ഫ്ലുമിനൻസിന്റെ വലനിറച്ച് ക്ലബ് ലോകകപ്പും മാഞ്ചസ്റ്റർ സിറ്റിക്ക്
text_fieldsജിദ്ദ: ഫ്ലുമിനൻസിനെ ഗോൾ മഴയിൽ മുക്കി മാഞ്ചസ്റ്റർ സിറ്റി ഫിഫ ക്ലബ് ലോകകപ്പ് ജേതാക്കളായി. എതിരില്ലാത്ത നാല് ഗോളുകൾക്കാണ്(4-0) ലാറ്റിനമേരിക്കൻ ക്ലബിനെ തകർത്തെറിഞ്ഞത്.
ഇരട്ടഗോൾ നേടിയ അർജന്റീനയുടെ ഹൂലിയൻ ആൽവാരസാണ് സിറ്റിയുടെ ജയം അനായാസമാക്കിയത്. ജിദ്ദ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലെ അൽജൗഹറ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ സർവമേഖലയിലും ആധിപത്യം സിറ്റിക്കായിരുന്നു. ആൽവാരസും ഫോഡനും ബെർണാഡോ സിൽവയും ഗ്രിയാലിഷും ചേർന്ന സിറ്റിയുടെ മുന്നേറ്റനിരയെ ചെറുക്കാൻ ഫ്ലുമിനൻസിനായില്ല.
കളി തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ ഹൂലിയൻ ആൽവാരസിലൂടെ സിറ്റി ലീഡെടുത്തു. 27ാം മിനിറ്റിൽ ഫ്ലൂമിനൻസിന്റെ ബ്രസീലിയൻ ഡിഫൻഡർ നിനോയുടെ സെൽഫ് ഗോളെത്തിയതോടെ സിറ്റിയുടെ ലീഡ് ഇരട്ടിയായി.
രണ്ടാം പകുതി 72ാം മിനിറ്റിൽ ഫിൽ ഫോഡൻ സിറ്റിക്കായി മൂന്നാം ഗോൾ നേടി. 88ാം മിനിറ്റിൽ ഹൂലിയൻ ആൽവാരസ് വീണ്ടും ഗോൾ കണ്ടെത്തിയതോടെ (4-0) ഫ്ലുമിനൻസിന്റെ പതനം പൂർണമായി.
ഫിഫ ക്ലബ് ലോകകപ്പിൽ മാഞ്ചസ്റ്റർ സിറ്റി ആദ്യമായാണ് മുത്തമിടുന്നത്. ഒരു ഇംഗ്ലീഷ് ക്ലബ് പ്രീമിയർ ലീഗ്, എഫ്എ കപ്പ്, ചാമ്പ്യൻസ് ലീഗ്, സൂപ്പർ കപ്പ്, ക്ലബ് ലോകകപ്പ് എന്നിവ ഒരു വർഷത്തിൽ സ്വന്തമാക്കുന്നതും ആദ്യമാണ്. ഇതോടെ സിറ്റിയുടെ കപ്പിത്താൻ പെപ് ഗ്വാർഡിയോളയുടെ 14ാം കിരീടമാണ് ഷോക്കേസിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.