കെ സ്മാർട്ട് പദ്ധതി ജനുവരി ഒന്ന് മുതൽ നഗരസഭകളിലും കോർപറേഷനുകളിലും തുടക്കം കുറിക്കുമെന്ന് മുഖ്യമന്ത്രി
text_fieldsകൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന എല്ലാ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന കെ-സ്മാര്‍ട്ട് എന്ന സംയോജിത സോഫ്റ്റ് വെയര്‍ ജനുവരി ഒന്ന് മുതൽ മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും പ്രവര്‍ത്തനമാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ സ്ഥാപനങ്ങളുടെ കാര്യക്ഷമത, സുതാര്യത എന്നിവയെല്ലാം വർധിപ്പിക്കാനും അഴിമതി ഇല്ലാതാക്കാനും പൗരന്മാർക്ക് സേവനം അതിവേഗം ലഭ്യമാക്കാനും ഇതിലൂടെ കഴിയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വാർത്താസമ്മേളനത്തിന്‍റെ പൂർണരൂപം:
സംസ്ഥാനത്തെ പരമ്പരാഗത വ്യവസായങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കശുവണ്ടി. കേരളത്തിലെ കശുവണ്ടി വ്യവസായത്തിന്റെ ഈറ്റില്ലമാണല്ലോ കൊല്ലം. കൊല്ലത്തിന്റെ സാമൂഹ്യ ജീവിതത്തിൽ കശുവണ്ടി വ്യവസായം ചെലുത്തിയ സ്വാധീനം വളരെ വലുതാണ്.
ഫാക്ടറികൾ പൂട്ടിയിടുകയും തൊഴിലാളികൾ പട്ടിണി കിടക്കുകയും ചെയ്ത ഘട്ടത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റതാണ് നമ്മുടെ കശുവണ്ടി മേഖല. 2015...2016 ൽ വെറും 56 ദിവസം മാത്രമായിരുന്നു കശുവണ്ടി ഫാക്ടറികൾ തുറന്നു പ്രവർത്തിച്ചത്. അടഞ്ഞു കിടക്കുന്ന ഫാക്ടറികൾ തുറക്കുമെന്ന വാഗ്ദാനം 2016 ൽ അധികാരത്തിലെത്തിയ ഉടനെ സർക്കാർ നിറവേറ്റി. വ്യവസായത്തിന്റെ നവീകരണത്തിനും പുനരുദ്ധാരണത്തിനുമുള്ള ഒട്ടേറെ നടപടികൾ സ്വീകരിച്ചു.
അടിസ്ഥാന സൗകര്യ വികസനത്തിലും നവീകരണത്തിലും ഒട്ടേറെ നടപടികളുണ്ടായി. ഭാഗിക യന്ത്രവല്‍ക്കരണത്തിന്റെ ഭാഗമായി കട്ടിങ് മെഷീനുകൾ സ്ഥാപിച്ചു. തൊഴില്‍ നിലവാരം മെച്ചപ്പെടുത്തുന്നതിനായി ഡൈനിംഗ് ഹാള്‍, ഡ്രെസ്സിങ് റൂം. വായനാ മുറി, ആധുനിക സൗകര്യങ്ങളോടു കൂടിയ ഇന്‍സിനേറ്ററുകള്‍ ഘടിപ്പിച്ച ടോയ്ലെറ്റ് ബ്ലോക്കുകള്‍, അന്തരീക്ഷ ഊഷ്മാവ് ക്രമീക്കരിക്കുന്നതിനാവശ്യമായ ടര്‍ബോ ഫാന്‍, സി.സി.റ്റി.വി സര്‍വ്വയിലന്‍സ് ക്യാമറകള്‍, ചുമട് അനായാസമാക്കുന്ന ഹൈഡ്രോളിക്ക് പുള്ളറ്റ് ട്രെക്കുകള്‍, ഷെഡുകളുടെ ഊഷ്മാവ് ക്രമീകരിക്കുന്നതിനുള്ള തെര്‍മല്‍ സിസ്റ്റം, തൊഴിലാളികളുടെ കുട്ടികള്‍ക്ക് ആവശ്യമായ തൊട്ടില്‍പ്പുര എന്നിവ ഉറപ്പാക്കി.
തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നതിനും, കേരളത്തിൽ നിന്ന് നാടൻ തോട്ടണ്ടി സംഭരിക്കുന്നതിനും ക്യാഷ്യു ബോർഡ് രൂപികരിച്ചു. ഇത് വഴി 2017 മുതൽ 63,061 മെട്രിക് ടൺ കശുവണ്ടി ഇറക്കുമതി ചെയ്യുകയും ഇതിനായി 639.42 കോടി ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം ഇനി 5000 മെട്രിക് ടൺ തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നതിന് 25 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം 17000 മെട്രിക് ടൺ തോട്ടണ്ടി ഇറക്കുമതി ചെയ്യാന്‍ 175 കോടി രൂപ ചെലവഴിക്കും. കാഷ്യു ബോർഡ് രൂപീകരിച്ച ശേഷമുള്ള ഏറ്റവും വലിയ വാർഷിക സംഭരണമാണിത്. വരും വര്‍ഷങ്ങളില്‍ 30,000 മെട്രിക് ടണ്‍ തോട്ടണ്ടി ഇറക്കുമതി ചെയ്യുവാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
2016 നു മുന്‍പുള്ള 5 വര്‍ഷത്തെ ഗ്രാറ്റുവിറ്റി കുടിശ്ശികയുണ്ടായിരുന്നു. ഇപ്പോൾ 84 കോടി രൂപ ചെലവഴിച്ച് തൊഴിലാളികളുടെ 10 വര്‍ഷത്തെ ഗ്രാറ്റുവിറ്റി കൊടുത്ത് തീര്‍ത്തിട്ടുണ്ട്. ഇക്കഴിഞ്ഞ വര്‍ഷം വിരമിച്ച തൊഴിലാളികള്‍ക്ക് വിരമിച്ചപ്പോള്‍ തന്നെ ഗ്രാറ്റുവിറ്റി നല്‍കി. കാഷ്യൂ കോര്‍പറേഷന്‍ രൂപം കൊണ്ടതിനു ശേഷമുള്ള 50 വര്‍ഷത്തിനിടയിൽ വിരമിക്കുന്ന തൊഴിലാളികള്‍ക്ക് വിരമിക്കുമ്പോള്‍ തന്നെ ഗ്രാറ്റിവിറ്റി നൽകിയത് ചരിത്രത്തിലാദ്യമായാണ്. നേരത്തെ ഉണ്ടായിരുന്ന പിഎഫ് കുടിശ്ശികയായ 10 കോടി രൂപ 2023 ൽ സർക്കാർ കൊടുത്തു തീര്‍ത്തു.
മേഖലയിലെ സ്വകാര്യ കമ്പനികളെ സഹായിക്കാൻ വായ്പാ തിരിച്ചടവിന്‍റെ കാര്യത്തിൽ ക്രമീകരണങ്ങളുണ്ടാക്കി. ബാങ്കുകളും വ്യവസായികളും ട്രേഡ് യൂണിയനുകളുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയാണ് നടപടികളിലേക്കെത്തിയത്.
കശുവണ്ടി വ്യവസായമേഖലയുടെ പുനരുദ്ധാരനത്തിന് 37 കോടി രൂപ അനുവദിച്ചു. ഇതിൽ 20 കോടി രൂപ സ്വകാര്യ മേഖലയിലുൾപ്പെടെയുള്ള തൊഴിലാളികളുടെ ഇ എസ് ഐ, പി എഫ്, മറ്റ് ക്ഷേമ പ്രവർത്തനങ്ങൾ എന്നിവയ്ക്കും 5 കോടി രൂപ തൊഴിലിടം സ്ത്രീ സൗഹൃദമാക്കുന്നതിനും 5 കോടി രൂപ ഷെല്ലിങ്ങ് യൂണിറ്റുകളുടെ നവീകരണത്തിനും ഉപയോഗിക്കും.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കശുവണ്ടി വികസന കോര്‍പറേഷനില്‍ 3012 തൊഴിലാളികളെ നിയമിച്ചു. 1000 തൊഴിലാളികളെ കൂടി നിയമിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. തൊഴിലില്ലാത്ത സ്വകാര്യ ഫാക്ടറികളിലെ 250 തൊഴിലാളികള്‍ക്ക് കാപ്പക്സില്‍ നിയമനം നല്‍കിയിട്ടുണ്ട്. തുടര്‍ന്നും സമാന രീതിയില്‍ തൊഴിലാളികളെ നിയമിക്കും. ഈ മേഖലയെക്കുറിച്ച് വിദഗ്ധ സമിതി പഠിക്കുന്നുണ്ട്. റിപ്പോർട്ട് വന്നാൽ സമഗ്രമായ പരിഷ്കരണം നടപ്പാക്കും.
