ഈ യുദ്ധത്തിന് ഇസ്രായേൽ കൊടുക്കുന്നത് കനത്തവില -മന്ത്രി ബെന്നി ഗാന്റ്സ്
text_fieldsതെൽഅവീവ്: ഇപ്പോൾ നടക്കുന്നത് ഇസ്രായേലിന്റെ രണ്ടാം സ്വാതന്ത്ര്യയുദ്ധമാണെന്നും ഇതിന് നാം കനത്തതും വേദനാജനകവും പ്രയാസമേറിയതുമായ വിലയാണ് നൽകുന്നതെന്നും ഇസ്രായേൽ മന്ത്രിയും മുൻ ആർമി ജനറലുമായ ബെന്നി ഗാന്റ്സ്. ചൊവ്വാഴ്ച ഗസ്സയിൽ ഹമാസ് പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ട എട്ട് ഇസ്രായേലി അധിനിവേശ സൈനികരുടെ പേരുവിവരം പുറത്തുവിട്ട് സമൂഹ മാധ്യമത്തിൽ എഴുതിയ കുറിപ്പിലാണ് ഗാന്റ്സിന്റെ പരാമർശം.
"യുദ്ധത്തിൽ മരിച്ചുവീഴുന്ന എല്ലാ സൈനികരും ഇസ്രായേൽ രാജ്യത്തിന് മുഴുവൻ മായാത്ത മുറിവാണ്. അത്തരം ഓരോ മുറിവുകളും നമ്മുടെ യോദ്ധാക്കളുടെ ധീരതയുടെ ഓർമ്മപ്പെടുത്തലാണ്. ശുജായിയിൽ ഇന്നലെ കൊല്ലപ്പെട്ടവരുടെയും നമ്മുടെ അതിജീവനത്തിനായി ജീവൻ വെടിഞ്ഞ എല്ലാവരുടെയും കുടുംബങ്ങൾക്ക് ഹൃദയംഗമമായ അനുശോചനം’ -ബെന്നി ഗാന്റ്സ് എക്സിൽ കുറിച്ചു.
ഇന്നലെ ഗസ്സയിൽ 10 സൈനികരെ കൂടി ഹമാസ് കൊലപ്പെടുത്തിയതായി ഇസ്രായേൽ സൈന്യം ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചിരുന്നു. ആദ്യം എട്ടുപേരുടെ പേരുവിവരങ്ങളാണ് പുറത്തുവിട്ടത്. പിന്നാലെയാണ് രണ്ടുപേർ കൂടി കൊല്ലപ്പെട്ടതായി ഐ.ഡി.എഫ് അറിയിച്ചത്. ചൊവ്വാഴ്ച ഗസ്സ മുനമ്പിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇവർ കൊല്ലപ്പെട്ടതെന്ന് ഇസ്രായേലി ദിനപത്രമായ ഹാരെറ്റ്സ് ഇസ്രായേൽ സേനയെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു.
ഗോലാനി ബ്രിഗേഡിന്റെ 13-ാം ബറ്റാലിയൻ കമാൻഡന്റായ ലെഫ്റ്റനന്റ് കേണൽ ടോമർ ഗ്രിൻബെർഗ് കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. മേജർ റോയി മെൽദാസ്, മേജർ മോഷെ അവ്രാം ബാർ ഓൺ, മേജർ ബെൻ ഷെല്ലി, ക്യാപ്റ്റൻ ലീൽ ഹായോ, സ്റ്റാഫ് സർജന്റ് ഒറിയ യാക്കോവ്, സർജന്റ് ഫസ്റ്റ് ക്ലാസ് റോം ഹെക്റ്റ്, സർജന്റ് അച്ചിയ ദസ്കൽ, കേണൽ എറാൻ അലോനി, ഇത്സാക് ബെൻ ബസത് എന്നിവരാണ് കൊല്ലപ്പെട്ടത്.
അതിനിടെ, കരയുദ്ധം ശക്തിപ്പെടുത്തിയ ശേഷം ഹമാസ് പ്രത്യാക്രമണത്തിൽ സൈനികർ കൊല്ലപ്പെടുന്നത് കുത്തനെ ഉയർന്നതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ ഉയർന്ന ഓഫിസർമാരടക്കം 435 സൈനികർ കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ വെളിപ്പെടുത്തി. 20 സൈനികർ സഹപ്രവർത്തകരുടെ തന്നെ ‘സൗഹൃദ വെടിവെപ്പിൽ’ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം ചൊവ്വാഴ്ച അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.