങ്കിലോ? -ഉരുണ്ടുകളിച്ച് ബൈഡൻ
text_fieldsവാഷിങ്ടൺ: കടൽ ജലം അടിച്ചുകയറ്റി ഗസ്സയിലെ ഹമാസ് നിയന്ത്രണത്തിലുള്ള ടണലുകൾ നശിപ്പിക്കാനുള്ള ഇസ്രായേൽ നീക്കത്തിൽ ഉരുണ്ടുകളിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഹമാസ് ബന്ദികളാക്കിയ ഇസ്രായേലി പൗരൻമാർ ഈ ടണലുകളിൽ ഇല്ല എന്നാണ് പറയപ്പെടുന്നതെങ്കിലും അതിന്റെ സത്യാവസ്ഥ തനിക്കറിയില്ലെന്ന് അദ്ദേഹം വാഷിങ്ടണിൽ നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഗസ്സ ടണലുകളിലേക്ക് ഇസ്രായേൽ കടൽജലം പമ്പ് ചെയ്യുന്നുവെന്ന് പേര് വെളിപ്പെടുത്താത്ത യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഇതേക്കുറിച്ചുള്ള ചോദ്യത്തിന് നേരിട്ട് ഉത്തരം നൽകാൻ ബൈഡൻ വിസമ്മതിച്ചു. ഓരോ സിവിലിയൻ മരണവും ദുരന്തമാണെന്നും ബൈഡൻ പറഞ്ഞു.
ബന്ദികളെയും യുദ്ധോപകരണങ്ങളും ഹമാസ് ടണലുകളിൽ ഒളിപ്പിച്ചിരിക്കുകയാണെന്നാണ് കരുതുന്നത്. ഈ തുരങ്കങ്ങൾ നശിപ്പിക്കാൻ വെള്ളം നിറക്കുന്നതിലൂടെ സാധിക്കുമെന്ന് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണൽ പറഞ്ഞു. എന്നാൽ, കടൽജലം ഗസ്സയിലെ ശുദ്ധജല വിതരണത്തെ അപകടത്തിലാക്കുമെന്ന് മറ്റ് ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
ടണൽ തകർക്കാനുള്ള ബുദ്ധി യു.എസ് സൈനികർ ഉപദേശിച്ചതായാണ് റിപ്പോർട്ട്. ആദ്യ നടപടിയെന്നോണം വടക്കൻ ഗസ്സയിൽ ശാത്വി അഭയാർഥി ക്യാമ്പിനു സമീപം അഞ്ചു കൂറ്റൻ പമ്പുകൾ കഴിഞ്ഞ മാസം സ്ഥാപിച്ചിരുന്നു. ആയിരക്കണക്കിന് ക്യുബിക് മീറ്റർ ജലം പമ്പുചെയ്യാൻ ഇവക്കാകുമെന്നാണ് കണക്കുകൂട്ടൽ. നൂറിലേറെ ഇസ്രായേൽ ബന്ദികളടക്കം ഹമാസ് തുരങ്കങ്ങളിലായതിനാൽ അവരുടെ മോചനത്തിനുമുമ്പ് ഇത് നടപ്പാക്കുമോയെന്ന് വ്യക്തമല്ല. സുരക്ഷിതകേന്ദ്രങ്ങളിലും തുരങ്കങ്ങളിലുമാണ് ബന്ദികളെ ഒളിപ്പിച്ചതെന്നാണ് നേരത്തേ ഹമാസ് വ്യക്തമാക്കിയിരുന്നത്.
ആയിരക്കണക്കിന് സിവിലിയന്മാരുടെ ജീവനെടുക്കുമ്പോഴും ഹമാസ് നേതൃത്വത്തെയോ സൈനികരെയോ കാര്യമായി പിടികൂടാനും നശിപ്പിക്കാനുമാകാതെ ഉഴറുന്ന ഇസ്രായേലിനു മുന്നിലെ ഏറ്റവും വലിയ കടമ്പയാണ് തുരങ്കങ്ങൾ. ഇവ പ്രവർത്തനരഹിതമാക്കുകയാണ് അടിയന്തരമായി നടപ്പാക്കേണ്ടതെന്ന് യു.എസ് വൃത്തങ്ങൾ ഇസ്രായേൽ സൈന്യത്തിന് നിർദേശം നൽകിയിരുന്നു.
എന്നാൽ, ബന്ദിമോചനത്തിൽ നടപടിയെടുക്കാതെ കനത്ത ആക്രമണത്തിന് തിടുക്കംകാട്ടുന്ന നെതന്യാഹുവിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ബന്ദികളുടെ ജീവൻകൂടി അപകടത്തിലാക്കുന്ന നടപടിക്ക് ഇസ്രായേൽ സർക്കാർ മുതിരുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.