കോൺഗ്രസിന്റെ ഡി.ജി.പി ഓഫിസ് മാർച്ചിൽ സംഘർഷം; ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ച് പൊലീസ്, പ്രസംഗം പാതിയിൽ നിർത്തി പ്രതിപക്ഷ നേതാവ്
text_fieldsതിരുവനന്തപുരം: നവകേരള സദസ്സിന്‍റെ സമാപനദിനത്തിൽ തലസ്ഥാന നഗരം കോൺഗ്രസ് പ്രതിഷേധത്തിൽ കലുഷിതമായി. പലയിടത്തും പൊലീസിന്‍റെ ലാത്തി വീശലും ജലപീരങ്കി പ്രയോഗവും നടന്നു. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പലരെയും കരുതൽ തടങ്കലിലാക്കി. നഗരത്തിൽ സെക്രട്ടേറിയറ്റിനകത്തും പുറത്തുമടക്കം അഞ്ചിടങ്ങളിലാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ കരിങ്കൊടിയും പ്രതിഷേധവും ഉണ്ടായത്.
ആർ.വൈ.എഫ് പ്രവർത്തകർ പരാതി നൽകാനെന്ന പേരിൽ പാസെടുത്ത് സെക്രട്ടേറിയറ്റിനുള്ളിൽ പ്രവേശിച്ച് കരിങ്കൊടി പ്രതിഷേധം നടത്തി. വിഴിഞ്ഞത്ത് പ്രതിഷേധത്തിനിറങ്ങിയവരെ മുഖ്യമന്ത്രി എത്തുംമുമ്പ് കരുതൽ തടങ്കലിലാക്കി. വനിതകളുൾപ്പെടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് പൊലീസ് കരുതൽ തടങ്കലിലാക്കിയത്. വിഴിഞ്ഞം തിയറ്റർ ജങ്ഷനും ആഴാകുളത്തിനും ഇടയിൽ പ്രതിഷേധിക്കാനാണ് ഇവർ തയാറെടുത്തത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഹിസാന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് കരിങ്കൊടിയുമായി നിന്നത്. ഇവരെ കോവളം പൊലീസ് സ്റ്റേഷനിലെത്തിച്ചു. പൂജപ്പുര ജങ്ഷനിൽ പ്രതിഷേധിച്ച ബി.ജെ.പി പ്രവർത്തകർക്കുനേരെ പൊലീസ് മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചു. മുഖ്യമന്ത്രിയുടെ വാഹനം തടയാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
ബി.ജെ.പി ജില്ല പ്രസിഡന്‍റ് വി.വി. രാജേഷ്, മണ്ഡലം പ്രസിഡൻറ് ആർ. രാജേഷ്, തിരുമല വാർഡ് കൗൺസിലർ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ നേമം മണ്ഡലത്തിലെ പ്രവർത്തകരാണ് പ്രതിഷേധിച്ചത്. അറസ്റ്റ് ചെയ്ത പ്രവർത്തകരെ പിന്നീട് ജാമ്യത്തിൽ വിട്ടു. ശ്രീകാര്യത്ത് പാതയോരത്ത് പതുങ്ങിയിരുന്ന യുവമോർച്ച പ്രവർത്തകർ കരിങ്കൊടിയുമായി ബസിന് കുറുകെ എടുത്തുചാടി. പ്രതിഷേധക്കാർക്കുനേരെ പൊലീസ് ലാത്തി വീശി. പ്രവർത്തകൻ സുനിൽകുമാർ പൊലീസിന്റെ കണ്ണുവെട്ടിച്ച് മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലെത്തി. കൂടുതൽ പൊലീസെത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് മാറ്റി.
സെക്രട്ടേറിയറ്റിന് മുന്നിൽ നവകേരള സദസ്സിനിടെ പ്രവർത്തകരെ മർദിച്ചതിൽ പ്രതിഷേധിച്ചാണ് യുവമോർച്ച പ്രതിഷേധിച്ചത്. പൊലീസ് മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാന അധ്യക്ഷൻ സി.ആർ. പ്രഫുൽ കൃഷ്ണന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
സമരങ്ങൾ നേരിടുന്നതിലെ കീഴ്വഴക്കങ്ങളും മര്യാദകളും മറികടന്ന് പൊലീസിന്റെ അതിരുവിട്ട കളി
തിരുവനന്തപുരം: സമരങ്ങൾ നേരിടുന്നതിലെ കീഴ്വഴക്കങ്ങളും മര്യാദകളും മറികടന്ന് പൊലീസിന്റെ അതിരുവിട്ട കളി. കെ.പി.സി.സി പ്രസിഡന്‍റും പ്രതിപക്ഷനേതാവും എം.പിമാരുമടക്കം മുതിർന്ന നേതാക്കൾ പങ്കെടുക്കുന്ന വേദിക്ക് തൊട്ടരികിൽ കണ്ണീർവാതക ഷെൽ പൊട്ടിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ. സുധാകരൻ, ചാണ്ടി ഉമ്മൻ എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി.
