എസ്.എഫ്.ഐയെ വെല്ലുവിളിച്ച് ഗവര്‍ണര്‍; മൂന്ന് ദിവസം കാലിക്കറ്റ് സര്‍വകലാശാല കാമ്പസിൽ താമസിക്കും, പൊലീസ് അങ്കലാപ്പിൽ
text_fieldsകോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് വൈകീട്ട് കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ എത്തും. കാമ്പസിലെ വി.വി.ഐ.പി ഗസ്റ്റ് ഹൗസിലാണ് ഗവർണർ തങ്ങുക. പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് കൊണ്ടോട്ടി പൊലീസ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കാമ്പസുകളിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന എസ്.എഫ്.ഐയുടെ വെല്ലുവിളി നിലിനിൽക്കേയാണ് ഗവർണർ കാമ്പസിനകത്ത് താമസിക്കുന്നത്.
കൊണ്ടോട്ടി ഡി.വൈ.എസ്.പിക്കാണ് സുരക്ഷാ ചുമതല. വൈകിട്ട് 6.30ന് കരിപ്പൂരിൽ വിമാനം ഇറങ്ങുന്ന ഗവർണർ, റോഡ് മാർഗം യൂണിവേഴ്സിറ്റി കാമ്പസിലെത്തും. ഞായറാഴ്ച രാവിലെ സാദിഖ് അലി ശിഹാബ് തങ്ങളുടെ മകെൻറ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ കോഴിക്കോട്ടേക്ക് തിരിക്കും. 18ന് സർവകലാശാല സെമിനാർ ഹാളിൽ നടക്കുന്ന പരിപാടിയാണ് ഗവർണറുടെ ഔദ്യോഗിക പരിപാടി. മൂന്നുദിവസം ഗവർണർ കാമ്പസിൽ തങ്ങും. ഇതിനിടെ, കാമ്പസുകളിൽ ഗവർണർക്കെതിരെ എസ്.എഫ്.ഐ പോസ്റ്റർ പതിച്ച് തുടങ്ങി. ശാഖയിൽ പഠിച്ചത് ശാഖയിൽ മതി സർവകലാശാലയിൽ വേണ്ട, ഞങ്ങൾക്ക് ചാൻസലറെയാണ് ആവശ്യം സവർക്കറെ അല്ല, ചാൻസലർ ആരാ രാജാവോ?, ആർ.എസ്.എസിൻ നേതാവോ?. എന്നിങ്ങനെയാണ് എസ്.എഫ്.െഎയുടെ പോസ്റ്ററിലുള്ളത്.
കേരളത്തിലെ ഒരു കാമ്പസിലും ഗവർണർ കയറില്ല; വന്നാൽ തടയുമെന്ന് എസ്.എഫ്.ഐ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കരിങ്കൊടി കാട്ടിയത് നാടകീയരംഗങ്ങൾ സൃഷ്ടിക്കുകയും പ്രവർത്തകർ അറസ്റ്റിലാകുകയും ചെയ്തെങ്കിലും പ്രതിഷേധം തുടരാൻ എസ്.എഫ്.ഐ തീരുമാനം. സർവകലാശാല സെനറ്റുകളിലേക്ക് വൈസ് ചാൻസലർമാർ നൽകിയ പട്ടിക അവഗണിച്ച് ബി.ജെ.പി നോമിനികളെ നാമനിർദേശം ചെയ്ത നടപടിക്കെതിരെയാണ് എസ്.എഫ്.ഐ സമരം പ്രഖ്യാപിച്ചത്. സർവകലാശാലകളിൽ കൂടുതൽ ബി.ജെ.പി അനുകൂലികളെ കൊണ്ടുവരാൻ രാജ്ഭവൻ നടത്തുന്ന നീക്കത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമായാണ് എസ്.എഫ്.ഐ സമരം. നിയന്ത്രണം കൈവിടാത്ത രീതിയിൽ പ്രതിഷേധം തുടരാൻ തന്നെയാണ് എസ്.എഫ്.ഐ തീരുമാനം. ഇതിന് സി.പി.എമ്മിന്‍റെ അനുമതിയുമുണ്ട്.
സമരം തുടരുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ വ്യക്തമാക്കി. കേരളത്തിലെ ഒരു കാമ്പസിലും ഗവർണർ കയറില്ല, വന്നാൽ അദ്ദേഹത്തെ തടയുമെന്നും എസ്.എഫ്.ഐ വ്യക്തമാക്കി. സെനറ്റിലേക്ക് നാമനിർദേശം ചെയ്തവരുടെ പട്ടിക എവിടെനിന്ന് കിട്ടിയെന്ന് ഗവർണർ വ്യക്തമാക്കണം.
കരിങ്കൊടി പ്രതിഷേധം ജനാധിപത്യപരമാണ്. സമരമാകെ മോശമെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നു. അക്രമമൊന്നും നടന്നിട്ടില്ല. പാളയത്ത് ഗവര്‍ണറുടെ വാഹനം ആക്രമിച്ചില്ല. വാഹനത്തിനു മുന്നിൽ ചാടുന്ന സമരമുണ്ടാകില്ല. വാഹനത്തെ സ്പർശിക്കാതെയുള്ള ജാഗ്രത എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പുലർത്തും. ഗവര്‍ണറുടെ യാത്രാ റൂട്ട് പൊലീസ് ചോര്‍ത്തിനല്‍കിയെന്ന ആക്ഷേപം അദ്ദേഹം നിഷേധിച്ചു. തങ്ങൾക്കാരും വിവരം ചോർത്തിനൽകേണ്ട കാര്യമില്ല. മൂന്ന് വഴികളിലൂടെയാണ് ഗവർണർ പോകുന്നത്. ആ വഴികളിൽ എസ്.എഫ്.ഐക്കാരുണ്ടായിരുന്നു.
വിദ്യാർഥികളെ തല്ലിച്ചതക്കുന്ന പൊലീസ് രീതി മാറിയിട്ടുണ്ട്. പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ട്. ഗവർണർ പല തലത്തിലുള്ള പ്രതികരണങ്ങൾ നടത്തിയിട്ടുണ്ട്. അതിനോടൊന്നും പറയുന്നില്ല. ഇർഫാൻ ഹബീബിനെയും ഗോപിനാഥൻ രവീന്ദ്രനെയുമാണ് മുമ്പ് ഗവര്‍ണര്‍ അസഭ്യം പറഞ്ഞത്. ആ പട്ടികയിൽ ഉൾപ്പെടുത്തിയതിൽ സന്തോഷമുണ്ടെന്നും ആർഷോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.