മോദിസർക്കാർ ജനാധിപത്യത്തിന്‍റെ കഴുത്ത് ഞെരിക്കുന്നു -രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി
text_fieldsന്യൂഡൽഹി: എം.പിമാരുടെ സസ്പെൻഷനിൽ മോദിസർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. സർക്കാർ ജനാധിപത്യത്തിന്‍റെ കഴുത്ത് ഞെരിക്കുകയാണെന്നും ഇതുവരെ ഇത്രയും എം.പിമാരെ ഒന്നിച്ച് സഭയിൽ നിന്നും സസ്പെൻഡ് ചെയ്ത ചരിത്രമില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു.
കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ എം.പിമാരെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ. പാർലമെന്റ് സുരക്ഷാ വീഴ്ചയെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായിൽ നിന്ന് പ്രസ്താവന തേടണമെന്ന പ്രതിപക്ഷ എം.പിമാരുടെ ആവശ്യത്തെ സോണിയ ഗാന്ധി പിന്തുണക്കുകയും സർക്കാർ നടപടിയെ അപലപിക്കുകയും ചെയ്തു. പാർലമെന്റിൽ സംഭവിച്ചത് ന്യായീകരിക്കാൻ കഴിയാത്തതാണെന്നും പ്രധാനമന്ത്രി പ്രതികരിക്കാൻ നാല് ദിവസമെടുത്തത് രാജ്യത്തെ ജനങ്ങളോടുള്ള അവഗണനയാണെന്നും സോണിയ ഗാന്ധി പറഞ്ഞു.
ജവഹർലാൽ നെഹ്‌റുവിനെപ്പോലുള്ള മഹത്തായ രാജ്യസ്‌നേഹികളെ അപകീർത്തിപ്പെടുത്താൻ ചരിത്രത്തെയും ചരിത്ര വസ്തുതകളെയും വളച്ചൊടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സർക്കാരിനെയും സോണിയ വിമർശിച്ചു. എന്നാൽ ഇത് തങ്ങളെ ഭയപ്പെടുത്തില്ലെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.
ജമ്മു കശ്മീരിനെക്കുറിച്ചുള്ള കോൺഗ്രസ് നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണെന്നും സമ്പൂർണ സംസ്ഥാന പദവി ഉടനടി പുനഃസ്ഥാപിക്കുകയും എത്രയും വേഗം തെരഞ്ഞെടുപ്പ് നടത്തുകയും വേണമെന്നും സോണിയ ഗാന്ധി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.