കെ സ്മാർട്ട് പദ്ധതി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന എല്ലാ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന കെ-സ്മാര്‍ട്ട് എന്ന സംയോജിത സോഫ്റ്റ് വെയര്‍ ആണ് ജനുവരി ഒന്ന് മുതൽ മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും പ്രവര്‍ത്തനമാരംഭിക്കുക. രാജ്യത്താദ്യമായിട്ടാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പൊതു സേവനങ്ങളെല്ലാം ഓൺലൈനായി ലഭിക്കുന്ന ഇത്തരമൊരു സംവിധാനം. തദ്ദേശ സ്ഥാപനങ്ങളുടെ കാര്യക്ഷമത, സുതാര്യത എന്നിവയെല്ലാം വർധിപ്പിക്കാനും അഴിമതി ഇല്ലാതാക്കാനും പൗരന്മാർക്ക് സേവനം അതിവേഗം ലഭ്യമാക്കാനും ഇതിലൂടെ കഴിയും.
ചില സവിശേഷതകൾ :
- ചട്ടപ്രകാരമുള്ള അപേക്ഷ ഓൺലൈനായി സമർപ്പിച്ചാൽ നിമിഷങ്ങള്‍ക്കുള്ളില്‍ ബില്‍ഡിങ് പെര്‍മിറ്റുകള്‍ ഓൺലൈനായി ലഭ്യമാവും.
- ജനന-മരണ രജിസ്ട്രേഷന്‍ രജിസ്ട്രേഷന്‍, തിരുത്തല്‍ എന്നിവ ഓൺലൈനായി ചെയ്യാം.
- സര്‍ട്ടിഫിക്കറ്റുകള്‍ ഇ-മെയിലായും വാട്സപ്പിലൂടെയും ലഭ്യമാവും.
- എവിടെ നിന്നും ഓണ്‍ലൈനായി വിവാഹ രജിസ്ട്രേഷന്‍ സാധ്യമാവും. ഇത് ഇന്ത്യയില്‍ തന്നെ ആദ്യമാണ്.
- രേഖകള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച് സംരംഭകർക്ക് ലൈസന്‍സ് ഓണ്‍ലൈനായി സ്വന്തമാക്കി വ്യാപാര- വ്യവസായ സ്ഥാപനം ആരംഭിക്കാം.
- കെട്ടിട നമ്പര്‍ ലഭിക്കുക, കെട്ടിട നികുതി അടക്കുക തുടങ്ങിയവ ഓണ്‍ലൈനായിരിക്കും.
പരാതികൾ ഓൺലൈനായി സമർപ്പിക്കുന്നതിനും അവ പരിഹരിച്ച് യഥാസമയം പരാതിക്കാരനെ അറിയിക്കുകയും ചെയ്യുന്നതിനുള്ള സംവിധാനം കെ-സ്മാർട്ടിൽ ഒരുക്കിയിട്ടുണ്ട്. തദ്ദേശ ഭരണ സംവിധാന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും, അപേക്ഷ തീർപ്പാക്കുന്നതിന്‍റെ പുരോഗതി വിലയിരുത്തുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലും, ജില്ലാ തലത്തിലും, സംസ്ഥാനതലത്തിലും ഡാഷ് ബോർഡുകൾ ക്രമീകരിച്ചിട്ടുണ്ട്. ഓഡിറ്റ് സംവിധാനവും ഡിജിറ്റലൈസ് ചെയ്തതിലൂടെ തദ്ദേശ സ്വയംഭരണസ്ഥാ പനങ്ങളുടെ പ്രവർത്തനം നിരന്തരം നിരീക്ഷിക്കപ്പെടും.
ഈ സൗകര്യങ്ങള്‍ എല്ലാം തന്നെ ലഭ്യമാകുന്ന കെ-സ്മാര്‍ട്ട് മൊബൈല്‍ ആപ്പും വികസിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ പൊതുജനങ്ങള്‍ക്ക് ഓഫീസ് കയറിയിറങ്ങാതെ എല്ലാ സേവനങ്ങളും സ്മാർട്ട് ഫോൺ മുഖേന നേടാനാവും. ആദ്യം നഗരങ്ങളില്‍ നടപ്പാകുന്ന കെ-സ്മാര്‍ട്ട്, 2024 ഏപ്രില്‍ 01 മുതല്‍ ഗ്രാമപഞ്ചായത്തുകളിലും വ്യാപിപ്പിക്കും. അതോടുകൂടി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഏകീകൃത സോഫ്റ്റ് വെയര്‍ സംവിധാനം നിലവില്‍ വരും.
നവകേരള സദസ്സിന്‍റെ ഭാഗമായി കൊല്ലം ജില്ലയിലെ കുന്നത്തൂർ- 5454, കൊട്ടാരക്കര- 3674, പുനലൂർ -4089 മണ്ഡലങ്ങളിൽ നിന്ന് ലഭിച്ച നിവേദനങ്ങളുടെ വിവരങ്ങളും മുഖ്യമന്ത്രി വിവരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.