'ബീഫ് ഭക്ഷിക്കുന്നയാള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചത് മതവികാരത്തെ വ്രണപ്പെടുത്തി'; യൂട്യൂബര്‍ക്കെതിരെ ബി.ജെ.പി
text_fieldsഭുപനേശ്വര്‍: ഒഡീഷയിലെ പുരിയിലെ ശ്രീ ജഗന്നാഥ ക്ഷേത്രത്തില്‍ കാമിയ ജാനി എന്ന യൂട്യൂബര്‍ പ്രവേശിച്ചതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി. ബീഫ് ഉപഭോഗം പ്രോത്സാഹിപ്പിക്കുന്ന വ്യക്തി ക്ഷേത്രത്തില്‍ പ്രവേശിച്ചത് ഹിന്ദുത്വ വിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. സംഭവത്തില്‍ യൂട്യൂബര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 295-ാം വകുപ്പ് പ്രകാരം നടപടിയെടുക്കണമെന്നും ഇവര്‍ക്ക് ക്ഷേത്രത്തിലേക്കുള്ള പ്രവേശനാനുമതി എങ്ങനെ ലഭിച്ചുവെന്ന് അന്വേഷിക്കണമെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ജതിന്‍ മൊഹന്തി പറഞ്ഞു.
ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികിന്റെ വിശ്വസ്തനായ വി.കെ പാണ്ഡ്യനുമായി സംവദിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം കാമിയ ജാനി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ക്ഷേത്രത്തില്‍ നടത്തിവരുന്ന വികസന പദ്ധതികളെ കുറിച്ചും പൈതൃക ഇടനാഴിയെക്കുറിച്ചും വി.കെ പാണ്ഡ്യന്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി ബി.ജെ.പി രംഗത്തെത്തിയത്. ക്ഷേത്ര പരിസരത്ത് കാമറ ഉപയോഗിക്കുന്നതിന് വിലക്കുണ്ടെന്നും എന്നാല്‍ കാമിയ ക്ഷേത്ര പരിസരത്ത് കാമറ ഉപയോഗിക്കുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്‌തെന്നും ഇത് ശ്രീ ജഗന്നാഥ ക്ഷേത്രം മുന്നോട്ടുവെച്ച നിയമങ്ങളുടെ ലംഘനമാണെന്നും ജതിന്‍ മൊഹന്തി ആരോപിച്ചു. ബീഫ് കഴിക്കുന്നവരെ ക്ഷേത്രത്തില്‍ അനുവദിക്കില്ല. വി.കെ പാണ്ഡ്യനുമായുള്ള സംവാദത്തിന്റെ വീഡിയോക്ക് മുന്‍പ് കാമിയ ജാനി ബീഫ് കഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചിരുന്നു. ഇത് ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ബി.ജെ.പിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നായിരുന്നു ശ്രീ ജഗന്നാഥ ക്ഷേത്ര അധികാരികളുടെ പ്രതികരണം. ക്ഷേത്ര പരിസരത്ത് കാമറ ഉപയോഗിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും വ്യക്തമായ തെളിവ് സമര്‍പ്പിച്ചാല്‍ നടപടി സ്വീകരിക്കാന്‍ തയ്യാറാണെന്നും അധികൃതര്‍ അറിയിച്ചു.
ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.ഡിയും രംഗത്തെത്തിയിരുന്നു. ക്ഷേത്രത്തിന്റെ വികസനത്തിലെ ബി.ജെ.പിയുടെ അസഹിഷ്ണുതയാണ് ഇത്തരം വ്യാജ പ്രചരണങ്ങളിലൂടെ വ്യക്തമാകുന്നതെന്നായിരുന്നു ബി.ജെ.ഡിയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.