ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലേയും രത്നഗിരിയിലേയും സ്വത്തുക്കൾ 2024 ജനുവരിയിൽ ലേലം ചെയ്യും
text_fieldsമുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലേയും രത്നഗിരിയിലേയും സ്വത്തുക്കൾ ലേലം ചെയ്യും. ജനുവരി അഞ്ചിനായിരിക്കും ലേലം നടക്കുക. ദാവൂദിന്റെ നാല് വസ്തുക്കളാണ് ലേലം ചെയ്യുക. ബംഗ്ലാവും രത്നഗിരിയിലെ മാമ്പഴത്തോട്ടവും ലേലം ചെയ്യുന്ന വസ്തുക്കളിൽ ഉൾപ്പെടും.
ഇതിന് മുമ്പും ദാവൂദിന്റെ ഉടമസ്ഥതയിലുള്ള നിരവധി വസ്തുക്കൾ കേന്ദ്രസർക്കാർ ലേലം ചെയ്തിട്ടുണ്ട്. ദാവൂദിന്റെ ഉടമസ്ഥതയിലുള്ള റസ്റ്ററന്റ് 4.53 കോടിക്കാണ് ലേലം ചെയ്തത്. ഇതിന് പുറമേ 3.53 കോടി മൂല്യം വരുന്ന ആറ് ഫ്ലാറ്റുകൾ 3.52 കോടിയുടെ ഗസ്റ്റ്ഹൗസ് എന്നിവയും ഇത്തരത്തിൽ ലേലം ചെയ്തിരുന്നു.
ഇതിന് മുമ്പും രത്നഗിരിയിലെ ദാവൂദിന്റെ വസ്തുക്കൾ ലേലം ചെയ്തിട്ടുണ്ട്. ഡിസംബറിൽ 1.10 കോടി മൂല്യം വരുന്ന ലോട്ടെ ഗ്രാമത്തിലെ ദാവൂദിന്റെ ഉടമസ്ഥതയിലുള്ള വസ്തുക്കളാണ് ലേലം ചെയ്തത്. 2019ൽ 600 സ്വകയർ ഫീറ്റ് വലിപ്പമുള്ള ഫ്ലാറ്റ് 1.80 കോടി രൂപക്ക് ലേലം ചെയ്തിരുന്നു.
നേരത്തെ 1993ലെ മുംബൈ ഭീകരാക്രമണങ്ങളുടെ സൂത്രധാരനും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിമിന് പാകിസ്താനിലെ കറാച്ചിയിൽ വെച്ച് വിഷബാധയേറ്റതായി റിപ്പോർട്ട്. വിഷം ഉള്ളിൽചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാവൂദിന്‍റെ ആരോഗ്യനില ഗുരുതരമാണെന്നായിരുന്നു റിപ്പോർട്ടുകൾ.
ഇന്ത്യയിൽ നിന്ന് കടന്ന ദാവൂദ് കറാച്ചിയിലാണ് കഴിയുന്നതെന്ന കാര്യം പാക് ഏജൻസികൾ ഏറെക്കാലമായി നിഷേധിച്ചിരുന്നു. എന്നാൽ, ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്നും വീണ്ടും വിവാഹം കഴിച്ചതായും ഈയടുത്ത് ബന്ധു വെളിപ്പെടുത്തിയിരുന്നു. കറാച്ചിയിലെ ഡിഫൻസ് ഏരിയയിലെ അബ്ദുല്ല ഗാസി ബാബ ദർഗക്ക് പിന്നിലെ റഹീം ഫാക്കിക്ക് സമീപമാണ് ദാവൂദ് താമസിക്കുന്നതെന്നാണ് വിവരം. ആദ്യഭാര്യ മെഹ്ജബീൻ ശൈഖുമായുള്ള ബന്ധം നിലനില്‍ക്കെ പാകിസ്താനില്‍നിന്നും പഠാന്‍ സ്ത്രീയെ ദാവൂദ് വിവാഹം കഴിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു.
കഴിഞ്ഞ വർഷം ദാവൂദ് ഇബ്രാഹിമിന്‍റെ തലക്ക് എൻ.ഐ.എ 25 ലക്ഷം വിലയിട്ടിരുന്നു. മറ്റൊരു അധോലോക നായകനായ ഛോട്ട ഷക്കീലിനെ കണ്ടെത്തുന്നവർക്ക് 20 ലക്ഷവും ദാവൂദിന്‍റെ സംഘമായ ഡി കമ്പനിയിലെ മറ്റ് അംഗങ്ങളായ ടൈഗർ മേമൻ, അനീസ് ഇബ്രാഹിം, ജാവേദ് ചിക്ന എന്നിവരെ കുറിച്ച് വിവരം നൽകുന്നവർക്ക് 15 ലക്ഷം വീതവും എൻ.ഐ.എ ഇനാം പ്രഖ്യാപിച്ചിരുന്നു. പാകിസ്താൻ രഹസ്യാന്വേഷണ വിഭാഗവുമായി ചേർന്ന് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്താൻ ദാവൂദ് പദ്ധതിയിട്ടുവെന്നാണ് എൻ.ഐ.എ വിശദീകരിക്കുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.