മുതിർന്ന പ്രവർത്തകരും സ്ത്രീകളുമടക്കം അണിനിരന്ന മാർച്ചിനെ മുന്നറിയിപ്പില്ലാതെ തലങ്ങും വിലങ്ങും ടിയർ ഗ്യാസ് പൊട്ടിച്ചും ഇടതടവില്ലാതെ ജലപീരങ്കി പ്രയോഗിച്ചുമാണ് പൊലീസ് നേരിട്ടത്. ചിതറിയോടിയ പ്രവർത്തകർക്കിടയിലേക്ക് വീണ്ടും ഷെല്ലുകളെറിഞ്ഞു. സംഘർഷഭരിതമായ സമരമുഖത്തുനിന്ന് നേതാക്കളെയെല്ലാം പ്രവർത്തകർ ഇടപെട്ട് മാറ്റുകയായിരുന്നു. മുഖ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി നേരിട്ട പൊലീസിന്‍റെയും ഡി.വൈ.എഫ്.ഐയുടെയും നടപടിയിൽ പ്രതിഷേധിച്ച് കെ.പി.സി.സി ആഹ്വാനം ചെയ്ത ഡി.ജി.പി ഓഫിസ് മാർച്ചാണ് തെരുവുയുദ്ധത്തിൽ കലാശിച്ചത്.
ഉച്ചക്ക് 12ഓടെയാണ് കെ. സുധാകരൻ, വി.ഡി. സതീശൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ പ്രകടനമായെത്തിയത്. പൊലീസ് ആസ്ഥാനത്തിന് ഏതാനും മീറ്റർ അകലെ പൊലീസ് ബാരിക്കേഡുയർത്തിയിരുന്നു. ഇതിന് പുറംതിരിഞ്ഞാണ് നേതാക്കൾക്ക് അഭിസംബോധന ചെയ്യാനായി വാഹനത്തിൽ താൽക്കാലിക വേദിയൊരുക്കിയിരുന്നത്. പ്രകടനമായി എത്തിയ ഉടൻ പ്രവർത്തകരിൽ ചില ബാരിക്കേഡിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചിരുന്നു.
ഇവരെ നേതാക്കൾ ഇടപെട്ട് പിന്തിരിപ്പിച്ചു. പിന്നാലെ കെ.പി.സി.സി പ്രസിഡന്‍റ് സമരം ഉദ്ഘാടനം ചെയ്തു. തുടർന്ന് വി.ഡി. സതീശൻ സംസാരം തുടങ്ങി ഒന്നര മിനിറ്റ് പിന്നിട്ടപ്പോഴായിരുന്നു പൊലീസ് നടപടി. സതീശൻ സംസാരിക്കുന്നതിനിടെ പൊലീസ് എറിഞ്ഞ ഗ്രനേഡ് വേദിക്ക് സമീപത്ത് പൊട്ടി. പിന്നാലെ വേദിക്ക് മുകളിലൂടെ പ്രസംഗം കേട്ടുനിന്ന പ്രവർത്തകരിലേക്ക് ശക്തമായ ജലപീരങ്കി പ്രയോഗവുമുണ്ടായി. ഒരുവിഭാഗം പ്രവർത്തകർ ബാരിക്കേഡിന് മുകളിലൂടെ ചാടിക്കടക്കാൻ ശ്രമിച്ചതാണ് പൊലീസ് പ്രകോപനത്തിന് കാരണം.
കെ. മുരളീധരൻ, ശശി തരൂർ അടക്കം നേതാക്കൾ വേദിയിലുണ്ടായിരുന്നു. തുടരെ കണ്ണീർ വാതകം കൂടി പൊട്ടിച്ചതോടെ പ്രതിപക്ഷനേതാവിന് സംസാരിക്കാൻ കഴിയാതെ പ്രസംഗം അവസാനിപ്പിച്ചു. പ്രതിപക്ഷനേതാവോ എം.പിമാരും എം.എൽ.എമാരുമടക്കം ജനപ്രതിനിധികളോ ഉള്ളപ്പോൾ സാധാരണ ബലപ്രയോഗംപോലും ഉണ്ടാകില്ലെന്നതാണ് പൊലീസ് കീഴ്വഴക്കം. ഇതാണ് തലസ്ഥാനത്ത് പൊലീസ് ലംഘിച്ചത്.
ഇതോടെ പ്രവർത്തകരും പൊലീസിന് നേരെ കല്ലെറിഞ്ഞു. പ്രവർത്തകർ കൂടി നിന്നിടങ്ങളിലേക്കെല്ലാം 12ഓളം കണ്ണീർ വാതക ഷെല്ലുകൾ ഇടതടവില്ലാതെ പൊട്ടിച്ചു. ശശി തരൂർ വീണ്ടും സംഘർഷ സ്ഥലത്തേക്ക് മടങ്ങിയെത്തിയതോടെ പ്രവർത്തകർ കൂട്ടംകൂടി. ഒരു മണിക്കൂറോളം നീണ്ട തെരുവുയുദ്ധത്തിനൊടുവിൽ പ്രവർത്തകർ പ്രകടനമായി കെ.പി.സി.സി ഓഫിസിലേക്ക് പോയി. തുടർന്ന് നേതാക്കൾ യോഗംചേർന്ന് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.