പാർലമെന്റ് ആക്രമണ വാർഷികത്തിൽ അതിലും ഗുരുതര സുരക്ഷാ വീഴ്ച
text_fieldsന്യൂഡൽഹി: 2001 ഡിസംബർ 13ന് വാജ്പേയി സർക്കാറിന്റെ കാലത്ത് പഴയ പാർലമെന്റ് മന്ദിരത്തിന് നേരെ നടന്ന ഭീകരാക്രമണത്തിന്റെ വാർഷിക നാളിൽ അതിനെക്കാൾ ഗുരുതരമായ സുരക്ഷാ വീഴ്ച വിളിച്ചറിയിക്കുന്ന അതിക്രമമാണ് രണ്ടാം മോദി സർക്കാറിന്റെ കാലത്ത് പാർലമെന്റിനകത്ത് ബുധനാഴ്ച അരങ്ങേറിയത്. അന്നത്തെ ആക്രമണം ചെറുക്കുന്നതിനിടെ സുരക്ഷാ സൈനികർക്ക് ജീവഹാനി സംഭവിച്ചെങ്കിലും പാർലമെന്റിനകത്തേക്ക് ആർക്കും കടക്കാനായിരുന്നില്ല. ഇസഡ് കാറ്റഗറി സുരക്ഷയുള്ള നേതാക്കൾ അടക്കമുള്ള രാജ്യത്തെ ഉന്നത രാഷ്ട്രീയ നേതാക്കളുടെ ജീവൻ അപകടത്തിലാക്കി ലോക്സഭക്കുള്ളിലേക്ക് കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ഇത്തവണത്തെ അതിക്രമം. 22,000 കോടി രൂപ ചെലവിട്ട് നിർമിച്ച പുതിയ പാർലമെന്റ് മന്ദിരത്തിന്റെ കൊട്ടിഗ്ഘോഷിച്ച അഞ്ചിരട്ടി സുരക്ഷാ സംവിധാനം ആർക്കും മറികടക്കാൻ കഴിയും വിധം ദുർബലമാണെന്ന് തെളിഞ്ഞു.
മാത്രമല്ല പേനയോ മൊബൈൽ ഫോണോ നാണയം പോലും അനുവദിക്കാത്ത സന്ദർശക ഗാലറിയിലേക്ക് അക്രമികൾ പുകത്തോക്കുമായി അനായാസം കയറിയത് സുരക്ഷാ ക്രമീകരണങ്ങളെയെല്ലാം പരിഹാസ്യമാക്കി. മാരകായുധങ്ങളുമായാണ് അക്രമികൾ സഭയിലിറങ്ങിയതെങ്കിൽ എന്തായിരിക്കും അവസ്ഥ!
തിരക്കിട്ടുണ്ടാക്കിയ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണത്തിലെ അപാകത കൊണ്ടാണ് സന്ദർശക ഗാലറിയിൽനിന്ന് അനായാസം സഭക്കുള്ളിലേക്ക് ചാടാൻ അക്രമികൾക്ക് കഴിഞ്ഞത്. പഴയ മന്ദിരത്തിലെ ഗാലറിയിൽനിന്ന് സഭയിലേക്കുള്ള താഴ്ച 22 അടിയായിരുന്നെങ്കിൽ പുതിയ മന്ദിരത്തിൽ ഗാലറിയിൽനിന്ന് സഭാതളം 12 അടി താഴ്ച മാത്രമാണുള്ളത്.
പാസെടുത്ത മൈസൂരിലെ മനോരഞ്ജൻ ബി.ജെ.പി എം.പിയുടെ ഓഫിസുമായി കഴിഞ്ഞ മൂന്ന് മാസമായി സമ്പർക്കത്തിലായിരുന്നിട്ടും രഹസ്യാന്വേഷണ ഏജൻസികൾക്ക് ഇത് മണത്തറിയാനായില്ല. സംഘത്തിൽ ആറ് പേരുണ്ടെന്നും സമൂഹമാധ്യമങ്ങൾ വഴിയാണ് ഇവർ ബന്ധപ്പെട്ടതെന്നും ബുധനാഴ്ച വെളിപ്പെടുത്തിയ ഏജൻസികൾക്ക് ഇവർ സംഘം ചേർന്നതും തുടർന്ന് നടത്തിയ ഗൂഢാലോചനയും കണ്ടെത്താനായില്ല.എൻജിനീയറിങ് ബിരുദധാരിയായ മനോരഞ്ജൻ ഗൗഡ തന്റെ സുഹൃത്ത് എന്ന് പറഞ്ഞാണ് ഉത്തർപ്രദേശിലെ ലഖ്നോവിൽ ഉപജീവനത്തിനായി ഇ റിക്ഷ ഓടിക്കുന്ന സാഗർ ശർമയെ പരിചയപ്പെടുത്തിക്കൊടുത്തത്. ഇരുവരെയും കൂടാതെ ഒരു സ്ത്രീയുടെ പേർ കൂടി സന്ദർശക പാസിലുണ്ടായിരുന്നെന്നും എന്നാൽ അവർ സ്വന്തം കുഞ്ഞിന്റെ പേരില്ലാത്തത് കാരണം സന്ദർശക ഗാലറിയിലെത്തിയില്ല എന്നുമാണ് ലോക്സഭ സുരക്ഷാ വിഭാഗം പറയുന്നത്.
അക്രമികൾക്ക് പാസ് നൽകാൻ ശിപാർശ ചെയ്ത ബി.ജെ.പി എം.പിക്കെതിരെ ലോക്സഭ സ്പീക്കർ നടപടിയെടുക്കാത്തതിൽ പ്രതിയുടെയും പാസ് നൽകിയ എം.പിയുടെയും പേര് പുറത്തുവിട്ട ഡാനിഷ് അലി എം.പി ആശ്ചര്യം പ്രകടിപ്പിച്ചു. ലോഗിൻ പാസ്വേഡ് മറ്റൊരാൾക്ക് കൈമാറിയതിലൂടെ പാർലമെന്റിന്റെ സുരക്ഷ അപകടത്തിലാക്കിയെന്ന് പറഞ്ഞ് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയെ സസ്പെൻഡ് ചെയ്ത ലോക്സഭയിൽ സന്ദർശക പാസ് നൽകി ആക്രമണം നടത്താൻ വഴിയൊരുക്കിയ എം.പിക്കെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് തൃണമൂൽ കോൺഗ്രസും ചോദിച്ചു.
സുരക്ഷ ശക്തമാക്കി
പാർലമെന്റിനകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ലോക്സഭ സെക്രട്ടറി ജനറൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതി. സംഭവത്തെതുടർന്ന് പാർലമെന്റിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പാർലമെന്റിൽ സന്ദർശകരെ തൽക്കാലം പ്രവേശിപ്പിക്കേണ്ടെന്നും സുരക്ഷാവിഭാഗം തീരുമാനിച്ചു. എം.പിമാർ, ജീവനക്കാർ, മാധ്യമ പ്രവർത്തകർ, സന്ദർശകർ എന്നിവരെ വ്യത്യസ്ത പ്രവേശന കവാടങ്ങളിലൂടെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചു. പരിശോധനക്ക് ബോഡി സ്കാനറും ഗാലറികളിൽനിന്ന് ചാടാതിരിക്കാൻ സന്ദർശക ഗാലറികളിൽ ചില്ലുമറയും സ്ഥാപിക്കും. അതിനിടെ ഡൽഹി പൊലീസ് സ്പെഷൽ സെൽ അന്വേഷണം ഏറ്റെടുത്തുDon't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.