ഒടുവിൽ പൊലീസും ഉത്തരവിറക്കി; ഗ്രേഡ് എസ്.ഐമാർ വാഹനം പരിശോധിക്കേണ്ട
text_fieldsകണ്ണൂർ: സംസ്ഥാന പൊലീസ് മേധാവിയുടെ നിരന്തര ആവശ്യം ആഭ്യന്തര വകുപ്പ് വീണ്ടും തള്ളിയതോടെ, ഗ്രേഡ് എസ്.ഐമാർ റോഡിലിറങ്ങി വാഹന പരിശോധന നടത്തേണ്ടതില്ലെന്ന് ഒടുവിൽ പൊലീസും ഉത്തരവിറക്കി.
സ്ഥാനക്കയറ്റം വഴി എസ്.ഐമാരാവുന്നവർ (ഗ്രേഡ് എസ്.ഐ) വാഹന പരിശോധന നടത്തേണ്ടതില്ലെന്നും തുടർനടപടികൾ കൈക്കൊള്ളണമെന്നും ചൂണ്ടിക്കാട്ടി ജില്ല പൊലീസ് മേധാവികൾ മുഖേന സബ് ഡിവിഷനൽ ഓഫിസർമാർക്കും സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കും സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകി.
1988ലെ മോട്ടോർ വാഹന നിയമം 200 (1) വകുപ്പ് പ്രകാരം പൊലീസിൽ സബ് ഇൻസ്പെക്ടർക്കും അതിനു മുകളിലുള്ള ഉദ്യോഗസ്ഥർക്കുമാണ് വാഹന പരിശോധന നടത്തി പിഴ ഈടാക്കൽ ഉൾപ്പെടെയുള്ള നടപടികൾക്ക് അധികാരമുള്ളൂ. ഈ നിയമം ഭേദഗതി ചെയ്ത് ഗ്രേഡ് എസ്.ഐമാരെ കൂടി വാഹനം പരിശോധിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് മേധാവി ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. പുനഃപരിശോധിക്കാൻ കഴിയില്ലെന്ന് ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി മറുപടിയും നൽകി. ഇങ്ങനെ പത്തോളം തവണയാണ് ഡി.ജി.പി കത്ത് നൽകിയതും ആഭ്യന്തര വകുപ്പ് നിരസിച്ചതും. ഏറ്റവുമൊടുവിൽ ഇക്കഴിഞ്ഞ നവംബർ 23നും അനുമതി നിഷേധിച്ച് ആഭ്യന്തര വകുപ്പ് ഡി.ജി.പിക്ക് മറുപടി നൽകി. പൊലീസിൽ എസ്.ഐ എന്നുപറഞ്ഞാൽ റെഗുലർ സബ് ഇൻസ്പെക്ടർമാർ ആണെന്നും ആ വിഭാഗത്തിൽ ഗ്രേഡ് എസ്.ഐമാർ വരില്ലെന്നും വർഷങ്ങളായി ചെയ്ത സേവനം കണക്കിലെടുത്ത് ലഭിക്കുന്ന ഗ്രേഡ് എന്നത് റെഗുലർ എസ്.ഐക്ക് തുല്യമല്ലെന്ന വിശദീകരണവും നൽകി.ഇനി കത്ത് നൽകിയിട്ട് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞാണ് ഉത്തരവിറക്കാൻ ഡി.ജി.പി നിർബന്ധിതനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.