വൈഗ കൊലക്കേസിൽ അച്ഛൻ സനു മോഹന് ജീവപര്യന്തവും വിവിധ വകുപ്പുകളിലായി 28 വർഷം കഠിനതടവും
text_fieldsകൊച്ചി: വൈഗ കൊലക്കേസിൽ അച്ഛൻ സനു മോഹന് ജീവപര്യന്തവും വിവിധ വകുപ്പുകളിലായി 28 വർഷം കഠിനതടവും. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 1,70,000 രൂപ പിഴയും പ്രതി അടക്കണം. നാല് കുറ്റങ്ങളിലെ 28 വർഷം തടവുശിക്ഷ അനുഭവിച്ച ശേഷം കൊലപാതകത്തിനുള്ള ജീവപര്യന്തം തടവ് അനുഭവിക്കണമെന്നാണ് കോടതി വിധി.
കൊപാതക കുറ്റത്തിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴ, ശരീരത്തിന് ക്ഷതമേൽപ്പിക്കുന്ന തരത്തിൽ പ്രവർത്തിച്ചതിന് ഐ.പി.സി. 308 പ്രകാരം 10 വർഷം തടവും 25,000 രൂപ പിഴയും, കുട്ടിയെ കൊലപ്പെടുത്തിയതിന് ജുവനൈൽ ജസ്റ്റിസ് നിയമം 75 എ പ്രകാരം 10 വർഷം തടവും 25,000 രൂപ പിഴയും, തെളിവ് നശിപ്പിച്ചതിന് 5 വർഷം തടവും 10,000 രൂപ പിഴയും, കുട്ടിക്ക് മദ്യം നൽകിയതിന് 3 വർഷം തടവും 10,000 രൂപ പിഴയും എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്.
പ്രതിക്കെതിരായ അഞ്ച് കുറ്റങ്ങളും തെളിഞ്ഞതായും കുഞ്ഞിന് സ്നേഹവും പരിചരണവും നൽകേണ്ട അച്ഛൻ തന്നെ ജീവനെടുത്തെന്നും കോടതി വിധിയിൽ വ്യക്തമാക്കി. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.
2021 മാർച്ച് 21നാണ് ഭർത്താവ് സനു മോഹനെയും മകൾ 13കാരി വൈഗയെയും കാണ്മാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ രമ്യ പൊലീസിൽ പരാതി നൽകിയത്. ആലപ്പുഴയിലെ ഭാര്യവീട്ടിൽ നിന്നും ബന്ധുവിന്‍റെ വീട്ടിലേക്ക് എന്ന് പറഞ്ഞാണ് സനു മോഹൻ വൈഗയുമായി പോകുകയായിരുന്നു. മാർച്ച് 22ന് മുട്ടാർ പുഴയിൽ നിന്ന് വൈഗയുടെ മൃതദേഹം കണ്ടെടുത്തു. സനു മോഹനും പുഴയിൽ ചാടി ജീവനൊടുക്കിയെന്ന നിഗമനത്തിൽ രണ്ട് ദിവസം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം ചുരുളഴിഞ്ഞത്.
സനു മോഹൻ അറസ്റ്റിലായി 82-ാം ദിവസമാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. മകൾ ബാധ്യതയാകുമെന്ന് കരുതി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്. മകൾ വൈഗയെ കൊലപ്പെടുത്തി രക്ഷപ്പെടാനായിരുന്നു സനു മോഹന്‍റെ ശ്രമം. കുട്ടിയെ കൊന്നശേഷം മറ്റൊരു നാട്ടിൽ മറ്റൊരാളായി ജീവിക്കാമെന്നായിരുന്നു ഇയാളുടെ കണക്കുകൂട്ടൽ. 236 പേജുള്ള കുറ്റപത്രത്തിനൊപ്പം1200 പേജുള്ള കേസ് ഡയറിയടക്കമാണ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്. കേസിൽ 97 സാക്ഷികളാണുള്ളത്.
സനു പുണെയിൽ കോടികളുടെ തട്ടിപ്പ് നടത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസിൽ സനു മോഹനെ കസ്റ്റഡിയിൽ വാങ്ങാൻ മുംബൈ പൊലീസും ശ്രമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.